ട്രെയിന്‍ ദാദർ സ്റ്റേഷനോട് അടുക്കുമ്പോഴേക്കും തുള്‍ഷി ഭഗത് തന്‍റെ പ്ലാശിലകളുടെ രണ്ട് കെട്ടുകളുമായി തയ്യാറായി നില്‍ക്കും. വണ്ടി ഓടിക്കൊണ്ടിരിക്കെത്തന്നെ 35 കിലോ വീതം ഭാരമുള്ള ആ ഭാണ്ഡങ്ങൾ അവള്‍ സ്റ്റേഷനിലേക്കെറിയും. “ട്രെയിന്‍ നിര്‍ത്തുന്നതിന് മുന്‍പ് ലോഡ് എറിഞ്ഞില്ലെങ്കിൽ കയറാനുള്ള ആളുകളുടെ തിരക്കിനിടയില്‍ക്കൂടി ഈ ഭാരവുമായി ഇറങ്ങാന്‍ ഞങ്ങൾ പ്രയാസപ്പെടും,” അവള്‍ പറയുന്നു.

ട്രെയിന്‍ ഇറങ്ങിക്കഴിഞ്ഞ ഉടനെ തുള്‍ഷി തന്‍റെ കെട്ട് വീണ ഇടത്തേക്ക് ചെല്ലും. അതില്‍നിന്നും ഒരെണ്ണമെടുത്ത് ആള്‍ക്കൂട്ടത്തിനിടയിലൂടെ സ്റ്റേഷന് വെളിയിലെ തെരുവിലുള്ള പൂ മാര്‍ക്കറ്റിലേക്ക് നടക്കും. സ്ഥിരം സ്ഥലത്ത് ആ ഭാണ്ഡം ഇറക്കിയശേഷം പ്ലാറ്റ്ഫോമിലേക്ക് തിരികെ പോയി രണ്ടാമത്തെ ഭാണ്ഡവുമെടുത്ത് അവള്‍ ഈ നടത്തം അവര്‍ത്തിക്കുന്നു. “ഒരു സമയത്ത് ഒരു കെട്ടേ എനിക്ക് തലയിൽ താങ്ങാനാവൂ,” അവള്‍ പറയുന്നു. ഇങ്ങനെ രണ്ട് കെട്ടുകളും പൂ മാര്‍ക്കറ്റില്‍ എത്തിക്കാൻ അവള്‍ക്ക് 30 മിനുട്ടുകൾ വേണം.

32 മണിക്കൂർ തുടര്‍ച്ചയായി നീണ്ടുകിടക്കുന്ന തുള്‍ഷിയുടെ പ്രവര്‍ത്തി ദിവസങ്ങളുടെ ഒരു ഭാഗം മാത്രമാണിത്. ഈ സമയങ്ങളില്‍ 70 കിലോ ഭാരവുമായി 200 കി.മീ അവള്‍ സഞ്ചരിക്കുന്നു. 32 മണിക്കൂർ നീളുന്ന ഈ യജ്ഞത്തിനൊടുവില്‍ അവൾ സമ്പാദിക്കുന്നതാകട്ടെ, 400 രൂപയും.

Tulshi collecting palash leaves
PHOTO • Paresh Bhujbal
Tulshi making bundles out of the palash leaves
PHOTO • Paresh Bhujbal

മുര്‍ബിചപാഡയിലെ തന്‍റെ വീട്ടിനടുത്തുള്ള വനത്തിൽനിന്നും എട്ട് മണിക്കൂറുകള്‍ നീണ്ട പലാഷ് ശേഖരണത്തിലേര്‍പ്പെട്ടിരിക്കുന്ന തുള്‍ഷി, തിരികെ വീട്ടില്‍ എത്തിയശേഷം ഇലകൾ വൃത്തിയായി കെട്ടുകളാക്കുന്നു

