ജലസംഭരണിയിലൂടെ രണ്ടുമണിക്കൂര്‍ നീണ്ട ബോട്ടു യാത്ര നടത്തണം ഏറ്റവും അടുത്തുള്ള വൈദ്യ സഹായം ലഭിക്കണമെങ്കില്‍. ഭാഗികമായി പൂര്‍ത്തിയായ റോഡിനു കുറുകെയുള്ള ഒരു ഉയര്‍ന്ന മല കയറി ഇറങ്ങുകയാണ് ബദല്‍മാര്‍ഗ്ഗം.

ഒന്‍പതു മാസം ഗര്‍ഭിണിയായ പ്രഭ ഗോലോരി പ്രസവിക്കാറായി.

ഉച്ച കഴിഞ്ഞ് രണ്ടുമണിയോടെ ഞാന്‍ കൊടഗുഡ അധിവാസത്തിലെത്തിയപ്പോള്‍ സാധാരണ പ്രസവം നടക്കില്ലെന്ന തോന്നല്‍ ഉള്ളതുകൊണ്ട് പ്രഭയുടെ അയല്‍ക്കാര്‍ അവരുടെ കുടിലിനു ചുറ്റും കൂടിയിരുന്നു.

മുപ്പത്തഞ്ചുകാരിയായ പ്രഭയുടെ ആദ്യ മകന്‍ മൂന്നു മാസം പ്രായമുള്ളപ്പോള്‍ മരിച്ചു. മകള്‍ക്ക് ഇപ്പോള്‍ ഏകദേശം 6 വയസ്സായി. വലിയ പ്രശ്നങ്ങളൊന്നും ഇല്ലാതെ, ദായി എന്ന് വിളിക്കുന്ന പരമ്പരാഗത പ്രസവ ശുശ്രൂഷകരുടെ സഹായത്തോടെ, രണ്ടുപേര്‍ക്കും അവര്‍ വീട്ടില്‍ തന്നെയാണ് ജന്മം നല്‍കിയത്. പക്ഷെ ഇത്തവണ ദായിമാര്‍ മടിച്ചു. ഇത് ബുദ്ധിമുട്ടേറിയ പ്രസവം ആയിരിക്കുമെന്ന് അവര്‍ വിലയിരുത്തിയിരുന്നു.

ഫോണ്‍ ബെല്ലടിച്ച സമയത്ത് മറ്റൊരു വിഷയം റിപ്പോര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചുകൊണ്ട്‌ ഞാന്‍ അടുത്ത ഗ്രാമത്തിലായിരുന്നു. മറ്റൊരു സുഹൃത്തിന്‍റെ മോട്ടോര്‍ബൈക്ക് എടുത്തുകൊണ്ട് (എന്‍റെ സ്കൂട്ടി ഉപയോഗിച്ച് മലമ്പ്രദേശത്തെ ഈ റോഡില്‍ യാത്ര ചെയ്യാന്‍ പറ്റില്ല) ഒഡീഷയിലെ മാല്‍ക്കാന്‍ഗിരി ജില്ലയിലെ, കഷ്ടിച്ച് 60 ആളുകള്‍ മാത്രമുള്ള കൊടഗുഡ അധിവാസത്തിലേക്കു ഞാന്‍പെട്ടെന്നു തന്നെ തിരിച്ചു.

എത്തിച്ചേരാനുള്ള ബുദ്ധിമുട്ട് കൂടാതെ ചിത്രകൊണ്ട ബ്ലോക്കിലെ ഈ അധിവാസം, മദ്ധ്യേന്ത്യയിലെ മറ്റ് ആദിവാസി പ്രദേശങ്ങള്‍ പോലെ, സംസ്ഥാന സുരക്ഷാ സേനകളും നക്സലൈറ്റ് തീവ്രവാദികളും തമ്മില്‍ ആവര്‍ത്തിച്ചുണ്ടാകുന്ന സംഘട്ടനങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്നു. റോഡുകളും നിരവധി സ്ഥലങ്ങളിലെ പശ്ചാത്തല സൗകര്യങ്ങളും വളരെ മോശം അവസ്ഥയിലുള്ളതും വിരളമായി മാത്രം പ്രാപ്യമാകുന്നതുമാണ്.

