കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചുള്ള പാരിയുടെ പരമ്പരയുടെ ഭാഗമായ ഈ ലേഖനം പരിസ്ഥിതി റിപ്പോര്‍ട്ടിംഗ് വിഭാഗത്തില്‍ 2019-ലെ രാംനാഥ് ഗോയങ്കെ പുരസ്കാരത്തിന് അര്‍ഹമായിട്ടുണ്ട്.

' സിക്കിമിൽ 300 ഹിമാലയൻ യാക്കുകൾ പട്ടിണികിടന്നു ചത്തു'

'വടക്കൻ സിക്കിമിൽ മഞ്ഞിൽ കുടുങ്ങിയ 300 യാക്കുകൾ പട്ടിണിമൂലം ചത്തു'

'മഞ്ഞുരുകിയപ്പോൾ വെളിപ്പെട്ടതു സിക്കിമിലെ യാക്ക്‌ ദുരന്തം'

ഈ വർഷം മെയ് 12-ലെ ആ വാർത്തകൾ എന്നെ വല്ലാതെയുലച്ചു. ഒരു ഫോട്ടോജേർണലിസ്റ്റ് എന്ന നിലയിൽ ഹിമാലയത്തിലേക്കുള്ള എന്‍റെ യാത്രകളിൽ നിന്ന് യാക്കുകളെ വളർത്തുന്ന നാടോടികളായ ഇടയന്മാർ അവയെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്ന് എനിക്കറിയാം. ആ ബൃഹത്തായ പർവ്വതനിരകളുടെ  പ്രധാന ഭാഗങ്ങളിലുടനീളം ഉയർന്നപ്രദേശങ്ങളിലുള്ള ഇടയന്മാരുടെ ജീവനോപാധിയാണു യാക്കുകൾ. നാടോടികളായ ഈ ഇടയന്മാർ വേനൽക്കാലത്തിനും ശൈത്യകാലത്തിന്നുമുള്ള നിശ്ചിത മേച്ചിൽപ്പുറങ്ങൾക്കിടയിൽ കന്നുകാലികളുടെ ഋതുക്കൾക്ക് അനുസരിച്ചുള്ള നീക്കങ്ങൾക്ക് നേതൃത്വം നല്കുന്നു. അവരുടെ മുഖ്യ വരുമാനമാർഗ്ഗവും, ശീതകാലത്ത്‌  ഒരു ഭക്ഷ്യസ്രോതസുമാണ്‌ യാക്കുകൾ.

അത്തരം തലകെട്ടുകളുള്ള ലേഖനങ്ങളിൽ ചിലതു യാക്കുകളുടെ മരണത്തെ ആഗോളതാപനവുമായി ബന്ധപ്പെടുത്തി. കരുത്തുറ്റ ആ മൃഗങ്ങൾക്ക് ഇത്തരത്തിൽ ഒരു ആഘാതം നേരിടേണ്ടി വരുമ്പോൾ, സ്വാഭാവികമായും അവയെ വളർത്തുന്നവരും പ്രതിസന്ധിയിലാവും എന്നതു വളരെ വ്യക്തമാണ്. ആ മൃഗങ്ങളും അവയുടെ ഇടയന്മാരും ഏതു സ്ഥിതിയിലാണ് എന്നറിയാൻ ഞാൻ ലഡാക്കിലെ ഹാൻലെ വാലിയിലെ ചാങ്‌പ കുടുംബങ്ങളെ വീണ്ടും സന്ദർശിക്കാൻ തീരുമാനിച്ചു.

ഇന്ത്യയിലെ ചാങ്താങ് - ടിബറ്റൻ പീഠഭൂമിയുടെ പശ്ചിമഭാഗം - പ്രദേശത്തുള്ള ചാങ്‌പകൾ കശ്മീർ കമ്പിളിയുടെ മികച്ച ഉൽപാദകരുടെ മുൻ നിരയിലുള്ളവരാണ്. അവർ യാക്കുകളെ വളർത്തുന്നുമുണ്ട്. ലേ  ജില്ലയിലെ ന്യോമാ ബ്ലോക്കിലെ ഹാൻലെ വാലി - ഡിഖ്, ഖാർലൂഗ്, മാക്, റാഖ്, യുൽപ – എന്നിങ്ങനെ നിരവധി ചാങ്‌പ ഇടയക്കൂട്ടങ്ങളുടെ സ്വദേശമാണ്. അവരിൽ ഒരു പക്ഷെ ഡിഖ്, റാക്ക് എന്നിവരാണ് ഏറ്റവും മികച്ച യാക്ക് പരിപാലകർ.