അവളുടെ ഈ നീണ്ട പ്രവൃത്തിദിനം ആരംഭിക്കുന്നത്, മുംബൈ നഗരത്തിന് വടക്ക് താനെ ജില്ലയിലെ മുര്‍ബിചപാഡയിലെ, തന്‍റെ വീടിനടുത്തുള്ള വനപ്രദേശനങ്ങളില്‍നിന്നും രാവിലെ 7 മണിക്ക് പ്ലാശിലകൾ ശേഖരിച്ചുകൊണ്ടാണ്. 3 മണിക്ക് തിരിച്ച് വീട്ടിലെത്തുന്ന അവൾ കുട്ടികള്‍ക്കുള്ള അത്താഴം (“സമയമുണ്ടെങ്കിലേ ഞാന്‍ കഴിക്കൂ, എനിക്ക് ബസ് നഷ്ട്ടപ്പെടുത്താന്‍ കഴിയില്ല” ) തയ്യാറാക്കി, ഇലകളെല്ലാം വൃത്തിയുള്ള ഭാണ്ഡങ്ങളാക്കി തന്‍റെ കുഗ്രാമത്തിൽനിന്ന് 19 കിലോമീറ്ററകലെയുള്ള അസന്‍ഗാവ് സ്റ്റേഷനിലേക്കുള്ള ബസ് കയറും (ബസ് കിട്ടിയില്ലെങ്കിൽ ഷെയർ ചെയ്യുന്ന ടെമ്പോയിൽ). ഏകദേശം 8.30 ആകുമ്പോഴേക്കും അവൾ സെന്‍ട്രൽ ലെയിൻ ട്രെയിനിൽ യാത്ര തുടങ്ങിയിരിക്കും.

രണ്ട് മണിക്കൂറുകൾക്കുശേഷം, അസന്‍ഗാവിൽനിന്ന് 75 കി.മീ അകലെയുള്ള  ദക്ഷിണ-മധ്യ മുംബൈയിലെ ദാദർ സ്റ്റേഷനിലായിരിക്കും അവള്‍. താനെ, പാൽഘർ ജില്ലകളിലെ കുഗ്രാമങ്ങളിൽനിന്നുള്ള സ്ത്രീകള്‍ക്കിടയിൽ. തെരുവിലെ തന്‍റെ സ്ഥിരം സ്ഥലത്തവൾ എത്തുമ്പോൾ സമയം രാത്രി 11 മണിയായിട്ടുണ്ടാവും.

അവിടെയെത്തി ഇലകൾ ചെറുകെട്ടുകളായി കൂട്ടികെട്ടിക്കഴിഞ്ഞുള്ള നീണ്ട കാത്തിരിപ്പിനിടയില്‍ അവൾ ഒന്ന് വിശ്രമിക്കും. പുലര്‍ച്ചെ 4 മണിയോടെ അവളുടെ ഇടപാടുകാര്‍ വന്നുതുടങ്ങും – പ്രധാനമായും പൂക്കൾ, കുല്‍ഫി, ഭേല്‍ എന്നിവ വില്‍ക്കുന്നവരായിരിക്കും അവർ. പൊതിയും പാത്രവുമൊക്കെയായി ഈ പ്ലാശിലകളാണ് അവര്‍ ഉപയോഗിക്കുന്നത്. 80 ഇലകളുടെ ഒരു കെട്ട് 5 രൂപയ്ക്കോ അതിലും കുറഞ്ഞ വിലയ്ക്കോ ആണ് അവള്‍ വില്‍ക്കുന്നത്. രാവിലെ 11 മണിക്ക് അവസാനത്തെ ഇടപാടും തീര്‍ത്തശേഷം മുര്‍ബിചപാഡയിലേക്കുള്ള ട്രെയിൻ കയറുന്ന തുള്‍ഷി വൈകുന്നേരം 3 മണിയോടെ തിരികെ വീട്ടിലെത്തും.