To help Praba Golori (left) with a very difficult childbirth, the nearest viable option was the sub-divisional hospital 40 kilometres away in Chitrakonda – but boats across the reservoir stop plying after dusk
PHOTO • Jayanti Buruda
To help Praba Golori (left) with a very difficult childbirth, the nearest viable option was the sub-divisional hospital 40 kilometres away in Chitrakonda – but boats across the reservoir stop plying after dusk
PHOTO • Jayanti Buruda

വളരെ ബുദ്ധിമുട്ടേറിയ പ്രസവത്തില്‍ പ്രഭാ ഗോലോരിക്ക് (ഇടത്) ആശ്രയിക്കാന്‍ പറ്റുന്ന ഏറ്റവും അടുത്തുള്ള മാര്‍ഗ്ഗം 40 കിലോമീറ്റര്‍ അകലെ ചിത്രകൊണ്ടയില്‍ സ്ഥിതി ചെയ്യുന്ന സബ്-ഡിവിഷനല്‍ ആശുപത്രിയാണ് – പക്ഷെ, ജല സംഭരണിയിലൂടെയുള്ള ബോട്ടു യാത്ര സൂര്യാസ്തമയത്തിനു ശേഷം ലഭ്യമല്ല.

കൊടഗുഡയില്‍ ജീവിക്കുന്ന കുറച്ചു കുടുംബങ്ങള്‍ പ്രധാനമായും മഞ്ഞള്‍, ഇഞ്ചി, പയര്‍, എന്നിവയും കുറച്ച് നെല്ലും സ്വന്തം ഭക്ഷണത്തിനായി ഉണ്ടാക്കുന്നു. ഈ കുടുംബങ്ങള്‍ മുഴുവന്‍ പരോജ എന്ന ഗോത്ര വിഭാഗത്തില്‍ പെട്ടവരാണ്. സന്ദര്‍ശനത്തിനെത്തുന്നവര്‍ക്ക് വില്‍ക്കാനായി മറ്റു ചില വിളകളും ഇവര്‍ വളര്‍ത്തുന്നുണ്ട്.

ഏറ്റവും അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രം (പി.എച്.സി.) 5 കിലോമീറ്റര്‍ അകലെ ജോഡംബൊ പഞ്ചായത്തിലുള്ളതാണ്. അവിടെ ഡോക്ടര്‍മാര്‍ സ്ഥിരമായി വരാറില്ല. 2020 ഓഗസ്റ്റില്‍ പ്രഭയുടെ പ്രസവം ആയ സമയത്ത് ലോക്ക്ഡൗണ്‍ മൂലം പി.എച്.സി. അടച്ചു. കുടുമുലുഗുമ ഗ്രാമത്തിലെ കമ്മ്യൂണിറ്റി ആരോഗ്യ കേന്ദ്രം (സി.എച്.സി.) 100 കിലോമീറ്റര്‍ അകലെയാണ്. പക്ഷെ ഇത്തവണ പ്രഭയ്ക്ക് ശസ്ത്രക്രിയയുടെ ആവശ്യം വേണ്ടിവരും. പി.എച്.സി.യില്‍ അതിനുള്ള സൗകര്യങ്ങളില്ല.

സാദ്ധ്യമായ ഏറ്റവും അടുത്തുള്ള മാര്‍ഗ്ഗം 40 കിലോമീറ്റര്‍ അകലെ ചിത്രകൊണ്ടയിലുള്ള സബ്-ഡിവിഷണല്‍ ആശുപത്രിയാണ്. പക്ഷെ, സൂര്യാസ്തമയത്തിനു ശേഷം ചിത്രകൊണ്ട/ബാലിമെല ജല സംഭരണിയിലൂടെ ബോട്ടു യാത്ര ലഭ്യമായിരിക്കില്ല. ഉയര്‍ന്ന മലയിലൂടെയുള്ള യാത്രയ്ക്ക് മോട്ടോര്‍ ബൈക്ക് അല്ലെങ്കില്‍ ക്ലേശകരമായ ഒരു നടപ്പ് വേണ്ടിവരും. ഈ മാര്‍ഗ്ഗങ്ങളെല്ലാം 9 മാസം ഗര്‍ഭിണിയായ പ്രഭയെ സംബന്ധിച്ചിടത്തോളം തികച്ചും അസാദ്ധ്യമാണ്.

മാല്‍ക്കാന്‍ഗിരി ജില്ല ഹെഡ്ക്വാര്‍ട്ടേഴ്സില്‍ എനിക്ക് പരിചയമുള്ളവരിലൂടെ സഹായത്തിനായി ഞാന്‍ ശ്രമിച്ചു. പക്ഷെ അവര്‍ പറഞ്ഞത് മോശം റോഡിലൂടെ ആംബുലന്‍സ് അയയ്ക്കുക ബുദ്ധിമുട്ടാണെന്നാണ്. ജില്ലാ ആശുപതിയില്‍ ജല ആംബുലന്‍സ് സേവനം ലഭ്യമാണ്. പക്ഷെ ലോക്ക്ഡൗണ്‍ കാരണം അതും സാദ്ധ്യമല്ല.

