“ഞാൻ ഒരു പെയിന്ററാണെന്ന് ഞാൻ കരുതുന്നില്ല. ഒരു പെയിന്ററിനുണ്ടായിരിക്കേണ്ട ഗുണങ്ങളൊന്നും എനിക്കില്ല. പക്ഷേ എന്റെ കൈയ്യിൽ കഥകളുണ്ട്. എന്റെ ബ്രഷുപയോഗിച്ച് ആ കഥകളെഴുതാനാണ് ഞാൻ ശ്രമിക്കുന്നത്. എന്റെ വരകളൊക്കെ പൂർണ്ണമാണെന്ന് ഞാൻ അവകാശപ്പെടുന്നുമില്ല. ധാരാളം പെയിന്റർമാരുടെ കലാപ്രവർത്തനത്തെക്കുറിച്ച് ഞാൻ പഠിക്കാനും മനസ്സിലാക്കാനും തുടങ്ങിയത്, ഇക്കഴിഞ്ഞ രണ്ടുമൂന്ന് വർഷങ്ങളായി മാത്രമാണ്. അതല്ലാതെ എനിക്കൊരു അറിവുമില്ല. ഒരു കഥ പറയാനാണ് ഞാൻ പെയിന്റ് ചെയ്തത്. ആ കഥ ആവിഷ്കരിക്കാൻ സാധിച്ചാൽ എനിക്ക് സംതൃപ്തി കിട്ടുന്നു. ഒരു ആഖ്യാനം എഴുതുന്നതുപോലെയാണ് ഞാൻ പെയിന്റ് ചെയ്യുന്നത്."
പശ്ചിമ ബംഗാളിലെ നാദിയ ജില്ലയുടെ ഗ്രാമപ്രദേശത്തുള്ള ധുബുലിയയിലെ ഒരു കലാകാരിയാണ് ലബനി. രണ്ടാം ലോകമഹായുദ്ധക്കാലത്ത്, ആ ഗ്രാമം ഒരു ആർമി ക്യാമ്പിന്റെ സ്റ്റേഷനായിരുന്നു. ഒരു വ്യോമമേഖലയുമുണ്ടായിരുന്നു അവിടെ. ബ്രിട്ടീഷുകാർ ക്യാമ്പ് സ്ഥാപിച്ചതിൽപ്പിന്നെ, അവിടെയുണ്ടായിരുന്ന ഭൂരിപക്ഷം വരുന്ന മുസ്ലിങ്ങൾക്ക് തങ്ങളുടെ കൃഷിസ്ഥലങ്ങൾ നഷ്ടപ്പെട്ടു. പിന്നീട്, വിഭജനകാലത്ത്, ഗ്രാമത്തിൽനിന്നുള്ള ധാരാളമാളുകൾ അതിർത്തിക്കപ്പുറത്തേക്ക് താമസം മാറ്റി. “എന്നാൽ ഞങ്ങൾ പോയില്ല. ഞങ്ങളുടെ മുതിർന്നവർക്ക് അത് ഇഷ്ടവുമായിരുന്നില്ല. ഞങ്ങളുടെ പൂർവ്വികരെ അടക്കിയ മണ്ണാണിത്. ഇവിടെ ജീവിച്ച് മരിക്കാനാണ് ഞങ്ങൾക്ക് ആഗ്രഹം.” ഭൂമിയുമായുള്ള ആ ബന്ധവും, അതിന്റെ പേരിൽ നടക്കുന്ന സംഭവങ്ങളുമൊക്കെയാണ് ഈ കലാകാരിയുടെ സംവേദനക്ഷമതയെ കുട്ടിക്കാലംതൊട്ട് രൂപപ്പെടുത്തിയത്
കുട്ടിയായിരുന്നപ്പോൾ, അച്ഛൻ അവളെ കുറച്ച് വർഷങ്ങൾ പതിവായി ഒരു ട്യൂട്ടറുടെയടുത്ത് കൊണ്ടുപോയിരുന്നു. പെയിന്റിംഗിൽ താത്പര്യം ജനിച്ചത് അങ്ങിനെയാണ്. പത്ത് സഹോദരങ്ങളിൽ, ലബനിയുടെ അച്ഛന് മാത്രമാണ് വിദ്യാഭ്യാസം ലഭിച്ചത്. ആ തലമുറയിൽ വിദ്യാഭ്യാസം സിദ്ധിച്ച ആദ്യത്തെ ആളായിരുന്നു അദ്ദേഹം. താഴേത്തട്ടിൽ പ്രവർത്തിക്കുന്ന അഭിഭാഷകനായ അദ്ദേഹം കൃഷിക്കാർക്കും തൊഴിലാളികൾക്കുംവേണ്ടി സഹകരണസ്ഥാപനങ്ങൾ തുടങ്ങിയെങ്കിലും, വലിയ സമ്പാദ്യമൊന്നും ഉണ്ടാക്കിയില്ല. “എന്തെങ്കിലും പൈസ കൈയ്യിൽ വന്നാൽ അച്ഛൻ എനിക്ക് പുസ്തകം വാങ്ങിത്തരും. മോസ്കോ പ്രസ്സ് റാഡിഗ പബ്ലിഷേർസ് ബംഗാളി ഭാഷയിൽ പരിഭാഷപ്പെടുത്തിയ ധാരാളം ബാലസാഹിത്യങ്ങൾ ഞങ്ങളുടെ വീടുകളിൽ എത്തിയിരുന്നു. ആ പുസ്തകങ്ങളിലെ ചിത്രങ്ങൾ എനിക്കിഷ്ടമായിരുന്നു. ചിത്രംവരയോടുള്ള ആദ്യത്തെ പ്രചോദനം എനിക്ക് കിട്ടിയത് അവയിൽനിന്നാണ്,” ലബനി പറയുന്നു.
