കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചുള്ള പാരിയുടെ പരമ്പരയുടെ ഭാഗമായ ഈ ലേഖനം പരിസ്ഥിതി റിപ്പോര്‍ട്ടിംഗ് വിഭാഗത്തില്‍ 2019-ലെ രാംനാഥ് ഗോയങ്കെ പുരസ്കാരത്തിന് അര്‍ഹമായിട്ടുണ്ട്.

"സമയം രാവിലെ 11.40 കഴിഞ്ഞിരിക്കുന്നു. ഇനി വരുന്നത് കാറ്റിൻറെ വേഗത്തെ കുറിച്ചുള്ള വിവരങ്ങൾ ആണ്," എ. യശ്വന്ത് കടൽ ഓസൈ റേഡിയോ സ്റ്റേഷനിലൂടെ അറിയിച്ചു. "കഴിഞ്ഞ ഒരു ആഴ്ച്ച, അല്ലെങ്കിൽ ഒരു മാസത്തോളമായി, കച്ചാൻ കാറ്റ് [തെക്കൻ കാറ്റ്] വളരെ ശക്തമാണ്. കാറ്റിൻറെ തീവ്രത മണിക്കൂറിൽ 40 തൊട്ട് 60 കിലോമീറ്ററുകൾ വരെ എത്തി. ഇന്ന്, മീൻപിടുത്തക്കാരെ സഹായിക്കാനാണെന്ന് തോന്നുന്നു, അത് 15 [കെ എം പി എഛ്] ആയി കുറഞ്ഞിട്ടുണ്ട്."

അത് തമിഴ്‌നാട്ടിലെ രാമനാഥപുരം ജില്ലയിൽ പാമ്പൻ ദ്വീപിലെ മീൻപിടുത്തക്കാർക്ക് നല്ല വാർത്തയാണ്. "ഇതിനർത്ഥം അവർക്ക് ഒരു പേടിയും കൂടാതെ കടലിൽ പോകാം," സ്വയം ഒരു മീൻപിടുത്തക്കാരൻ ആയ യശ്വന്ത് വ്യക്തമാക്കി. ആ പ്രദേശത്തെ മത്സ്യത്തൊഴിലാളിസമൂഹത്തിനു വേണ്ടി പ്രവർത്തിക്കുന്ന കടൽ ഓസൈ (കടലിൻറെ ശബ്ദം) എന്ന സ്റ്റേഷനിൽ ഒരു റേഡിയോ ജോക്കി കൂടിയാണ് അയാൾ.

രക്തദാനത്തെ കുറിച്ചുള്ള ഒരു പ്രത്യേക പ്രക്ഷേപണത്തിനു മുന്നോടിയായി യശ്വന്ത് കാലാവസ്ഥ അറിയിപ്പ് ഇങ്ങനെ അവസാനിപ്പിച്ചു: "താപനില ഇപ്പോൾ 32 ഡിഗ്രി സെൽഷ്യസ് ആണ്. ധാരാളം വെള്ളം കുടിക്കുക, വെയിലത്ത് ഇറങ്ങാതിരിക്കുക."

ഇതൊരു അനിവാര്യമായ മുൻകരുതലാണ്. എന്തെന്നാൽ, പാമ്പനിൽ ഇപ്പോൾ ചൂടേറിയ ദിനങ്ങൾ 1996-ഇൽ യശ്വന്ത് ജനിക്കുമ്പോൾ ഉണ്ടായിരുന്നതിനേക്കാൾ വളരെ അധികം ആണ്. അന്ന്, ഈ ദ്വീപിൽ ഒരു വർഷത്തിൽ കുറഞ്ഞത് 162 ദിവസങ്ങളിലെങ്കിലും താപനില 32-ഇൽ എത്തുകയോ അത് മറികടക്കുകയോ ചെയ്യുമായിരുന്നു. യശ്വന്തിൻറെ പിതാവും ഇപ്പോഴും ഒരു തികഞ്ഞ മീൻപിടുത്തക്കാരനുമായ ആന്തണി സാമി വാസ് ജനിച്ച 1973-ഇൽ അത്തരം ദിവസങ്ങൾ വർഷത്തിൽ 125-ഇൽ അധികം ഉണ്ടായിരുന്നില്ല. എന്നാൽ ഇന്ന്, ന്യൂ യോർക്ക് ടൈംസ് ജൂലൈയിൽ ഇൻറ്റർനെറ്റിൽ അവതരിപ്പിച്ച ഒരു കാലാവസ്ഥ ആഗോളതാപന മാപിനിയിലെ കണക്കു പ്രകാരം ചൂടേറിയ ദിനങ്ങൾ ഒരു വർഷം കുറഞ്ഞത് 180 എങ്കിലും ഉണ്ട്.

അതിനാൽ, യശ്വന്തും സഹപ്രവർത്തകരും കാലാവസ്ഥ മാത്രമല്ല അതിൻറെ വിപുലമായ വിഷയങ്ങളും മനസ്സിലാക്കാൻ പരിശ്രമിക്കുകയാണ്. അയാളുടെ അച്ഛനും, മറ്റു മത്സ്യത്തൊഴിലാളികളും - ആ ദ്വീപിലെ രണ്ടു പ്രധാന പട്ടണങ്ങളായ പാമ്പനിലും രാമേശ്വരത്തും കൂടി തീർച്ചയായും 83,000-ത്തോളം ആൾക്കാർ ഈ തൊഴിലിൽ ഉണ്ട് - വ്യതിയാനങ്ങൾ മനസ്സിലാക്കുന്നത് ഇവരിൽ നിന്നാണ്.

PHOTO • A. Yashwanth
PHOTO • Kadal Osai

ആർജെ യശ്വന്ത് അയാളുടെ പിതാവായ ആന്തണി സാമി, അവരുടെ ബോട്ടിനൊപ്പം (വലത്ത്‌ ): ഞങ്ങൾ പുറപ്പെടുമ്പോൾ കാറ്റും കാലാവസ്ഥയും കണക്കുകൂട്ടാറുണ്ടായിരുന്നു. എന്നാൽ ഇന്ന് അത്തരം കണക്കുകൂട്ടലുകൾ തെറ്റിപോകുന്നു.

