“ഞാനും എന്റെ കുഞ്ഞും ജീവനോടെയുണ്ടാവുമോ എന്ന് ആ ഉച്ചയ്ക്ക് എനിക്ക് തീർച്ചയുണ്ടായിരുന്നില്ല. വെള്ളപ്പോക്ക് തുടങ്ങിയിരുന്നു. പരിസരത്തൊന്നും ഒരു ആശുപത്രിയോ ആരോഗ്യപ്രവർത്തകയോ ഉണ്ടായിരുന്നില്ല. സിംലയിലേക്ക് പോവുന്ന ഒരു ജീപ്പിനകത്ത് പ്രസവവേദനയിലായിരുന്നു ഞാൻ. കാത്തിരിക്കാൻ സമയമുണ്ടായിരുന്നില്ല. അവിടെവെച്ചുതന്നെ ഞാൻ പ്രസവിച്ചു. ഒരു ബൊലേറോ വണ്ടിയുടെ ഉള്ളിൽവെച്ച്”. ആറുമാസത്തിനുശേഷം 2022 ഏപ്രിലിൽ ഈ റിപ്പോർട്ടർ അവരെ കാണുമ്പോൾ, മടിയിൽ തന്റെ കുഞ്ഞിനെയുമിരുത്തി, അനുരാധ മെഹ്തോ (യഥാർത്ഥ പേരല്ല) ആ ദിവസത്തെക്കുറിച്ച് വ്യക്തമായി ഓർത്തെടുത്തു.
“വൈകീട്ട് മൂന്നുമണിയായിരുന്നു. വെള്ളപ്പോക്ക് തുടങ്ങിയയുടൻ എന്റെ ഭർത്താവ് ആശാപ്രവർത്തകയായ ചേച്ചിയെ വിളിച്ചു. 15-20 മിനിറ്റിനുള്ളിൽ അവരെത്തി. അവർ ആംബുലൻസ് വിളിക്കുന്നത് എനിക്കോർമ്മയുണ്ട്. നല്ല മഴയുള്ള ദിവസമായിരുന്നു. 10 മിനിറ്റിനുള്ളിൽ വരാമെന്ന് ആംബുലൻസുകാർ പറഞ്ഞു. പക്ഷേ ഞങ്ങളുടെ സ്ഥലത്തെത്താൻ ചുരുങ്ങിയത് ഒരു മണിക്കൂറെങ്കിലുമെടുക്കുമെന്ന് എനിക്കറിയാമായിരുന്നു. മുപ്പതുകളിലേക്കെത്താൻ തുടങ്ങുന്ന അനുരാധ പറയുന്നു. മഴക്കാലത്ത് റോഡുവഴിയുള്ള യാത്ര വളരെ അപകടം പിടിച്ചതായിരുന്നു.
കുടിയേറ്റത്തൊഴിലാളിയായ ഭർത്താവിനും, മൂന്ന് മക്കളോടുമൊപ്പം, ഹിമാചൽ പ്രദേശിലെ കോട്ടി ഗ്രാമത്തിലെ മലമ്പ്രദേശത്തുള്ള ഒരു കൂരയിലായിരുന്നു അവൾ താമസിച്ചിരുന്നത്. ബിഹാറിലെ ഭഗൽപുർ ജില്ലയിലുള്ള ഗോപാൽപുർ സ്വദേശികളാണ് അവർ.
ഭർത്താവിനോടൊപ്പം ജീവിക്കാൻ, സിംല ജില്ലയിലെ മഷോർബ ബ്ലോക്കിലുള്ള കോട്ടിയിലേക്ക് അനുരാധ എത്തിയത് 2020-ലാണ്. “സാമ്പത്തികബുദ്ധിമുട്ടുകൾകൊണ്ടാണ് ബിഹാറിലെ ഗ്രാമത്തിൽനിന്ന് ഞങ്ങൾക്ക് ഇങ്ങോട്ടേക്ക് വരേണ്ടിവന്നത്. രണ്ട് സ്ഥലത്തും വാടക കൊടുക്കാൻ ബുദ്ധിമുട്ടായിരുന്നു. അനുരാധയുടെ 38 വയസ്സുള്ള ഭർത്താവ് റാം മെഹ്തോ (യഥാർത്ഥപേരല്ല), ഒരു നിർമ്മാണസ്ഥലത്ത് കൽപ്പണിക്കാരനായി ജോലിയെടുക്കുന്നു. തൊഴിലിടങ്ങൾ ഇടയ്ക്കിടയ്ക്ക് മാറിക്കൊണ്ടിരിക്കും. ഇപ്പോഴത്തെ പണിസ്ഥലം, അവരുടെ തകരക്കൂരയുടെ തൊട്ടുമുൻപിലായിട്ടാണ്.
സാധാരണ ദിവസങ്ങളിൽപ്പോലും വീട്ടിലേക്ക് ആംബുലൻസെത്താൻ ബുദ്ധിമുട്ടാണ്. 30 കിലോമീറ്റർ അകലെയുള്ള ജില്ലാ തലസ്ഥാനമായ സിംലയിലെ കമലാ നെഹ്രു ഹോസ്പിറ്റലിൽനിന്നാണെങ്കിൽ, ആംബുലൻസെത്താൻ ഒന്നരമണിക്കൂറോ, രണ്ടുമണിക്കൂറോ എടുക്കും. മഴയും മഞ്ഞുമുള്ള ദിവസങ്ങളിലാണെങ്കിൽ അതിലിരട്ടിയും.