പിന്നെ ഒരു പ്രാദേശിക ആശാ പ്രവര്‍ത്തകയെ (ASHA - accredited social health activist) സ്വകാര്യ പിക്-അപ് വാനുമായി എത്തുന്ന കാര്യം ധരിപ്പിക്കാന്‍ എനിക്കു സാധിച്ചു. അതിന് 1,200 രൂപയായി. അടുത്ത ദിവസം രാവിലെ എത്താന്‍ മാത്രമെ അവര്‍ക്കു സാധിച്ചുള്ളൂ.

The state's motor launch service is infrequent, with unscheduled suspension of services. A privately-run boat too stops plying by evening. So in an emergency, transportation remains a huge problem
PHOTO • Jayanti Buruda

നിശ്ചിത സമയം പറയാതെ നിര്‍ത്തിവച്ചിരിക്കുന്നതിനാല്‍ സംസ്ഥാനത്തിന്‍റെ മോട്ടോര്‍ വാഹന സേവനങ്ങള്‍ കൃത്യമായി ലഭിക്കില്ല. സ്വകാര്യ ഉടമസ്ഥതയിലുള്ള ഒരു ബോട്ടും സന്ധ്യ ആകുന്നതോടെ സേവനം നിര്‍ത്തുന്നു. അതിനാല്‍ ഒരു അടിയന്തിര ഘട്ടത്തില്‍ ഗതാഗതം വലിയൊരു പ്രശ്നമായി അവശേഷിക്കുന്നു.

ഞങ്ങള്‍ യാത്ര ആരംഭിച്ചു. നിലവില്‍ പണി നടക്കുകയായിരുന്ന, മലയിലൂടെയുള്ള, റോഡില്‍ വാന്‍ പെട്ടെന്നു കേടായി നിന്നു. അവിടുന്ന് പ്രഭയെയും വഹിച്ചുകൊണ്ടു ഞങ്ങള്‍ നീങ്ങി. അപ്പോള്‍ വിറകിനായി പരതിക്കൊണ്ടിരുന്ന അതിര്‍ത്തി രക്ഷാ സേനയുടെ (ബി.എസ്.എഫ്.) ഒരു ട്രാക്ടര്‍ ഞങ്ങള്‍ കാണുകയും അവരോട് സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ബി.എസ്.എഫ്. ക്യാമ്പ് സ്ഥിതി ചെയ്യുന്ന മലയുടെ മുകള്‍ ഭാഗത്തേക്ക് അവര്‍ ഞങ്ങളെ എത്തിച്ചു. ഹന്തല്‍ഗുഡ ക്യാമ്പിലെ ജീവനക്കാര്‍ ചിത്രകൊണ്ടയിലെ സബ്-ഡിവിഷണല്‍ ആശുപത്രിയിലേക്ക് പ്രഭയെ എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്തു.

ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ അവിടുത്തെ ജീവനക്കാര്‍ 60 കിലോമീറ്റര്‍ അകലെയുള്ള മാല്‍ക്കാന്‍ഗിരി ജില്ലാ ആശുപത്രിയിലേക്ക് പ്രഭയെ കൊണ്ടുപോകാന്‍ ഞങ്ങളോടു പറഞ്ഞു. അങ്ങോട്ടുള്ള വാഹനവും അവര്‍ ക്രമീകരിച്ചു.

ഉച്ച കഴിഞ്ഞു വൈകിയാണ് ഞങ്ങള്‍ ജില്ലാ ആശുപത്രിയില്‍ എത്തിയത് - കൊടഗുഡയിലേക്ക് ഞാനാദ്യം എത്തി ഒരു ദിവസത്തിനു ശേഷം.

ഡോക്ടര്‍മാരും മെഡിക്കല്‍ ജീവനക്കാരും പ്രഭയെ പ്രസവിപ്പിക്കാനായി ശ്രമിച്ചെങ്കിലും നടക്കാഞ്ഞതിനാല്‍ മൂന്നു ദിവസം അവര്‍ യാതന അനുഭവിച്ചു. അവസാനം അവര്‍ ഞങ്ങളോടു പറഞ്ഞു പ്രഭയ്ക്ക് സിസേറിയന്‍ ആവശ്യമാണെന്ന്.

