2020 മാർച്ചിൽ കോവിഡ്-19 പൊട്ടിപ്പുറപ്പെട്ടതിനുശേഷം മഹാരാഷ്ട്രയിലെ ഉസ്മാനാബാദ് ജില്ലയിലെ അരുൺ ഗായക്വാഡിന്‍റെ പത്തേക്കർ നിലം ശൂന്യമായി. “മണിച്ചോളം, ചന [പൊട്ടുകടല], സവാള എന്നിവയൊക്കെ ഏകദേശം ആ സമയത്താണ് ഞങ്ങൾ വിളവെടുത്തത്”, ഉസ്മാനാബാദ് താലൂക്കിലെ മഹാലിംഗി താലൂക്കിലെ തന്‍റെ വീട്ടിൽവച്ച് അദ്ദേഹത്തിന്‍റെ ഭാര്യ 48 – കാരിയായ രാജശ്രീ പറഞ്ഞു.
ദേശവ്യാപകമായ ലോക്ക്ഡൗൺ മൂലം വിപണികളൊക്കെ അടച്ചിരിക്കുന്നു. “ഞങ്ങൾക്ക് വിളശേഖരം മണ്ഡിയിലെത്തിക്കാൻ സാധിക്കുന്നില്ല. അതുകൊണ്ട് എല്ലാ വിളകളും ഞങ്ങളുടെ കൺമുന്നിൽത്തന്നെ കിടന്ന് നശിച്ചു പോയി”, രാജശ്രീ പറഞ്ഞു.
52-കാരനായ അരുണും രാജശ്രീയും 10 ക്വിന്‍റൽ മണിച്ചോളവും 100 ക്വിന്‍റൽ സവാളയും 15 ക്വിന്‍റൽ പൊട്ടുകടലയും വിളവെടുത്തു. ആ സമയത്ത് ക്വിന്‍റലിന് മിനിമം താങ്ങുവില 2,550 രൂപയായിരുന്നു. പൊട്ടുകടലയ്ക്ക് ഇത് 4,800 രൂപയായിരുന്നു. സവാള ക്വിന്‍റലിന് 1,300 രൂപയ്ക്കാണ് വിറ്റത്. അക്കാരണത്താൽ ദമ്പതികൾക്ക് നഷ്ടം വന്നത് കുറഞ്ഞത് 227,500 രൂപയാണ് - വിത്ത്, വളം, കീടനാശിനി, കൃഷിയിറക്കാൻ വേണ്ട മറ്റു ചിലവുകൾ എന്നീ ഇനങ്ങളിലുള്ളവ കൂട്ടാതെ.
കൂടാതെ വിളകൾ കൃഷിചെയ്യാനായി മണിക്കൂറുകളോളം അവർ പണിയെടുത്തിട്ടുണ്ടെന്നും രാജശ്രീ കൂട്ടിച്ചേർത്തു. കോവിഡ് പ്രതിസന്ധിക്ക് തൊട്ടുമുമ്പ് അദ്ദേഹം ഒരു ട്രാക്ടർ വാങ്ങിയിരുന്നു. അതിന്‍റെ വില പ്രതിമാസം 15,000 രൂപ വീതം തവണകളായി അടക്കുക ബുദ്ധിമുട്ടായിത്തീർന്നു. ഞങ്ങൾക്ക് ബാങ്കിൽ നിന്നും നോട്ടീസ് കിട്ടാൻ തുടങ്ങി.”
പക്ഷേ 2020-ലെ ഖരീഫ് സീസണിൽ (ജൂലൈ- ഒക്ടോബർ) നഷ്ടം നികത്താമെന്ന് അരുൺ പ്രതീക്ഷിച്ചു. കോവിഡ്-19 ഒന്നാം തരംഗത്തിന് ജൂലൈയോടെ കുറവ് വന്നു. കേസുകളുടെ എണ്ണം കുറയാനും തുടങ്ങി. ഏറ്റവും മോശം അവസ്ഥ നീങ്ങിയെന്ന് അദ്ദേഹം വിചാരിച്ചു. "സാധാരണ അവസ്ഥയിലേക്ക് പെട്ടെന്ന് മടങ്ങുമെന്നും വിനാശകരമായ അവസ്ഥ അവസാനിച്ചുവെന്നും ഞങ്ങൾ വിചാരിച്ചു. സമ്പദ്‌വ്യവസ്ഥ പതിയെ തുറക്കുകയായിരുന്നു”, അരുണിന്‍റെ മുപ്പതുകാരനായ മരുമകൻ പ്രദീപ് ധവലെ പറഞ്ഞു.
കഴിഞ്ഞവർഷം അരുണും രാജശ്രീയും അവരുടെ കൃഷിയിടത്തിൽ സോയാബീൻ നട്ടു. പക്ഷെ കഴിഞ്ഞ വർഷം ഒക്ടോബറിൽ ഉസ്മാനാബാദിലുടനീളം വിളവെടുപ്പിന്‍റെ സമയത്തുണ്ടായ അസമയത്തുള്ള മഴ സോയാബീൻ കൃഷി നശിപ്പിച്ചു. "ഞങ്ങളുടെ കൃഷി ഭൂമി മുഴുവൻ പ്രളയത്തിലായി”, രാജശ്രീ പറഞ്ഞു. "വിളവുകൾ ഒന്നും സംരക്ഷിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. ഞങ്ങൾക്കുണ്ടായ നഷ്ടം എത്രയെന്ന് അദ്ദേഹം എന്നോട് പറഞ്ഞിട്ടില്ല. മിക്കവാറും അദ്ദേഹത്തിന് എന്‍റെ ഉത്കണ്ഠ വർദ്ധിപ്പിക്കണമെന്ന് ഇല്ലായിരിക്കും.” പത്തു ലക്ഷത്തിനടുത്താണ് (കഴിഞ്ഞ നാലഞ്ച് വർഷങ്ങൾ കൊണ്ട് ഉണ്ടാക്കിയത്) തങ്ങളുടെ നഷ്ടമെന്ന് തന്നോടദ്ദേഹം പറഞ്ഞതായി അവർ ഓർക്കുന്നു.