“ഞങ്ങൾക്ക് ധാരാളം യാക്കുകളെ നഷ്ടപ്പെടുന്നു,” ഹാൻലെയിലെ വിദഗ്ദ്ധനായ ഡിഖ്  യാക്ക് പരിപാലകനായ  ജാംപാൽ സെറിംഗ് (35) പറഞ്ഞു. “ഇപ്പോൾ, ഇവിടെ [ഉയർന്ന പർവതങ്ങളിലെ] കാലാവസ്ഥ പ്രവചനാതീതമാണ്. ” ഹാൻലെയിലെ ഇന്ത്യൻ ജ്യോതിശാസ്ത്ര നിരീക്ഷണാലയത്തിൽ ജോലി ചെയ്യുന്ന താഴ്‌വരയിലെ ഖാൽഡോ ഗ്രാമത്തിലെ സോനം ഡോർജി മുഖാന്തരം ആണ് ഞാൻ സെറിംഗിനെ കണ്ടത്. 14,000 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന തക്നാക്പോ മേച്ചിൽ മൈതാനത്തുള്ള തന്‍റെ വിശാലമായ ഘറിൽ ഇരുന്നാണ് സെറിംഗ് ഞങ്ങളോട് സംസാരിച്ചത്. ലഡാക്കി ഭാഷയിൽ സൈനിക കൂടാരത്തെയാണ് ഘർ എന്ന് പറയുന്നത്.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഭൂട്ടാൻ, ഇന്ത്യ, നേപ്പാൾ എന്നിവിടങ്ങളിലെ യാക്കുകളുടെ എണ്ണം  കുറയുന്നതായി, 2019 മെയ് മാസത്തിൽ സിക്കിമിൽ ഉണ്ടായ ദുരന്തത്തിന് മൂന്ന് വർഷം മുമ്പ് തന്നെ നേപ്പാൾ ആസ്ഥാനമായുള്ള ഇൻറ്റർനാഷണൽ സെൻറ്റർ ഫോർ ഇൻറ്റഗ്രേറ്റഡ് മൗണ്ടെൻ ഡവലപ്മെൻറ് പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തിൽ പറഞ്ഞിരുന്നു. ഇന്ത്യയിലെ യാക്കുകളുടെ സംഖ്യ “1977-ൽ 132,000 ഉണ്ടായിരുന്നത് 1997-ൽ 51,000" ആയി കുറഞ്ഞതായി ഗവേഷകർ കണ്ടെത്തിയിരുന്നു.” വെറും മൂന്ന് ദശകത്തിനുള്ളിൽ 60 ശതമാനത്തിലധികം കുറവ്.

പ്രാദേശിക മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പിന്‍റെ കണക്കുകൾ കാണിക്കുന്നത് ലേ ജില്ലയിലെ യാക്കുകളുടെ എണ്ണം 1991-ൽ 30,000-ൽ നിന്ന് 2010 ആയപ്പോൾ 13,000 ആയി കുറഞ്ഞു എന്നാണ്. അതായത് രണ്ട് ദശകത്തിനിടെ കുത്തനെ ഇടിഞ്ഞത് 57 ശതമാനം.  പ്രാദേശിക കണക്കുകൾ ഉന്നതങ്ങളിലെ 'ഔദ്യോഗിക’ കണക്കുകളിൽ നിന്ന് വ്യത്യസ്‌തമാണ് എന്ന്  തോന്നുന്നു - ഇത് പ്രകാരം 2012-ൽ ജില്ലയിലെ യാക്കുകളുടെ എണ്ണം 18,877 ആയിരുന്നു. (ഇപ്രകാരം നോക്കിയാലും  21 വർഷം കൊണ്ട് 37 ശതമാനം കുത്തനെ ഇടിഞ്ഞു.)

PHOTO • Ritayan Mukherjee

ലഡാക്കിലെ ഹാൻലെ വാലിയിലെ ഉയരത്തിലുള്ള ഒരു മേച്ചിൽപ്പുറത്ത് പൂർണ വളർച്ചയെത്തിയ ഒരു ഹിമാലയൻ യാക്ക് - നൂറ്റാണ്ടുകളായി ഈ മൃഗം നാടോടികളായ ചാങ്‌പ ഇടയന്മാരുടെ  ഒരു ജീവിതമാർഗമാണ്

ഡിഖ് സെറ്റിൽമെൻറ്റിൽ എത്തിപ്പെടുക എന്നത് അത്ര എളുപ്പമല്ലായിരുന്നു. ഇവരുടെ മേച്ചിൽപ്പുറങ്ങൾ മറ്റു ഇടയകൂട്ടങ്ങളെ അപേക്ഷിച്ചു ഉയരത്തിലാണ് . കൂടാതെ അവർ കൂടാരമിട്ടിരിക്കുന്ന ചില പ്രദേശങ്ങൾ ഇന്ത്യ-ചൈന അതിർത്തിയോട് ചേർന്നാണ് . സാധാരണക്കാർക്ക് പ്രവേശനമില്ലാത്ത സ്ഥലങ്ങൾ. അതൊരു വസന്തകാലമായതു കൊണ്ട് സോനം ദോർജിയുടെ സഹായത്തോടെ എനിക്ക് അവിടെ എത്തിച്ചേരാനായി.

