“എന്റെ മുത്തച്ഛന് 300 ഒട്ടകങ്ങളുണ്ടായിരുന്നു. എനിക്ക് ഇന്ന് 40 എണ്ണം മാത്രമേയുള്ളു. അവയെ ജലാശയത്തിൽ പോകാൻ അനുവദിക്കുന്നില്ല”, ജെതാഭായ് രാബറി പറയുന്നു. ഖംബാലിയ താലൂക്കിലെ ബേഹ് ഗ്രാമത്തിലെ ഒട്ടകങ്ങളെ മേയ്ക്കുന്ന ആളാണ് അദ്ദേഹം. ഗുജറാത്തിലെ തീരദേശപരിസ്ഥിതിയിൽ വളർന്ന് പരിചയമുള്ളവയും, വംശനാശഭീഷണി നേരിടുകയും ചെയ്യുന്ന ഒട്ടകങ്ങളാണ് ഖരായ് ഒട്ടകങ്ങൾ. കച്ചിലെ ഉൾക്കടലിലെ കണ്ടൽക്കാടുകളിൽ ഭക്ഷണമന്വേഷിച്ച് മണിക്കൂറുകളോളം നീന്താൻ കഴിവുള്ളവയാണ് ഈ ഒട്ടകങ്ങൾ.
17-ആം നൂറ്റാണ്ടുമുതൽ, ഉൾക്കടലിന്റെ ദക്ഷിണഭാഗങ്ങളിൽ ഖരായ് ഒട്ടകങ്ങളെ മേച്ചുനടന്നിരുന്നവരാണ് ഫക്കീരണി ജാട്ട്, ഭോപ്പാ രാബറി സമൂഹങ്ങൾ. അവിടെയാണ് ഇപ്പോൾ മറൈൻ നാഷണൽ പാർക്ക് ആൻഡ് സാങ്‌ച്വറി സ്ഥിതി ചെയ്യുന്നത്. മറൈൻ പാർക്കിന്റെ അകത്ത് മേച്ചിൽ അനുവദിക്കില്ലെന്ന 1995 മുതൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന നിയമം, ഇന്ന് ആ ഒട്ടകങ്ങളുടേയും അതിന്റെ ഇടയന്മാരുടേയും നിലനിൽപ്പിനെത്തന്നെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്.
ഈ ഒട്ടകങ്ങൾക്ക് കണ്ടലുകൾ ആവശ്യമാണെന്ന് ജേതാഭായ് പറയുന്നു. കണ്ടൽ ഇലകളാണ് അവയുടെ ആഹാരത്തിലെ മുഖ്യഭാഗം. “ഇലകൾ തിന്നാൻ അനുവദിച്ചില്ലെങ്കിൽ അവ ചത്തുപോവില്ലേ?” ജേതാഭായ് ചോദിക്കുന്നു. എന്നാൽ വെള്ളത്തിലേക്ക് പോയാൽ, “മറൈൻ പാർക്ക് അധികാരികൾ ഞങ്ങൾക്ക് പിഴ ഈടാക്കുകയും, ഞങ്ങളുടെ ഒട്ടകങ്ങളെ പിടിച്ചുവെക്കുകയും ചെയ്യുന്നു”വെന്ന് അദ്ദേഹം പറയുന്നു.
കണ്ടൽക്കാടുകൾ അന്വേഷിച്ച് നീന്തുന്ന ഒട്ടകങ്ങളെ നിങ്ങൾക്ക് ഈ വീഡിയോയിൽ കാണാം. അവയെ പോറ്റുന്നതിന്റെ ബുദ്ധിമുട്ടുകളെക്കുറിച്ച് ആ ഇടയന്മാർ സംസാരിക്കുന്നു.
ഊർജ സംവിധാനം ചെയ്ത ചിത്രം
കവർച്ചിത്രം: റിതായൻ മുഖർജി
ഇതും വായിക്കുക: ജാംനഗറിലെ നീന്തുന്ന ഒട്ടകങ്ങൾ: പ്രതിസന്ധിയുടെ ആഴങ്ങളിൽ
പരിഭാഷ: രാജീവ് ചേലനാട്ട്