"ഞാൻ 10 വയസ്സ് മുതൽ മീൻപിടിക്കുന്നു," ആന്തണി സാമി പറഞ്ഞു. "[അന്നു തൊട്ട് ] സമുദ്രത്തിന് തീർച്ചയായും വലിയ മാറ്റം വന്നിട്ടുണ്ട്. പണ്ട്, ഞങ്ങൾ പുറപ്പെടുമ്പോൾ കാറ്റും കാലാവസ്ഥയും കണക്കുകൂട്ടാറുണ്ടായിരുന്നു. എന്നാൽ ഇന്ന് അത്തരം കണക്കുകൂട്ടലുകൾ തെറ്റിപോകുന്നു. ഞങ്ങളുടെ അറിവിനുമപ്പുറമാണ് ഈ ഗുരുതരമായ മാറ്റങ്ങൾ. മുൻപുള്ളതിനേക്കാൾ ചൂടും വളരെ കൂടുതൽ ആണ്. മുൻപ് കടലിൽ പോകുമ്പോൾ ഇത്രയും ചൂട് ഉണ്ടായിരുന്നില്ല. ഇന്ന് ഉഷ്ണം ഞങ്ങൾക്ക് കൂടുതൽ ബുദ്ധിമുട്ടാണ്."

ചിലപ്പോൾ, സാമി പറയുന്ന ഈ അശാന്തമായ കടൽ മാരകമാകും. തരപ്പെടുമ്പോഴൊക്കെ അച്ഛൻറെ ബോട്ടിൽ മീൻപിടിക്കാൻ പോകുന്ന യശ്വന്ത് ജൂലൈ 4 രാത്രി 9 മണിക്ക് ശേഷം വന്നപ്പോൾ കേൾപ്പിച്ച വാർത്ത അശാന്തമായ കടലിൽ നാലു പേർക്ക് വഴി തെറ്റി പോയി എന്നാണ്. രാവിലെ 7 മണി തൊട്ട് വൈകുന്നേരം 6 മണി വരെ പ്രക്ഷേപണമുള്ള കടൽ ഓസൈ അപ്പോൾ അടച്ചിരിക്കുകയായിരിന്നു. എന്നാൽ, അപകടത്തിൽപെട്ട മീൻപിടുത്തക്കാരെക്കുറിച്ചു റേഡിയോയിലൂടെ അറിയിക്കാൻ ആയി ഒരു ആർജെ (റേഡിയോ ജോക്കി) പ്രക്ഷേപണം തുടങ്ങി. "ഞങ്ങളുടെ പ്രവൃത്തിസമയം കഴിഞ്ഞും എപ്പോഴും ഒരു ആർജെ സ്ഥലത്തുണ്ടാകും," റേഡിയോ സ്റ്റേഷൻ ഹെഡ് ആയ ഗായത്രി ഉസ്മാൻ പറഞ്ഞു. മറ്റു ജീവനക്കാരും അടുത്താണ് താമസിക്കുന്നത്. "അതിനാൽ ഒരു അടിയന്തരഘട്ടത്തിൽ ഞങ്ങൾക്ക് ഉറപ്പായും പ്രക്ഷേപണം നടത്താം." ആ ദിവസം, കടൽ ഓസൈ ജീവനക്കാർ ഒന്നിച്ചു തികഞ്ഞ ഗൗരവത്തോടെ പ്രവൃത്തിച്ചാണ് ഈ അപകടവാർത്ത പോലീസിൻറെയും കോസ്റ്റ് ഗാർഡിൻറെയും പൊതുജനത്തിൻറെയും മറ്റു മീൻപിടുത്തക്കാരുടെയും ശ്രദ്ധയിൽപെടുത്തിയത്.

കുറച്ച്‌ ഉറക്കമില്ലാത്ത രാത്രികൾക്കു ശേഷം രണ്ടു പേരെ രക്ഷപെടുത്തി. "അവർ തകർന്ന വള്ളത്തിൽ [നാടൻ ബോട്ട്] പിടിച്ചു കിടക്കുകയായിരുന്നു. കൈകൾ വേദനിച്ചപ്പോൾ മറ്റു രണ്ടുപേർ ശ്രമം അവസാനിപ്പിച്ചു," ഗായത്രി പറഞ്ഞു. തങ്ങളുടെ കുടുംബങ്ങളോട് സ്നേഹം അറിയിക്കാനും ഇതിലും അധികം തങ്ങൾക്കു പിടിച്ചു നില്ക്കാൻ കഴിഞ്ഞില്ല എന്നറിയിക്കാനും മറ്റു രണ്ടു സഹപ്രവർത്തകരെ പറഞ്ഞേൽപ്പിച്ച്‌ അവർ വിട പറഞ്ഞു. അവരുടെ മൃതദേഹങ്ങൾ ജൂലൈ 10-നു കരയ്ക്കടിഞ്ഞു.

"ഒന്നും ഇപ്പോൾ പണ്ടത്തെ പോലെയല്ല," 54 വയസുള്ള എ. കെ. സെസുരാജ് അഥവാ 'ക്യാപ്റ്റൻ രാജ് ' ക്ഷോഭത്തോടെ പറഞ്ഞു. 'ക്യാപ്റ്റൻ രാജ്' എന്ന വിളിപ്പേര് അദ്ദേഹത്തിന് സ്വന്തം ബോട്ടിൻറെ പേരിൽ നിന്ന് ലഭിച്ചതാണ്. താൻ 9 വയസ്സിൽ കടലിൽ പോകാൻ തുടങ്ങിയപ്പോൾ "കടൽ വളരെ ഇണക്കമുള്ളതായിരുന്നു", അദ്ദേഹം തറപ്പിച്ചു പറഞ്ഞു. "മത്സ്യലഭ്യതയെകുറിച്ചും കാലാവസ്ഥയെക്കുറിച്ചും ഞങ്ങൾക്ക് ഒരു ധാരണ ഉണ്ടായിരുന്നു. ഇന്ന് രണ്ടും പ്രവചനാതീതമാണ്."