"യാക്കുകൾ അത്ഭുതമുളവാക്കുന്ന ജീവികൾ ആണ്,” ജാംപാൽ സെറിംഗ് പറഞ്ഞു. “യാക്കുകൾക്ക് മഞ്ഞുള്ള കാലാവസ്ഥ ശീലമായിരുന്നു. മൈനസ് 35 മുതൽ മൈനസ് 40 ഡിഗ്രി സെൽഷ്യസ് വരെയുള്ള താപനില അവർ അതിജീവിക്കും. പക്ഷെ താപനില 12/ 13 ഡിഗ്രിയിലേക്ക് ഉയരുന്നത് അവർക്കു ബുദ്ധിമുട്ടാണ്. കഠിനമായ ശൈത്യകാലത്ത് ഇവയുടെ ചയാപചയം [മെറ്റബോളിസം] മന്ദഗതിയിൽ ആകുന്നതിനാൽ ശരീരത്തിന്‍റെ ചൂട് സംരക്ഷിച്ചു ശൈത്യത്തെ അതിജീവിക്കാൻ അവയ്ക്കു കഴിയും. എന്നാൽ കാലാവസ്ഥയിലെ ഏറ്റക്കുറച്ചിലുകൾ യാക്കുകളെ കുഴപ്പത്തിലാക്കിയിരിക്കുകയാണ്."

ഹാൻലെ താഴ്‌വരയിലെ കുറച്ചു വനിതാ യാക്ക് ഉടമസ്ഥരിൽ ഒരാളായ സിറിങ് ചോൻചുമ്മിനെ ഞാൻ ഡിഖ്  സെറ്റിൽമെൻറ്റിൽ നിന്നും ഏകദേശം 40 കിലോമീറ്ററുകൾ അകലെയുള്ള കാലാ പരി (കറുത്തപർവതം) എന്ന സ്ഥലത്തു കണ്ടുമുട്ടി. “പണ്ട് കാലത്തേക്കാൾ ചൂടായതിനാൽ, ചെമ്മരിയാടുകളുടെയും പാഷ്മിന [മൃദുവായ കശ്മീർ കമ്പിളി] ആടുകളുടെയും യാക്കുകളുടെയും ശരീരത്തിൽ പഴയപോലെ ഇടതൂർന്ന രോമവളർച്ച ഇല്ല. ഇപ്പോൾ വളരെ വിരളവും നേരിയതുമായ വളർച്ചയാണ് ഉള്ളത്," അവർ പറഞ്ഞു. "യാക്കുകൾ വളരെ ക്ഷീണിച്ചിരിക്കുന്നു. തളർന്ന യാക്കുകൾ എന്നാൽ ഞങ്ങളുടെ ഉൽപാദനക്ഷമത കുറഞ്ഞു എന്നാണ് അർത്ഥം. പാൽ കുറയുമ്പോൾ വരുമാനവും കുറയുന്നു. കഴിഞ്ഞ അഞ്ചുവർഷങ്ങളിൽ യാക്കുകളിൽ നിന്നുള്ള ഞങ്ങളുടെ വരുമാനം ഗണ്യമായി കുറഞ്ഞു. ” റാഖ് ഇടയക്കൂട്ടത്തിൽ നിന്നുള്ള ഒരു നാടോടി ഇടയസ്ത്രീയാണ് ചോൻചും. സ്വതന്ത്രഗവേഷകരുടെ പഠനങ്ങൾ കാണിക്കുന്നത്  2012-ൽ ഇവിടുത്തെ ഒരു ഇടയകുടുംബത്തിന്‍റെ എല്ലാ മേഖലയിൽ നിന്നുമുള്ള ശരാശരി വരുമാനം പ്രതിമാസം ഏകദേശം 8,500 രൂപയായിരുന്നു എന്നാണ്.

ഇടയന്മാരുടെ വരുമാനത്തിന്‍റെ ഒരു മുഖ്യഘടകമാണ്  യാക്കുകളുടെ പാൽ. ഇതു യാക്കുകളെ വളർത്തുന്നതിലൂടെ ലഭിക്കുന്ന മൊത്തവരുമാനത്തിന്‍റെ 60 ശതമാനം വരും. ചാങ്‌പകളുടെ ബാക്കി വരുമാനം ഖുലൂ (യാക്കിന്‍റെ രോമം), കമ്പിളി എന്നിവയിൽ നിന്നാണ്. അതിനാൽ യാക്കുകളുടെ എണ്ണം കുറയുകയും പാൽ ഉൽപാദനം കുറയുകയും ചെയ്തതോടെ അവരുടെ വരുമാനത്തിന് കനത്തപ്രഹരമാണ് ഏറ്റത്. ഈ മാറ്റങ്ങളെല്ലാം യാക്കുകളുമായി ബന്ധപ്പെട്ട സമ്പദ്‌വ്യവസ്ഥയെ വളരെയധികം സമ്മർദ്ദത്തിലാക്കുന്നവയാണ്.

