“ഈ മരം, ഈ വീട്, ഈ മണ്ണിന്റെ പശിമ....ഈ സ്നേഹമൊക്കെ ഞങ്ങൾ എങ്ങോട്ട് കൊണ്ടുപോകും?
ദു:ഖിതയും രോഷാകുലയുമാണ് അപൻകുടി ഹെംബ്റാം. “ഇതൊക്കെ എന്റെയാണ്”, കണ്ണുകൾകൊണ്ട് ചുറ്റും നോക്കി, ആ സന്താൾ ആദിവാസി സ്ത്രീ പറഞ്ഞു. “എനിക്ക് എന്റെ സ്വന്തം സ്ഥലമുണ്ട്”, തന്റെ ഭൂമിയുടെ ഒരറ്റത്തുനിന്ന് മറ്റേയറ്റത്തേക്ക് ചൂണ്ടിക്കൊണ്ട് അവർ പറഞ്ഞു. തന്റെ 5-6 ബിഗ സ്ഥലം (കഷ്ടി ഒന്നരയേക്കർ) അവർ ഉപയോഗിക്കുന്നത്, നെല്ല് കൃഷിചെയ്യാനാണ്.
“ഇക്കണ്ട വർഷംകൊണ്ട് ഞാൻ നിർമ്മിച്ചതൊക്കെ തരാൻ സർക്കാരിനാവുമോ?” ദേവ്ച്ചാ പച്ചമി (ദ്യൂച്ചാ പച്ച്മി എന്നും പേരുണ്ട്) സംസ്ഥാന കൽക്കരി ഖനി പദ്ധതിയിലൂടെ ഇല്ലാതാവാൻ പോവുന്നത്, 10 ഗ്രാമങ്ങളാണ്. അപൻകുടിയുടെ ഹൊരിൻസിന്ന ഗ്രാമമടക്കം.
“എല്ലാം വിട്ടെറിഞ്ഞിട്ട് എവിടെ പോകാനാണ് ഞങ്ങൾ? ഞങ്ങൾ എങ്ങോട്ടും പോവില്ല”, അപൻകുടി ഉറപ്പിച്ച് പറയുന്നു. ഖനിക്കെതിരെയുള്ള സമരത്തിന്റെ മുമ്പിൽ നിൽക്കുന്നവരിൽ ഒരാളാണ് അവർ. പൊലീസിന്റെയും ഭരണകക്ഷിയുടേയും സംയുക്തശക്തിയെ ചെറുത്തുകൊണ്ടാണ് അവരെപ്പോലെയുള്ള സ്ത്രീകൾ യോഗങ്ങളും പ്രകടനങ്ങളും സംഘടിപ്പിക്കുന്നത്. വടി, ചൂൽ, അരിവാൾ, കൊടുവാൾ തുടങ്ങി പാടത്തും അടുക്കളയിലും ഉപയോഗിക്കുന്ന സർവ്വ ആയുധസന്നാഹങ്ങളുമായിട്ടാണ് അവർ പൊരുതുന്നത്.
ശിശിരത്തിലെ മദ്ധ്യാഹ്ന സൂര്യന്റെ വെളിച്ചത്തിൽ കുളിച്ചുനിൽക്കുകയായിരുന്നു ഹൊരിൻസിന്ന ഗ്രാമം. ഗ്രാമത്തിന്റെ കവാടത്തിൽ സ്ഥിതി ചെയ്യുന്ന അയൽക്കാരി ലൊബ്സയുടെ വീടിന്റെ മുറ്റത്തുനിന്ന് ഞങ്ങളോട് സംസാരിക്കുകയായിരുന്നു അപൻകുടി. ഇഷ്ടികകൊണ്ട് പണിത മുറികളും ഓടിട്ട മേൽക്കൂരയുമുള്ള വീടായിരുന്നു ലൊബ്സയുടേത്.
