ഇന്ന് ഞങ്ങള്‍ പാരിയുടെ അസാധാരണമായ പരിഭാഷ സംഘത്തിന്റെ അദ്ഭുതകരമായ നേട്ടങ്ങള്‍ ആഘോഷിക്കുകയാണ് - 170 വ്യക്തികള്‍ ചേര്‍ന്ന സംഘത്തിലെ 45 പേര് ഏത് സമയത്തും സജീവമാണ്. അങ്ങനെ ചെയ്യുമ്പോള്‍, നല്ല കീഴ്വഴക്കങ്ങള് പിന്തുടര്ന്നുകൊണ്ട്, ഞങ്ങള്‍ക്ക് നല്ല കൂട്ടായ്മയിലാകാന്‍ സാധിക്കുന്നു. ഐക്യരാഷ്ട്രസഭ സെപ്തംബര്‍ 30 അന്താരാഷ്ട്ര പരിഭാഷ ദിനമായി ആചരിക്കുന്നു.
“ദേശങ്ങളെ ഒരുമിച്ചുകൊണ്ടുവരിക, ചര്‍ച്ചകള്‍ സാദ്ധ്യമാക്കുക, സഹകരണത്തെക്കുറിച്ച് ധാരണകള്‍ ഉണ്ടാക്കുക, വികസനത്തിന് സംഭാവന ചെയ്യുക എന്നീ കാര്യങ്ങളില്‍ തങ്ങളുടെ ഭാഗദേയം നിര്‍വ്വഹിച്ച ഭാഷ വിദഗ്ദരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൃതജ്ഞത അര്‍പ്പിക്കാനുള്ള ഒരവസരം...”, ആണ് ഈ ദിവസമെന്ന് യു.എന്‍. പറയുന്നു. അതുകൊണ്ട്, മറ്റൊരു ജേര്‍ണലിസം വെബ്സൈറ്റിനും പകരം വയ്ക്കാന്‍ പറ്റില്ലെന്നുറപ്പുള്ള ഈ പരിഭാഷ സംഘത്തിന് ഇന്ന് ഞങ്ങള്‍ കൃതജ്ഞത അര്‍പ്പിക്കുന്നു.
ഞങ്ങളുടെ പരിഭാഷകരില്‍ ഉള്‍പ്പെടുന്നത് ഡോക്ടര്‍മാര്‍, ഭൗതികശാസ്ത്രജ്ഞര്‍, ഭാഷ ശാസ്ത്രജ്ഞര്‍, കവിത എഴുതുന്നവര്‍, വീട്ടുകാര്യങ്ങള്‍ നോക്കുന്നവര്‍, അദ്ധ്യാപകര്‍, കലാകാര്‍, പത്രപ്രവര്‍ത്തകര്‍, എഴുത്തുകാര്‍, എഞ്ചിനീയര്‍മാര്‍, വിദ്യാര്‍ത്ഥികള്‍, പ്രൊഫസര്‍മാര്‍ എന്നിവരൊക്കെയാണ്. ഏറ്റവും മുതിര്‍ന്നയാള്‍ക്ക് 84 വയസ്സും, പ്രായം കുറഞ്ഞയാള്‍ക്ക് 22 വയസ്സുമാണ്. ചിലര്‍ ഇന്ത്യക്ക് പുറത്താണ്. ചിലര്‍, സമ്പര്‍ക്കം പുലര്‍ത്താന്‍ വളരെ ബുദ്ധിമുട്ടുള്ളവിധം, രാജ്യത്തിന്റെ ഉള്‍പ്രദേശങ്ങളില്‍ നിന്നുള്ളവരാണ്.
പാരിയുടെ ബൃഹത്തായ പരിഭാഷ പദ്ധതി, അതിന്റെ നിലയ്ക്കും പരിമിതികള്‍ക്കകത്തും നിന്നുകൊണ്ട്, ഈ ദേശത്തെ ഒരുമിച്ചു നിര്‍ത്തുന്നു - തീര്‍ച്ചയായും ഈ ദേശത്തിന്റെ ഭാഷകളെ ബഹുമാനിച്ചുകൊണ്ടും ഒരുപോലെ സമീപിച്ചുകൊണ്ടും. പാരി സൈറ്റിലെ എല്ലാ ലേഖനങ്ങളും 13 ഭാഷകളില്വരെ ലഭ്യമാണ് - അല്ലെങ്കില്‍ പെട്ടെന്ന് ലഭ്യമാകും. 13 ഭാഷകളില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള സവിശേഷമായ ഒരു പാരി ലേഖനം ഈ ലിങ്കില്‍ വായിക്കാം: നമ്മുടെ സ്വാതന്ത്ര്യത്തിനുവേണ്ടി ഭഗത് സിംഗ് ഝുഗ്ഗിയാന്റെ പോരാട്ടം.