മാസം 15 തവണയുള്ള  ഈ 32 മണിക്കൂർ ഓട്ടം കൊണ്ട് തുള്‍ഷി സമ്പാദിക്കുന്നത് 6,000 രൂപയാണ്. അതില്‍ 60 രൂപ, ബസ്, ടെമ്പോ, ട്രെയിൻ യാത്രയ്ക്കായി ഓരോ തവണയും ചെലവാകുന്നു.

Tulshi adjusting the load of palash leaves
PHOTO • Jyoti
Tulshi making bundles beside the road
PHOTO • Jyoti

ട്രെയിനില്‍നിന്നും അകത്തേക്കും പുറത്തേക്കും 35 കിലോ ഭാണ്ഡങ്ങളുമായി നീങ്ങുന്നത് ഒരു ദിനചര്യയാണ്; ദാദർ പൂമാര്‍ക്കറ്റിൽ (വലത്ത്) ഇല കെട്ടുന്ന തുള്‍ഷി

ചില ദിവസങ്ങളില്‍ മഴ പെയ്തിട്ടുണ്ടെങ്കിൽ അവൾ ഇലകളുമായി തന്‍റെ കുഗ്രാമത്തില്‍നിന്ന് 44 കി.മീ അകലെയുള്ള ദശായ് ഗ്രാമത്തിലെ ചന്തയിലേക്ക് പോകും. അവിടെയാകട്ടെ, ആവശ്യക്കാർ വളരെ ചുരുക്കമേ കാണൂ. 32 മണിക്കൂർ നീളുന്ന ഈ ജോലിയുടെ അവസാനം ഒരു ചെറിയ ഇടവേളയെടുത്ത് അവള്‍ തന്‍റെ വീടിനടുത്തുള്ള തോട്ടങ്ങളിൽനിന്ന് മുളക്, വഴുതന തുടങ്ങിയ പച്ചക്കറികൾ പറിക്കുകയും ചെയ്യുന്നു.

വര്‍ഷകാലത്ത് മിക്കവാറും അവളുടെ പണി തോട്ടങ്ങളിലായിരിക്കും. ഒരു  വര്‍ഷത്തെ ശരാശരി കണക്കെടുത്താൽ, 300 രൂപ ദിവസവേതനത്തിൽ മാസത്തിൽ 10 ദിവസം തോട്ടപ്പണി കാണും. “ദാദര്‍ മാർക്കറ്റിൽ മഴക്കാലത്ത് ഇരിക്കാന്‍ പറ്റില്ല. മൊത്തം നനഞ്ഞിട്ടുണ്ടാവും,” അവൾ പറയുന്നു. “അതുകൊണ്ട് ജൂണ്‍ മുതൽ സെപ്റ്റംബർവരെ ഞാന്‍ അവിടെ പോകാറില്ല.”

200 കുടുംബങ്ങളുള്ള മുര്‍ബിചപാഡയിലെയും പരിസരഗ്രാമങ്ങളിലെയും മുപ്പതോളം സ്ത്രീകള്‍ പ്ലാശിലകൾ ശേഖരിച്ച് വില്‍ക്കുന്നുണ്ട്. വേപ്പില, കുരുവില്ലാ പഴങ്ങള്‍, പുളി എന്നിങ്ങനെ പലതരത്തിലുള്ള വനവിഭവങ്ങളും ഇതിന്‍റെ കൂടെ അവർ ദാദറിലെയോ ഷഹാപൂരിലെയോ ചന്തകളിൽ വിൽക്കും. ഈ ഗ്രാമങ്ങളില്‍ ബഹുഭൂരിപക്ഷവും കല്‍പ്പണിക്കാരും തൊഴിലാളികളും മീന്‍പിടുത്തക്കാരുമാണ്.

