“പട്ടയമുള്ള ഉടമസ്ഥർക്ക് ലഭിക്കുന്നതിൽനിന്ന് വ്യത്യസ്തമായ നഷ്‌ടപരിഹാരം ഞങ്ങൾക്ക് നൽകുന്നത് എന്തുകൊണ്ടാണ്?”, ഗുണ്ടൂർ ജില്ലയിലെ റായപുഡി ഗ്രാമത്തിലെ ഒരേക്കറിൽത്താഴെമാത്രം ഭൂമിയുള്ള 55-കാരനായ ദളിത് കർഷകൻ തുരാക ബാബുറാവു ചോദിക്കുന്നു. 4800 മാത്രം ജനസംഖ്യയുള്ള ഗ്രാമമാണ് റായപുഡി. ലോകോത്തര തലസ്ഥാനമായ "അമരാവതി' നിർമിക്കുന്നതിന് ആന്ധ്രപ്രദേശ് സർക്കാർ ഭൂമിയേറ്റെടുക്കുന്ന കർഷകർക്ക് നൽകുന്ന നഷ്‌ടപരിഹാരത്തെപ്പറ്റിയാണ് അദ്ദേഹം സംസാരിക്കുന്നത്. “കൃഷ്ണാ നദിയോട് അടുത്തായതിനാൽ അവരുടെ പട്ടയഭൂമിയേക്കാൾ ഫലഭൂയിഷ്‌ഠമാണ് ഞങ്ങളുടെ ഭൂമി.” അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടുതലും പട്ടികജാതി (എസ്.സി.), മറ്റ് പിന്നാക്കജാതി (ഒ.ബി.സി.)വിഭാഗത്തിൽപ്പെടുന്ന 800-ഓളം കർഷകരോടൊപ്പം ബാബുറാവുവും റായപ്പുഡിയിലെ അസ്സൈൻഡ് ലാൻഡ് ഫാർമേഴ്സ് വെൽഫെയർ അസോസിയേഷനിൽ അംഗമാണ്. 1973-ലെ ആന്ധ്രാപ്രദേശ് ലാൻഡ് റിഫോംസ് (സീലിംഗ്സ് ഓൺ ആഗ്രിക്കൾച്ചറൽ ഹോൾഡിംഗ്സ്) ആക്ട്പ്രകാരം സംസ്ഥാനം ഭൂമി വിതരണം നടത്തിയപ്പോൾ, ഈ കർഷകർക്ക് 2,000 ഏക്കർ (അവരുടെതന്നെ കണക്കുപ്രകാരം) കൃഷ്ണാനദിയുടേയും അതിന്റെ ദ്വീപുകളുടേയും തീരങ്ങളിലായി ‘ഭാഗിച്ച്’കൊടുത്തു. ഈ പ്ലോട്ടുകൾ കിട്ടിയവരിൽ അധികവും ദളിത്, ഒ.ബി.സി. വിഭാഗങ്ങളിൽപ്പെട്ടവരായിരുന്നു.
“മൂന്ന് തലമുറകളായി ഈ മണ്ണിൽ കൃഷിചെയ്യുന്നവരാണ് ഞങ്ങൾ. ഈ രാജ്യം സ്വാതന്ത്ര്യം നേടുന്നതിനും മുമ്പേ. പട്ടയം നൽകി ഇന്ദിര ഗാന്ധി ഈ ഭൂമിയുടെ മേൽ ഞങ്ങൾക്ക് അധികാരം നൽകിയിരുന്നു” -ബാബുറാവു പറഞ്ഞു. 1977-ലെ ആന്ധ്രാപ്രദേശ് അസൈൻഡ് ലാൻഡ്സ് (കൈമാറ്റം തടയൽ) നിയമംപ്രകാരം ഈ സ്ഥലം വിൽക്കുവാനോ വാങ്ങുവാനോ കഴിയില്ല. മറിച്ച് ഒരു കുടുംബാംഗത്തിൽനിന്ന് മറ്റൊരാളിലേക്ക് കൈമാറ്റം ചെയ്യുവാൻ മാത്രമേ സാധിക്കൂ.
എന്നാൽ തങ്ങളുടെ തലസ്ഥാന നഗരിയുടെ നിർമാണത്തിന്റെ ഒന്നാംഘട്ടത്തിന്റെ ഭാഗമായി സർക്കാർ 33,000 ഏക്കർ ഭൂമി ഏറ്റെടുക്കുകയാണ്. ഇതിൽ 10,000 ഏക്കർ പുറത്തേക്ക് കൈമാറ്റം ചെയ്യാൻ കഴിയാത്ത അസൈൻഡ് ഭൂമിയാണെന്ന് പ്രാദേശിക ആക്‌ടിവിസ്റ്റുകൾ പറയുന്നു. ബാക്കിയുള്ളവ ഉന്നതജാതിക്കാരായ കമ്മ, കപു, റെഡ്ഡി കർഷകരുടെ പട്ടയഭൂമിയാണ്.









