“ഞങ്ങൾ ഈ 58 ഒട്ടകങ്ങളെ പിടിച്ചെടുത്തിട്ടില്ല” എന്നാണ് അമരാവതി ജില്ലയിലെ തലേഗാംവ് ദശാസർ പൊലീസ് സ്റ്റേഷനിൽ ഇൻസ്പെക്ടറുടെ ചുമതലയുള്ള അജയ് അകാരെ ഉറപ്പിച്ച് പറയുന്നത്. “ഒട്ടകങ്ങളോടുള്ള ക്രൂരതയ്ക്കെതിരെ ചുമത്താനുള്ള വ്യക്തമായ നിയമമൊന്നും മഹാരാഷ്ട്രയിൽ ഇല്ലാത്തതിനാൽ ഞങ്ങൾക്കതിനുള്ള അധികാരവുമില്ല”.
“ഒട്ടകങ്ങളെ തടഞ്ഞുവെച്ചിരിക്കുകയാണ്”. അദ്ദേഹം പറഞ്ഞു.
അമരാവതിയിലെ ഒരു ജുഡീഷ്യൽ മജിസ്ട്രേറ്റിന്‍റെ ഇടപെടലില്ലായിരുന്നെങ്കിൽ അവയുടെ പരിപാലകരും ഇപ്പോൾ അകത്തായേനേ. ആ അഞ്ചുപേരും അർദ്ധ-നാടോടി ഇടയന്മാരാണ്. നാലുപേർ റബാരി സമുദായത്തിലുള്ളവർ. ഒരാൾ ഫകിറാനി ജാട്ട് സമുദായത്തിലും. ഗുജറാത്തിലെ കച്ച് സ്വദേശികളാണിവർ. തലമുറകളും നൂറ്റാണ്ടുകളുമായി ഒട്ടകങ്ങളെ മേയ്ക്കുന്ന പരമ്പരാഗത സാമൂഹികവിഭാഗങ്ങളില്‍ പെടുന്നവരാണ് അവർ അഞ്ചുപേരും. ‘മൃഗസംരക്ഷക പ്രവർത്തകർ എന്ന് സ്വയം പ്രഖ്യാപിക്കുന്ന ചിലരുടെ പരാതിയിൽ അറസ്റ്റുചെയ്യപ്പെട്ട അവർക്ക് മജിസ്ട്രേറ്റ് നിരുപാധികമായി ഉടനടി ജാമ്യം അനുവദിക്കുകയായിരുന്നു.
“ഒട്ടകങ്ങളെ വാങ്ങിയതിനും കൈവശം വെച്ചതിനും മതിയായ രേഖകളോ താമസസ്ഥലം തെളിയിക്കുന്ന കടലാസ്സുകളോ കുറ്റമാരോപിക്കപ്പെട്ടവരുടെ കൈയ്യിൽ ഉണ്ടായിരുന്നില്ല’ എന്ന് അകാരെ പറയുന്നു അതിനെത്തുടർന്ന് ആ ഇടയന്മാർക്ക്, തങ്ങളുടെ ഒട്ടകങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡുകളും, അതിന്‍റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകളും സമർപ്പിക്കേണ്ടിവന്ന കൗതുകകരമായ സംഭവവും കോടതിയിൽ നടന്നു. ആ ഇടയരുടെ ബന്ധുക്കളും രണ്ട് അർദ്ധ-നാടോടി സംഘങ്ങളിലെ മറ്റ് അംഗങ്ങളും ചേർന്ന് അയച്ചുകൊടുക്കുകയായിരുന്നു ആ രേഖകൾ.
തങ്ങളുടെ പരിപാലകരില്ലാതെ ആ ഒട്ടകങ്ങൾ ഇപ്പോൾ ഒരു ഗോരക്ഷാ കേന്ദ്രത്തിൽ നരകിക്കുകയാണ്. അവയെ എങ്ങിനെ പരിപാലിക്കണമെന്നോ എന്ത് ഭക്ഷണം കൊടുക്കണമെന്നോ ഒരു ധാരണയുമില്ലാത്ത ഒരുകൂട്ടം ആളുകളുടെ മേൽനോട്ടത്തിൽ. അയവിറക്കുന്ന മൃഗങ്ങളാണെങ്കിലും പശുക്കളും ഒട്ടകങ്ങളും ശീലിച്ച ഭക്ഷണമുറകൾ വ്യത്യസ്തമാണ്. മാത്രമല്ല, കേസ് നീണ്ടുപോയാൽ ആ ഒട്ടകങ്ങളുടെ സ്ഥിതിയും മോശമാവാൻ ഇടയുണ്ട്.




