“ഞങ്ങളെ കൊന്നിട്ട് മാത്രമേ ഞങ്ങളുടെ സ്ഥലം അവർക്ക് കൈയ്യേറാനാവൂ”, തലേന്ന് രാത്രിയിലെ ബാക്കിവന്ന കഞ്ഞിവെള്ളവും പച്ചക്കറിയുമടങ്ങുന്ന ഉച്ചയൂണ് കഴിച്ചുകൊണ്ട്, ലൊബ്സ ഹെംബ്രാം ചർച്ചയിൽ ചേർന്നു. പാറകൾ പൊടിക്കുന്ന ഒരു ക്രഷറിലാണ് 40 വയസ്സുള്ള ലൊബ്സ ജോലി ചെയ്യുന്നത്. 200-നും 500-രൂപയ്ക്കുമിടയിലാണ് അവിടത്തെ ദിവസ ശമ്പളം.
ഹൊരിൻസിന്നയിലെ ജനസംഖ്യയിൽ ഭൂരിഭാഗവും ആദിവാസികളാണ്. ബാക്കിയുള്ളവർ, ദളിതുകളായ ഹിന്ദുക്കളും, വർഷങ്ങൾക്കുമുമ്പ് ഒഡിഷയിൽനിന്ന് കുടിയേറിയ ഉയർന്ന ജാതിക്കാരായ തൊഴിലാളികളും.
ഭീമാകാരമായ ദേവ്ച്ച-പച്ചമി-ദിവാൻഗഞ്ച്-ഹൊരിൻസിന്ന കൽക്കരി ബ്ലോക്കിന്റെ മുകൾഭാഗത്തായിട്ടാണ് അപൻകുടിയുടേയും ലൊബ്സയുടേയും മറ്റുള്ളവരുടേയും സ്ഥലങ്ങൾ. പശ്ചിമ ബംഗാൾ പവർ ഡെവലപ്പ്മെന്റ് കോർപ്പൊറേഷന്റെ കീഴിൽ സമീപഭാവിയിൽ വരാൻ പോകുന്ന, ഏഷ്യയിലെ ഏറ്റവും വലുതും ലോകത്തിലെത്തന്നെ രണ്ടാമത്തെ വലുതുമായ തുറന്ന കൽക്കരി ഖനിക്ക് (ഓപ്പൺ കാസ്റ്റ് കോൾ മൈൻ) 12.31 ചതുരശ്ര കിലോമീറ്റർ, അഥവാ 3,400 ഏക്കർ വ്യാപ്തിയുണ്ടാവുമെന്ന് ജില്ലാ ഭരണകൂടം പറയുന്നു.
ഹട്ഗച്ച, മൊക്ദുംനഗർ, ബഹദൂർഗഞ്ചൊ, ഹൊരിൻസിന്ന, ചാണ്ടാ, സലൂകാ, ദിവാൻഗഞ്ച്, അലിനഗർ, കൊബിൽനഗർ, ബിർഭും ജില്ലയിലെ മൊഹമ്മദ് ബാസാർ ബ്ലോക്കിലുള്ള നിശ്ചിന്തപുർ മൌസ എന്നിവിടങ്ങളിലെ ഭൂമിയാണ് കൽക്കരിഖനി വിഴുങ്ങാൻ പോവുന്നത്.
ദേവ്ച്ച പച്ചമിയിലെ കൽക്കരി-വിരുദ്ധ ജനകീയ പ്രസ്ഥാനത്തിന്റെ ഭാഗമാണ് ഈ സ്ത്രീകൾ. “ഇത്തവണ ഞങ്ങൾ (ഗ്രാമത്തിലുള്ളവർ) ഒറ്റക്കെട്ടാണ്”, ലബ്സ പറയുന്നു. ഈ സ്ഥലം പുറത്തൊരാൾക്കും പോവില്ല. ഞങ്ങൾ ജീവൻ കൊടുത്തും ഇതിനെ സംരക്ഷിക്കും”.
