'ആർക്കറിയാം, അടിയന്തിരാവസ്ഥ പുതിയ വേഷത്തിൽ തിരിച്ചുവരില്ലെന്ന്,
ഏകാധിപത്യത്തിനെ ജനാധിപത്യമെന്ന് പുനർനാമകരണം ചെയ്യില്ലെന്ന്’
വിമതസ്വരങ്ങളെ അടിച്ചമർത്തുകയും വിമതാഭിപ്രായം ഉയർത്തുന്നവരെ നിശ്ശബ്ദരാക്കുകയോ, തുറുങ്കിലടയ്ക്കുകയോ അതല്ലെങ്കിൽ രണ്ടും ചെയ്യുന്നാ ഇക്കാലത്ത്, ഒരു പ്രതിഷേധഗാനത്തിലെ ഈ വരികൾ വീണ്ടും സത്യമാവുകയാണ്. കർഷകരും കർഷകത്തൊഴിലാളികളും – കിസാനും മസ്ദൂറും – രാംലീലാ മതാനത്തിലേക്ക്, ചുവപ്പും, പച്ചയും മഞ്ഞയും നിറമുള്ള പതാകകളേന്തി മുന്നേറുമ്പോൾ.
പൊതുവേദിയായ എസ്.കെ.എമ്മിന്റെ (സംയുക്ത കിസാൻ മോർച്ചയുടെ) കീഴിയിൽ 2024 മാർച്ച് 14-ന് നടന്ന കിസാൻ മസ്ദൂർ പഞ്ചായത്തിൽ പങ്കെടുക്കാൻ, വിവിധ ഗ്രൂപ്പുകളിൽനിന്നും സംഘടനകളിൽനിന്നുമുള്ള – അതിൽ ബി.കെ.യു (ഭാരതീയ കിസാൻ യൂണിയൻ) എ.ഐ.കെ.കെ.എം.സ് (ഓൾ ഇന്ത്യ കിസാൻ ഖേത്ത് മസ്ദൂർ സംഘടൻ) കർഷകർ ചരിത്രപ്രസിദ്ധമായ മൈതാനത്ത് ഒത്തുകൂടി.
“ആ മൂന്ന് നിയമങ്ങൾ പിൻവലിച്ചതിനുശേഷം, സർക്കാർ ചില വാഗ്ദാനങ്ങൾ നൽകിയിരുന്നുവെങ്കിലും അതൊന്നും പാലിച്ചിട്ടില്ല. ഇനി അവർ ആ വാഗ്ദാനങ്ങൾ നിറവേറ്റിയേ തീരൂ.“അവരത് ചെയ്തില്ലെങ്കിൽ, ഞങ്ങൾ പൊരുതും, പോരാട്ടം തുടരും”, കാലൻ ഗ്രാമത്തിൽനിന്നുള്ള പ്രേമമതി എന്ന സ്ത്രീ പാരിയോട് പറഞ്ഞു. ഫാർമേഴ്‌സ് (എംപവർമെൻറ് ആൻഡ് പ്രൊട്ടക്‌ഷൻ) അഗ്രിമെൻറ് ഓൺ പ്രൈസ് അഷുവറൻസ് ആൻഡ് ഫാം സർവീസസ് ആക്ട്, 2020, ദി ഫാർമേഴ്‌സ് പ്രൊഡ്യൂസ് ട്രേഡ് ആൻഡ് കോമേഴ്‌സ് (പ്രൊമോഷൻ ആൻഡ് ഫെസിലിറ്റേഷൻ) ആക്ട്, 2020, എസ്സൻഷ്യൽ കമ്മോഡിറ്റീസ് (അമെൻഡ്മെന്റ്) ആക്ട്, 2020 എന്നീ നിയമങ്ങളെ ഉദ്ദേശിച്ചായിരുന്നു അവരത് പറഞ്ഞത്.
“മൂന്ന് വർഷം മുമ്പും പ്രതിഷേധത്തിന് ഞങ്ങൾ വന്നിരുന്നു”, അവർ കൂട്ടിച്ചേർത്തു. മഹാപഞ്ചയാത്തിൽ പങ്കെടുക്കാൻ ഉത്തർ പ്രദേശിലെ ഷാജഹാൻപുർ ജില്ലയിൽനിന്ന് വന്നെത്തിയ മൂന്ന് സ്ത്രീക്കർഷകരിലൊരാളായിരുന്നു അവർ. ഭാരതീയ കിസാൻ യൂണിയൻ (ബി.കെ.യു) എന്ന കർഷകഗ്രൂപ്പുമായി ബന്ധപ്പെട്ടവരായിരുന്നു ആ സ്ത്രീകൾ. “ഈ സർക്കാർ നിലനിൽക്കുന്നുണ്ടെങ്കിലും അവർ കർഷകരുടെ ജീവിതം തകർത്തു”, രോഷത്തോടെ അവർ പറഞ്ഞു.
പാരി സംസാരിച്ച എല്ലാ സ്ത്രീകളും, 4-5 ഏക്കറിൽ ജോലി ചെയ്യുന്ന ചെറുകിട കർഷകരായിരുന്നു. ഇന്ത്യയിലെ കാർഷികജോലികളുടെ 65 ശതമാനത്തിലധികവും ചെയ്യുന്നത് കർഷകസ്ത്രീകളും തൊഴിലാളികളുമാണ്. എന്നാൽ കേവലം 12 ശതമാനം സ്ത്രീകൾക്ക് മാത്രമാന് അവരുടെ സ്വന്തം പേരിൽ ഭൂമിയുള്ളത്.
