“കൃത്യസമയത്ത് മഴയോ മഞ്ഞുവീഴ്ചയോ ഇല്ല,” സിറിങ് ചോൻചും പറഞ്ഞു. "അതിനാൽ മലകളിൽ ആവശ്യത്തിന് പുല്ലില്ല. ഇക്കാരണത്താൽ, ഇവിടെ വരുന്ന [ഇടയ] നാടോടികളുടെ എണ്ണം കുറഞ്ഞു. ഈ കാലാവസ്ഥമാറ്റങ്ങളും പുല്ലിന്‍റെ ദൗർലഭ്യവും അനുബന്ധപ്രശ്നങ്ങളും കാരണം അവർ [അവിടെയുണ്ടായിരുന്ന 290 ഇടയകുടുംബങ്ങൾ ] ഏകദേശം 40 ശതമാനമായി കുറഞ്ഞുവെന്ന് ഞാൻ പറയും".

"എന്‍റെ മകൻ പ്രാദേശിക വാനനിരീക്ഷണ കേന്ദ്രത്തിൽ ജോലി ചെയ്യുന്നു എന്നത് എനിക്ക് ഒരല്പം ആശ്വാസം നൽകുന്നു. ചാങ്‌പ കുടുംബങ്ങളിൽ നിന്നുള്ള നിരവധി ചെറുപ്പക്കാർ, ബോർഡർ റോഡ്‌സ് ഓർഗനൈസേഷനോ ജനറൽ റിസർവ് എഞ്ചിനീയർ ഫോഴ്‌സിനോ വേണ്ടി റോഡ് നിർമാണ പദ്ധതികളിൽ ദിവസവേതന തൊഴിലാളികളായി ജോലിചെയ്യാൻ തുടങ്ങിയിരിക്കുന്നു. പലരും ജോലിതേടി മറ്റിടങ്ങളിലേക്ക് കുടിയേറി പോയി".

പ്രാദേശിക വാനനിരീക്ഷണകേന്ദ്രത്തിൽ ജോലിചെയ്യുന്ന ആ മകനാണ്  സോനം ദോർജി.  അദ്ദേഹമാണ് ഈ യാത്ര വിജയകരമായി പൂർത്തിയാക്കാൻ എന്നെ സഹായിച്ചത്. പർവതങ്ങളിലെ മാറ്റങ്ങളെക്കുറിച്ച്  സസൂക്ഷ്മം സ്വയം നിരീക്ഷിക്കുന്നയാളാണ് സോനം.

PHOTO • Ritayan Mukherjee

"കാലാവസ്ഥയിൽ നിരവധിമാറ്റങ്ങൾ വന്നിട്ടുണ്ട്. എനിക്ക് 15 വയസ്സുള്ളപ്പോൾ ഇവിടെ കൂടുതൽ തണുപ്പുണ്ടായിരുന്നു ...  മൈനസ് 35 സെൽഷ്യസ് വരെ താഴാറുണ്ട് എന്നാണ് അറിയാവുന്നവർ പറയുന്നത്."

“കാലാവസ്ഥയിൽ നിരവധി മാറ്റങ്ങൾ വന്നിട്ടുണ്ട്," അദ്ദേഹം പറഞ്ഞു . “എനിക്ക് 15 വയസ്സുള്ളപ്പോൾ (എനിക്ക് ഇപ്പോൾ 43 വയസ്സുണ്ട്, അതായത് ഞാൻ ഏകദേശം 30 വർഷം മുൻപുള്ള കാര്യമാണ് പറയുന്നത്), ഇവിടെ കൂടുതൽ തണുപ്പ് ഉണ്ടായിരുന്നു. അന്ന് ഞാൻ സ്വയം താപനില അളന്നിട്ടില്ല, പക്ഷേ മൈനസ് 35 സെൽഷ്യസ് വരെ താഴാറുണ്ട് എന്നാണ് അറിയാവുന്നവർ പറയുന്നു.  അതിനാൽ ആളുകളുടെ വസ്ത്രങ്ങൾ അത്തരം കഠിനമായ തണുപ്പ് നേരിടാൻ പാകത്തിനുള്ളവയായിരുന്നു.  ഇപ്പോൾ അവർ ധരിക്കുന്നതു പോലെയുള്ള സിന്തെറ്റിക് തുണികൊണ്ടുള്ള  ജാക്കറ്റുകൾ അല്ലായിരുന്നു. അവർ ധരിച്ചിരുന്ന തൊപ്പികൾ, വസ്ത്രങ്ങൾ എല്ലാം തന്നെ പാഷ്മിന ആടുകളുടെ കമ്പിളിയിൽ നെയ്തതായിരുന്നു. പ്രാദേശികമായി ലഭിച്ചിരുന്ന തുണിത്തരങ്ങളിൽ നിന്നായിരുന്നു പാദരക്ഷകൾ നിർമ്മിച്ചിരുന്നത്. കാൽമുട്ട് വരെ അവയെ കെട്ടിഉറപ്പിക്കാൻ വള്ളികൾ ഉണ്ടായിരുന്നു. അവയുടെ അടിഭാഗത്ത് ഉള്ളിൽ യാക്കിന്‍റെ പരത്തിയ ചർമ്മം കുറച്ചു ഉണ്ടായിരുന്നു. ഇപ്പോൾ നിങ്ങൾക്ക് അത്തരത്തിലുള്ള ചെരിപ്പുകൾ എവിടെയും കാണാൻ കഴിയില്ല.

