മീൻവെട്ടുകാരികൾക്ക് ഒരിടവുമില്ല, ഗൂഡല്ലൂർ ജില്ലയിലെ കിഞ്ജാംപേട്ടൈ ഗ്രാമത്തിലെ മീൻവെട്ടുകാരിയായ കല പറയുന്നു.
സിംഗാരത്തോപ്പ് പാലത്തിന്റെ ചുവട്ടിൽ ഇരിക്കുകയായിരുന്നു 60 വയസ്സുള്ള അവർ. ഗൂഡല്ലൂർ ഓൾഡ് ടൌൺ ഹാർബറിന്റെ പുറത്താണ് കോൺക്രീറ്റും ലോഹവും ഉപയോഗിച്ചുള്ള ഈ കെട്ടിടം. ഇവിടെ 20-30 മീൻവില്പനക്കാരികൾ ജോലി ചെയ്യുന്നു. അവരോടൊപ്പം മീൻവെട്ടുകാരും. എല്ലാവരും സ്ത്രീകളാണ്.
57.5 കിലോമീറ്ററാണ് ജില്ലയുടെ സമുദ്രതീരം. തുറമുഖത്ത് നിറയെ ഗോഡൌണുകളും, വെയർഹൌസുകളും കടകളും മത്സ്യബന്ധന ബോട്ടുകളുമാണ്.
“കൂടുതൽ കച്ചവടക്കാരും ട്രക്കുകളും തുറമുഖത്തേക്ക് വരാൻ തുടങ്ങിയതോടെ, ഞങ്ങൾക്ക് സ്ഥലമില്ലാതായി”, കല പറയുന്നു. (ഈ പേരാണ് അവർ ഉപയോഗിക്കുന്നത്). “ഞങ്ങളെ ഉന്തിത്തള്ളി ഒടുവിൽ ഈ പാലത്തിന്റെ അടിയിലെത്തിച്ചു. തുറമുഖത്തിന്റെ പുറത്താണിത്”, അവർ പറഞ്ഞു.
മീൻവില്പനയും, വെട്ടലും, ഉണക്കലും, അവശിഷ്ടങ്ങൾ വിൽക്കലും ഒക്കെ ചെയ്യുന്ന കലയെപ്പോലെയുള്ള ധാരാളം സ്ത്രീകളെ സാവധാനത്തിൽ പുറത്താക്കി. (വായിക്കാം: മത്സ്യാവശിഷ്ടങ്ങളിൽനിന്നും ജീവിതം തേടുന്ന പുലി)
മുക്കുവസ്ത്രീകളെ പൊതുവെ മത്സ്യവില്പനക്കാരികളായിട്ടാണ് വിശേഷിപ്പിക്കാറെങ്കിലും, മൂലധനമില്ലാത്തവരും, ശാരീരികബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരുമായ സ്ത്രീകൾ പൊതുവെ കച്ചവടക്കാരുടെ സമീപത്തിരുന്ന് മത്സ്യം വെട്ടുകയും വൃത്തിയാക്കുകയുമാണ് ചെയ്യുന്നത്.
“കച്ചവടക്കാരുടെ അടുത്തുതന്നെ ഞങ്ങൾ ഇരിക്കണം. എന്നാലേ വാങ്ങുന്നവർ ഞങ്ങളെക്കൊണ്ട് മീൻ വെട്ടിക്കുകയും വൃത്തിയാക്കുകയും ചെയ്യിപ്പിക്കൂ. അടുത്തിരുന്നില്ലെങ്കിൽ കച്ചവടമുണ്ടാവില്ല”, കല പറയുന്നു.










