“യമുനയുമായിട്ടാണ് ഞങ്ങളുടെ ബന്ധം. എല്ലായ്പ്പോഴും ഞങ്ങൾ പുഴയ്ക്കടുത്തായിരുന്നു താമസിച്ചിരുന്നത്”
പുഴയുമായുള്ള കുടുംബത്തിന്റെ ബന്ധത്തെക്കുറിച്ച് സംസാരിച്ചത് വിജേന്ദർ സിംഗായിരുന്നു. തലമുറകളായി യമുനയോട് ചേർന്നുള്ള വെള്ളപ്പൊക്കപ്രദേശങ്ങളിൽ ജീവിച്ച് വിളവെടുത്തിരുന്ന സമുദായമാണ് മല്ലന്മാർ (വഞ്ചിക്കാർ). 1,376 കിലോമീറ്റർ ദൈർഘ്യമുള്ള പുഴ, രാജ്യതലസ്ഥാന പ്രദേശത്ത് 22 കിലോമീറ്റർ ദൂരത്തോളം ഒഴുകുന്നുണ്ട്. അതിന്റെ വെള്ളപ്പൊക്കപ്രദേശങ്ങൾ ഏകദേശം 97 ചതുരശ്ര കിലോമീറ്റർ നീളം വരും.
99 വർഷത്തെ ഉടമസ്ഥ പാട്ടാവകാശമുണ്ട് വിജേന്ദർ അടക്കമുള്ള 5,000-ത്തോളം കർഷകർക്ക് ആ പ്രദേശത്ത്.
ബുൾഡോസറുകൾ വരുന്നതിനുമുമ്പായിരുന്നു അതൊക്കെ.
ജൈവവൈവിദ്ധ്യ ഉദ്യാനമുണ്ടാക്കാനായി, 2020 ജനുവരിയിൽ മുനിസിപ്പൽ അധികാരികൾ ബുൾഡോസറുകളുമായി വന്ന്, വിളകളുമായി നിൽക്കുന്ന അവരുടെ കൃഷിയിടങ്ങൾ നിരപ്പാക്കി. അടുത്തുള്ള ഗീത കോളനിയിലെ ഒരു വാടകവീട്ടിലേക്ക് വിജേന്ദറിന് കുടുംബവുമായി പെട്ടെന്ന് താമസം മാറ്റേണ്ടിവന്നു.
രാത്രിക്ക് രാത്രി, 38 വയസ്സുള്ള ആ കർഷകന് തന്റെ ജീവനോപാധി നഷ്ടമാവുകയും, ഭാര്യയേയും, 10 വയസ്സിനുതാഴെയുള്ള മൂന്ന് ആണ്മക്കളേയും പോറ്റാനായി നഗരത്തിൽ അലയേണ്ടിവരികയും ചെയ്തു. അയാൾക്ക് മാത്രമായിരുന്നില്ല ആ ഗതി. കൃഷിസ്ഥലവും ഉപജീവനമാർഗ്ഗവും നഷ്ടമായ മറ്റുള്ളവർക്കും വിവിധ ജോലികൾ കണ്ടെത്തേണ്ടിവന്നു. പെയിന്റർമാരായും, തോട്ടപ്പണിക്കാരായും, സെക്യൂരിറ്റി ഗാർഡുകളായും, മെട്രോ സ്റ്റേഷനുകളിൽ തൂപ്പുകാരായും ഒക്കെ.
“ലോഹ പൂൽ മുതൽ ഐ.ടി.ഒ.വരെയുള്ള റോഡ് നോക്കിയാൽ, സൈക്കിളിൽ കച്ചോരി വിൽക്കുന്നവരുടെ എണ്ണം വർദ്ധിച്ചതായി മനസ്സിലാവും. ഇവരൊക്കെ കർഷകരായിരുന്നു. ഭൂമി നഷ്ടപ്പെട്ടാൽ കർഷകർ പിന്നെ എന്ത് ചെയ്യും”? അയാൾ ചോദിക്കുന്നു.










