“പംഘെവാലെകളും (കാറ്റാടിമില്ല്), ബ്ലേഡ്‌വാലെകളും (സൗരോർജ പ്ലാന്റുകൾ) ഞങ്ങളുടെ ഓറനുകൾ അവരുടേതാക്കികഴിഞ്ഞു,” സൻവധ ഗ്രാമത്തിലെ സുമെർ സിങ് ഭാട്ടി പറയുന്നു. കർഷകനും ഇടയനുമായ അദ്ദേഹത്തിന്റെ വീട് ജയ്‌സാൽമീർ ജില്ലയിലെ ഡെഗ്രേ ഓറനിനോട് ചേർന്നാണ് സ്ഥിതിചെയ്യുന്നത്.
ഓറനുകൾ പവിത്രമായ ചെറുവനങ്ങളാണ്, എല്ലാവർക്കും ഒരുപോലെ പ്രാപ്യമായ നിരവധി വിഭവങ്ങളുടെ ഉറവിടമായും അവയെ കാണുന്നു. ഓരോ ഓറനിലും സമീപഗ്രാമങ്ങളിലുള്ളവർ ആരാധിക്കുന്ന ഒരു ദൈവികരൂപമുണ്ട്. ചുറ്റുമുള്ള പ്രദേശം ഈ ഗ്രാമീണർ സംരക്ഷിക്കുന്നു–- -അവർക്ക് മരങ്ങൾ മുറിക്കാൻ കഴിയില്ല, കടപുഴകിയ മരം മാത്രം വിറകായി എടുക്കാം, ഇവിടെ ഒന്നും നിർമ്മിക്കാൻ അനുമതിക്കില്ല, ജലാശയങ്ങളും പവിത്രമായി സംരക്ഷിക്കപ്പെടുന്നു.
“പക്ഷേ, അവർ (പുനഃരുപയോഗ ഊർജ്ജ കമ്പനികൾ) നൂറ്റാണ്ടുകൾ പഴക്കമുള്ള മരങ്ങൾ വെട്ടിമാറ്റുകയും പുൽമേടുകൾ പിഴുതെറിയുകയും ചെയ്യുന്നു. അവരെ തടയാൻ ആർക്കും കഴിയില്ലെന്നാണ് തോന്നുന്നത്” സുമർ സിങ് പറയുന്നു.
നൂറുകണക്കിന് ഗ്രാമങ്ങളിലെ നിവാസികൾ സുമർ സിംഗിന്റെ ഈ രോഷം പങ്കിടുന്നു. അവരുടെ സ്വന്തം ഓറനുകൾ പുനഃരുപയോഗ ഊർജ്ജ കമ്പനികൾ തട്ടിയെടുക്കുന്നുവെന്ന് അവർ മനസിലാക്കി. കഴിഞ്ഞ 15 വർഷത്തിനിടെ ഈ ജില്ലയിൽ മാത്രം ആയിരക്കണക്കിന് ഹെക്ടർ ഭൂമിയാണ് കാറ്റാടിമില്ലുകൾക്കും വേലി കെട്ടിത്തിരിച്ച സോളാർ ഫാമുകൾക്കും ഒപ്പം ഹൈ ടെൻഷൻ വൈദ്യുതി ലൈനുകൾക്കും മൈക്രോ ഗ്രിഡുകൾക്കും വേണ്ടി നൽകിയതെന്ന് അവർ പറയുന്നു. ജില്ലയിലെ പവർകട്ടിന് പരിഹാരമുണ്ടാക്കാനായിരുന്നു ഇത്. പക്ഷേ, ഇതെല്ലാം പ്രാദേശിക പരിസ്ഥിതിയെ തകർക്കുകയും ഈ വനങ്ങളെ ആശ്രയിക്കുന്നവരുടെ ഉപജീവനമാർഗം നശിപ്പിക്കുകയുമാണ് ചെയ്തത്.
“ഇപ്പോൾ മേച്ചിൽപ്പുറങ്ങളൊന്നും ബാക്കിയില്ല. പുല്ലുകളുടെ ലഭ്യത നേരത്തെതന്നെ (മാർച്ചിൽ) ഇല്ലാതായി. ഇപ്പോൾ ഞങ്ങളുടെ മൃഗങ്ങൾക്ക് കഴിക്കാനുള്ളത് കേർ, കേജ്‌റി മരങ്ങഴുടെ ഇലകൾമാത്രം. മതിയായ ഭക്ഷണം ലഭിക്കാത്തതിനാൽ അവ പാലും കുറച്ചേ തരുന്നുള്ളൂ. പ്രതിദിനം ലഭിക്കുമായിരുന്ന അഞ്ച് ലിറ്റർ രണ്ട് ലിറ്ററായി കുറഞ്ഞു,” ഇടയനായ ജോറ റാം പറഞ്ഞു.
പാതി വരണ്ട പുൽമേടുകൾ ചുറ്റുമുള്ള ജനസമൂഹത്തിന്റെ ക്ഷേമത്തിനുവേണ്ടികൂടിയുള്ളതാണ്–- കാലിത്തീറ്റ, മേച്ചിൽപ്പുറം, വെള്ളം, ഭക്ഷണം, വിറക് എന്നിവ നൽകുന്നത് ഈ ഓറനുകളാണ്.





