വീഡിയോ കാണുക: 'ക്യാപ്റ്റൻ രാജ് ' ഒരു അംബ പാട്ട് അവതരിപ്പിക്കുന്നു

"ഒന്നും ഇപ്പോൾ പണ്ടത്തെപോലെയല്ല," 54 വയസുള്ള എ. കെ. സെസുരാജ് അഥവാ 'ക്യാപ്റ്റൻ രാജ് ' ക്ഷോഭത്തോടെ പറഞ്ഞു. "കടൽ വളരെ ഇണക്കമുള്ളതായിരുന്നു", അദ്ദേഹം തറപ്പിച്ചു പറഞ്ഞു. "മത്സ്യലഭ്യതയെകുറിച്ചും കാലാവസ്ഥയെക്കുറിച്ചും ഞങ്ങൾക്ക് ഒരു ധാരണ ഉണ്ടായിരുന്നു. ഇന്ന് രണ്ടും പ്രവചനാതീതമാണ്."

ഈ മാറ്റങ്ങൾ രാജിനെ കുഴക്കുകയാണെന്നു തോന്നുന്നു. എന്നാൽ കടൽ ഓസൈയുടെ അടുത്ത് അദ്ദേഹത്തിനുവേണ്ടി, അപൂർണമെങ്കിലും, കുറച്ച്‌ ഉത്തരങ്ങൾ ഉണ്ട്. നേസക്കരങ്ങൾ എന്ന എൻജിഓ ഓഗസ്റ്റ് 15, 2016-ൽ സ്റ്റേഷൻ ആരംഭിച്ചതു മുതൽ കടൽ, കാലാവസ്ഥ, മാത്രമല്ല കാലാവസ്ഥാവ്യതിയാനത്തെ കുറിച്ചുള്ള പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്‌.

"കടൽ ഓസൈയിൽ സമുതിരം പഴഗ് (സമുദ്രത്തെ അറിയുക) എന്ന ദിവസേനയുള്ള പരിപാടി ഉണ്ട്," ഗായത്രി പറഞ്ഞു. "സമുദ്രപരിപാലനം ആണ് അതിൻറെ ആശയം. ഇതിൽ ഉൾപ്പെടുന്ന വലിയ പ്രശ്നങ്ങൾ മത്സ്യത്തൊഴിലാളിസമൂഹത്തെ ദീർഘകാലം ബാധിക്കും എന്നു നമുക്കറിയാം. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ചർച്ച സജീവമാക്കി നിലനിർത്താൻ വേണ്ടിയുള്ള ഞങ്ങളുടെ ഉദ്യമമാണ് സമുതിരം പഴഗ്. ഞങ്ങൾ സമുദ്രത്തിന് ദോഷമായ പ്രവൃത്തികളെകുറിച്ചും എങ്ങനെ അവ ഒഴിവാക്കാം എന്നതിനെക്കുറിച്ചും സംസാരിക്കും. [ഉദാഹരണത്തിന് - ട്രോളറുകൾ ഉപയോഗിച്ചുള്ള അമിത മത്സ്യബന്ധനം അല്ലെങ്കിൽ അവയുടെ ഡീസലും പെട്രോളും ഉണ്ടാക്കുന്ന കടൽമലിനീകരണം]. സ്വന്തം അനുഭവങ്ങൾ പങ്കുവയ്ക്കാൻ പ്രേക്ഷകർ പരിപാടിയിലേക്ക് വിളിക്കും. ചിലപ്പോൾ, അവർ സ്വന്തം തെറ്റുകൾ ഏറ്റുപറയുകയും ഇനി അത് ആവർത്തിക്കില്ല എന്ന് പ്രതിഞ്ജ എടുക്കുകയും ചെയ്യും."

"തുടക്കം മുതൽ കടൽ ഓസൈ സംഘം ഞങ്ങളോട് സമ്പർക്കം പുലർത്തുന്നുണ്ട്," ഈ റേഡിയോ സ്റ്റേഷനെ പിന്താങ്ങുന്ന ചെന്നൈയിലെ എം. എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻറെ കമ്മ്യൂണിക്കേഷൻസ് മാനേജർ ആയ ക്രിസ്റ്റി ലീമ പറഞ്ഞു. "അവരുടെ പരിപാടികളിൽ ഞങ്ങളുടെ വിദഗ്ദ്ധരെ പങ്കെടുപ്പിക്കാറുണ്ട്. കാലാവസ്ഥാവ്യതിയാനത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുവാൻ മേയ് മുതൽ ഞങ്ങൾ അവരോടൊപ്പം പ്രവർത്തിക്കുകയാണ്. ഇത് കടൽ ഓസൈയിലൂടെ എളുപ്പമാണ്, എന്തുകൊണ്ടെന്നാൽ ഒരു കമ്മ്യൂണിറ്റി റേഡിയോ എന്ന നിലയിൽ അവർ പാമ്പനിൽ വളരെ ജനപ്രിയരാണ്."

