“മുളക്, വെളുത്തുള്ളി, ഇഞ്ചി...പടവലങ്ങയുടെ ഇലകൾ, കയ്പ്പക്ക..ശർക്കര”
ഈ ഇഞ്ചിയും, വെളുത്തുള്ളിയും, കയ്പ്പയ്ക്കയുമൊക്കെ ഭക്ഷണത്തിനുള്ള ചേരുവയല്ല. മറിച്ച്, ഗുലാബ്‌റാണി സ്വയം നിർമ്മിക്കുന്ന വളവും കീടനാശിനിയുമാണ്. പന്ന ടൈഗർ റിസർവിന്റെ അറ്റത്തുള്ള ചുങ്കുണ ഗ്രാമത്തിലാണ് അവരിതൊക്കെ വാറ്റുന്നത്.
ആദ്യമായി ഈ പട്ടിക കേട്ടപ്പോൾ തന്റെ മനസ്സിൽ വന്ന സംശയങ്ങളോർത്ത് ഇന്ന് 53 വയസ്സായ അവർ ഉറക്കെ പൊട്ടിച്ചിരിക്കുന്നു. “ഞാൻ ആലോചിച്ചു, എവിടെനിന്ന് കിട്ടാനാണിതൊക്കെ? എന്നാൽ കാട്ടിൽ പടവലങ്ങയൊക്കെയുണ്ടായിരുന്നു,” അവർ സൂചിപ്പിച്ചു. ശർക്കരപോലുള്ള മറ്റ് ചേരുവകളൊക്കെ ചന്തയിൽനിന്ന് വാങ്ങേണ്ടിയിരുന്നു അവർക്ക്.
ഇവരെന്താണ് ഈ വാറ്റുന്നതെന്ന് അറിയാത്തതിനാൽ, സംശയാലുക്കളായ അയൽക്കാരൊന്നും അവരെ സഹായിക്കാൻ വന്നില്ല. എന്നാൽ മറ്റുള്ളവർ എന്ത് കരുതുമെന്നത് ഒരുകാലത്തും ഗുലാബ്‌റാണിയെ അലട്ടിയിരുന്നില്ല. ഏകദേശം 500-ഓളം ആളുകൾ താമസിക്കുന്ന ഗ്രാമത്തിൽ, ജൈവകൃഷിയിലേക്ക് ആദ്യമായി ചുവട് മാറിയത് അവരായിരുന്നുവെന്നതിൽ അത്ഭുതപ്പെടാനൊന്നുമില്ല.
“ചന്തയിൽനിന്ന് നമ്മൾ വാങ്ങുന്ന ഭക്ഷണസാധനങ്ങളിൽ മരുന്നുകളും, മറ്റ് രാസപദാർത്ഥങ്ങളുമുണ്ട്. അപ്പോൾ ഞങ്ങളാലോചിച്ചു, എന്തിന് അതൊക്കെ കഴിക്കണം,” നാലുവർഷം മുമ്പ് വീട്ടിൽ നടന്ന സംഭാഷണങ്ങൾ അവർ ഓർത്തെടുത്തു.
“ജൈവകൃഷിയിലേക്ക് തിരിയുന്നത് നല്ലൊരു ആശയമാണെന്ന് എന്റെ കുടുംബത്തിന് തോന്നി. ജൈവികമായത് കഴിച്ചാൽ, ഞങ്ങളുടെ ആരോഗ്യവും മെച്ചപ്പെടുമെന്ന് ഞങ്ങൾക്ക് തോന്നി. ജൈവ വളം ഉപയോഗിച്ചാൽ, കീടങ്ങളുടെ ആരോഗ്യം തകരും, നമ്മുടേത് മെച്ചപ്പെടും,” സ്വന്തം ഫലിതം രസിച്ചുകൊണ്ട് അവർ പറയുന്നു.
