ഒരു താപനം നടന്നു കൊണ്ടിരിക്കുന്നതായി ഗവേഷകരായ തുണ്ടുപ്പ്  ആംഗ്‌മോയും എസ്. എൻ. മിശ്രയും ഹിമാലയത്തിന്‍റെ പടിഞ്ഞാറൻ മേഖലയിലെ ലഡാക്കിലും ലഹൗളിലും സ്പിതിയിലും കാലാവസ്ഥാ വ്യതിയാനം ഉണ്ടാക്കുന്ന പ്രഭാവത്തെക്കുറിച്ചുള്ള തങ്ങളുടെ 2016-ലെ പ്രബന്ധത്തിൽ  വിവരിച്ചിരുന്നു. കാലാവസ്ഥാവകുപ്പിൽ നിന്ന് (ലേയിലെ എയർഫോഴ്സ് സ്റ്റേഷൻ) ലഭിച്ച വിവരങ്ങൾ വ്യക്തമാക്കുന്നത് ലേയിലെ കുറഞ്ഞ താപനില വർദ്ധിക്കുന്ന പ്രവണത കണ്ടുവരുന്നു എന്നാണ്.  കഴിഞ്ഞ 35 വർഷങ്ങൾക്കിടയിൽ എല്ലാ ശൈത്യകാലത്തും 1 ഡിഗ്രി സെൽഷ്യസും വേനൽക്കാലത്ത് 0.5 ഡിഗ്രി സെൽഷ്യസും വർദ്ധനവ് ഉണ്ടായി എന്നാണ് കണ്ടത്. നവംബർ മുതൽ മാർച്ച് വരെ  ഹിമപാതത്തിന്‍റെ വ്യക്തമായ കുറവുമുണ്ടാകുന്നു, അതായത്‌  മഞ്ഞുവീഴ്ച കുറയുന്നു. ”

അവർ പറയുന്നു: “കഴിഞ്ഞ കുറച്ചു വർഷങ്ങളായി, ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ആഘാതം ലഡാക്കിലും ലഹൗളിലും സ്പിതിയിലും കൂടുതൽ പ്രകടമാണ്. മഴയുടെയും മഞ്ഞുവീഴ്ചയുടെയും രീതികൾ മാറിക്കൊണ്ടിരിക്കുന്നു; ചെറിയ മഞ്ഞുപാളികളും ഉറച്ച മഞ്ഞുപാടങ്ങളും ഉരുകുകയും അത് നദികളിലെയും അരുവികളിലെയും ജലപ്രവാഹത്തെ ബാധിക്കുകയും ചെയ്യുന്നു. വർദ്ധിക്കുന്ന ഈർപ്പവും താപനിലയും പ്രാണികളുടെയും കീടങ്ങളുടെയും ആക്രമണത്തിന് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നു."

ജാംപാൽ സെറിംഗിന്‍റെ കൂടാരത്തിൽ തിരിച്ചെത്തിയപ്പോൾ, അദ്ദേഹത്തിന്‍റെ സുഹൃത്ത്‌ സാങ്ഡ ഡോർജി ഞങ്ങളോട് ചോദിച്ചു: “ഇത്തവണ നിങ്ങൾ എത്ര റെബോ കണ്ടു?”

റെബോ എന്നറിയപ്പെടുന്ന കൂടാരങ്ങളിലാണ് ചാങ്പകൾ താമസിക്കുന്നത്. കുടുംബാംഗങ്ങൾ കൂടിയിരുന്ന് യാക്കിന്‍റെ കമ്പിളിയിൽ നിന്ന്  നൂൽ നൂൽക്കും. അത് പിന്നെ നെയ്തെടുത്തു  തുന്നിയെടുതിട്ടതാണ് ഒരു റെബോ നിർമിക്കുന്നത് . കൊടുംതണുപ്പിൽ നിന്നും മഞ്ഞുകാറ്റിൽ നിന്നും നാടോടികളെ സംരക്ഷിക്കുന്നത് റെബോകളാണ്.