'കടൽ ഒരു അതിസയം, അതൈ കാപ്പത്‌ നം അവസിയം' (കടൽ ഒരു അത്ഭുതമാണ്, അതിനെ നമ്മൾ സംരക്ഷിക്കണം) എന്ന പേരിൽ മേയ് ജൂൺ മാസങ്ങളിൽ ഈ സ്റ്റേഷൻ കാലാവസ്ഥാവ്യതിയാന വിഷയങ്ങളെകുറിച്ചു നാല് ലക്കങ്ങളുള്ള ഒരു പരമ്പര പ്രക്ഷേപണം ചെയ്തിരുന്നു. എംഎസ്എസ്ആർഎഫ് -ലെ തീരപ്രദേശ ഘടന ഗവേഷണ വിഭാഗം മേധാവി വി സെൽവത്തിൻറെ നേതൃത്വത്തിൽ വിദഗ്ദ്ധർ ഈ പരിപാടികളിൽ പങ്കെടുത്തിരുന്നു. "നമ്മൾ കാലാവസ്ഥാവ്യതിയാനത്തെ കുറിച്ചു മിക്കപ്പോഴും ഉന്നതതലത്തിൽ ആണ് സംവദിക്കുക എന്നതുകൊണ്ട് ഇത്തരം പരിപാടികൾ വളരെ മുഖ്യമാണ്," സെൽവം പറഞ്ഞു. "ഇതിൻറെ അനന്തരഫലങ്ങൾ ദിനംപ്രതി അനുഭവിക്കുന്ന താഴെത്തട്ടിലുള്ളവരോട് ഇത് ചർച്ച ചെയ്യേണ്ടത് അനിവാര്യമാണ്."

PHOTO • Kavitha Muralidharan
PHOTO • Kadal Osai

ഇടത്‌ - പാമ്പനിൽ മീൻകച്ചവടത്തിന് തിരക്കേറിയ ഒരു തെരുവിലുളള കടൽ ഓസൈ ഓഫീസ്. വലത്‌- ഇപ്പോഴും കടലിൽ പോകുന്ന 11 സ്റ്റേഷൻ ജീവനക്കാരിൽ ഒരാളായ ഡി. റെഡീമർ

മേയ് 10 -ൻറെ പ്രക്ഷേപണത്തിൽനിന്ന് പാമ്പനിലെ ജനങ്ങൾക്ക് തങ്ങളുടെ ദ്വീപിൽ സംഭവിച്ച ഒരു വലിയ മാറ്റത്തെക്കുറിച്ചു നല്ലവണ്ണം മനസ്സിലാക്കാൻ കഴിഞ്ഞു. രണ്ടു പതിറ്റാണ്ടുകൾക്ക് മുൻപ് വരെ, 100 കുടുംബങ്ങളെങ്കിലും രാമേശ്വരത്തെ ഇന്ത്യൻ വൻകരയോട്‌ ബന്ധിപ്പിക്കുന്ന 2,065-മീറ്റർ നീളമുള്ള പാമ്പൻ പാലത്തിനടുത്ത് താമസിച്ചിരുന്നു. എന്നാൽ, ഉയരുന്ന കടൽനിരപ്പ് കാരണം അവർക്കെല്ലാം അവിടംവിട്ട് മാറിതാമസിക്കേണ്ടിവന്നു. കാലാവസ്ഥാവ്യതിയാനം എങ്ങനെയാണ് അത്തരത്തിലുള്ള ചലനങ്ങളുടെ വേഗം കൂട്ടുന്നത് എന്ന് സെൽവം ആ സംപ്രേക്ഷണത്തിൽ കേൾവിക്കാർക്ക് വിശദീകരിച്ചു കൊടുത്തു.

വിദഗ്ദ്ധരോ, മീൻപിടുത്തക്കാരോ,സ്റ്റേഷനിലെ റിപ്പോർട്ടേഴ്‌സോ ഈ പ്രശ്നത്തെ ലഘുവായി കാണുന്നില്ല. ഇതിനെ ഒരു ഒറ്റപ്പെട്ടസംഭവമെന്നോ അല്ലെങ്കിൽ ഒരു കാരണം കൊണ്ടു മാത്രം സംഭവിക്കുന്ന ഒന്നെന്നോ ഉള്ള വിശദീകരണങ്ങൾ നൽകാനും അവർ തയ്യാറല്ല. എന്നാൽ, ഈ പ്രതിസന്ധിയെ വഷളാക്കുന്നതിൽ മനുഷ്യ പ്രവർത്തനങ്ങളുടെ പങ്ക് അവർ എടുത്തു പറയുന്നു. കടൽ ഓസൈ ഒരു സമൂഹത്തെ ഉത്തരങ്ങൾ തേടിയുള്ള കണ്ടുപിടുത്തങ്ങളുടെ ഒരു പര്യടനത്തിലേക്കു നയിക്കാൻ പ്രയത്നിക്കുകയാണ്.

"പാമ്പൻ ഒരു ദ്വീപ ആവാസവ്യവസ്ഥ ആയതിനാൽതന്നെ അതിലോലവും ആണ്," സെൽവം പറഞ്ഞു. "എന്നാൽ ഇവിടുള്ള മണൽകൂനകൾ ഈ ദ്വീപിനെ പല തരത്തിലുള്ള പാരിസ്ഥിതികാഘാതത്തിൽ നിന്നും രക്ഷിക്കുന്നു. കൂടാതെ, ശ്രീലങ്കൻ തീരം ഈ ദ്വീപിനെ ചുഴലിക്കാറ്റുകളിൽ നിന്ന് കുറച്ചൊക്കെ രക്ഷിക്കുന്നുണ്ട്," അദ്ദേഹം വിശദീകരിച്ചു.

എന്നാൽ, പാരിസ്ഥിതികവും അല്ലാത്തതും ആയ കാരണങ്ങളാൽ സംഭവിക്കുന്ന കടൽസമ്പത്തിൻറെ നഷ്ടം യഥാർത്ഥമാണ്, അദ്ദേഹം കൂട്ടിച്ചേർത്തു. കിട്ടുന്ന മീനുകളുടെ തോതിൽ ഉണ്ടായ ഇടിവ് മുഖ്യമായും അമിത മത്സ്യബന്ധനം, പ്രധാനമായും ട്രോളറുകൾ ഉപയോഗിച്ചുള്ളത്, മൂലമാണ്. കടൽ ചൂടാകുംതോറും ചാകര നീക്കങ്ങൾ തകിടം മറയും.