ഇപ്പോള്‍ 36 വയസ്സുള്ള തുള്‍ഷി 15 വയസ്സിലാണ്പ്ലാശിലകൾ ശേഖരിക്കാൻ തുടങ്ങിയത്. തന്‍റെ അമ്മയും സഹോദരിയും ഈ പണി ചെയ്യുന്നത് കണ്ട് അവരെ സഹായിച്ചുകൊണ്ടായിരുന്നു തുടക്കം. “ഞാന്‍ സ്കൂളിൽ പോയിട്ടില്ല. ഇതാണെന്‍റെ വിദ്യാഭ്യാസം. എന്‍റെ അമ്മ ജീവിതകാലം മുഴുവന്‍ ചെയ്ത പണി ഞാൻ കണ്ടുപഠിക്കുകയായിരുന്നു.,” അവൾ പറയുന്നു.

Tulshi holding a photo frame with her deceased husband’s photograph
PHOTO • Paresh Bhujbal

തുള്‍ഷിയ്ക്ക് 28 വയസ്സുള്ളപ്പോഴാണ് ഭര്‍ത്താവ് സന്തോഷ് മരിക്കുന്നത്; അന്ന് മുതല്‍ അവൾ ഒറ്റയ്ക്കാണ് കുട്ടികളെ വളര്‍ത്തുന്നത്

20 വര്‍ഷം മുന്‍പാണ് ദാദറിലേക്കുള്ള ദൂരയാത്ര തുള്‍ഷി തുടങ്ങുന്നത്. “അന്നെനിക്ക് എത്ര വയസ്സുണ്ടെന്ന് ഓര്‍മ്മയില്ല. അമ്മയുടെ കൂടെയായിരുന്നു പോയത്. വലിയ ഭാണ്ഡം ചുമക്കാന്‍ പറ്റാത്തതുകൊണ്ട് ഭക്ഷണവും അരിവാളും കരുതിയിരുന്ന ബാഗായിരുന്നു ഞാന്‍ ചുമന്നിരുന്നത്,” അവൾ ഓര്‍ക്കുന്നു. “അതിനുമുന്‍പ് ഞാൻ ബസ്സിൽ മാത്രമേ യാത്ര ചെയ്തിട്ടുള്ളൂ. ട്രെയിനിലെ പെണ്ണുങ്ങള്‍ ഞങ്ങളെപ്പോലെയല്ലായിരുന്നു. ദാദര്‍ സ്റ്റേഷനിൽ എല്ലായിടത്തും ആളുകളാണ്. ഇതെന്തൊരു ലോകമെന്ന് ആലോചിച്ച് ഞാന്‍ അത്ഭുതപ്പെട്ടു. പേടിച്ചിട്ട് ശ്വാസം മുട്ടുന്നതുപോലെ തോന്നി എനിക്ക്. ആ ആള്‍ക്കൂട്ടത്തിനിടയിലൂടെ നീങ്ങാനാവാതെ അമ്മയുടെ സാരിയുടെ തലപ്പ് പിടിച്ചുകൊണ്ട് നടന്നു. വഴിയേ ഇതൊക്കെയെനിക്ക് ശീലമായി.”

17 വയസ്സിൽ കല്യാണം കഴിഞ്ഞശേഷമാണ് തുള്‍ഷി മുര്‍ബിചപാഡയിലേക്ക് വരുന്നത്; ഒരു കിലോമീറ്റർ അപ്പുറത്തുള്ള അവകല്‍വാഡി ഗ്രാമത്തിലായിരുന്നു, കര്‍ഷകത്തൊഴിലാളികളായ, അവളുടെ മാതാപിതാക്കൾ താമസിച്ചിരുന്നത്. 1971-72 കാലത്തെ ബട്സ ജലസേചനപദ്ധതി കാരണം പലായനം ചെയ്ത 97 മാ താക്കുർ കുടുംബത്തില്‍പ്പെട്ടവരായിരുന്നു അവളുടെ ഭർത്താവിന്റെ മാതാപിതാക്കൾ. ( 'Many families just vanished ' കാണുക )

