മഞ്ഞുകാലത്തെ തണുത്ത കാറ്റ് വീശുന്നു. റോഡിലെ പൊടിയൊക്കെ മഴമൂലം ചെളിയായിരിക്കുന്നു. സിംഘുവിലെ സമരസ്ഥലത്തേക്കുള്ള ഇടുങ്ങിയ വഴിയുടെ ചില ഭാഗങ്ങളില്‍ വെള്ളം കെട്ടിക്കിടക്കുന്നു. ഇതുവഴി നടക്കുന്നവർക്ക് ചെളിയിൽ ചവിട്ടുന്നത് ഒഴിവാക്കാനാകില്ല. അവരുടെ ഷൂവും ചെരുപ്പുമൊക്കെ ചെളിയിൽ പുതയുന്നു.
ഹരിയാന-ഡൽഹി അതിർത്തിയിലുള്ള സിംഘു സമര സ്ഥലത്തെ വിവിധ കര്‍ഷക യൂണിയനുകളുടെ കൂട്ടായ്മയായ സംയുക്‌ത കിസാൻ മോർച്ചയുടെ വേദി കടന്നുപോകുമ്പോൾ അവർക്ക് അല്പം ആശ്വാസം ലഭിക്കുന്നു. ഏകദേശം 100 മീറ്റർ മുന്നോട്ടുമാറി ജസ്വിന്ദർ സിംഗ് സൈനിയും പ്രകാശ് കൗറും അവരുടെ പാദരക്ഷകൾ വൃത്തിയാക്കി പോളിഷ് ചെയ്തു നല്‍കുന്നതിനായി ഇരിക്കുന്നു.
“1986-ൽ ഒരു കുഞ്ഞുണ്ടായി ഞങ്ങൾ അനുഗ്രഹിക്കപ്പെട്ട ദിവസം ഞാൻ സ്വയം മാനവികതയ്ക്കുവേണ്ടി സമർപ്പിക്കാൻ തീരുമാനിച്ചു”, കരകൗശലവസ്തുക്കള്‍ കയറ്റുമതി ചെയ്യുന്ന ബിസിനസ്സുകാരനായ 62-കാരന്‍ ജസ്വിന്ദർ പറഞ്ഞു.
അങ്ങനെ ഏകദേശം 35 വർഷങ്ങളായി ആരാധനക്കെത്തുന്നവരുടെ പാദരക്ഷകൾ വൃത്തിയാക്കുന്നതിനായി ഈ ദമ്പതികൾ ഗുരുദ്വാരകളിൽ പോയിവരുന്നു. ഇപ്പോൾ ഡൽഹിയിൽ വസിക്കുന്ന ഇവരുടെ നാലംഗ കുടുംബത്തിന് ഹരിയാനയിലെ അംബാലാ ജില്ലയിലെ നാരായണ്‍ഗഢിൽ 20 ഏക്കർ ഭൂമിയുണ്ട്.
“എന്‍റെ ഭാര്യ, എന്‍റെ പങ്കാളി, ഒരാൾക്കു സങ്കൽപ്പിക്കാൻ കഴിക്കുന്നതിനപ്പുറം സേവനമനുഷ്ടിച്ചിട്ടുണ്ട്”, ‘സേവാദാറു’കളായി (ഗുരുദ്വാരകളിലും മറ്റു സാമൂഹികപരിപാടികളിലും സന്നദ്ധസേവനമനുഷ്ഠിക്കുന്നവർ) സമര്‍പ്പിക്കപ്പെട്ട ദശകങ്ങളെക്കുറിച്ചു സംസാരിച്ചുകൊണ്ട് ജസ്വിന്ദർ പറഞ്ഞു. അമ്പതുകളിൽ എത്തിനില്‍ക്കുന്ന പ്രകാശ് അദ്ദേഹം സംസാരിക്കുമ്പോള്‍ ഒരു ജോഡി പാദരക്ഷകള്‍ തുടച്ചു വൃത്തിയാക്കുകയായിരുന്നു.