അച്ഛൻ തുടങ്ങിവെച്ച ആ ആദ്യകാല പരിശീലനം അധികകാലം നീണ്ടുനിന്നില്ല. എന്നാൽ, 2016-ൽ പെയിന്റിംഗിനോടുള്ള ഇഷ്ടം തിരിച്ചുവന്നു. ഭാഷ അവളെ കൈയ്യൊഴിയാൻ തുടങ്ങുമ്പോൾ. രാജ്യത്തിന്റെ നിസ്സംഗാവസ്ഥമൂലം ആൾക്കൂട്ടക്കൊല രാജ്യത്ത് വർദ്ധിക്കുന്ന കാലമായിരുന്നു അത്. ന്യൂനപക്ഷങ്ങൾക്കെതിരെ നടന്ന കരുതിക്കൂട്ടിയുള്ള ആക്രമണങ്ങളെക്കുറിച്ചുള്ള വാർത്തകൾ ഭൂരിപക്ഷ സമുദായം നിഷേധിക്കുകയും ചെയ്തിരുന്നു. കൊൽക്കൊത്തയിലെ ജാദവ്പുർ സർവകലാശാലയിൽ എം.ഫിൽ പഠനത്തിന്റെ അവസാനഘട്ടത്തിലെത്തിയ ലബനിയെ, രാജ്യത്തിന്റെ ഈ യാഥാർത്ഥ്യം എന്തെന്നില്ലാതെ അലോരസപ്പെടുത്തിയെങ്കിലും, അവൾക്ക് അതിനെക്കുറിച്ച് ഒന്നും എഴുതാൻ സാധിച്ചില്ല.
“ഒരു വല്ലാത്ത അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. ആ കാലംവരെ എഴുതാൻ എനിക്ക് ഇഷ്ടമായിരുന്നു. ബംഗ്ല ഭാഷയിൽ ഏതാനും ചില ലേഖനങ്ങൾ ഞാൻ എഴുതുകയും പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. പക്ഷേ പെട്ടെന്ന്, ഭാഷ തികയാതെ വന്നു. എല്ലാറ്റിൽനിന്നും ഓടിയൊളിക്കാൻ ഞാൻ ആഗ്രഹിച്ചു. അപ്പോഴാണ് ഞാൻ പെയിന്റിംഗ് തുടങ്ങിയത്. കിട്ടുന്ന കടലാസ്സുകഷണങ്ങളിലെല്ലാം ഞാൻ സമുദ്രത്തിന്റെ വിവിധ ഭാവങ്ങൾ വാട്ടർ കളറിൽ വരയ്ക്കാൻ തുടങ്ങി. അക്കാലത്ത് (2016-17) ഞാൻ ഒന്നിനുപിന്നാലെ മറ്റൊന്നായി, സമുദ്രത്തെക്കുറിച്ചുള്ള ധാരാളം പെയിന്റിംഗുകൾ ചെയ്തു. കലങ്ങിമറിഞ്ഞൊരു ലോകത്തിൽ സമാധാനം കണ്ടെത്താനുള്ള എന്റെ ശ്രമമായിരുന്നു അത്
സ്വന്തം നിലയ്ക്ക് കലാകാരിയായി മാറിയ ആളാണ് ലബനി.




