ഉദ്യോഗസ്ഥർ അവകാശപ്പെടുന്നതുപോലെ “അടുത്ത 100 വർഷത്തേക്ക്, പശ്ചിമ ബംഗാളിനെ വികസനത്തിന്റെ വെളിച്ചത്തിൽ കുളിപ്പിക്കുകയല്ല” മറിച്ച്, ഇവരെപ്പോലെയുള്ള ആയിരക്കണക്കിനാളുകളെ ഭവനരഹിതരും ഭൂരഹിതരുമാക്കുകയുമാണ് ഈ പദ്ധതി ചെയ്യുക.
‘വെളിച്ച’ത്തിന്റെ കീഴിൽ ഇരുട്ട് പതിയിരിക്കുന്നു. ഒരുപക്ഷേ കൽക്കരിപോലെ ഒളിഞ്ഞ്. പരിസ്ഥിതിക്കും ഈ പദ്ധതി വലിയ നാശമാണ് വരുത്തുക.
ഖനിക്കെതിരേ പ്രതിഷേധിച്ചുകൊണ്ട് 2021 ഡിസംബറിൽ പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ പശ്ചിമ ബംഗാളിലെ പ്രമുഖ പരിസ്ഥിതി പ്രവർത്തകരും പരിസ്ഥിതി ശാസ്ത്രജ്ഞരും ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. പ്രസ്താവന ഇങ്ങനെയാണ്: “ദശലക്ഷം വർഷങ്ങളെടുത്തുണ്ടായ മുകൾഭാഗത്തെ മണ്ണ് ഓപ്പൺ-പിറ്റ് കൽക്കരി ഖനി വരുന്നതിലൂടെ എന്നന്നേക്കുമായി നഷ്ടമാവുകയും മാലിന്യമലകളായി രൂപാന്തരപ്പെടുകയും ചെയ്യും. ഉരുൾപൊട്ടലുകൾ ഉണ്ടാവുമെന്ന് മാത്രമല്ല, ഭൂമിയിലേയും ജലത്തിലേയും ആവാസവ്യവസ്ഥയ്ക്ക് കനത്ത നാശമുണ്ടാവുകയും ചെയ്യും. മഴക്കാലത്ത്, മാലിന്യത്തിന്റെ ഈ മലകൾ ഒലിച്ചിറങ്ങി, പ്രദേശത്തെ പുഴകളുടെ അടിത്തട്ടിൽ അടിയുകയും ചെയ്യും. അപ്രതീക്ഷിതമായ വെള്ളപ്പൊക്കം ഉണ്ടാവുകയാവും ഫലം...[..] മേഖലയിലെ ഭൂഗർഭജലത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തുകയും കാർഷിക-വന ഉത്പാദനത്തെ പ്രതികൂലമായി ബാധിക്കുകയും പ്രദേശത്തിന്റെയാകെ പാരിസ്ഥിതിക സന്തുലനത്തെ നശിപ്പിക്കുകയും ചെയ്യും”.
പ്രതിഷേധിക്കുന്ന സ്ത്രീകൾ ധംസ യും മദോലു മൊക്കെ ഉപയോഗിക്കുന്നുണ്ട്. അവ രണ്ടും കേവലം സംഗീതോപകരണങ്ങളല്ല, ആദിവാസി സമുദായത്തിന്റെ സമരങ്ങളുമായി ഗാഢമായ ബന്ധമുള്ളവയാണ്. അവരുടെ ജീവിതത്തിന്റേയും ചെറുത്തുനിൽപ്പിന്റേയും പ്രതീകങ്ങളായ ആ ഉപകരണങ്ങളുടെ താളവും അവരുടെ മുദ്രാവാക്യത്തിന്റെ ഈണവും ഇഴകോർക്കുകയാണ് ഇവിടെ – “അബുവാദിസൊം, അബുയരാജ്” (ഞങ്ങടെ ഭൂമി, ഞങ്ങടെ ഭരണം).
