2024 ഫെബ്രുവരിയിൽ പഞ്ചാബിനും ഹരിയാനയ്ക്കും ഇടയിലുള്ള ശംഭു, ഖനൂരി അതിർത്തിയിൽ പ്രതിഷേധിച്ച കർഷകർക്കുനേരെ കണ്ണീർവാതക ഷെല്ലുകളും ലാത്തിച്ചാർജും പ്രയോഗിച്ച സർക്കാരിൻ്റെ അടിച്ചമർത്തൽ നടപടികളിൽ കർഷകർ രോഷാകുലരാണ്. വായിക്കുക: ‘ശംഭു അതിർത്തിയിൽ ഞാൻ തടവിലായതായി തോന്നുന്നു’
കർഷകർ തലസ്ഥാനത്ത് പ്രവേശിക്കുന്നത് തടസ്സപ്പെടുത്തുന്നതിനായി സർക്കാർ ഏർപ്പെടുത്തിയ തടസ്സങ്ങൾക്കും നിയന്ത്രണങ്ങൾക്കുമുള്ള മറുപടിയായി, ഒരാൾ തീക്ഷ്ണമായ ഒരു ആഹ്വാനം നൽകി: “ദില്ലി ഹമാരി ഹേ,. ദേശ് പർ വോഹി രാജ് കരേഗാ, ജോ കിസാൻ മസ്ദൂർ കി ബാത് കരേഗാ! [ഡൽഹി ഞങ്ങളുടേതാണ്! കർഷകർക്കും തൊഴിലാളികൾക്കും വേണ്ടി നിലകൊള്ളുന്നവരാരോ, രാജ്യം ഭരിക്കുക അവർ മാത്രം!].
‘കോർപ്പറേറ്റ്, വർഗീയ, സ്വേച്ഛാധിപത്യ' ഭരണത്തിന് നിലവിലെ സർക്കാരിനെ ശിക്ഷിക്കണമെന്ന് പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, കർണാടക, കേരളം, മധ്യപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽനിന്നുള്ള കർഷകത്തൊഴിലാളി യൂണിയനുകളുടെ നേതാക്കൾ ആവശ്യപ്പെട്ടു.
"2021 ജനുവരി 22ന് ശേഷം സർക്കാർ കർഷക സംഘടനകളുമായി സംസാരിച്ചിട്ടില്ല. ചർച്ചകളൊന്നും നടത്താതെ എങ്ങിനെയാണ് പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുക?” രാകേഷ് ടികായിത് തൻ്റെ പ്രസംഗത്തിൽ ചോദിച്ചു. ഭാരതീയ കിസാൻ യൂണിയൻ്റെ (ബികെയു) ദേശീയ വക്താവും എസ്‌കെഎമ്മിലെ നേതാവുമാണ് ടികായത്ത്.
“2020-21 ലെ കർഷക സമരത്തിനൊടുവിൽ, C2 + 50 ശതമാനത്തിൽ എം.എസ്.പി. [കുറഞ്ഞ താങ്ങുവില] നൽകാൻ നിയമപരമായ ഗ്യാരണ്ടി ഉണ്ടാകുമെന്ന് നരേന്ദ്ര മോദി സർക്കാർ വാഗ്_ദാനം നൽകിയിരുന്നു. അത് നടപ്പാക്കിയിട്ടില്ല. വായ്പ എഴുതിത്തള്ളുമെന്ന് അവർ ഉറപ്പ് നൽകിയിരുന്നു, അതും ഇതുവരെ ചെയ്തിട്ടില്ല,” ഓൾ ഇന്ത്യ കിസാൻ മഹാസഭ (എഐകെഎസ്) ജനറൽ സെക്രട്ടറി ഡോ. വിജു കൃഷ്ണൻ പറഞ്ഞു. കർഷക പ്രക്ഷോഭങ്ങളെക്കുറിച്ചുള്ള പാരിയുടെ മുഴുവൻ കവറേജും വായിക്കുക.
ഒരു വർഷം നീണ്ട കർഷകസമരത്തിനിടെ മരിച്ച 736-ലധികം കർഷകരെക്കുറിച്ചും, അവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാമെന്നും അവർക്കെതിരായ എല്ലാ കേസുകളും ഒഴിവാക്കാമെന്നുമുള്ള സർക്കാർ വാഗ്_ദാനങ്ങൾ പാലിക്കാത്തതിനെക്കുറിച്ചും കൃഷ്ണൻ സംസാരിച്ചു. “വൈദ്യുത നിയമ ഭേദഗതികൾ പിൻവലിക്കേണ്ടതായിരുന്നു, അത് നടപ്പാക്കിയിട്ടില്ല,” അദ്ദേഹം മഹാപഞ്ചായത്തിൽ പാരിയോട് പറഞ്ഞു.