തന്‍റെ മൂന്നാമത്തെ കുഴൽക്കിണറും ഉണങ്ങിയപ്പോൾ ഡി. അമർനാഥ് റെഡ്ഡിക്ക് ജലസേചനത്തിനായി വീണ്ടും മഴയെ ആശ്രയിക്കേണ്ടി വന്നു. 51-കാരനായ ഈ കർഷകൻ തക്കാളി കൃഷി ചെയ്യുന്ന ആന്ധ്രാപ്രദേശിലെ വരൾച്ചാ ബാധിത പ്രദേശമായ റായലസീമയിൽ മഴയുടെ സ്ഥിതി പ്രവചനാതീതമാണ്. അതുകൊണ്ട് ചിറ്റൂർ ജില്ലയിലെ മുദിവേട് ഗ്രാമത്തിലെ തന്‍റെ മൂന്നേക്കർ തോട്ടം നനയ്ക്കുന്നതിനുള്ള കുഴൽക്കിണർ നിർമ്മിക്കുന്നതിനായി അദ്ദേഹം 5 ലക്ഷം രൂപ ചിലവാക്കി. കുഴിക്കുന്നതിനുള്ള പണത്തിനായി അദ്ദേഹം സ്വകാര്യ വായ്പ ദാദാക്കളിൽ നിന്നും കടം വാങ്ങി. ആദ്യത്തെ കിണർ പരാജയപ്പെട്ടതിനു ശേഷം അദ്ദേഹം വീണ്ടും ശ്രമിച്ചു. മൂന്നാമത്തെ തവണ ആയപ്പോഴേക്കും അദ്ദേഹത്തിന്‍റെ കടം പെരുകി. പക്ഷെ വെള്ളം അപ്പോഴും ഒഴിഞ്ഞു നിന്നു.
2020 ഏപ്രിൽ-മെയ് മാസങ്ങളിൽ വിളവെടുക്കാനും തന്‍റെ ചില വായ്പകൾ വീട്ടാനുമായി അമർനാഥ് ആശങ്കയോടെ കാത്തിരിക്കുകയായിരുന്നു. അദ്ദേഹം 10 ലക്ഷം രൂപ കടത്തിലായിരുന്നു - കുഴൽക്കിണറുകൾക്കു മേലുള്ള ചിലവ്, ഇളയ മകളുടെ വിവാഹത്തിനുള്ള വായ്പ, വിള വായ്പ എന്നിവ മൂലം. പക്ഷെ കഴിഞ്ഞ വർഷം മാർച്ച് 24-ന് പ്രധാനമന്ത്രി പ്രഖ്യാപിച്ച പെട്ടെന്നുള്ള ലോക്ക്ഡൗൺ അദ്ദേഹത്തിന്‍റെ പദ്ധതികൾക്ക് തടസ്സമായി. തക്കാളികൾ പറിക്കാനും വിൽക്കാനും കഴിയാതെ, അവ പഴുത്ത് ചീഞ്ഞു പോകുന്നത് അദ്ദേഹത്തിന് കാണേണ്ടി വന്നു.
"മഹാമാരിയുടെ സമയത്ത് കാര്യങ്ങളൊന്നും മെച്ചപ്പെടുകയില്ലെന്ന് അദ്ദേഹത്തിന് തോന്നിയിട്ടുണ്ടായിരിക്കും. കൂടാതെ, എല്ലാ പ്രതീക്ഷകളും നശിച്ചിരിക്കും”, എന്തുകൊണ്ട് 2020 സെപ്തംബർ 17-ന് അദ്ദേഹം വിഷം കഴിച്ചു എന്ന് വിശദീകരിക്കാൻ ശ്രമിച്ചുകൊണ്ട് അമർനാഥിന്‍റെ ഭാര്യയായ ഡി. വിമല പറഞ്ഞു. "അതിന് 10 ദിവസം മുമ്പും ആത്മഹത്യ ചെയ്യാൻ അദ്ദേഹം ശ്രമിച്ചിരുന്നു. ജീവൻ രക്ഷിക്കാനായി ഞങ്ങളദ്ദേഹത്തെ ബെംഗളുരുവിലുള്ള [180 കിലോമീറ്റർ അകലെ] ഒരു വലിയ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഒരു ലക്ഷം രൂപയും ഞങ്ങൾ ചിലവാക്കി”, വിമല പറഞ്ഞു. വീണ്ടും ഇങ്ങനെ ചെയ്യരുതെന്ന് അദ്ദേഹത്തോടവർ അപേക്ഷിക്കുകയും ചെയ്തു.
ചിറ്റൂരിലെ കർഷക ആത്മഹത്യകളുടെ പ്രധാന കാരണങ്ങളിലൊന്നായി പോലീസ് ചൂണ്ടിക്കാണിക്കുന്നത് കുഴൽക്കിണർ പരാജയപ്പെടുന്നതാണ്. മറ്റുള്ളവ തക്കാളിയുടെ പരാജയവും കാർഷിക കടവുമാണ്. കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരത്തെക്കുറിച്ചുള്ള സംസ്ഥാന സർക്കാരിന്‍റെ ഒരു ഉത്തരവ് കൂടുതൽ കാരണങ്ങൾ വ്യക്തമാക്കുന്നു: "കുഴൽക്കിണറുകളുടെ പരാജയം, ഉയർന്ന കൃഷിച്ചിലവോടു കൂടി വാണിജ്യ വിളകൾ വളർത്തുന്നത്, ലാഭകരമല്ലാത്ത വിലകൾ, ഉടമ്പടിയില്ലാത്ത പാട്ടവും (oral tenancy) ബാങ്ക് വായ്പകൾ ലഭിക്കുന്നതിലുള്ള അയോഗ്യതകളും, ഉയർന്ന പലിശ നിരക്കോടു കൂടിയ സ്വകാര്യ വായ്പ, പ്രതികൂലമായ കാർഷിക കാലങ്ങൾ, കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള ഉയർന്ന ചിലവ്, അനാരോഗ്യം, വിവാഹങ്ങൾ എന്നിവ പോലുള്ള വ്യത്യസ്ത കാരണങ്ങളാവാം അത്തരത്തിലുള്ള ആത്മഹത്യകളുടെ കാരണങ്ങൾ.”
ആലോചനയൊന്നുമില്ലാതെ ഏർപ്പെടുത്തിയ ലോക്ക്ഡൗൺ ആണ് കഴിഞ്ഞ വർഷം നിരവധി പേരുടെയും അവസ്ഥ വഷളാക്കിയത്. 2020-ൽ മാത്രം ചിറ്റൂരിലുള്ള 34 കർഷകർ ആത്മഹത്യ ചെയ്തു – 2014 മുതലുള്ള ഏറ്റവും കൂടിയ എണ്ണമാണിത്. അതിൽ 27 പേരും മരിച്ചത് ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിലാണ്.