2010-ല്‍ തുള്‍ഷിയ്ക്ക് ഏകദേശം 28 വയസ്സുള്ളപ്പോഴാണ് ഭര്‍ത്താവ് സന്തോഷ് അസുഖം ബാധിച്ച് മരിക്കുന്നത് – പൈല്‍സ് ആയിരുന്നുവെന്ന്‍ അവള്‍ പറയുന്നു. മൂര്‍ബിചപാഡയിൽ പ്രാഥമിക ആരോഗ്യകേന്ദ്രമില്ല. 21 കി.മീ അകലെയാണ് ഏറ്റവും അടുത്ത സര്‍ക്കാർ ആശുപത്രി. ഏതെങ്കിലും തരത്തിലുള്ള ചികിത്സ നേടാന്‍ അയാൾ ഒരുക്കവുമായിരുന്നില്ല. “മാനസികമായും സാമ്പത്തികമായും അദ്ദേഹം വലിയ തുണയായിരുന്നു,” അവള്‍ പറയുന്നു. അദ്ദേഹം പോയശേഷം നോക്കാൻ ആരുമുണ്ടായിരുന്നില്ല. എന്നാല്‍ അദ്ദേഹത്തിന്‍റെ മരണശേഷം നിസ്സഹായയായി തളര്‍ന്നിരിക്കാൻ ഞാന്‍ ഒരുക്കമായിരുന്നില്ല. ഒറ്റയ്ക്കായ സ്ത്രീ ശക്തയായിരിക്കണം. അല്ലെങ്കില്‍ എന്തായിരിക്കും സംഭവിക്കുക?”

തുള്‍ഷിയ്ക്ക് ഒറ്റയ്ക്ക് അവളുടെ നാല് മക്കളെ വളര്‍ത്തണമായിരുന്നു. പാതി മനസ്സോടെയാണ്, ജോലിയ്ക്ക് പോകുമ്പോൾ പാഡയിലെ ഭര്‍ത്താവിന്‍റെ അനിയന്‍റെ (ഭര്‍ത്താവിന്‍റെ മാതാപിതാക്കൾ നേരത്തെ മരിച്ചിരുന്നു) വീട്ടിൽ കുട്ടികളെ ഏല്‍പ്പിക്കുന്നത്.

“അപൂര്‍വ്വമായേ അമ്മയെ വീട്ടിൽ കാണാറുള്ളൂ. അവരിതുവരെ ക്ഷീണിച്ചതായോ ഒരു ദിവസം അവധി എടുത്തതയോ കണ്ടിട്ടില്ല. എങ്ങനെയാണവര്‍ ഇത് ചെയ്യുന്നതെന്നോര്‍ത്ത് ഞങ്ങൾ അത്ഭുതപ്പെടാറുണ്ട്,” തുള്‍ഷിയുടെ മൂത്തമകൾ 16 വയസ്സുള്ള മുന്നി പറയുന്നു. മുന്നി പത്താം ക്ലാസ്സിലാണ്. “എനിക്ക് നഴ്സാവണം,” അവൾ പറയുന്നു. തുള്‍ഷിയുടെ ഇളയ മകള്‍ എട്ടാം ക്ലാസ്സിലും മകൻ മഹേന്ദ്രൻ ആറാം ക്ലാസ്സിലുമാണ്.