ഓഗസ്റ്റ് 15-ാം തീയതി ഉച്ചകഴിഞ്ഞ് പ്രഭയ്ക്ക് ഒരു ആണ്‍കുഞ്ഞ് പിറന്നു. ആരോഗ്യവാനായ കുഞ്ഞിന് 3 കിലോ തൂക്കമുണ്ടായിരുന്നു. പക്ഷെ അവന്‍ അപകട നിലയിലാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കുട്ടിക്ക് മലദ്വാരം ഇല്ലാതിരുന്നതിനാല്‍ ഉടന്‍തന്നെ ഒരു സര്‍ജറി ആവശ്യമായിരുന്നു. മാല്‍ക്കാന്‍ഗിരി ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്സിലെ ആശുപത്രിയില്‍ പക്ഷെ അതിനുള്ള സൗകാര്യങ്ങള്‍ ഇല്ലായിരുന്നു.

ഏകദേശം 150 കിലോമീറ്റര്‍ അകലെ കോരാപുടിലുള്ള കുറച്ചുകൂടി വലുതും പുതിയതുമായ സഹീദ് ലക്ഷ്മണ്‍ നായക് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കുട്ടിയെ പ്രവേശിപ്പിക്കണമായിരുന്നു.

Kusama Naria (left), nearly nine months pregnant, walks the plank to the boat (right, in red saree) for Chitrakonda to get corrections made in her Aadhaar card
PHOTO • Jayanti Buruda
Kusama Naria (left), nearly nine months pregnant, walks the plank to the boat (right, in red saree) for Chitrakonda to get corrections made in her Aadhaar card
PHOTO • Jayanti Buruda

ഏകദേശം 9 മാസം ഗര്‍ഭിണിയായ കുസുമ നാരിയ (ഇടത്), അധാര്‍ കാര്‍ഡില്‍ തിരുത്തല്‍ വരുത്തുന്നതിനായി ചിത്രകൊണ്ടയിലേക്കു പോകുന്നതിനുവേണ്ടി ബോട്ടിലേക്കുള്ള പലകയിലൂടെ നടക്കുന്നു (വലത്, ചുവന്ന സാരി)

കുട്ടിയുടെ അച്ഛന്‍ പോഡു ഗോലോരി അപ്പോഴേക്കും കടുത്ത വ്യഥയിലായിരുന്നു, അമ്മ അപ്പോഴും അബോധാവസ്ഥയിലും. അതുകൊണ്ട് ആശാ പ്രവര്‍ത്തകയും (കൊടഗുഡ അധിവാസത്തിലേക്ക് ആദ്യം വാനുമായി എത്തിയവര്‍) ഞാനും ചേര്‍ന്ന് കുട്ടിയെ കോരാപുടിലേക്കു കൊണ്ടുപോയി. അപ്പോള്‍ ഓഗസ്റ്റ് 15 വൈകുന്നേരം 6 മണിയായിരുന്നു.

മൂന്നു കിലോമീറ്റര്‍ ഓടിയ ശേഷം ഞങ്ങള്‍ സഞ്ചരിച്ചുകൊണ്ടിരുന്ന ആശുപത്രിയിലെ ആംബുലന്‍സ് കേടായി. ഞങ്ങള്‍ ക്രമീകരിച്ച രണ്ടാമത്തെ ആംബുലന്‍സും അടുത്ത 30 കിലോമീറ്ററിനു ശേഷം കേടായി. അടുത്ത ആംബുലന്‍സ് എത്തുന്നതുവരെ മഴയത്ത് ഞങ്ങള്‍ ആ വലിയ കാട്ടില്‍ കാത്തിരുന്നു. അവസാനം ഞങ്ങള്‍ പാതിരാത്രിക്കു ശേഷം, അപ്പോള്‍ ലോക്ക്ഡൗണില്‍ ആയിരുന്ന കോരാപുടില്‍ എത്തി.

അവിടെ ഡോക്ടര്‍മാര്‍ 7 ദിവസം കുഞ്ഞിനെ തീവ്രപരിചരണ വിഭാഗത്തില്‍ മെഡിക്കല്‍ നിരീക്ഷണത്തിനായി കിടത്തി. ഇതിനിടയില്‍ ഞങ്ങള്‍ പ്രഭയെ (പോഡുവിനൊപ്പം) ബസില്‍ കോരാപുടില്‍ എത്തിച്ചു. അങ്ങനെ ഒരാഴ്ചയ്ക്കിടയില്‍ ആദ്യമായി അവര്‍ക്ക് തന്‍റെ കുഞ്ഞിനെ കാണാന്‍ സാധിച്ചു. അവിടെ ശിശുരോഗ ശസ്ത്രക്രിയയ്ക്കുള്ള സൗകര്യങ്ങളോ അതിനു വൈദഗ്ദ്യമുള്ളവരോ ഇല്ലെന്ന് ഡോക്ടര്‍മാര്‍ ആ സമയത്തു പറഞ്ഞു.

