അച്ഛനുമായി അവസാനം നടത്തിയ സംഭാഷണത്തെക്കുറിച്ചോർത്ത് ഇപ്പോഴും വിജയ് മരോട്ടർ പശ്ചാത്തപിക്കുന്നു.
ചുട്ടുപഴുത്ത ഒരു വേനൽ സായാഹ്നമായിരുന്നു അത്. യവത്‌മാൽ ജില്ലയിലെ അവരുടെ ഗ്രാമത്തിൽ പോക്കുവെയിൽ പതുക്കെ മായുന്നുണ്ടായിരുന്നു. വെളിച്ചം കുറഞ്ഞ കുടിലിൽ, അയാൾ തനിക്കും അച്ഛനും ഓരോ ഭക്ഷണപാത്രങ്ങൾ നിരത്തിവെച്ചു. മടക്കിയ രണ്ട് ചപ്പാത്തികളും ഇലക്കറിയും ഒരു പാത്രം ചോറും ഉണ്ടായിരുന്നു അതിൽ.
പക്ഷേ അച്ഛൻ ഘൻശ്യാം പാത്രത്തിലേക്ക് ഒന്ന് നോക്കിയതേയുള്ളു. അയാൾക്ക് ദേഷ്യം നിയന്ത്രിക്കാനായില്ല. സവാള ഇല്ലേ? 25 വയസ്സുള്ള വിജയിനെ സംബന്ധിച്ചിടത്തോളം ആ പ്രതികരണം ഒട്ടും ആനുപാതികമല്ലായിരുന്നുവെങ്കിലും ആ കാലത്ത് സാധാരണമായിരുന്നു. “കുറച്ചുകാലമായി അദ്ദേഹം മഹാ ശുണ്ഠിയിലായിരുന്നു”, മഹാരാഷ്ട്രയിലെ അക്പുരി ഗ്രാമത്തിലെ ഒറ്റമുറിക്കുടിലിന്റെ പുറത്ത് മുറ്റത്ത് ഒരു പ്ലാസ്റ്റിക്ക് കസേരയിലിരുന്ന് അയാൾ പറയുന്നു. “ചെറിയ കാര്യത്തിന് നിയന്ത്രണം വിടും”.
വിജയ് അടുക്കളയിലേക്ക് പോയി അച്ഛനുള്ള സവാള മുറിച്ച് കൊണ്ടുവന്നുവെങ്കിലും അവർ തമ്മിൽ അത്താഴത്തിനുശേഷം അസുഖകരമായ ഒരു തർക്കം പൊട്ടിപ്പുറപ്പെട്ടു. ഒട്ടും സന്തോഷമില്ലാതെയാണ് അന്ന് വിജയ് കിടക്കാൻ പോയത്. രാവിലെ അച്ഛനുമായി സംസാരിച്ച് രമ്യതയിലാവാം എന്ന് അയാൾ പ്രതീക്ഷിച്ചു.
എന്നാൽ ഘൻശ്യാമിന് അന്ന് രാത്രി പുലർന്നില്ല.
59 വയസ്സുള്ള ആ കർഷകൻ അന്ന് രാത്രി വിഷം കഴിച്ചു. വിജയ് എഴുന്നേൽക്കും മുമ്പേ അദ്ദേഹം പോയി. 2022 ഏപ്രിലിലായിരുന്നു അത്.