മൂത്ത മകന്‍ കാശിനാഥ്, 18 , ഷഹാപൂരിലെ ദോല്‍ക്കാമ്പ് ഗ്രാമത്തിലുള്ള പുതിയ ഇംഗ്ലിഷ് മീഡിയം സ്കൂളില്‍ പതിനൊന്നാം ക്ളാസ്സിൽ പഠിക്കുകയാണ്. അവന്‍ അവിടെ ഹോസ്റ്റലിലാണ് താമസം. “പഠിച്ച് നല്ല ശമ്പളമുള്ള ജോലി എനിക്ക് നേടണം,” അവൻ പറയുന്നു. 2,000 രൂപയാണ് സ്കൂളിലെ വാര്‍ഷികഫീസ്. അതിന്‍റെ കൂടെ വര്‍ഷത്തിൽ രണ്ടുതവണ പരീക്ഷ ഫീസ് ഇനത്തില്‍ 300 രൂപയും അടയ്ക്കണം. “കാശിനാഥിനുള്ള ഫീസ് മാത്രമേ എനിക്ക് ഫീസ് അടയ്ക്കേണ്ടതുള്ളൂ. ബാക്കി കുട്ടികള്‍ ജില്ലാ പരിഷത്ത് സ്കൂളിലാണ്. മുര്‍ബിചപാഡയിൽനിന്നും 2 കി.മീ അകലെ സാരംഗ്പുരിയില്‍,” തുള്‍ഷി പറയുന്നു. “അവരുടെ പഠനച്ചിലവോര്‍ത്ത് എനിക്ക് ആധിയാണ്. പക്ഷേ എന്‍റെ കുട്ടികള്‍ക്ക് എനിക്ക് നല്ല വിദ്യാഭ്യാസം കൊടുക്കണം. ഈ അവസ്ഥയില്‍നിന്നുള്ള ഏക രക്ഷാമാര്‍ഗ്ഗമാണത്.”

Tulshi cooking at home
PHOTO • Jyoti
Tulshi with her children Kashinath (top row left), Munni (2nd row), Geeta (3rd row left) and Kashinath (3rd row right), sitting in the doorway of their house
PHOTO • Jyoti

തുള്‍ഷി കുട്ടികള്‍ക്കു ഭക്ഷണം പാകം ചെയ്യാൻ സമയം കണ്ടെത്താറുണ്ട് – കാശിനാഥും (മുകളില്‍, ഇടത്ത്), മുന്നിയും  (രണ്ടാം നിരയില്‍), ഗീതയും മഹേന്ദ്രനും (മൂന്നാം നിരയില്‍) തുള്‍ഷിയ്ക്കൊപ്പം

2011 ഇന്ദിര ആവാസ് യോജന പ്രകാരം ലഭിച്ച വീട്ടിലിരുന്ന് ഞങ്ങളോടു സംസാരിക്കുമ്പോള്‍ത്തന്നെ അരിവാളും ഇല പറിച്ചിടാനുള്ള പഴയ സാരികളുമടങ്ങിയ തന്‍റെ തുണിസഞ്ചിയുമെടുത്ത് അടുത്ത ഇല നുള്ളലിന് തയ്യാറെടുക്കുകയായിരുന്നു തുള്‍ഷി.

അന്നും വൈകീട്ട് 8:30 ആയപ്പോഴേക്കും ദാദറിലേക്കുള്ള തന്‍റെ 2 മണിക്കൂർ ട്രെയിൻ യാത്ര അവൾ ആരംഭിച്ചു. പതിവുപോലെ ഇലകളുടെ ചെറുകെട്ടുകളുണ്ടാക്കിക്കൊണ്ട് അവൾ പൂ മാര്‍ക്കറ്റിലെ തന്‍റെ സ്ഥിരം സ്ഥലത്തെ ഇരുട്ടിലിരുന്നു. തെരുവുവിളക്കുകള്‍ കത്താത്തതിനാൽ മതിയായ വെളിച്ചം കിട്ടാതിരുന്ന ആ റോഡിന്, നിരന്തരം കടന്നുപോകുന്ന വാഹനങ്ങളുടെ വെളിച്ചം ഒരു അനുഗ്രഹമായിരുന്നു. “ഞങ്ങള്‍ (സ്ത്രീകള്‍) (പ്രധാന മാര്‍ക്കറ്റിൽനിന്നും മാറി വെളിച്ചമുള്ളിടത്താണ് ഇരിക്കാറ്. രാത്രി മാര്‍ക്കറ്റിനകത്ത് ഞങ്ങള്‍ക്ക് ഒരു സുരക്ഷിതത്വവുമില്ല,” അവൾ പറയുന്നു. “കാറിന്‍റെയും ആള്‍ക്കൂട്ടത്തിന്‍റെയും തിരക്കും പുകയും മണവും കാരണം ഇവിടെ എനിക്ക് സുഖം തോന്നാറില്ല. ഞങ്ങളുടെ പാഡ ചെറുതാണെങ്കിലും തുറസ്സായ ഒരു സ്ഥലം പോലെയാണ്, വീടുപോലെയാണ് എനിക്കത് തോന്നാറുള്ളത്. പക്ഷേ കാശില്ലാതെ ഞങ്ങൾ അവിടെയെങ്ങനെ കാര്യങ്ങൾ നോക്കും? അതുകൊണ്ടാണ് ഞങ്ങൾ ഇഴഞ്ഞുവലിഞ്ഞ് ഈ നഗരത്തിലെത്തുന്നത്.”

