“ഉച്ചഭക്ഷണം രണ്ടാമതും വിളമ്പിയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു”
തെലങ്കാനയിലെ സെരിലിംഗപള്ളി മണ്ഡലിലെ മണ്ഡൽ പരിഷദ് പ്രൈമറി സ്കൂളിലെ വിദ്യാർത്ഥിയാണ് ഏഴുവയസ്സുള്ള ബസവരാജു. ഉച്ചയ്ക്ക് ചൂടോടെ ഭക്ഷണം കിട്ടുന്ന രാജ്യത്തിലെ 11.2 ലക്ഷം സ്കൂളുകളിൽ ഒന്നാണ് രംഗ റെഡ്ഡി ജില്ലയിലെ ഈ സ്കൂൾ. ബസവരാജ്യുവിന്റെ സഹപാഠിയായ 10 വയസ്സുള്ള അംബിക രാവിലെ സ്കൂളിലേക്ക് പുറപ്പെടുന്നതിനുമുൻപ് ഒരു ഗ്ലാസ്സ് കഞ്ഞിവെള്ളംമാത്രമാണ് പ്രാതലായി കഴിച്ചത്. പിന്നീട്, ഉച്ചയ്ക്കാണ് അവൾ ആ ദിവസത്തെ ആദ്യത്തെ ഭക്ഷണം കഴിക്കുന്നത്.
പഠനമുള്ള ദിവസങ്ങളിൽ, സൌജന്യമായി, 1 മുതൽ 8 വരെയുള്ള സർക്കാർ, എയ്ഡഡ്, സർവ ശിക്ഷാ അഭിയാൻ കേന്ദ്രത്തിന്റെ കീഴിലുള്ള പഠനകേന്ദ്രങ്ങൾ എന്നിവിടങ്ങളിലായി 118 ദശലക്ഷം കുട്ടികൾക്കാണ് ഇന്ത്യ ഉച്ചഭക്ഷണം പദ്ധതിയിലൂടെ ഭക്ഷണം കൊടുക്കുന്നത്. കണക്കു കൂട്ടാനും അക്ഷരങ്ങളുമായി മൽപ്പിടുത്തം നടത്താനും, നിറവയറുണ്ടെങ്കിലേ കഴിയൂ എന്നതിൽ ആർക്കും തർക്കമുണ്ടാവാൻ വഴിയില്ലെങ്കിലും, ഉച്ചഭക്ഷണംകൊണ്ട് കുട്ടികളെ സ്കൂളുകളിലേക്ക് വരുത്തിക്കാൻ കഴിയുമെന്ന് കരുതുന്നു. ചുരുങ്ങിയത് 150 ദശലക്ഷം കുട്ടികളും കൌമാരക്കാരും ഇന്ത്യയിലെ പ്രാഥമികവിദ്യാഭ്യാസത്തിൽനിന്ന് പുറത്തായിട്ടുണ്ടെന്നാണ് കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പറയുന്നത്.
രാജസ്ഥാനിലെ ജോധ്ഗഢ് ഗ്രാമത്തിലെ രാജകീയ പ്രാഥമിക് വിദ്യാലയത്തിൽവെച്ച് 10 വയസ്സായ ദക്ഷ് ഭട്ടിനെ ഞങ്ങൾ കണ്ടു. സ്കൂളിലേക്ക് രാവിലെ വരുന്നതിനുമുൻപ് അവൻ ആകെ കഴിച്ചത് കുറച്ച് ബിസ്ക്കറ്റുകൾ മാത്രമായിരുന്നു. ആയിരം കിലോമീറ്ററുകൾക്കപ്പുറത്തുള്ള അസമിലെ നൽബാരി ജില്ലയിലെ ആലിഷ ബീഗം ഞങ്ങളോട് പറഞ്ഞതാകട്ടെ, സ്കൂളിലേക്ക് പുറപ്പെടുന്നതിനുമുൻപ് അവൾ കഴിച്ചത് ഒരു റൊട്ടിയും കട്ടൻചായയുമാണെന്നാണ്. നമ്പർ 858 നിസ് ഖഗാത്ത എൽ.പി.സ്കൂളിലാണ് അവൾ പഠിക്കുന്നത്. അവളുടെ അച്ഛൻ ഒരു തെരുവുകച്ചവടക്കാരനും അമ്മ ഗൃഹനാഥയുമാണ്.


































