“അടച്ചുപൂട്ടൽ ഞങ്ങളെ തകർത്തുകളഞ്ഞു”, അബ്ദുൽ മജീദ് ഭട്ട് പറഞ്ഞു. “എന്‍റെ കടയിലേക്ക് അവസാനമായി ഒരു കസ്റ്റമർ വന്നത് മാർച്ചിലാണ്”.
ജൂൺ മാസത്തോടെ അടച്ചുപൂട്ടലിന് അയവ് വന്നിട്ടുപോലും, തുകൽസാധനങ്ങളും പ്രാദേശികമായ കരകൗശലവസ്തുക്കളും വിൽക്കുന്ന ഭട്ടിന്‍റെ ശ്രീനഗറിലെ ദാൽ തടാകത്തിലെ മൂന്ന് കടകളിലേക്ക് ഇപ്പോഴും ആളുകളെത്തുന്നില്ല. 2019 ഓഗസ്റ്റ് 5-ന് ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ കശ്മീരിൽ ആരംഭിച്ച അവസാനമില്ലാത്ത മാന്ദ്യം ഇപ്പോൾ ഒരുവർഷം പിന്നിട്ടിരിക്കുന്നു.
ഭട്ടിനെപ്പോലെ നിരവധിയാളുകളുടെ ആശ്രയമായ ഈ കച്ചവടങ്ങളെ ഈ രണ്ട് അടച്ചുപൂട്ടലുകളും രണ്ടും ഗുരുതരമായി ബാധിച്ചിരിക്കുന്നു.
“ആദ്യത്തെ ആ ഏഴ് മാസത്തെ അടച്ചുപൂട്ടൽ കഴിഞ്ഞ് വിനോദസഞ്ചാരകാലം ആരംഭിച്ചപ്പോഴാണ് കൊറോണയുടെ അടച്ചുപൂട്ടൽ വന്നത്”, ആദരണീയനായ നേതാവും, ദാൽ തടാകം സ്ഥിതി ചെയ്യുന്ന ബടപോര കലാം പ്രദേശത്തെ താമസക്കാരനുമായ 62 വയസ്സുള്ള ഭട്ട് പറഞ്ഞു. അദ്ദേഹത്തിന്‍റെ കണക്കുപ്രകാരം ഏകദേശം 70 അംഗങ്ങളുള്ള ലേക്ക്‌സൈഡ് ടൂറിസ്റ്റ് ട്രേഡേഴ്സ് അസോസിയേഷന്‍റെ പ്രസിഡന്‍റ് കൂടിയാണ് ഭട്ട്.
തടാകത്തിന്‍റെ വിനോദസഞ്ചാര സമ്പദ്‌വ്യവസ്ഥയെ ആശ്രയിച്ച് ജീവിക്കുന്ന നിരവധിയാളുകൾ ഭട്ടിന്‍റെ ഈ അഭിപ്രായത്തെ ശരിവെക്കുന്നുണ്ട് – മഞ്ഞനിറമുള്ള ടാക്സി ബോട്ടുകൾ ഓടിക്കുന്ന ശിക്കാരവാലകളും, വഴിയോര വാണിഭക്കാരും, കടയുടമകളും എല്ലാം. ടൂറിസ്റ്റ് ലഘുലേഖകളിലുള്ള വർണ്ണാഭമായ അവസ്ഥയല്ല, അവരെ സംബന്ധിച്ചിടത്തോളം ഈ കഴിഞ്ഞുപോയ 12 മാസങ്ങൾ. (കാണുക Srinagar's shikaras: still waters run deep losses )
അവരിൽ ഒരാൾ ഹഫ്സ ഭട്ടാണ്. നെഹ്രു പാർക്കിൽനിന്നുള്ള 27 വയസ്സായ ഹഫ്സ ഒരു ചെറിയ വ്യാപാരം തുടങ്ങിയത്, കൊറോണയുടെ അടച്ചുപൂട്ടൽ ആരംഭിക്കുന്നതിന് തൊട്ടുമുൻപായിരുന്നു. ജമ്മു-കശ്മീർ സംരഭക വികസന ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് (Jammu and Kashmir Entrepreneurship Development Institute) 24 ദിവസത്തെ പരിശീലനം കഴിഞ്ഞിറങ്ങിയ, അദ്ധ്യാപികകൂടിയായ ഹഫ്സയ്ക്ക് ഇൻസ്റ്റിട്യൂറ്റിൽനിന്ന് കുറഞ്ഞ പലിശയ്ക്ക് 4 ലക്ഷം രൂപ ലഭിച്ചിരുന്നു. “ഞാൻ വസ്ത്രങ്ങളും തുണികളും വാങ്ങി. സ്റ്റോക്കിന്‍റെ 10-20 ശതമാനം വിറ്റുകഴിഞ്ഞപ്പോഴാണ് അടച്ചുപൂട്ടൽ ആരംഭിച്ചത്. ഇപ്പോൾ അടവുകൾ തീർക്കാൻ ബുദ്ധിമുട്ടുകയാണ്”, അവർ പറഞ്ഞു.