PHOTO • Kadal Osai
PHOTO • Kavitha Muralidharan

ഇടത്‌ - എം. സെലസ് തന്നെ പോലെ തന്നെ പാമ്പൻ ദ്വീപിലെ മത്സ്യത്തൊഴിലാളിസമൂഹത്തിലെ അംഗങ്ങളായ സ്ത്രീകളുടെ അഭിമുഖം നടത്തുന്നു. വലത് - ആ സമൂഹവേദിക്ക് കൃത്യമായ മാർഗ്ഗദർശനം നൽകുന്ന റേഡിയോ സ്റ്റേഷൻ ചീഫ് ഗായത്രി ഉസ്മാൻ.

"ഊറൽ, സിറ, വേളകമ്പൻ തരത്തിലുള്ള മത്സ്യങ്ങൾ തീർത്തും അപ്രത്യക്ഷമായിക്കഴിഞ്ഞു," മേയ് 24-ലെ ഒരു പ്രക്ഷേപണത്തിൽ കടൽ ഓസൈ ആർജെയും മത്സ്യത്തൊഴിലാളിസമൂഹത്തിലെ അംഗവുമായ ബി. മധുമിത വ്യക്തമാക്കി. "പാൽ സുര, കൽവെട്ടി, കൊമ്പൻ സുര എന്നിവ വളരെ കുറഞ്ഞ തോതിൽ ഇപ്പോഴും ഉണ്ട്. കേരളത്തിൽ ധാരാളമായി കണ്ടുവന്നിരുന്ന മത്തി എന്ന മത്സ്യം ഇപ്പോൾ ഇവിടെ നിറയെ ഉണ്ട് എന്നതാണ് ഒരു വൈചിത്ര്യം."

രണ്ടു പതിറ്റാണ്ടുകൾക്കു മുൻപ് വരെ ടണ് കണക്കിന് ലഭിച്ചിരുന്ന മണ്ടയ്ക്കള്ളുഗ് എന്ന ഒരു തരം മത്സ്യം ഇവിടെ ഇപ്പോൾ അപ്രത്യക്ഷമായിരിക്കുന്നു, ലീന എന്ന മുതിർന്ന സ്ത്രീ [അവരുടെ മുഴുവൻ പേര് ലഭ്യമല്ല] അതേ സംപ്രേക്ഷണത്തിൽ പറഞ്ഞു. എങ്ങനെയാണ് തൻറെ തലമുറ ആ മത്സ്യത്തിൻറെ വായ പിളർന്ന് അതിൽ നിന്ന് മുട്ടകൾ എടുത്തു ഭക്ഷിച്ചിരുന്നത്‌ എന്ന് അവർ ഓർക്കുന്നു. അതെല്ലാം എം. കോം ബിരുദധാരിയും മുഴുവൻസമയ കടൽ ഓസൈ അവതാരകയും പ്രൊഡ്യൂസറും പിന്നെ മത്സ്യത്തൊഴിലാളിസമൂഹത്തിലെ ഒരു അംഗംകൂടിയായ എം. സെലസിനെ പോലെയുള്ള യുവതികൾക്ക്‌ സങ്കല്പിക്കാവുന്നതിലും അപ്പുറമാണ്.

"1980-ൾ വരെ കട്ടൈ, സീല, കൊമ്പൻ സുര എന്ന തരം മത്സ്യങ്ങളെ ടണ് കണക്കിന് കിട്ടുമായിരുന്നു," ലീന പറഞ്ഞു. "ഇന്ന് ഞങ്ങൾ ആ മീനുകളെ ഡിസ്‌കവറി ചാനലിൽ തിരയുകയാണ്. എൻജിൻ ശബ്ദങ്ങൾ മീനുകളെ ഓടിക്കും എന്ന് യന്ത്രവത്കരിക്കാത്ത നാടൻ വള്ളങ്ങൾ ഉപയോഗിച്ചിരുന്ന എൻറെ അപ്പൂപ്പന്മാർ പറയുമായിരുന്നു. മാത്രമല്ല, പെട്രോളും ഡീസലും വെള്ളത്തെ വിഷലിപ്തമാക്കുകയും മത്സ്യങ്ങളുടെ രുചിക്ക് മാറ്റം വരുത്തുകയും ചെയ്തു." അക്കാലങ്ങളിൽ, കരയിൽ നിന്ന് അധികം ദൂരത്തല്ലാതെ കടലിൽ ഇറങ്ങി വല എറിഞ്ഞു സ്ത്രീകൾക്കും മത്സ്യം പിടിക്കാമായിരുന്നു എന്ന് അവർ ഓർക്കുന്നു. എന്നാൽ ഇപ്പോൾ കരയ്ക്കരികിൽ മത്സ്യങ്ങളെ അധികം കാണാത്തതു കാരണം സ്ത്രീകൾ വല്ലപ്പോഴുമേ കടലിൽ ഇറങ്ങാറുള്ളു.

മേയ് -17ലെ ഒരു പ്രക്ഷേപണം പരമ്പരാഗത മത്സ്യബന്ധന സമ്പ്രദായങ്ങളും പുതിയ സാങ്കേതികവിദ്യകളും ചർച്ച ചെയ്തു, എങ്ങനെ രണ്ടിനെയും സംയോജിപ്പിച്ചു സമുദ്രസമ്പത്തിനെ സംരക്ഷിക്കാം എന്നും. "കരയ്ക്കരികിൽ ഒരു കൂട് സ്ഥാപിച്ചു മീൻ വളർത്താൻ മീൻപിടുത്തക്കാർക്ക് പ്രോത്സാഹനം നൽകുന്നുണ്ട്. ഇത് സമുദ്രസമ്പത്തിൻറെ നശീകരണം തടയുന്നതിന് സഹായകമായതിനാൽ ഈ "കൂടുകൃഷി" വിദ്യക്ക് സർക്കാർ പിന്തുണ ഉണ്ട്," ഗായത്രി പറഞ്ഞു.