ദാദര്‍ മാര്‍ക്കറ്റിൽ തന്‍റെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം രാത്രി തങ്ങുന്ന ദിവസങ്ങളില്‍ തുള്‍ഷി 7 രൂപയ്ക്ക് ഒരു ചായ വാങ്ങും. ചില സമയം അവള്‍ വീട്ടിൽനിന്നും കൊണ്ടുവന്ന ബക്രിയോ, ബാജിയോ, കൂട്ടുകാരുടെ ടിഫിനില്‍ നിന്നെന്തെങ്കിലുമോ കഴിച്ചെന്നിരിക്കും. പിറ്റേന്ന് ഇലയെല്ലാം വിറ്റുതീരുംവരെ അവർ കാത്തിരിക്കും. “ഈ ലോഡെല്ലാം കൂടി എനിക്ക് തിരിച്ച് വീട്ടിലേക്ക് കൊണ്ടുപോകാന്‍ കഴിയില്ല,” അവൾ പറയുന്നു.

പിന്നീട് വീണ്ടും അസന്‍ഗാംവിലേക്കുള്ള രണ്ട് മണിക്കൂർ ട്രെയിന്‍ യാത്ര. “ഞങ്ങളുടേത്, ഒരുമിച്ച് യാത്രയും ജോലിയും ചെയ്യുന്ന, നാല് സ്ത്രീകളുടെ ഒരു സംഘമാണ്. യാത്രയ്ക്കിടയില്‍ ഞങ്ങൾ വീട്ടുകാര്യങ്ങളും ഭാവിപരിപാടികളുമൊക്കെ സംസാരിക്കും,” തുള്‍ഷി പറയുന്നു. “പക്ഷേ അത് അധികം നീളാറില്ല. ക്ഷീണം കാരണം ഞങ്ങള്‍ ഉറങ്ങിപ്പോകാറാണ് പതിവ്.”

പരിഭാഷ: ശ്രീജിത്ത് സുഗതൻ

ಜ್ಯೋತಿ ಪೀಪಲ್ಸ್ ಆರ್ಕೈವ್ ಆಫ್ ರೂರಲ್ ಇಂಡಿಯಾದ ಹಿರಿಯ ವರದಿಗಾರರು; ಅವರು ಈ ಹಿಂದೆ ‘ಮಿ ಮರಾಠಿ’ ಮತ್ತು ‘ಮಹಾರಾಷ್ಟ್ರ1’ನಂತಹ ಸುದ್ದಿ ವಾಹಿನಿಗಳೊಂದಿಗೆ ಕೆಲಸ ಮಾಡಿದ್ದಾರೆ.

Other stories by Jyoti
Translator : Sreejith Sugathan

Sreejith Sugathan is a post graduate in Mass communication and journalism from Thunchathezhuthachan Malayalam University, Tirur, Kerala. Currently he is working as the Head of the Content Creation Team of an edTech platform called Wise Talkies.

Other stories by Sreejith Sugathan