അങ്ങനെ ഡിസംബർ 20-ന് പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇൻഡ്യക്ക് 7 വയസ്സ് തികയുകയാണ്. മഹാമാരിയെയും അതിന്റെ ലോക്ക്ഡൗണുകളെയും അതിജീവിക്കുക മാത്രമല്ല ഞങ്ങൾ ചെയ്തത്, എക്കാലത്തേയും ഞങ്ങളുടെ ഏറ്റവും മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച വയ്ക്കുക കൂടിയാണ്.
കഴിഞ്ഞ വർഷത്തെ ലോക്ക്ഡൗണിന്റെ ഏറ്റവും ആദ്യത്തെ ദിവസം ഇന്ത്യാ ഗവൺമെന്റ് മാദ്ധ്യമങ്ങളെ (അച്ചടി, ഇലക്ട്രോണിക്) അവശ്യ സേവനമായി പ്രഖ്യാപിച്ചു. അതു നന്നായിരുന്നു. ഇന്ത്യയിലെ പൊതു ജനങ്ങൾക്ക് പത്രപ്രവർത്തനവും പത്രപ്രവർത്തകരേയും ഒരിക്കലും കൂടുതൽ ആവശ്യം വന്നിട്ടില്ല. ആളുകളുടെ ജീവിതങ്ങളും ജീവനോപാധികളും എന്തിനെയൊക്കെ ആശ്രയിച്ചിരിക്കുന്നു എന്നതിനെക്കുറിച്ചുള്ള കഥകൾ പറയാനുമുണ്ടായിരുന്നു. എങ്ങനെയാണ് ഈ രാജ്യത്തെ വലിയ മാദ്ധ്യമ സ്ഥാപനങ്ങൾ പ്രതികരിച്ചത്? 2,000-2,500 പത്രപ്രവർത്തകരേയും പത്രപ്രവർത്തകരല്ലാത്ത മാദ്ധ്യമ പ്രവർത്തകരേയും പുറത്താക്കിക്കൊണ്ടായിരുന്നു അത്.
ആയതിനാല്‍, എങ്ങനെയായിരുന്നു അവർ വലിയ കഥകൾ പറയാനിരുന്നത്? അവരുടെ ഏറ്റവും മികച്ച റിപ്പോർട്ടർമാരെ പുറത്താക്കിക്കൊണ്ടായിരുന്നോ? ആയിരക്കണക്കിന് മറ്റ് മാദ്ധ്യമ പ്രവർത്തകരുടെ – പുറത്താക്കപ്പെടാത്തവരുടെ – ശമ്പളം 40 മുതൽ 60 ശതമാനം വരെ വെട്ടിക്കുറച്ചു. മാദ്ധ്യമ പ്രവർത്തകരുടെ യാത്ര കർശനമായി തടഞ്ഞു. അത് അവരുടെ ആരോഗ്യം സംരക്ഷിക്കാനായിരുന്നില്ല, മറിച്ച് ചിലവ് കുറയ്ക്കാനായിരുന്നു. കൂടാതെ, അവര്‍ ചെയ്തതു പോലെയുള്ള അത്തരം കഥകൾ, പത്യേകിച്ച് 2020 മാർച്ച് 25 മുതൽ ആദ്യ രണ്ടാഴ്ചകൾക്കു ശേഷം ചെയ്തവ, നഗരത്തെയോ വലിയ പട്ടണത്തെയോ ചുറ്റിപ്പറ്റിയായിരുന്നു.
2020 ഏപ്രിൽ മുതൽ പാരി അതിന്റെ ജീവനക്കാരായി 11 ആളുകളെക്കൂടി ഉൾപ്പെടുത്തി. ആരുടെയും ഒരു പൈസ പോലും വേതനത്തില്‍ നിന്നും വെട്ടിക്കുറച്ചില്ല. ഓഗസ്റ്റ് 2020-ൽ ഞങ്ങളുടെ ഏതാണ്ടെല്ലാ ജീവനക്കാർക്കും പ്രൊമോഷനും ഇൻക്രിമെന്റും നൽകുകയും ചെയ്തു.