അങ്ങനെ കുഞ്ഞിനെ അടുത്ത ആശുപത്രിയിലേക്ക് കൊടുക്കേണ്ടി വന്നു. അത് 700 കിലോമീറ്റര്‍ അകലെയായിരുന്നു – ബ്രഹ്മപൂരുള്ള എം.കെ.സി.ജി. മെഡിക്കല്‍ കോളേജ് ആശുപത്രി. ഒരിക്കല്‍കൂടി ആംബുലന്‍സിനു വേണ്ടി കാത്തിരുന്ന് നീണ്ട അടുത്ത യാത്രയ്ക്കായി ഞങ്ങള്‍ തയ്യാറായി.

സര്‍ക്കാര്‍ സൗകര്യപ്പെടുത്തിയിട്ടുള്ള ആംബുലന്‍സ് തന്നെയായിരുന്നു അത്. പക്ഷെ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാദ്ധ്യതയുള്ള പ്രദേശമായിരുന്നതിനാല്‍ ചിലവിനായി ഞങ്ങള്‍ക്ക് 500 രൂപ കൊടുക്കേണ്ടി വന്നു. (ഞാനും എന്‍റെ സുഹൃത്തുമാണ് ആ പണം ചിലവഴിച്ചത് – ആശുപത്രികളിലേക്കുള്ള പല യാത്രകള്‍ക്കായി ഞങ്ങള്‍ക്ക് 3,000-4,000 രൂപ ചിലവായി). ബ്രഹ്മപൂരുള്ള ആശുപത്രിയില്‍ എത്താന്‍ 12 മണിക്കൂറിലധികം എടുത്തു എന്നാണ് എന്‍റെ ഓര്‍മ്മ.

People of Tentapali returning from Chitrakonda after a two-hour water journey; this jeep then takes them a further six kilometres to their hamlet. It's a recent shared service; in the past, they would have to walk this distance
PHOTO • Jayanti Buruda

ചിത്രകൊണ്ടയില്‍ നിന്നും രണ്ടു മണിക്കൂര്‍ നീണ്ട ജലഗതാഗതത്തിനു ശേഷം തെന്താപാലിയിലെ ജനങ്ങള്‍ തിരിച്ചു വരുന്നു. ഈ ജീപ്പില്‍ അടുത്ത 6 കിലോമീറ്റര്‍ സഞ്ചരിച്ചാണ് അവര്‍ അധിവാസത്തിലെത്തുന്നത്. ജീപ്പ് സേവനം അടുത്ത കാലത്തുണ്ടായതാണ്. മുന്‍പ് ഈ ദൂരം അവര്‍ക്ക് നടക്കണമായിരുന്നു.

അപ്പോഴേക്കും ഞങ്ങള്‍ വാനിലും ട്രാക്ടറിലും പല ആംബുലന്‍സുകളിലും ബസിലുമായി 4 ആശുപത്രികള്‍ - ചിത്രകൊണ്ട, മാല്‍ക്കാന്‍ഗിരി ഹെഡ്ക്വാര്‍ട്ടേഴ്സ്, കോരാപുട്, ബ്രഹ്മപൂര്‍ - സന്ദര്‍ശിക്കുകയും ഏകദേശം 1,000 കിലോമീറ്റര്‍ പിന്നിടുകയും ചെയ്തിരുന്നു.

ശസ്ത്രക്രിയ അപകട സാദ്ധ്യതയുള്ളതാണെന്ന് ഞങ്ങളെ അറിയിച്ചു. കുഞ്ഞിന്‍റെ ശ്വാസകോശത്തിനു കുഴപ്പമുണ്ടായിരുന്നതിനാല്‍ അതിന്‍റെ ഒരു ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കേണ്ടതുണ്ടായിരുന്നു. മലം പുറത്തു കളയുന്നതിനായി വയറില്‍ ഒരു ദ്വാരം ഉണ്ടാക്കി. ശരിയായ മലദ്വാരം ഉണ്ടാക്കുന്നതിനായി ഒരു ശസ്ത്രക്രിയകൂടി വേണമായിരുന്നു. പക്ഷെ കുട്ടിക്ക് 8 കിലോ ഭാരം ആയതിനുശേഷം മാത്രമേ അതുചെയ്യാന്‍ പറ്റൂ.

