“എന്റെ രണ്ട് പെൺകുട്ടികൾക്കും വ്യത്യസ്തമായ ഒരു ജീവിതമാണ് ഞാൻ ആഗ്രഹിക്കുന്നത്”, പരത്തിവെച്ച വെള്ളിനിറമുള്ള മീനുകൾക്കുമീതെ ഉപ്പ് എറിഞ്ഞുകൊണ്ട് അവർ പറയുന്നു. കഴിഞ്ഞ 20 വർഷമായി, തമിഴ്നാടിന്റെ തീരപ്രദേശത്തുള്ള ഗൂഡല്ലൂരിലെ ഓൾഡ് ടൌൺ ഹാർബറിൽ മീനുണക്കുന്ന ജോലിയിലാണ് 43 വയസ്സായ അവർ.
“ഭൂരഹിതരായ ദളിത് കുടുംബത്തിൽ, നെൽക്കൃഷിയിലേർപ്പെട്ടിരുന്ന കർഷകത്തൊഴിലാളികളായ അച്ഛനമ്മമാരെ സഹായിച്ചുകൊണ്ടാണ് ഞാൻ വളർന്നത്. എനിക്ക് ഒട്ടും വിദ്യാഭ്യാസം കിട്ടിയിട്ടില്ല”, അവർ പറയുന്നു. 15 വയസ്സിൽ അവർ ശക്തിവേലിനെ വിവാഹം കഴിച്ചു. രണ്ടുവർഷം കഴിഞ്ഞ്, ആദ്യത്തെ കുട്ടി ശാലിനി ഗൂഡല്ലൂർ ജില്ലയിലെ ഭീമ റാവു നഗർ എന്ന കോളനിയിൽവെച്ച് ജനിച്ചു.
ഭീമ റാവു നഗറിൽ കാർഷികത്തൊഴിലൊന്നും കിട്ടാതായപ്പോൾ വിശാലാക്ഷി ഗൂഡല്ലൂർ ഓൾഡ് ടൌൺ ഹാർബറിൽ ജോലിയന്വേഷിച്ചു ചെന്നു. 17 വയസ്സിലാണ് കമലാവേണിയെ അവർ കണ്ടുമുട്ടുന്നത്. കമലാവേണിയാണ് മീനുണക്കുന്ന പണിയും കച്ചവടവും പഠിപ്പിച്ചത്. ഇന്നും അവർ ആ കച്ചവടം ചെയ്യുന്നു.
തുറസ്സായ സ്ഥലത്ത് മീനുണക്കുന്ന തൊഴിൽ, മത്സ്യസംസ്കരണത്തിന്റെ വളരെ പഴയൊരു രൂപമാണ്. ഉപ്പിലിടുക, പുകയ്ക്കുക, അച്ചാറുണ്ടാക്കുക തുടങ്ങിയ അനുബന്ധ ജോലികളും അതിലുൾപ്പെടുന്നു. ഗൂഡല്ലൂർ ജില്ലയിലെ 5,000-ത്തോളം സജീവരായ മുക്കുവരിൽ 10 ശതമാനം ആളുകൾ മീനുണക്കുന്നതിലും, തൊലിയുരിച്ച് സംരക്ഷിക്കുന്നതിലും വ്യാപൃതരാണെന്ന് കൊച്ചിയിലെ സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിട്യൂറ്റ് പുറത്തിറക്കിയ 2016ലെ മറൈൻ ഫിഷറീസ് സെൻസസ് പറയുന്നു.
സംസ്ഥാനത്തുടനീളം, ഈ എണ്ണം ഇനിയും കൂടും. 2020-2021-ൽ തമിഴ്നാട്ടിലെ മറൈൻ ഫിഷറിയുമായി ബന്ധപ്പെട്ട് ജോലിചെയ്യുന്ന സ്ത്രീകളുടെ എണ്ണം 2.6 ലക്ഷമാണെന്ന് ഡിപ്പാർട്ട്മെന്റ് ഓഫ് ഫിഷറീസിന്റെ സംസ്ഥാന വെബ്‌സൈറ്റ് ചൂണ്ടിക്കാണിക്കുന്നു.

