പൊരുതുന്ന ആ സ്ത്രീകളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാനാണ് ഞാൻ ദേവ്ച്ച പച്ചമിയിൽ പോയി ഈ ചിത്രങ്ങൾ വരച്ചത്. സർക്കാർ നൽകിയ വാഗ്ദാനങ്ങളെക്കുറിച്ച് അവർ സംസാരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു – എല്ലാവർക്കും വീട്, പുനരധിവാസ കോളനിയിൽ ടാറിട്ട റോഡ്, കുടിവെള്ളം, വൈദ്യുതി, ആരോഗ്യകേന്ദ്രങ്ങൾ, സ്കൂളുകൾ, ഗതാഗതം തുടങ്ങിയ അനേകം വാഗ്ദാനങ്ങൾ.
സ്വാഭാവിക അവകാശങ്ങളായി ലഭിക്കേണ്ടുന്ന അടിസ്ഥാനസൌകര്യങ്ങൾ, സ്വാതന്ത്ര്യം കഴിഞ്ഞ് ഇത്രയധികം വർഷം കഴിഞ്ഞിട്ടും, വിലപേശാനുള്ള ഉപകരണങ്ങളായിത്തീരുന്നു എന്നതാണ് വിരോധാഭാസം.
ഭൂമി വിട്ടുകൊടുക്കില്ലെന്ന് തീരുമാനിച്ചുറച്ചവർ ബീർഭും ജമി-ജീബൻ-പ്രകൃതി ബച്ചാവോ മഹാസഭ എന്ന സംഘടനയുടെ (ഭൂമിയേയും, ജീവനേയും, ഉപജീവനത്തേയും പ്രകൃതിയേയും സംരക്ഷിക്കാനുള്ള കൂട്ടായ്മ) കീഴിലാണ് ഒത്തൊരുമിച്ചിരിക്കുന്നത്. ഭൂമി ഏറ്റെടുക്കലിനെതിരേ പോരാടുന്നവർക്കുവേണ്ടി പിന്തുണയർപ്പിച്ചുകൊണ്ട്, സി.പി.ഐ.എം.(എൽ), ജയ് കിസാൻ ആന്ദോളൻ, മനുഷ്യാവകാശ സംഘടനയായ ഏകുഷേർ ദാക് തുടങ്ങി നഗരങ്ങളിൽനിന്നുള്ള നിരവധി സംഘടനകളും വ്യക്തികളും ദേവ്ച്ച സന്ദർശിക്കുന്നുണ്ട്.
“പോയി, ഈ ചിത്രങ്ങൾ സർക്കാരിനെ കാണിക്കൂ”, ടർപാളിൻ ഷീറ്റുകൊണ്ടുണ്ടാക്കിയ തന്റെ താത്ക്കാലിക കക്കൂസിലേക്ക് ചൂണ്ടിക്കൊണ്ട്, ഹൊരിൻസിന്നയിലെ താമസക്കാരിയായ സുശീലാ റാവുത്ത് പറഞ്ഞു.
ഇവിടെനിന്ന് ഏകദേശം ഒരു മണിക്കൂർ നടന്നാലെത്തുന്ന ദിവാൻഗഞ്ച് എന്ന ഗ്രാമത്തിൽവെച്ചാണ് 8-ആം ക്ലാസ്സിൽ പഠിക്കുന്ന ഹുസ്നാഹര എന്ന കുട്ടിയെ ഞങ്ങൾ കണ്ടുമുട്ടിയത്. “ഇത്രയും കാലം സർക്കാർ ഞങ്ങളെ ശ്രദ്ധിച്ചിട്ടേയില്ല. ഇപ്പോൾ പറയുന്നു, നിങ്ങളുടെ വീടുകളുടെ താഴെ കൽക്കരിയുണ്ടെന്ന്. ഇതൊക്കെ ഉപേക്ഷിച്ച് ഞങ്ങൾ എങ്ങോട്ട് പോവും?”, ദേവ്ച്ച ഗൌരംഗിണി ഹൈസ്കൂളിലെ ആ വിദ്യാർത്ഥി ചോദിച്ചു.
