ചോരയിൽ കുതിർന്ന സ്ട്രെച്ചർ കണ്ടപ്പോഴാണ് ശ്രീകൃഷ്ണ ബാജ്പേയ് ഭയന്നുപോയത്. “പ്രസവം എളുപ്പമാവില്ലെന്ന് ഞങ്ങൾക്ക് മുന്നറിയിപ്പ് തന്നിരുന്നു”, ഫെബ്രുവരി മാസത്തിലെ മരം കോച്ചുന്ന തണുത്ത ഉച്ചയ്ക്ക്, ഉത്തർപ്രദേശിലെ സീതാപുർ ജില്ലയിലെ തന്റെ വീടിന്റെ മുമ്പിൽ തീകാഞ്ഞുകൊണ്ടിരുന്ന 70 വയസ്സുള്ള ആ കർഷകൻ ഓർത്തെടുക്കുന്നു. “എന്റെ മകന്റെ ഭാര്യയുടെ ഗർഭത്തെ, ‘അപകടസാധ്യത കൂടിയ‘ ഒന്നായിട്ടാണ് ഗ്രാമത്തിലെ ആശ പ്രവർത്തക രേഖപ്പെടുത്തിയിരുന്നത്“.
2019 സെപ്റ്റംബറിൽ നടന്ന കാര്യമാണെങ്കിലും ഇന്നലെ നടന്നതുപോലെ ശ്രീകൃഷ്ണ അതിനെക്കുറിച്ച് ഓർത്തെടുക്കുന്നു. “പ്രളയജലം ഒഴുകിപ്പോയിരുന്നുവെങ്കിലും റോഡുകളൊക്കെ തകർന്നതിനാൽ, വീടിന്റെ മുന്നിലേക്ക് ആംബുലൻസിന് എത്താൻ കഴിഞ്ഞിരുന്നില്ല”, അദ്ദേഹം പറയുന്നു. ശാരദ, ഘാഘ്ര നദികളുടെ സമീപത്തുള്ള ലഹർപുർ ബ്ലോക്കിലെ ടാണ്ഡ ഖർദ് എന്ന കുഗ്രാമത്തിലായിരുന്നു ശ്രീകൃഷ്ണയുടെ വീട്. ഇടയ്ക്കിടയ്ക്ക് വെള്ളപ്പൊക്കെമുണ്ടാവുന്ന ഗ്രാമങ്ങളായതിനാൽ, അടിയന്തിരഘട്ടങ്ങളിൽ വാഹനങ്ങൾക്ക് എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള സ്ഥലമാണത്.
ടാണ്ഡ ഖർദിൽനിന്ന് സീതാപുരിലെ ജില്ലാ ആശുപത്രിയിലേക്കുള്ള 42 കിലോമീറ്റർ ദൂരം, പ്രസവമടുത്ത സ്ത്രീകളെ സംബന്ധിച്ചിടത്തോളം ദൈർഘ്യമേറിയതാണ്. അതിലെ, ആദ്യത്തെ അഞ്ച് കിലോമീറ്റർ ദൂരം ഇരുചക്രവാഹനങ്ങളിൽ, നിരപ്പല്ലാത്ത, വഴുക്കലുള്ള റോഡിലൂടെ പോവുക എന്നത് കൂടുതൽ ദുഷ്കരമായ ഒന്നാണ്. “പക്ഷേ ആംബുലൻസിലെത്താൻ ആ ഒരു മാർഗ്ഗമേ ഞങ്ങൾക്കുണ്ടായിരുന്നുള്ളു. പക്ഷേ ജില്ലാ ആശുപത്രിയിലെത്തിയപ്പോഴേക്കും സ്ഥിതി ഗുരുതരമാവാൻ തുടങ്ങി”, ശ്രീകൃഷ്ണ പറഞ്ഞു.
ഒരു പെൺകുഞ്ഞിനെ പ്രസവിച്ചുകഴിഞ്ഞിട്ടും മംതയ്ക്ക് ചോരപ്പോക്ക് നിലച്ചില്ല. എല്ലാം നല്ല രീതിയിൽ അവസാനിക്കണേയെന്ന് പ്രാർത്ഥിക്കുകയായിരുന്നു താൻ എന്ന് ശ്രീകൃഷ്ണ പറയുന്നു. “പ്രതീക്ഷിക്കാത്തതായിരുന്നില്ല. ഒരുപക്ഷേ പ്രശ്നങ്ങളുണ്ടായേക്കാമെന്ന് ഞങ്ങൾക്കറിയാമായിരുന്നു. എന്നാൽ, ഡോക്ടർമാർ അവളെ രക്ഷിക്കുമെന്ന് ഞങ്ങൾ കരുതി”.
വാർഡിലേക്ക് മംതയെ മാറ്റുമ്പോൾ സ്ട്രെച്ചറിലെ വെളുത്ത തുണിയിലേക്ക് ശ്രീകൃഷ്ണയ്ക്ക് നോക്കാനായില്ല. “അത്രമാത്രം ചോരയായിരുന്നു അതിൽ. എന്റെ വയറ്റിൽ കൊളുത്തിപ്പിടിക്കുന്നതുപോലെ തോന്നി. ചോര സംഘടിപ്പിക്കാൻ ഡോക്ടർമാർ പറഞ്ഞു. ഞങ്ങളത് വേഗം സംഘടിപ്പിക്കുകയും ചെയ്തു. പക്ഷേ ബ്ലഡ് ബാങ്കിൽനിന്ന് ഞങ്ങൾ ആശുപത്രിയിലെത്തുമ്പോഴേക്കും അവൾ മരിച്ചിരുന്നു”, ശ്രീകൃഷ്ണ പറയുന്നു.
മരിക്കുമ്പോൾ മംതയുടെ പ്രായം വെറും 25 വയസ്സ്.









