"ജനങ്ങളുടെ ഇഷ്ടങ്ങൾ മാറിയിരിക്കുന്നു, എന്നാൽ ഞങ്ങൾ മാറിയിട്ടില്ല," മംഗള ബൻസോഡേ നെടുവീർപ്പിട്ടു. കാണികൾക്കിപ്പോൾ ഹിന്ദിയിലെ ജനപ്രിയപാട്ടുകളാണ് ആവശ്യം, അവർ പറഞ്ഞു. "വരുന്നാളുകളിൽ ശിവാജി മഹാരാജാവിന്റെ പ്രവേശത്തിന് ഏതെങ്കിലും ബോളിവുഡ് ഹിറ്റ് പാട്ട് ഉപയോഗിക്കേണ്ടിവന്നേക്കാം," അവർ ചിരിച്ചു.
കാണികളുടെ അഭിരുചികളിലെ മാറ്റം മാത്രമല്ല മംഗളത്തായി നിരീക്ഷിച്ചിട്ടുള്ളത്. പുരുഷന്മാരും സ്ത്രീകളുമടക്കം പത്തുപേരോളം വരുന്ന ചെറുസംഘങ്ങളായി കാളവണ്ടികളിൽ യാത്രചെയ്തിരുന്ന പഴയ കാലഘട്ടത്തിൽനിന്ന്, ഇന്ന് തന്റെ ട്രൂപ്പ് അവതരിപ്പിക്കുന്ന വമ്പൻ ആവിഷ്കാരങ്ങളിലേക്ക്, തമാശ എന്ന കലാരൂപം മാറിയതും, ഇക്കഴിഞ്ഞ അരനൂറ്റാണ്ടിനിടയിൽ അവർ കണ്ടിരിക്കുന്നു.
ഏഴുവയസ്സുള്ളപ്പോഴാണ് മംഗള ബൻസോഡേ ഈ തൊഴിലിലെത്തിയത്. 66 വയസുള്ള അവർ ഈ കലാരൂപത്തിലെ ഇതിഹാസമായ വിഠാബായ് നാരായൺഗാവ്കർ എന്ന കലാകാരിയുടെ മൂത്തമകളാണ്. തമാശ എന്ന കലയുടെ പരിപാവനയിടമായിട്ടാണ് പുണെ ജില്ലയിലെ നാരായൺഗാവ് കണക്കാക്കപ്പെടുന്നത്. മംഗളാത്തായി ഇപ്പോൾ സതാര ജില്ലയിലെ കർവഡി ഗ്രാമത്തിലാണ് ജീവിക്കുന്നത്. 1983 മുതൽ ഏകദേശം 170 പേരടങ്ങുന്ന ഒരു 'ഫഡ്' അല്ലെങ്കിൽ ട്രൂപ്പ് അവർക്കു സ്വന്തമായുണ്ട്. എല്ലാവർഷവും സെപ്റ്റംബർതൊട്ട് മേയ് വരെ 'മംഗള ബൻസോഡേ നിതിൻ കുമാർ തമാശ മണ്ഡൽ' മഹാരാഷ്ട്രയിലെ ഗ്രാമങ്ങളിൽ പരിപാടികൾ അവതരിപ്പിക്കും. മംഗളാത്തായിയുടെ ഇളയ മകനായ നിതിൻ കുമാർ ഗായകനും അഭിനേതാവും നർത്തകനുമാണ്. അദ്ദേഹമാണ് ആ സംഘത്തിലെ നായകൻ. ('ഞാൻ മോചനം ആഗ്രഹിക്കാത്ത ഒരു തടവറയാണ് തമാശ' കാണുക)