PHOTO • Kadal Osai

മത്സ്യത്തൊഴിലാളിസമൂഹത്തിൽ പ്രതിധ്വനിക്കുന്നു.

പാമ്പനിലെ 28-വയസുള്ള മീൻപിടുത്തക്കാരനായ ആന്തണി ഇനിഗോക്ക് ഇത് പരീക്ഷിക്കാൻ താൽപര്യമുണ്ട്. "മുൻപ്, കടൽ പശുക്കൾ (ഒരു കടൽ സസ്തനി) ഞങ്ങൾ പിടിച്ച മീനുകളിൽ ഉൾപെട്ടാൽ അവയെ തിരിച്ചു കടലിലേക്ക് വിടാറില്ല. എന്നാൽ ഒരു കടൽ ഓസൈ പ്രക്ഷേപണത്തിലൂടെ എങ്ങനെയാണു കാലാവസ്ഥാവ്യതിയാനവും മനുഷ്യനടപടികളും അവയെ വംശനാശത്തിൻറെ വക്കിൽ എത്തിച്ചിരിക്കുന്നത്ത് എന്ന് മനസ്സിലായി. വിലയേറിയ വലകൾ മുറിച്ച്‌ അവയെ തിരിച്ചു കടലിലേക്ക് വിടാൻ ഞങ്ങൾ ഇന്ന് തയ്യാറാണ്. അതു പോലെത്തന്നെ ആമകളെയും."

"കാലാവസ്ഥാവ്യതിയാനം എപ്രകാരമാണ് മത്സ്യങ്ങളെ ബാധിക്കുന്നത് എന്നു ഒരു വിദഗ്ദ്ധൻ സംസാരിക്കുമ്പോൾ, അക്കാര്യങ്ങൾ വളരെ ശരിയാണ് എന്നറിയിക്കാൻ മീൻപിടുത്തക്കാർ ഞങ്ങളെ വിളിക്കാറുണ്ട്," ഗായത്രി പറഞ്ഞു.

"മത്സ്യങ്ങൾ അപ്രത്യക്ഷമാകുന്നതിന് നമ്മൾ ദൈവങ്ങളെയും പ്രകൃതിയെയും കുറ്റപ്പെടുത്തി. കടൽ ഓസൈയിലെ പരിപാടികളിലൂടെ ഇത് നമ്മുടെ മാത്രം പിഴവാണെന്നു മനസ്സിലായി," സെലസ് പറഞ്ഞു. ഗായത്രി ഒഴികെ മറ്റെല്ലാ കടൽ ഓസൈ ജീവനക്കാരും സെലസിനെപോലെ മത്സ്യത്തൊഴിലാളിസമൂഹത്തിൽ നിന്നാണ്.  ഒന്നര വർഷം മുൻപാണ് ഗായത്രി ഇവരുടെ ഒപ്പം കൂടിയത്. ആ യോഗ്യതനേടിയ സൗണ്ട് എഞ്ചിനീയർ ഈ സമൂഹവേദിക്ക് ഒരു കൃത്യമായ ദിശയും ഉദ്ദേശ്യവും നൽകി.

കടൽ ഓസൈയുടെ സാധാരണമായ ഓഫീസ് പാമ്പനിൽ മിക്ക ദിവസവും മീൻകച്ചവടത്തിന് തിരക്കേറിയ ഒരു തെരുവിലാണ് സ്ഥിതിചെയ്യുന്നത്. നീല നിറത്തിലുള്ള നെയിം ബോർഡിൽ നമത് മുന്നേത്രതുക്കാന വാനോളി (നമ്മുടെ പുരോഗതിക്കായുള്ള ഒരു റേഡിയോ) എന്ന മുദ്രാവാക്യം എഴുതിയിരിക്കുന്നു. ഉള്ളിൽ ഒരു ആധുനിക റെക്കോർഡിങ് സ്റ്റുഡിയോ ഉള്ള ഒരു എഫ് എം സ്റ്റേഷൻ ആണ്. കുട്ടികൾക്കും സ്ത്രീകൾക്കും മീൻപിടുത്തക്കാർക്കുമുള്ള വിഭാഗങ്ങൾ വെവ്വേറെ ഉണ്ട്.  മീൻപിടുത്തക്കാർ കടലിൽ പോകുന്നതിനെക്കുറിച്ചുള്ള അംബ പാട്ടുകൾ പരിപാടികൾക്കിടയിൽ കേൾപ്പിക്കും. സ്റ്റേഷനിലെ 11 ജീവനക്കാരിൽ യശ്വന്തും ഡി. റെഡീമറും മാത്രമാണ് ഇപ്പോഴും കടലിൽ പോകുന്നത്.

യശ്വന്തിൻറെ കുടുംബം വളരെക്കൊല്ലം മുൻപ് തൂത്തുക്കുടിയിൽ നിന്ന് പാമ്പനിലേക്കു മാറിയതാണ്. "മത്സ്യബന്ധനം അവിടെ ലാഭകരമായ കാര്യമായിരുന്നില്ല," അയാൾ പറഞ്ഞു. "ഒരു നല്ല കോള് കിട്ടാൻ എൻറെ അച്ഛന് ബുദ്ധിമുട്ടായിരുന്നു." രാമേശ്വരം താരതമ്യേന ഭേദമായിരുന്നു. എന്നാൽ, "കാലക്രമേണ, ഇവിടെയും മത്സ്യലഭ്യത കുറഞ്ഞു." അത്തരം തിരിച്ചടികൾ മറ്റുള്ളവർ ചെയ്ത ദുർമന്ത്രവാദം കാരണമല്ല ചിലപ്പോൾ നമ്മൾ ഈ പരിസ്ഥിതിക്കെതിരെ ചെയ്ത ക്ഷുദ്രപ്രയോഗത്താലാകാം എന്ന് കടൽ ഓസൈ അയാൾക്ക്‌ മനസ്സിലാക്കി കൊടുത്തു.