“മിക്ക കുടുംബങ്ങൾക്കും [ഇപ്പോൾ]  സ്വന്തമായി ഒരു റെബോ ഇല്ല,” സാങ്ഡ പറഞ്ഞു. “ഒരു പുതിയ റെബോ തുന്നുന്നതിനുള്ള കമ്പിളി എവിടെ? കഴിഞ്ഞ കുറച്ചു വർഷങ്ങളായി യാക്കിൽ നിന്നുള്ള കമ്പിളിയുടെ അളവ് ഗണ്യമായി കുറഞ്ഞു.  റെബോ ഇല്ലാതായതോടെ ഞങ്ങളുടെ നാടോടി ജീവിതശൈലിയുടെ ഒരു പ്രധാനഘടകം തന്നെയാണ് ഇല്ലാതായത്. ഇതിന് ഞാൻ പഴിക്കുന്നത് ഈ ചൂടുള്ള ശൈത്യകാലത്തെയാണ്.”

മെയ് മാസത്തിൽ സിക്കിമിൽ നടന്ന സംഭവം തികച്ചും യാദൃശ്ചികമല്ലെന്ന് ഞാൻ മനസ്സിലാക്കി തുടങ്ങി. വരുംകാലങ്ങളിൽ വൻദുരന്തം തന്നെ സംഭവിക്കാനിടയുണ്ട്. ഇടയന്മാർ കാലാവസ്ഥാ വ്യതിയാനം എന്ന വാക്ക് ഉപയോഗിക്കുന്നില്ലെങ്കിലും അതിന്‍റെ ആഘാതം നന്നായി വിവരിക്കുന്നു. വളരെ വലിയ മാറ്റങ്ങൾ സംഭവിച്ചതായി അവർ മനസ്സിലാക്കിയിരുന്നു എന്ന് സോനം ഡോർജിയുടെയും സെറിംഗ് ചോൻ ചുമ്മിന്‍റെയും  വാക്കുകളിൽ നിന്ന് വ്യക്തമാണ്. ചില പ്രധാനവ്യതാസങ്ങൾ; പരിണാമങ്ങൾ പോലും മനുഷ്യന്‍റെ  കൈകടത്തലുകൾ മൂലം സംഭവിക്കുന്നുണ്ടെന്ന് അവർ മനസ്സിലാക്കുന്നു. അതു കൊണ്ടായിരിക്കാം മുതിർന്ന ഇടയാനായ അറുപതിലധികം വയസുള്ള ഗുംബു താഷി എന്നോട് ഇങ്ങനെ പറഞ്ഞത്: “അതെ, മലയിലെ കാലാവസ്ഥ സൂത്രശാലിയാണ് എനിക്കറിയാം. പ്രവചനാതീതവുമാണ്. ഒരു പക്ഷേ ഞങ്ങൾ മലദൈവത്തെ ചൊടിപ്പിച്ചിരിക്കാം."

PHOTO • Ritayan Mukherjee

ആ ബൃഹത്തായ പർവ്വതനിരകളുടെ  പ്രധാന ഭാഗങ്ങളിലുടനീളം ഉയർന്നപ്രദേശങ്ങളിലുള്ള ചാങ്പ ഇടയന്മാരുടെ മുഖ്യ വരുമാനമാർഗ്ഗവും, ശീതകാലത്ത്  ഒരു ഭക്ഷ്യസ്രോതസുമാണ് യാക്കുകൾ

PHOTO • Ritayan Mukherjee

കാലിവളർത്തലിനു ഉയരങ്ങളിലുള്ള പുൽത്തകിടികളെ ആശ്രയിക്കുന്ന ചാങ്പ ഇടയസമൂഹങ്ങളുടെ കന്നുകാലികളെ (യാക്കുകൾ, പാഷ്മിന ആടുകൾ, ചെമ്മരിയാടുകൾ) കാലാവസ്ഥാ വ്യതിയാനങ്ങൾ പ്രതികൂലമായി ബാധിക്കുന്നു

PHOTO • Ritayan Mukherjee

ജീവിതരീതികളിൽ വന്ന മാറ്റങ്ങൾ മൂലം, ചാങ്പ കുടുംബങ്ങളിൽ ഭൂരിഭാഗവും പരമ്പരാഗത രീതിയിലുള്ള റെബോ (യാക്കിൽ നിന്നുള്ള നൂലിൽ നിർമ്മിക്കുന്ന കൂടാരം) ഉപയോഗിക്കുന്നില്ല. പകരം അവർ ലേ പട്ടണത്തിൽ ലഭിക്കുന്ന  സൈനിക കൂടാരങ്ങളാണ് ഉപയോഗിക്കുന്നത്