വളരെ കാര്യക്ഷമമായി തുടർന്ന മറ്റു റിപ്പോർട്ടുകൾ കൂടാതെ പാരി 270-ലധികം (മിക്കതും ബഹുമാദ്ധ്യമങ്ങളിൽ) ലേഖനങ്ങളും പ്രധാനപ്പെട്ട രേഖകളും ലോക്ക്ഡൗണിന് കീഴിലെ ജീവനോപാധികൾ എന്ന ഒറ്റ വിഷയത്തിൽ കേന്ദ്രീകരിച്ച് പ്രസിദ്ധീകരിച്ചു. 23 സംസ്ഥാനങ്ങളിൽ നിന്നാണ് ഞങ്ങൾ ഈ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചത് – അതായത്, കുടിയേറ്റക്കാർ ഏത് ഗ്രാമങ്ങളിലേക്കാണോ മടങ്ങി വരികയായിരുന്നത് അവയുള്‍പ്പെടെ രാജ്യത്തെ പ്രധാനപ്പെട്ട ഏതാണ്ടെല്ലാ പ്രദേശങ്ങളിൽ നിന്നും. ലോക്ക്ഡൗൺ സമയത്ത് ലഭ്യമായിരുന്ന എല്ലാ ഗതാഗത മാർഗ്ഗങ്ങളെയും ആശ്രയിച്ച് റിപ്പോർട്ടർമാർ 100 കണക്കിന് കിലോമീറ്ററുകൾ യാത്ര ചെയ്താണ് ഇവ തയ്യാറാക്കിയത്. 65-ലധികം റിപ്പോർട്ടർമാരുടെ ബൈലൈനുകൾ നിങ്ങൾക്കവിടെ കണ്ടെത്താം. മഹാമാരി തുടങ്ങുന്നതിന് മുമ്പ് തന്നെ വർഷങ്ങളായി പാരി കുടിയേറ്റ തൊഴിലാളികളുടെ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നുണ്ടായിരുന്നു. അതിനാൽ 2020 മാർച്ചിന് പുതുതായി അവരുടെ വിഷങ്ങൾ കണ്ടെത്തേണ്ടിയിരുന്നില്ല.
ഞങ്ങളുടെ വായനക്കാർക്ക് അറിയാവുന്നതുപോലെ, അറിയാത്ത മറ്റുള്ളവർക്കായി പറയുന്നത്, പാരി ഒരു മാദ്ധ്യമപ്രവർത്തന വേദിയും ആർക്കൈവുമാണ് എന്നതാണ്. ഗ്രാമീണ ഇന്ത്യയെക്കുറിച്ചുള്ള ലേഖനങ്ങൾ, റിപ്പോർട്ടുകൾ, നാടോടി സംഗീതം, ഗാനങ്ങൾ, ഫോട്ടോഗ്രാഫുകൾ, ഫിലിം എന്നിവയുടെയൊക്കെ ഏറ്റവും വലിയ ഓൺലൈൻ ശേഖരവും ഗ്രാമപ്രദേശങ്ങളില്‍ എവിടെയുമുള്ള ഏറ്റവും വലിയ ശേഖരങ്ങളിൽ ഒന്നുമാണ് ഞങ്ങളുടേത്. പാരിയുടെ മാദ്ധ്യമ പ്രവർത്തനം സാധാരണക്കാരുടെ ജീവിതങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനെ അടിസ്ഥാനപ്പെടുത്തുന്നു. 833 ദശലക്ഷം ഗ്രാമീണ ഇന്ത്യക്കാരുടെ കഥകൾ അവരുടെ ശബ്ദങ്ങളിലൂടെയും ജീവിതാനുഭവങ്ങളിലൂടെയും പറയുന്നത് കൂടിയാണത്.










