അമോൾ ബർഡെയുടെ ‘ഐസൊലേഷൻ മുറി’ പൊട്ടിയ വാതിലോടു കൂടിയ ഒരു ഉണങ്ങിയ വൈക്കോൽ കൂരയാണ്. കീറിയ കറുത്ത പ്ലാസ്റ്റിക് ഷീറ്റ് വെച്ച്, നാശമായ ഉത്തരം മറച്ചിരിക്കുന്നു. പരുപരുത്ത മൺനിലത്ത് കല്ലുകൾ വിതറിയിട്ടിരിക്കുന്നു.
മേയ് 1ന് കോവിഡ് പോസിറ്റീവ് ആയപ്പോൾ അയാൾ മഹാരാഷ്ട്രയിലെ ശിരൂർ താലൂക്കിലുള്ള ഒറ്റപ്പെട്ട പ്രദേശത്തെ ഈ ഒഴിഞ്ഞ കൂരയിലേക്ക് മാറി.
മേയിലെ ചൂട് അസഹ്യമാകുമ്പോൾ അയാൾ പുറത്തിറങ്ങി തൊട്ടടുത്തുള്ള അരയാല്‍ മരത്തിനു താഴെ തണൽ കണ്ടെത്തും. “രാവിലെ 11 തൊട്ട് വൈകുന്നേരം 4 വരെ ഞാൻ ആ മരത്തിനു താഴെ ഒരു പ്ലാസ്റ്റിക് പായയും വിരിച്ച് കിടന്നുറങ്ങും,” അയാൾ പറയുന്നു.
മേയ് 1ന് 19 വയസ്സുകാരൻ അമോൾ പനിയും തലവേദനയും മേലുവേദനയുമെടുത്താണ് ഉണർന്നത്. ഉടനെ തന്നെ 12 കിലോമീറ്റർ അകലെയുള്ള ശിരൂർ ഗ്രാമീണ ആശുപത്രിയിലേക്ക് ഷെയർ ജീപ്പിൽ (കൂലി പങ്കിട്ട് നല്‍കുന്ന ജീപ്പില്‍) തിരിച്ചു.
ആന്‍റിജൻ പരിശോധനയില്‍ പോസിറ്റീവ് എന്നു കാണിച്ചതോടെ ഇനിയെന്തു ചെയ്യണം എന്നയാൾ ഡോക്ടറോട് ചോദിച്ചു. “10 ദിവസത്തെക്കുള്ള മരുന്ന് വാങ്ങിച്ച് 14-15 ദിവസത്തേക്ക് കുടുംബത്തിൽ നിന്ന് അകന്ന് പ്രത്യേകം മുറിയിൽ കഴിയാൻ ഡോക്ടർ പറഞ്ഞു,” അമോൾ പറഞ്ഞു.
“ഒരു കിടക്ക പോലും അവശേഷിച്ചിരുന്നില്ല,” അയാൾ കൂട്ടിച്ചേർത്തു. ശിരൂർ ഗ്രാമീണ ആശുപത്രിയിൽ ഓക്സിജൻ സൗകര്യമുള്ള 20 കിടക്കകളും 10 ഐസൊലേഷൻ കിടക്കകളും ആണുള്ളത് (അവിടത്തെ മെഡിക്കൽ സൂപ്രണ്ട് എന്നോട് പറഞ്ഞു). ഡോക്ടറുടെ നിർദ്ദേശമനുസരിച്ച് അമോൾ ആശുപത്രിക്കടുത്തുള്ള മരുന്നു കടയിൽ നിന്ന് മരുന്നുകൾ വാങ്ങി. അയാളുടെ സ്വന്തം കൊച്ചുകൂരയിൽ ഐസൊലേറ്റ് ചെയ്യുന്നത് പ്രായോഗികമല്ല എന്നുള്ളതുകൊണ്ട്, അയൽവാസിയുടെ ഒഴിഞ്ഞ കുടിലിലേക്ക് അയാൾ മാറി. “ഏപ്രിലിൽ പുറംപണിക്കായി അവർ കുറച്ചു മാസം പുറത്തേക്ക് പോയതായിരുന്നു. എന്‍റെ ചികിൽസ കഴിയും വരെ ഞാൻ അവിടെ നിന്നോട്ടെ എന്ന് ഞാൻ അവരെ ഫോൺ വിളിച്ച് ചോദിച്ചു,” അമോൾ പറഞ്ഞു.










