തന്റെ പാടത്ത് നിൽക്കുന്ന ചുരുക്കം ആവണക്ക് ചെടികളിലേക്ക് നോക്കുമ്പോൾ നാരായൺ ഗയ്ൿവാഡിന് തന്റെ കോലാപ്പൂരി ചെരുപ്പുകൾ ഓർമ്മവരുന്നു. 20 വർഷങ്ങൾക്ക് മുമ്പാണ് അയാൾ അത് അവസാനമായി ഉപയോഗിച്ചത്. “കോലാപ്പൂർ ചപ്പലുകൾ (ചെരുപ്പുകൾ) ഞങ്ങൾ ആവണക്കെണ്ണ ഉപയോഗിച്ച് തുടച്ചുവെക്കാറുണ്ടായിരുന്നു. അവയുടെ ആയുസ്സ് കൂട്ടാൻ അവ ഉപകരിച്ചിരുന്നു”, ആ എണ്ണയും, മേഖലയിലെ പ്രശസ്തമായ ചെരുപ്പും തമ്മിലുള്ള ബന്ധം വിശദീകരിച്ചുകൊണ്ട് ആ 77 വയസ്സുള്ള കർഷകൻ പറയുന്നു.
കോലാപ്പൂരി ചപ്പലുകൾ മിനുസപ്പെടുത്താനാണ് ആവണക്കെണ്ണ കോലാപ്പൂർ ജില്ലയിൽ പ്രാഥമികമായും ഉപയോഗിച്ചിരുന്നത്. എരുമയുടേയോ പശുവിന്റേയോ തോലുപയോഗിച്ചുണ്ടാക്കുന്ന ആ ചെരുപ്പിന്റെ മാർദ്ദവവും ആകൃതിയും നിലനിർത്താനായി എണ്ണ പുരട്ടാറുണ്ടായിരുന്നു. അതിനേറ്റവും അനുയോജ്യമായ എണ്ണ ആവണക്കിന്റേതാണ്.
കോലാപ്പൂരിന്റെ തനത് കൃഷിയല്ലെങ്കിലും, ആവണക്കിന് (റിസിനസ് കമ്മ്യൂണിസ്) ഈ മേഖലയിൽ വലിയ പ്രചാരമുണ്ടായിരുന്നു. പച്ചയിലകളും കട്ടിയുള്ള തണ്ടുകളുമുള്ള ഈ ചെടി വർഷം മുഴുവൻ വളർത്താൻ കഴിയുന്ന ഒന്നായിരുന്നു. ലോകത്ത് ആവണക്ക് ഏറ്റവുമധികം ഉത്പാദിപ്പിക്കുന്ന രാജ്യം ഇന്ത്യയാണ്. 2021-22-ൽ 16.5 ലക്ഷം ടൺ ആവണക്ക് വിത്തുകളാണ് ഇന്ത്യ ഉത്പാദിപ്പിച്ചത്. ആവണക്ക് ഉത്പാദിപ്പിക്കുന്ന പ്രധാന സംസ്ഥാനങ്ങൾ ഗുജറാത്ത്, ആന്ധ്ര പ്രദേശ്, തമിഴ് നാട്, ഒഡിഷ, രാജസ്ഥാൻ എന്നിവയാണ്.
“എന്റെ അച്ഛൻ 96 വയസ്സുവരെ ജീവിച്ചു. എല്ലാ വർഷവും അദ്ദേഹം ആവണക്ക് കൃഷി ചെയ്തു”, അച്ഛന്റെ പാരമ്പര്യം പിന്തുടർന്ന്, എല്ലാ വർഷവും തന്റെ 3.25 ഏക്കർ ഭൂമിയിൽ ആവണക്ക് കൃഷി ചെയ്യുന്ന നാരായൺ പറയുന്നു. 150 വർഷത്തിലധികമായി തന്റെ കുടുംബം ഈ കൃഷി ചെയ്തുപോരുന്നുണ്ടെന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം. “പയറിന്റെ ആകൃതിയിലുള്ള, ഇരണ്ടി എന്ന തനത് ഇനത്തെ ഞങ്ങൾ സംരക്ഷിച്ചുപോന്നു. ഒരു നൂറ്റാണ്ടെങ്കിലും പഴക്കമുണ്ടാകും അതിന്. ഇപ്പോൾ ഞാനും ഭാര്യയും മാത്രമാണ് ഇതിന്റെ സൂക്ഷിപ്പുകാർ”, കടലാസ്സിൽ പൊതിഞ്ഞ ആ വിത്തുകൾ ചൂണ്ടിക്കാട്ടി, നാരായൺ പറയുന്നു.
തങ്ങൾ വളർത്തുന്ന കാസ്റ്റർ പയറുകളിൽനിന്ന്, നാരായണും, 66 വയസ്സുള്ള ഭാര്യ കുസുമും എണ്ണയും വാറ്റിയെടുക്കുന്നുണ്ട്. ചുറ്റുവട്ടത്തൊക്കെ ധാരാളം എണ്ണമില്ലുകൾ വന്നിട്ടും, അദ്ധ്വാനം ആവശ്യമായ ഈ ജോലി അവർ ഇന്നും തുടരുന്നു. “പണ്ടെല്ലാം, ഞങ്ങൾ മൂന്നുമാസത്തിലൊരിക്കൽ എണ്ണ വാറ്റിയെടുത്തിരുന്നു”, നാരായൺ പറയുന്നു.



