സ്കൂളിലേക്ക് പോകാനും തിരിച്ചുവരാനും മൂന്ന് മണിക്കൂർ വേണം അവൾക്ക്. തന്റെ ഗ്രാമത്തിൽ ഒരു പ്രൈമറി സ്കൂൾ നിർമ്മിക്കാൻപോലും ഇതുവരെ സർക്കാർ ശ്രമിച്ചിട്ടില്ലെന്ന് അവൾ പറഞ്ഞു. പിന്നെയല്ലേ ഹൈസ്കൂൾ! “സ്കൂളിലേക്ക് പോകുമ്പോൾ ഒറ്റയ്ക്കായപോലെ തോന്നും. പക്ഷേ ഞാൻ പഠിപ്പ് നിർത്തിയിട്ടില്ല”, അവൾ പറഞ്ഞു. ലോക്ക്ഡൌൺ കാലത്ത് അവളുടെ പല സുഹൃത്തുക്കളും പഠനമുപേക്ഷിച്ചു. “ഇപ്പോൾ പ്രദേശത്തിന് പുറത്തുള്ളവരും പൊലീസുകാരുമാണ് തെരുവിൽ മുഴുവനും. അതിനാൽ എന്റെ കുടുംബത്തിലുള്ളവർക്ക് പേടിയാണ്. സ്കൂളിൽ പോകാനും പറ്റുന്നില്ല”, അവൾ പറഞ്ഞു.
ഹുസ്നാഹരയുടെ അമ്മമ്മ ലാൽബാനു ബീബിയും, അമ്മ മീന ബീബിയും അയൽക്കാരി അന്തുമ ബീബിയുടേയും മറ്റ് സ്ത്രീകളുടേയും കൂടെ വീട്ടുമുറ്റത്ത് നെല്ല് മെതിക്കുകയായിരുന്നു. തണുപ്പുകാലത്ത്, ഗ്രാമത്തിലെ സ്ത്രീകൾ ഈ നെല്ലിൽനിന്ന് പൊടിയുണ്ടാക്കി അത് വിൽക്കും. “ഞങ്ങളുടെ ദിവാൻഗഞ്ചിൽ, നല്ല റോഡുകളോ, സ്കൂളോ ആശുപത്രിയോ ഒന്നുമില്ല. ആർക്കെങ്കിലും എന്തെങ്കിലും അസുഖം വന്നാൽ, ദേവ്ച്ചയിലേക്ക് ഓടണം. ഗർഭിണികളായ പെൺകുട്ടികൾ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ നിങ്ങൾ കണ്ടിട്ടുണ്ടോ? എന്നിട്ടാണ് ഇപ്പോൾ സർക്കാർ വികസനത്തെക്കുറിച്ച് പറയുന്നത്. എന്ത് വികസനം?”, അന്തുമ ബീബി ചോദിച്ചു.
ദിവാൻഗഞ്ചിൽനിന്ന് ദേവ്ച്ചയിലെ ആശുപത്രിയിലെത്താൻ ഒരുമണിക്കൂറെടുക്കുമെന്ന് അന്തുമ ബീബി പറഞ്ഞു. ഏറ്റവുമടുത്തുള്ള പ്രാഥമികാരോഗ്യകേന്ദ്രം പച്ചമിയിലാണ്. അല്ലെങ്കിൽ മൊഹമ്മദ് ബാസാറിലുള്ള സർക്കാർ ആശുപത്രിയിൽ പോകണം. അവിടേക്കെത്താനും വേണം ഒരു മണിക്കൂർ സമയം. അസുഖം ഗുരുതരമാണെങ്കിൽ, സുരിയിലെ ആശുപത്രിയിലേക്ക് പോകേണ്ടിവരും.
അവരുടെ ഭർത്താക്കന്മാരെല്ലാം പാറ പൊട്ടിക്കൽ കേന്ദ്രങ്ങളിൽ പ്രതിദിനം 500-600 രൂപയ്ക്ക് തൊഴിലെടുക്കുന്നവരാണ്. സർക്കാർ സ്രോതസ്സുകൾ പറയുന്നതനുസരിച്ച്, ഖനിപ്രദേശത്ത് ഏതാണ്ട് 3,000-ത്തോളം തൊഴിലാളികൾ ക്വാറി, പാറപൊട്ടിക്കൽ കേന്ദ്രങ്ങളിൽ പണിയെടുക്കുന്നുണ്ട്. ഭൂമി നഷ്ടമായാൽ അവർക്കെല്ലാം നഷ്ടപരിഹാരം കൊടുക്കേണ്ടിവരും.