ഏറ്റവും അവസാനം കുടുംബത്തോട് ഞാന്‍ അന്വേഷിച്ച സമയത്ത്, അപ്പോള്‍ 8 മാസം പ്രായമായിരുന്ന കുഞ്ഞിന് നേരത്തെ പറഞ്ഞ ഭാരം ആയിട്ടില്ലായിരുന്നു. അതിനാല്‍ അപ്പോഴും രണ്ടാമത്തെ ശസ്ത്രക്രിയയുടെ കാര്യത്തില്‍ തീരുമാനം ആയിരുന്നില്ല.

നിരവധി പ്രശ്നങ്ങളോടെയാണ്‌ കുഞ്ഞ് ജനിച്ചതെങ്കിലും ഏകദേശം ഒരു മാസത്തിനു ശേഷം അവന്‍റെ പേരിടല്‍ ചടങ്ങിന് എന്നെ ക്ഷണിച്ചു. അവനു ഞാന്‍ മൃത്യുഞ്ജയ്‌ - മരണത്തെ ജയിച്ചവന്‍ - എന്നു പേരിട്ടു. അന്ന് 2020 ഓഗസ്റ്റ് 15 ആയിരുന്നു – ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനം. അവന്‍ അര്‍ദ്ധരാത്രിയില്‍ അവന്‍റെ വിധിയുമായി മുഖാമുഖം കാണുകയും അമ്മയെപ്പോലെ വിജയശ്രീലാളിതനായി തിരിച്ചു വരികയും ചെയ്തിരിക്കുന്നു.

*****

പ്രഭയുടെ അവസ്ഥകള്‍ വ്യത്യസ്തമായ തരത്തില്‍ കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരിക്കുമ്പോള്‍ തന്നെ മാല്‍ക്കാന്‍ഗിരി ജില്ലയിലെ നിരവധി വിദൂര ആദിവാസി അധിവാസങ്ങളിലെ സ്ത്രീകളുടെ നിത്യജീവിതം സമാനമായ തരത്തില്‍ വലിയ അപകടങ്ങള്‍ നിറഞ്ഞതാണ്‌.

മാല്‍ക്കാന്‍ഗിരിയിലെ 1,055 ഗ്രാമങ്ങളിലെ ആകെ ജനസംഖ്യയുടെ 57 ശതമാനവും പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ - പ്രധാനമായും പരോജ, കോയാ – പെടുന്നവരാണ്. ഈ സമുദായങ്ങളുടെയും പ്രദേശത്തിന്‍റെയും സംസ്കാരവും പാരമ്പര്യവും പ്രകൃതി വിഭവങ്ങളും പല തരത്തില്‍ കൊണ്ടാടുമ്പോഴും ജനങ്ങളുടെ ആരോഗ്യ സുരക്ഷാ ആവശ്യങ്ങള്‍ വലിയ തോതില്‍ അവഗണിക്കപ്പെടുന്നു. ഇവിടുത്തെ ഭൂപ്രകൃതിയോടൊപ്പം - മലകള്‍, വന പ്രദേശങ്ങള്‍, ജല സ്രോതസ്സുകള്‍ - വര്‍ഷങ്ങളായുള്ള സംഘട്ടനങ്ങളും ഭരണകൂടത്തിന്‍റെ അവഗണനയും ഈ ഗ്രാമങ്ങളിലെയും അധിവാസങ്ങളിലെയും ജീവന്‍രക്ഷാ സേവനങ്ങളുടെ ലഭ്യതയെ ഗൗരവതരമായി ബാധിക്കുന്നു.

People of Tentapali returning from Chitrakonda after a two-hour water journey; this jeep then takes them a further six kilometres to their hamlet. It's a recent shared service; in the past, they would have to walk this distance
PHOTO • Jayanti Buruda

‘ഞങ്ങള്‍ സ്ത്രീകള്‍ക്കും ഹൃദയം ഉണ്ടെന്നും ഞങ്ങള്‍ക്കും വേദന തോന്നുമെന്നും ആണുങ്ങള്‍ക്കു മനസ്സിലാക്കാന്‍ വലിയ ബുദ്ധിമുട്ടാണ്. കുട്ടികളെ പ്രസവിക്കാനാണ് ഞങ്ങള്‍ ജനിക്കുന്നതെന്നാണ് അവര്‍ വിചാരിക്കുന്നത്.’