ലാഭത്തെക്കുറിച്ചുള്ള അമിതചിന്തയെപ്പറ്റി അയാൾ വ്യാകുലപ്പെടുന്നു. "തങ്ങളുടെ പൂർവികന്മാർ മത്സ്യലഭ്യത വർദ്ധിപ്പിക്കാൻ ഒന്നും ചെയ്യാത്തതു കാരണം തങ്ങൾ ദരിദ്രരാണെന്ന് ചില മുതിർന്നവർ ഇപ്പോഴും വിശ്വസിക്കുന്നു. പരമാവധി ലാഭം കിട്ടാനുള്ള അവരുടെ പ്രയത്‌നങ്ങൾ കടലിനെ അമിതചൂഷണം ചെയ്യുന്നതിലേക്കു നയിക്കുന്നു. ഇപ്പോൾ ഞങ്ങളെപ്പോലുള്ള ചില ചെറുപ്പക്കാർ അതിലെ അപകടങ്ങളെ മനസ്സിലാക്കി അത്തരത്തിലുള്ള 'ദുഷ്പ്രവൃത്തികളെ' നിഷ്ഫലമാക്കാൻ ശ്രമിക്കുകയാണ്.

ലാഭത്തെക്കുറിച്ചുള്ള അമിതചിന്തയെപ്പറ്റി അയാൾ വ്യാകുലപ്പെടുന്നു. ‘തങ്ങളുടെ പൂർവികന്മാർ മത്സ്യലഭ്യത വർദ്ധിപ്പിക്കാൻ ഒന്നും ചെയ്യാത്തതു കാരണം തങ്ങൾ ദരിദ്രരാണെന്ന് ചില മുതിർന്നവർ ഇപ്പോഴും വിശ്വസിക്കുന്നു...പരമാവധി ലാഭം കിട്ടാനുള്ള അവരുടെ പ്രയത്‌നങ്ങൾ കടലിനെ അമിതചൂഷണം ചെയ്യുന്നതിലേക്കു നയിക്കുന്നു.’

വീഡിയോ കാണുക: ആർജെ യശ്വന്ത് പാമ്പന് ഒരു കാലാവസ്ഥാവലോകനം നൽകുന്നു.

ഇപ്പോഴും, ഈ വലിയ സമൂഹത്തിൻറെ പരമ്പരാഗത അറിവ് കാര്യങ്ങൾ പഠിക്കുന്നതിന് ഒരു വിലപ്പെട്ട ഉറവിടമാണ്. "വിദഗ്ദ്ധർ മിക്കപ്പോഴും ആ അറിവിനെ സാധൂകരിക്കുകയും, അത് നമ്മൾ പ്രയോജനപ്പെടുത്തണം എന്ന് നമ്മളെ ഓർമപ്പെടുത്തുകയുമാണ് ചെയ്യുന്നത്," മധുമിത പറഞ്ഞു. "ഞങ്ങളുടെ റേഡിയോ സ്റ്റേഷൻ പരമ്പരാഗത അറിവുകളെ ആദരിക്കുകയും അവയ്ക്ക് ഒരു പ്രധാന വേദിയൊരുക്കികൊടുക്കുകയും ചെയ്യുന്നു. അതിനാൽ, ഞങ്ങളുടെ സംപ്രേക്ഷണങ്ങൾ നൽകുന്ന അനുഭവസമ്പത്തിനെ ഈ സമൂഹം പ്രയോജനപ്പെടുത്തുന്നു."

പാമ്പൻ നാടൻബോട്ട് മത്സ്യത്തൊഴിലാളികളുടെ സംഘടനയുടെ പ്രസിഡൻറ്റ് ആയ എസ്. പി. രായപ്പൻ അതിനോട് യോജിക്കുന്നു. "സമുദ്രസമ്പത്തിൻറെ അമിതചൂഷണത്തെപ്പറ്റിയും അതിലെ അപകടങ്ങളെക്കുറിച്ചും ഞങ്ങൾ എപ്പോഴും പറഞ്ഞിട്ടുണ്ട്. കടൽ ഓസൈ  മത്സ്യത്തൊഴിലാളികളുടെയിടയിൽ സൃഷ്ടിച്ച അവബോധം കൂടുതൽ ദൃഢമാണ്. ഇപ്പോൾ ഞങ്ങളുടെ ആൾക്കാർ ചിലപ്പോൾ ഇറക്കുമതി ചെയ്ത വലകൾ ത്യജിച്ച്‌ ഒരു കടൽപശുവിനെയോ ആമയെയോ രക്ഷിക്കും." ഒരു നാൾ മണ്ടയ്ക്കള്ളുഗിനെ ഈ ദ്വീപിനടുത്തുള്ള കടലിലേക്കു തിരിച്ചെത്തിക്കാൻ തങ്ങളുടെ റേഡിയോ സ്റ്റേഷൻ സഹായിക്കും എന്ന് സെലസും മധുമിതയും പ്രതീക്ഷിക്കുന്നു.

മിക്ക കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷൻസിനെപോലെ തന്നെ കടൽ ഓസൈയുടെ പ്രക്ഷേപണങ്ങളും 15 കിലോമീറ്ററുകൾക്കപ്പുറം എത്താറില്ല. എന്നാൽ പാമ്പൻനിവാസികൾ കടൽ ഓസൈയെ അംഗീകരിച്ചുകഴിഞ്ഞു - "മാത്രമല്ല, ഞങ്ങൾക്കു പ്രേക്ഷകരിൽ നിന്നും ദിവസേന പത്ത്‌ കത്തുകളെങ്കിലും ലഭിക്കും," ഗായത്രി പറഞ്ഞു. "തുടക്കത്തിൽ ഞങ്ങൾ ആരാണെന്നോ ഞങ്ങൾ പറയുന്ന പുരോഗതി എന്താണെന്നോ എന്നതിനെക്കുറിച്ച്‌ ആൾക്കാർക്ക് സംശയമായിരുന്നു. ഇപ്പോൾ അവർ ഞങ്ങളെ വിശ്വസിക്കുന്നു."