ഗ്രാമത്തിൽനിന്ന് പോകേണ്ടിവന്നാൽ, പാറ പൊട്ടിക്കൽ തൊഴിലിൽനിന്നുള്ള വരുമാനവും ഇല്ലാതാവുമെന്ന് ഗ്രാമത്തിലെ സ്ത്രീകൾ ആശങ്കപ്പെടുന്നു. ജോലി നൽകാമെന്ന സർക്കാരിന്റെ വാഗ്ദാനത്തിൽ അവർക്ക് വിശ്വാസമില്ല. വിദ്യാഭ്യാസമുണ്ടായിട്ടും തൊഴിൽരഹിതരായ നിരവധി ആൺകുട്ടികളും പെൺകുട്ടികളും ഗ്രാമത്തിലുണ്ടെന്ന് അവർ പറയുന്നു.
തൻസില ബീബി നെല്ലുണക്കുകയാണ്. ആടുകളെ ആട്ടിയകറ്റാൻ അവരുടെ കൈയ്യിൽ ഒരു വടിയുമുണ്ട്. ഞങ്ങളെ കണ്ടാപ്പോൾ കൈയ്യിൽ വടിയും പിടിച്ച് അവർ ഓടിവന്നു. “നിങ്ങളൊക്കെ ഒരു കാര്യം കേൾക്കും, വേറെ എന്തെങ്കിലും എഴുതിവിടും. എന്തിനാണ് ഈ നാടകം കളിക്കാൻ നിങ്ങളൊക്കെ വരുന്നത്. ഞാൻ നിങ്ങളോട് പറയുകയാണ്, ഞാൻ ഈ വീട് ഉപേക്ഷിക്കില്ല. തീർന്നു. ഞങ്ങളുടെ ജീവിതം നരകമാക്കാൻ അവർ പൊലീസിനെ അയയ്ക്കുകയാണ്. ഇപ്പോൾ അവർ ദിവസവും പത്രക്കാരേയും അയയ്ക്കുന്നു”. ശബ്ദമുയർത്തി അവർ പറഞ്ഞു, “ഞങ്ങൾക്ക് ഒന്നേ പറയാനുള്ളു. ഞങ്ങൾ ഇറങ്ങിത്തരില്ല”.
2021 മുതൽ 2022വരെ ഞാൻ നടത്തിയ സന്ദർശനങ്ങളിൽ കാണാൻ കഴിഞ്ഞ നിരവധി സ്ത്രീകൾ, ഭൂമിയിന്മേലുള്ള അവകാശത്തിനായുള്ള ഈ സമരത്തിൽ പങ്കെടുക്കുന്നുണ്ട്. സമരത്തിന്റെ ഗതിവേഗം ഇപ്പോൾ അല്പം കുറഞ്ഞിട്ടുണ്ടെങ്കിലും, ചെറുത്തുനിൽപ്പിന്റെ ശബ്ദത്തിന് ഇപ്പോഴും ശക്തി നഷ്ടപ്പെട്ടിട്ടില്ല. ചൂഷണത്തിനും അടിച്ചമർത്തലിനുമെതിരേ, ഈ സ്ത്രീകളും പെൺകുട്ടികളും ശബ്ദിച്ചുകൊണ്ടേയിരിക്കുന്നു. ജൽ-ജംഗളി-ജമീനിനായുള്ള (വെള്ളം, കാട്, ഭൂമി) അവരുടെ ഗർജ്ജനം പ്രതിദ്ധ്വനിച്ചുകൊണ്ടേയിരിക്കും.
പരിഭാഷ: രാജീവ് ചേലനാട്ട്