വെറുമൊരു പശുവിനെയും എരുമയെയും വളര്‍ത്താന്‍ അര്‍ജുന്‍ ജാധവിന് വലിയ കാലിത്തൊഴുത്ത് ആവശ്യമില്ല. തൊഴുത്തിലെ ഒരു തൂണില്‍ കെട്ടിയ മൃഗങ്ങളുടെ അവസ്ഥ പരിതാപകരമായി തോന്നി. “ഇതിന്‍റെ പിന്നില്‍ എനിക്ക് മറ്റൊരു തൊഴുത്തുണ്ട്”, അരുണ്‍ പറഞ്ഞു. “എന്‍റെ തൊഴുത്തുകളുടെ എണ്ണം എന്‍റെ മൃഗങ്ങളുടെ എണ്ണത്തിന് തുല്യമാണ്. ഉടന്‍തന്നെ എന്‍റെ തൊഴുത്തുകളുടെ എണ്ണം മൃഗങ്ങളുടെ എണ്ണത്തേക്കാള്‍ കൂടുതലാവും.”
മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലെ കരിമ്പ് കര്‍ഷകനായ 39-കാരന്‍ അരുണ്‍ തന്‍റെ ഗ്രാമമായ അല്‍സുന്ദില്‍ ഒരിക്കല്‍ 7 പശുക്കളേയും 4 എരുമകളേയും വളര്‍ത്തിയിരുന്നു. “കഴിഞ്ഞ 15 വര്‍ഷങ്ങള്‍കൊണ്ട് ഞങ്ങള്‍ അവയെ ഒന്നൊന്നായി വിറ്റു”, അദ്ദേഹം പറഞ്ഞു. “എനിക്ക് 10 ഏക്കര്‍ കരിമ്പ് പാടമുണ്ട്. ക്ഷീരോല്‍പാദനം സൗകര്യപ്രദമായ ഒരു സൈഡ് ബിസിനസ്സ് ആയിരുന്നു, പക്ഷെ ഇപ്പോള്‍ അതൊരു കുരുക്കായിരിക്കുന്നു.”
സംസ്ഥാനത്തെ ആകെ ക്ഷീരോല്‍പാദനത്തിന്‍റെ 42 ശതമാനവും നടക്കുന്ന, ക്ഷീര വ്യവസായത്തിന്‍റെ സിരാകേന്ദ്രമായ, സാംഗ്ലി പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലാണ്. ഇവിടെയുള്ള ഏതാണ്ടെല്ലാ കര്‍ഷകരും പശുക്കളെയും എരുമകളെയും വളര്‍ത്തുന്നു. അരുണിനെ പോലുള്ള കര്‍ഷകര്‍ക്ക് പാല്‍ ഒരു അധിക വരുമാന സ്രോതസ്സാണ്. മറ്റുള്ളവര്‍ക്ക് പ്രധാന മാര്‍ഗ്ഗവും. പക്ഷെ ക്ഷീര കര്‍ഷകരുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുന്നു – സാമ്പത്തികശാസ്ത്രത്തിന് എണ്ണം കൂട്ടാന്‍ കഴിയില്ലെന്നവര്‍ പറയുന്നു.
സ്ഥിരതയില്ലാത്ത പാല്‍വിലയ്ക്കെതിരെ ഒരു ദശകത്തോളമായി പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെ ക്ഷീര കര്‍ഷകര്‍ തുടര്‍ച്ചയായി സമരം ചെയ്തുകൊണ്ടിരിക്കുന്നു. പ്രതിഷേധം അറിയിക്കുന്നതിനായി അവര്‍ പാല്‍ തൂവിക്കളയുകയും പാഴാക്കി കളയുകയും ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. അഖില്‍ ഭാരതീയ കിസാന്‍ സഭയുടെ ജനറല്‍ സെക്രട്ടറിയായ, നിരവധി പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള, അജീത് നവ്ലെ പറയുന്നത് സഹകരണ സ്ഥാപനങ്ങളോ സംസ്ഥാനമോ പാല്‍ മുഴുവനായി സംഭരിച്ചു കൊണ്ടിരുന്നപ്പോള്‍ വില താരതമ്യേന സ്ഥിരമായിരുന്നു എന്നാണ്. “സ്വകാര്യ ഇടപാടുകാര്‍ വിപണിയില്‍ ഇറങ്ങിയതുമുതല്‍ സര്‍ക്കാരിന്‍റെ പങ്ക് കൂടുതല്‍ കൂടുതല്‍ ഫലപ്രദമല്ലാതായിക്കൊണ്ടിരിക്കുന്നു. അവരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് വില കൂടുകയും കുറയുകയും ചെയ്യുന്നു.”
“വില നിയന്ത്രിച്ചുകൊണ്ട് സ്വകാര്യ ഇടപാടുകാര്‍ നേട്ടമുണ്ടാക്കുന്നു. കാര്‍ഷിക നിയമങ്ങളെക്കുറിച്ചും ഇതുതന്നെയാണ് ഞങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്”, 2020 സെപ്റ്റംബറില്‍ കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച കാര്‍ഷിക നിയമങ്ങളെപ്പറ്റി പരാമര്‍ശിച്ചുകൊണ്ട് നവ്ലെ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം കര്‍ഷകര്‍ സമരങ്ങള്‍ നടത്തിയതിനെ തുടര്‍ന്ന് (പാരിയുടെ മുഴുവന്‍ കവറേജ് കാണുക) 2021 നവംബര്‍ 29-ന് പാര്‍ലമെന്‍റ് നിയമങ്ങള്‍ പിന്‍വലിച്ചു.










