ആദ്യത്തെ തവണ ദിയ ഏതാണ്ട് രക്ഷപ്പെട്ടതാണ്.
ബസ്സ് നിറയുന്നതും കത്ത്, ഭയന്നുവിറച്ച് അതിനകത്തിരിക്കുകയായിരുന്നു അവൾ. സൂറത്തിൽനിന്ന് ഝാലോഡിലേക്കുള്ള ഒരു ടിക്കറ്റ് അവൾ വാങ്ങിയിരുന്നു. അവിടെനിന്ന് ഒരു മണിക്കൂർ യാത്ര ചെയ്താൽ ഗുജറാത്തിന്റെ അതിർത്തി കടന്ന് രാജസ്ഥാനിലെ കുശാൽഗറിലെ അവളുടെ വീട്ടിലെത്താം.
ജനലയിലൂടെ പുറത്തേക്ക് നോക്കിയിരിക്കുമ്പോഴാണ് രവി പിന്നിലൂടെ വന്നത്. പ്രതികരിക്കാൻ കഴിയുന്നതിനുമുൻപ് അവൻ അവളെ കയ്യിൽ പിടിച്ചുവലിച്ച്, ബസ്സിൽനിന്ന് ഇറക്കി.
ചുറ്റുമുള്ളവർ കുട്ടികളെ നോക്കുന്നതിന്റേയും സാധനങ്ങൾ കയറ്റുന്നതിന്റേയും തിരക്കിലായിരുന്നു. കുപിതനായ ഒരു ചെറുപ്പക്കാരനേയും ഭയചകിതയായ ഒരു കൌമാരക്കാരിയേയും ശ്രദ്ധിക്കാൻ ആർക്കും സമയമുണ്ടായിരുന്നില്ല. “ഒച്ച വെക്കാൻ എനിക്ക് പേടിയായിരുന്നു.” ദിയ പറയുന്നു. മുൻകാല അനുഭവങ്ങൾ നോക്കുമ്പോൾ നിശ്ശബ്ദയായിരിക്കുന്നതായിരുന്നു അവൾക്ക് നല്ലത്.
ആറുമാസം തന്റെ വീടും തടവറയുമായിരുന്ന ആ നിർമ്മാണ സൈറ്റിൽ രാത്രി ദിയയ്ക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. ദേഹം മുഴുവൻ വേദനിക്കുന്നുണ്ടായിരുന്നു. രവിയുടെ മർദ്ദനം അവളുടെ ദേഹത്ത് മുഴുവൻ പാടുകളുണ്ടാക്കിയിരുന്നു. “മുഷ്ടിയുപയോഗിച്ച് ഇടിക്കുകയും തൊഴിക്കുകയുമൊക്കെ ചെയ്തു അവൻ. ആർക്കും അവനെ തടയാൻ കഴിഞ്ഞില്ല”, ഇടപെടാൻ ശ്രമിച്ചവർക്കൊക്കെ അവളിൽ ഒരു കണ്ണുണ്ടായിരുന്നുവെന്നായിരുന്നു അവന്റെ ആരോപണം. സാക്ഷികളാകേണ്ടിവന്ന സ്ത്രീകളും ആക്രമണം കണ്ട് ഭയന്ന് അകലം പാലിച്ചു. ആരെങ്കിലും പ്രതിഷേധിക്കാൻ തുനിഞ്ഞാൽ അവൻ പറയും, ‘ഇവളെന്റെ ഭാര്യയാണ് നിങ്ങളെന്തിനാണ് ഇടപെടുന്നത്?‘ എന്ന്.
“ഓരോ തവണ എന്നെ തല്ലിച്ചതയ്ക്കുമ്പോഴും ആശുപത്രിയിൽ പോയി മരുന്ന് വെച്ചുകെട്ടാൻ പോകണം. 500 രൂപ ചിലവാകും. ചിലപ്പോൾ രവിയുടെ സഹോദരൻ പൈസ കൊടുക്കുകയും ആശുപത്രിയിലേക്ക് കൂടെ വരികയും ചെയ്യും. ‘നീ നിന്റെ അച്ഛനമ്മമാരുടെ വീട്ടിലേക്ക് പോ’ എന്ന് അവൻ പറയും“, ദിയ പറയുന്നു. എന്നാൽ എങ്ങിനെയാണ് രക്ഷപ്പെടുക എന്ന് രണ്ടുപേർക്കും അറിയുകയുമില്ല.

