PHOTO • Ritayan Mukherjee

യാക്കിൽ നിന്ന്  നിരവധി ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നത് ചാങ്പകൾ ഇപ്പോഴും തുടരുന്നു. കുടുംബത്തിന്‍റെ സ്വന്തമായ കന്നുകാലികളെ മേയ്ക്കാൻ അമ്മ പോയപ്പോൾ കുഞ്ഞ് ഡോൺചെൻ  യാക് കമ്പിളികൊണ്ടുള്ള ഒരു പുതപ്പിനുള്ളിൽ ശാന്തമായി ഉറങ്ങുന്നു

PHOTO • Ritayan Mukherjee

ചാങ്താങ് പീഠഭൂമിയിലെ നാടോടികളായ ഇടയസമൂഹങ്ങളുടെ ഭക്ഷണത്തിന്‍റെ (പാലും മാംസവും) ഉറവിടം കൂടിയാണ്  യാക്കുകൾ. മാംസത്തിനായി മൃഗങ്ങളെ കൊല്ലുന്നത് അവരുടെ സാമൂഹിക ആചാരങ്ങൾക്കു  വിരുദ്ധമാണ്. പക്ഷേ ഒരു യാക്ക് സ്വാഭാവികമായി ചത്തു പോയാൽ അതിന്‍റെ മാംസം കൊണ്ട് കുടുംബങ്ങൾ ദൈർഘ്യമേറിയതും കഠിനവുമായ ശൈത്യകാലങ്ങളെ അതിജീവിക്കുന്നു

PHOTO • Ritayan Mukherjee

ചാങ്പ സമൂഹത്തിന്‍റെ റാഖ് യൂണിറ്റിൽ എൺപതോളം യാക്കുകളുടെ ഉടമയായ ഗുംബു താഷി.  നാടോടി ഇടയന്മാരായ തങ്ങളുടെ പരമ്പരാഗത ജീവിതരീതികൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചാണ് അദ്ദേഹവും  കൂട്ടരും സംസാരിക്കുന്നത്

PHOTO • Ritayan Mukherjee

ഗോൺപോ ഡോൺദ്രുപ്  അടുത്തുള്ള ഒരു മേച്ചിൽപ്പുറം ചൂണ്ടികാണിക്കുന്നു. അവിടെ ഇപ്പോൾ പുല്ല് വളരാറില്ല. ആയതിനാൽ അദ്ദേഹത്തിനു യാക്കുകളുടെ തീറ്റതേടി  മലയുടെ ഉയരങ്ങളിലേക്ക് കയറേണ്ടി വരുന്നു

PHOTO • Ritayan Mukherjee

അനാഥമായ ഒരു യാക്കിൻ കുഞ്ഞുമായി സിറിങ് ചോൻചും. ഹാൻലെ താഴ്വരയിലെ ചുരുക്കം ചില ഇടയസ്ത്രീകളിൽ ഒരാളാണ് അവർ

PHOTO • Ritayan Mukherjee

കന്നുകാലികൾക്കായുള്ള പുൽമേടുകളുടെ ക്ഷാമം വർദ്ധിച്ചു കൊണ്ടിരിക്കെ, നാടോടികളായ ഇടയന്മാർ തങ്ങളുടെ താവളങ്ങൾ പണ്ടത്തേതിനേക്കാൾ കൂടുതൽ തവണ മാറ്റിക്കൊണ്ടിരിക്കുന്നു

PHOTO • Ritayan Mukherjee

കൊടുംശൈത്യത്തിൽ ഇവിടത്തെ ജീവിതം മനുഷ്യർക്കും മൃഗങ്ങൾക്കും ഒരുപോലെ കഠിനമാണ്. ഒരു ചാങ്പ ഇടയൻ തന്‍റെ കുടുംബത്തിനുള്ള ചികിത്സാ സാധങ്ങൾ എത്തിക്കുന്നതിനായി ലേ പട്ടണത്തിലേക്കു പുറപ്പെടുന്നു

PHOTO • Ritayan Mukherjee

ഹാൻലെ താഴ്വരയിലെ ഒരു ഉയർന്നസമതലത്തിൽ, കർമ്മ റിൻചെൻ (നോർല ഡോൺദ്രുപ്പിനോടൊപ്പം മുഖചിത്രത്തിലും) മേച്ചിൽപ്പുറങ്ങൾ വൻതോതിൽ നഷ്ടപെട്ട തരിശുനിലത്തിലൂടെ നടക്കുന്നു

PARI-യുടെ കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ചുള്ള ദേശീയ റിപ്പോർട്ടിങ് പ്രൊജക്റ്റ് ആ പ്രതിഭാസത്തെ സാധാരണക്കാരുടെ മൊഴികളിലൂടെയും അവരുടെ ജീവിതാനുഭവങ്ങളിലൂടെയും ചിത്രീകരിക്കാനുള്ള യൂഎൻഡിപി-പിന്തുണയുള്ള ഒരു സംരംഭത്തിന്‍റെ ഭാഗമാണ്.