കാലാവസ്ഥയിൽ മാത്രമാണ് അവർക്കു വിശ്വാസം നഷ്ടപെട്ടുകൊണ്ടിരിക്കുന്നത്.

കവർ ഫോട്ടോ: ജൂൺ 8-നു പാമ്പനിൽ നടന്ന യുഎൻ ലോക സമുദ്ര ദിനാഘോഷത്തിൽ കുട്ടികൾ കടൽ ഓസൈ എന്നെഴുതിയ ഫലകമേന്തി നിൽക്കുന്നു. (ഫോട്ടോ: കടൽ ഓസൈ)

PARI-യുടെ കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ചുള്ള ദേശീയ റിപ്പോർട്ടിങ് പ്രൊജക്റ്റ് ആ പ്രതിഭാസത്തെ സാധാരണക്കാരുടെ മൊഴികളിലൂടെയും അവരുടെ ജീവിതാനുഭവങ്ങളിലൂടെയും ചിത്രീകരിക്കാനുള്ള യൂഎൻഡിപി-പിന്തുണയുള്ള ഒരു സംരംഭത്തിൻറെ ഭാഗമാണ്.

ഈ ലേഖനം പുനഃപ്രസിദ്ധീകരിക്കണോ? ദയവായി [email protected], ഒരു കോപ്പി [email protected], എന്ന അഡ്രസിലേക്കു മെയിൽ അയക്കുക.

പരിഭാഷ: ജ്യോത്സ്ന വി

Reporter : Kavitha Muralidharan

କବିତା ମୁରଲୀଧରନ୍ ହେଉଛନ୍ତି ଚେନ୍ନାଇସ୍ଥିତ ଜଣେ ମୁକ୍ତବୃତ୍ତି ସାମ୍ବାଦିକା ଏବଂ ଅନୁବାଦିକା । ସେ ପୂର୍ବରୁ ‘ଇଣ୍ଡିଆ ଟୁଡେ’ (ତାମିଲ)ର ଜଣେ ସଂପାଦିକା ଥିଲେ ଏବଂ ତା’ ପୂର୍ବରୁ ‘ଦ ହିନ୍ଦୁ’(ତାମିଲ)ର ରିପୋର୍ଟିଂ ବିଭାଗର ମୁଖ୍ୟ ଥିଲେ । ସେ ଜଣେ ପରୀ ସ୍ୱେଚ୍ଛାସେବୀ ।

ଏହାଙ୍କ ଲିଖିତ ଅନ୍ୟ ବିଷୟଗୁଡିକ କବିତା ମୁରଲିଧରନ
Editor : P. Sainath

ପି. ସାଇନାଥ, ପିପୁଲ୍ସ ଆର୍କାଇଭ୍ ଅଫ୍ ରୁରାଲ ଇଣ୍ଡିଆର ପ୍ରତିଷ୍ଠାତା ସମ୍ପାଦକ । ସେ ବହୁ ଦଶନ୍ଧି ଧରି ଗ୍ରାମୀଣ ରିପୋର୍ଟର ଭାବେ କାର୍ଯ୍ୟ କରିଛନ୍ତି ଏବଂ ସେ ‘ଏଭ୍ରିବଡି ଲଭସ୍ ଏ ଗୁଡ୍ ଡ୍ରଟ୍’ ଏବଂ ‘ଦ ଲାଷ୍ଟ ହିରୋଜ୍: ଫୁଟ୍ ସୋଲଜର୍ସ ଅଫ୍ ଇଣ୍ଡିଆନ୍ ଫ୍ରିଡମ୍’ ପୁସ୍ତକର ଲେଖକ।

ଏହାଙ୍କ ଲିଖିତ ଅନ୍ୟ ବିଷୟଗୁଡିକ ପି.ସାଇନାଥ
Series Editors : P. Sainath

ପି. ସାଇନାଥ, ପିପୁଲ୍ସ ଆର୍କାଇଭ୍ ଅଫ୍ ରୁରାଲ ଇଣ୍ଡିଆର ପ୍ରତିଷ୍ଠାତା ସମ୍ପାଦକ । ସେ ବହୁ ଦଶନ୍ଧି ଧରି ଗ୍ରାମୀଣ ରିପୋର୍ଟର ଭାବେ କାର୍ଯ୍ୟ କରିଛନ୍ତି ଏବଂ ସେ ‘ଏଭ୍ରିବଡି ଲଭସ୍ ଏ ଗୁଡ୍ ଡ୍ରଟ୍’ ଏବଂ ‘ଦ ଲାଷ୍ଟ ହିରୋଜ୍: ଫୁଟ୍ ସୋଲଜର୍ସ ଅଫ୍ ଇଣ୍ଡିଆନ୍ ଫ୍ରିଡମ୍’ ପୁସ୍ତକର ଲେଖକ।

ଏହାଙ୍କ ଲିଖିତ ଅନ୍ୟ ବିଷୟଗୁଡିକ ପି.ସାଇନାଥ
Series Editors : Sharmila Joshi

ଶର୍ମିଳା ଯୋଶୀ ପିପୁଲ୍ସ ଆର୍କାଇଭ୍‌ ଅଫ୍‌ ରୁରାଲ ଇଣ୍ଡିଆର ପୂର୍ବତନ କାର୍ଯ୍ୟନିର୍ବାହୀ ସମ୍ପାଦିକା ଏବଂ ଜଣେ ଲେଖିକା ଓ ସାମୟିକ ଶିକ୍ଷୟିତ୍ରୀ

ଏହାଙ୍କ ଲିଖିତ ଅନ୍ୟ ବିଷୟଗୁଡିକ ଶର୍ମିଲା ଯୋଶୀ
Translator : Jyotsna V.