മാല്‍ക്കാന്‍ഗിരി ജില്ലയിലെ 150 ഗ്രാമങ്ങള്‍ക്കെങ്കിലും റോഡുമായി ബന്ധമില്ല (ഒഡീഷയിലുടനീളമുള്ള 1,242 ഗ്രാമങ്ങള്‍ക്കെങ്കിലും റോഡ്‌ ബന്ധമില്ലെന്ന് 2020 ഫെബ്രുവരി 28-ന് പഞ്ചായത്തിരാജ് കുടിവെള്ള വകുപ്പു മന്ത്രിയായ പ്രതാപ് ജെന സംസ്ഥാന അസംബ്ലിയില്‍ പറഞ്ഞു).

കൊടഗുഡയില്‍ നിന്നും 2 കിലോമീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന തെന്താപാലി അവയിലൊന്നാണ്. അതിനും റോഡ്‌ ബന്ധമില്ല. “ബാബു, ചുറ്റും വെള്ളംകൊണ്ട് ചുറ്റപ്പെട്ടതാണ് ഞങ്ങളുടെ ജീവിതം, അതുകൊണ്ട് ഞങ്ങള്‍ ജീവിക്കുമോ മരിക്കുമോ എന്ന് ആര് നോക്കുന്നു?” തന്‍റെ 70 വര്‍ഷവും തെന്താപാലിയില്‍ മാത്രം ജീവിച്ച കമല ഖില്ലോ പറഞ്ഞു. “ഞങ്ങളുടെ ജീവിതത്തിന്‍റെ ഭൂരിഭാഗവും ഈ വെള്ളം മാത്രം കണ്ടാണ്‌ ചിലവഴിച്ചത്. അത് ഇവിടുത്തെ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ദുരിതങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു.”

മറ്റു ഗ്രാമങ്ങളില്‍ എത്തുന്നതിനായി ജലസംഭരണി പ്രദേശത്തെ  തെന്താപാലി, കൊടഗുഡ എന്നിവിടങ്ങളിലെയും ജോഡംബൊ പഞ്ചായത്തിലെ മറ്റു മൂന്നു അധിവാസങ്ങളിലെയും ജനങ്ങള്‍ക്ക്‌ മോട്ടോര്‍ ബോട്ടിനെ ആശ്രയിച്ച് 90 മിനിറ്റു മുതല്‍ 4 മണിക്കൂറിലധികം നീണ്ടു നില്‍ക്കുന്ന യാത്ര ചെയ്യേണ്ടി വരുന്നു. 40 കിലോമീറ്റര്‍ അകലെയുള്ള ചിത്രകൊണ്ടയിലെ ആരോഗ്യ സുരക്ഷാ സൗകര്യങ്ങള്‍ ലഭിക്കുന്നതിന് ബോട്ട് മാത്രമാണ് ഒരേയൊരു മാര്‍ഗ്ഗം. ഇവിടെയുള്ള ആളുകള്‍ക്ക് 100 കിലോമീറ്റര്‍ അകലെയുള്ള സി.എച്.സി.യില്‍ എത്തുന്നതിനായി ആദ്യം ബോട്ടുയാത്ര ചെയ്തതിനു ശേഷം പിന്നീട് ബസിനോ പലര്‍ ചേര്‍ന്ന് സഞ്ചരിക്കുന്ന ജീപ്പിനോ വീണ്ടും യാത്ര ചെയ്യേണ്ടി വരുന്നു.

ജലവിഭവ മന്ത്രാലയത്തിന്‍റെ മോട്ടോര്‍ വാഹന സേവനങ്ങളെ ആശ്രയിക്കുക ബുദ്ധിമുട്ടാണ്. അവരുടെ സേവനങ്ങള്‍ പലപ്പോഴും തുടര്‍ച്ചയായും സമയക്രമം പാലിക്കാതെയും റദ്ദാക്കുന്നതാണ് കാരണം. ഇത്തരം ബോട്ടുകള്‍ പൊതുവേ ഒരുതവണ മാത്രം പോയി തിരിച്ചു വരുന്നു. ടിക്കറ്റിന് 20 രൂപ ഈടാക്കുന്ന സ്വകാര്യ മോട്ടോര്‍ ബോട്ട് സേവനങ്ങള്‍ സര്‍ക്കാര്‍വക വാഹനങ്ങളേക്കാള്‍ 10 ഇരട്ടി നിരക്കാണ് ഈടാക്കുന്നത്. ഇതും സന്ധ്യയാകുമ്പോള്‍ സേവനം അവസാനിപ്പിക്കുന്നു. അതുകൊണ്ട് അടിയന്തിര ഘട്ടത്തില്‍ ഗതാഗതം ഒരു വലിയ പ്രശ്നം തന്നെയാണ്.