ഈ ലേഖനം പുനഃപ്രസിദ്ധീകരിക്കണോ? ദയവായി zahra@ruralindiaonline.org, ഒരു കോപ്പി namita@ruralindiaonline.org, എന്ന അഡ്രസ്സിലേക്കു മെയിൽ അയക്കുക.

പരിഭാഷ: വിബിൻ അങ്കമാലി

Reporter : Ritayan Mukherjee

ರಿತಯನ್ ಮುಖರ್ಜಿಯವರು ಕಲ್ಕತ್ತದ ಛಾಯಾಚಿತ್ರಗ್ರಾಹಕರಾಗಿದ್ದು, 2016 ರಲ್ಲಿ ‘ಪರಿ’ಯ ಫೆಲೋ ಆಗಿದ್ದವರು. ಟಿಬೆಟಿಯನ್ ಪ್ರಸ್ಥಭೂಮಿಯ ಗ್ರಾಮೀಣ ಅಲೆಮಾರಿಗಳ ಸಮುದಾಯದವನ್ನು ದಾಖಲಿಸುವ ದೀರ್ಘಕಾಲೀನ ಯೋಜನೆಯಲ್ಲಿ ಇವರು ಕೆಲಸವನ್ನು ನಿರ್ವಹಿಸುತ್ತಿದ್ದಾರೆ.

Other stories by Ritayan Mukherjee
Editor : P. Sainath
psainath@gmail.com

ಪಿ. ಸಾಯಿನಾಥ್ ಅವರು ಪೀಪಲ್ಸ್ ಆರ್ಕೈವ್ ಆಫ್ ರೂರಲ್ ಇಂಡಿಯಾದ ಸ್ಥಾಪಕ ಸಂಪಾದಕರು. ದಶಕಗಳಿಂದ ಗ್ರಾಮೀಣ ವರದಿಗಾರರಾಗಿರುವ ಅವರು 'ಎವೆರಿಬಡಿ ಲವ್ಸ್ ಎ ಗುಡ್ ಡ್ರಾಟ್' ಮತ್ತು 'ದಿ ಲಾಸ್ಟ್ ಹೀರೋಸ್: ಫೂಟ್ ಸೋಲ್ಜರ್ಸ್ ಆಫ್ ಇಂಡಿಯನ್ ಫ್ರೀಡಂ' ಎನ್ನುವ ಕೃತಿಗಳನ್ನು ರಚಿಸಿದ್ದಾರೆ.

Other stories by P. Sainath
Series Editors : P. Sainath
psainath@gmail.com

ಪಿ. ಸಾಯಿನಾಥ್ ಅವರು ಪೀಪಲ್ಸ್ ಆರ್ಕೈವ್ ಆಫ್ ರೂರಲ್ ಇಂಡಿಯಾದ ಸ್ಥಾಪಕ ಸಂಪಾದಕರು. ದಶಕಗಳಿಂದ ಗ್ರಾಮೀಣ ವರದಿಗಾರರಾಗಿರುವ ಅವರು 'ಎವೆರಿಬಡಿ ಲವ್ಸ್ ಎ ಗುಡ್ ಡ್ರಾಟ್' ಮತ್ತು 'ದಿ ಲಾಸ್ಟ್ ಹೀರೋಸ್: ಫೂಟ್ ಸೋಲ್ಜರ್ಸ್ ಆಫ್ ಇಂಡಿಯನ್ ಫ್ರೀಡಂ' ಎನ್ನುವ ಕೃತಿಗಳನ್ನು ರಚಿಸಿದ್ದಾರೆ.

Other stories by P. Sainath
Series Editors : Sharmila Joshi

ಶರ್ಮಿಳಾ ಜೋಶಿಯವರು ಪೀಪಲ್ಸ್ ಆರ್ಕೈವ್ ಆಫ್ ರೂರಲ್ ಇಂಡಿಯಾದ ಮಾಜಿ ಕಾರ್ಯನಿರ್ವಾಹಕ ಸಂಪಾದಕಿ ಮತ್ತು ಬರಹಗಾರ್ತಿ ಮತ್ತು ಸಾಂದರ್ಭಿಕ ಶಿಕ್ಷಕಿ.

Other stories by Sharmila Joshi
Translator : Vibin Angamaly

സൗദി അറേബ്യയിലെ ദമ്മാമിൽ നേഴ്സ് ആയി ജോലി ചെയ്യുന്നു.

Other stories by Vibin Angamaly