“വെള്ളം കയറുമ്പോൾ ഞങ്ങളുടെ നെഞ്ച് കലങ്ങാൻ തുടങ്ങും”, ഹരേശ്വർ ദാസ് പറയുന്നു. മഴക്കാലത്ത് പുതിമാരി നദിയിലെ വെള്ളം വീടുകളെയും വിളവുകളെയും നശിപ്പിക്കുന്നതിനാൽ എപ്പോഴും ജാഗ്രതയോടെയിരിക്കേണ്ട അവസ്ഥയിലാണ് ഗ്രാമീണരെന്ന്, അസമിലെ ബുഗോരിബാരിയിലെ താമസക്കാരനായ അദ്ദേഹം പറയുന്നു.
“തുണികളൊക്കെ കെട്ടിപ്പെറുക്കി തയ്യാറായി ഇരിക്കണം, മഴ പെയ്യാൻ തുടങ്ങുമ്പോൾ. കഴിഞ്ഞ തവണത്തെ വെള്ളപ്പൊക്കത്തിൽ കെട്ടുറപ്പുള്ള വീടുകൾക്കുപോലും നാശനഷ്ടങ്ങളുണ്ടായി. മുളയും കളിമണ്ണുമുപയോഗിച്ച് പുതിയ ചുമരുകൾ പിന്നെയും ഉയർത്തേണ്ടിവന്നു” എന്ന് അദ്ദേഹത്തിന്റെ ഭാര്യ സാബിത്രി ദാസ് പറയുന്നു.
“കേടുവന്ന ടിവി ഒരു ചാക്കിൽ പൊതിഞ്ഞ് പുരപ്പുറത്ത് വെച്ചിരിക്കുകയാണ് ഇപ്പോൾ”, നിരദ ദാസ് പറഞ്ഞു. ഒടുവിൽ വാങ്ങിയ ടിവിയും കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ നശിച്ചുപോയി.
2023 ജൂൺ 16 രാത്രി മഴ നിർത്താതെ പെയ്തു. കഴിഞ്ഞ വർഷം തകർന്ന ചിറ നേരെയക്കാൻ താമസക്കാർ മണൽച്ചാക്കുകൾ ഉപയോഗിച്ചു. രണ്ടുദിവസം കഴിഞ്ഞിട്ടും മഴയ്ക്ക് ശമനമുണ്ടായില്ല. ചിറ വീണ്ടും പൊട്ടുമെന്ന് ഭയന്ന് കഴിയുകയായിരുന്നു ബുഗോരിബാരിയിലെയും സമീപത്തെ, ധേപാർഗാം, മാദോയ്കട്ട, നിസ് കൌർബഹ, ഖണ്ടികർ, ബിഹാപാര, ലഹാപാര ഗ്രാമങ്ങളിലെയും ആളുകൾ.
ഭാഗ്യത്തിന് നാലുദിവസത്തിനുശേഷം മഴ കുറയുകയും വെള്ളം ഒഴിഞ്ഞുപോവുകയും കെയ്തു.
“ചിറ പൊട്ടിയാൽ ജലബോംബ് പൊട്ടുന്നതുപോലെയാണ്. വഴിയിലുള്ള എല്ലാറ്റിനേയും അത് തകർത്ത് തരിപ്പണമാക്കും“, നാട്ടിലെ അദ്ധ്യാപകനായ ഹരേശ്വർ ദാസ് പറഞ്ഞു. കെ.ബി. ദേയുൽകുചി ഹയർ സെക്കർഡറി സ്കൂളിലെ അസമീസ് ഭാഷാദ്ധ്യാപകനായിരുന്നു 85 വയസ്സുള്ള, വിരമിച്ച ആ അദ്ധ്യാപകൻ.
1965-ൽ നിർമ്മിച്ച ആ ചിറ, ‘പുനരുജ്ജീവനം നൽകുന്നതിനുപകരം കൃഷിയിടങ്ങളെ വെള്ളത്തിൽ മുക്കി”, ഗുണത്തേക്കാളേറെ ദോഷമാണുണ്ടാക്കിയതെന്ന് അദ്ദേഹം ഉറച്ച് വിശ്വസിക്കുന്നു.




