“ആധാറിനു വേണ്ടിയാണെങ്കിലും ഒരു ഡോക്ടറെ കാണാന്‍ വേണ്ടിയാണെങ്കിലും ഞങ്ങള്‍ ഇതിനെ [ഇത്തരത്തിലുള്ള ഗതാഗതത്തെ] ആശ്രയിക്കണം. അതുകൊണ്ടാണ് പല സ്ത്രീകളും പ്രസവത്തിനായി ആശുപത്രിയില്‍ പോകാന്‍ മടിക്കുന്നത്”, 3 കുട്ടികളുടെ അമ്മയായ കൊടഗുഡയില്‍ നിന്നുള്ള 20-കാരി കുസുമ നാരിയ പറഞ്ഞു.

Samari Khillo of Tentapali hamlet says: 'We depend more on daima than the medical [services]. For us, they are doctor and god’
PHOTO • Jayanti Buruda
Samari Khillo of Tentapali hamlet says: 'We depend more on daima than the medical [services]. For us, they are doctor and god’
PHOTO • Jayanti Buruda

തെന്താപല്ലി അധിവാസത്തില്‍ നിന്നുള്ള സമാരി ഖില്ലോ പറയുന്നു: ‘മെഡിക്കലിനേക്കാള്‍ [മെഡിക്കല്‍ സേവനങ്ങള്‍] ദായിമാരെ ഞങ്ങള്‍ ആശ്രയിക്കുന്നത്. ഞങ്ങള്‍ക്ക് അവര്‍ ഡോക്ടറും ദൈവവുമാണ്.’

“ഇപ്പോഴും ആശാ പ്രവര്‍ത്തകര്‍ ഈ വിദൂര അധിവാസങ്ങള്‍ സന്ദര്‍ശിക്കുന്നു. പക്ഷെ ഈ ആശാ ദീദിമാര്‍ പരിചയസമ്പന്നരോ വലിയ അറിവുള്ളവരോ അല്ല. അവര്‍ മാസത്തില്‍ ഒന്നോ രണ്ടോ തവണ അയണ്‍ ഗുളികകള്‍, ഫോളിക് ആസിഡ് ഗുളികകള്‍, ഗര്‍ഭിണികളായ സ്ത്രീകള്‍ക്കുള്ള ഉണക്കി സൂക്ഷിച്ച ഭക്ഷണ പദാര്‍ത്ഥങ്ങള്‍ (dry food supplements) എന്നിവയൊക്കെ നല്കാന്‍ വരുന്നു. കുട്ടികളുടെ പ്രതിരോധവുമായി ബന്ധപ്പെട്ട റെക്കോര്‍ഡുകള്‍ അടുക്കും ചിട്ടയുമില്ലാതെയും അപൂര്‍ണ്ണമായും കിടക്കുകയാണ്. ഒരു പ്രസവം വളരെ ബുദ്ധിമുട്ടാണെന്നു തോന്നിയാല്‍, അത്തരം സന്ദര്‍ഭങ്ങളില്‍ അവര്‍ ഗര്‍ഭിണികളായ സ്ത്രീകളെ ആശുപത്രിയിലേക്കു പോകുമ്പോള്‍ അനുഗമിക്കുന്നു.”

ഇവിടുത്തെ ഗ്രാമങ്ങളില്‍ സ്ഥിരമായ യോഗങ്ങളോ ബോധവത്കരണ ക്യാമ്പുകളോ ഇല്ല. സ്ത്രീകളുമായോ കൗമാരക്കാരികളായ പെണ്‍കുട്ടികളുമായോ അവരുടെ ആരോഗ്യകാര്യങ്ങളെക്കുറിച്ച് ഒരു ചര്‍ച്ചയുമില്ല. സ്ക്കൂള്‍ കെട്ടിടങ്ങളില്‍ നടക്കാറുള്ള ആശാ പ്രവര്‍ത്തകര്‍ വിളിച്ചുകൂട്ടുന്ന യോഗം കൊടഗുഡയില്‍ നടക്കാറില്ല. എന്തുകൊണ്ടെന്നാല്‍ ഇവിടെ സ്ക്കൂളില്ല (തെന്താപല്ലിയില്‍ ഒരെണ്ണം ഉണ്ടെങ്കിലും അദ്ധ്യാപകര്‍ കൃത്യമായി വരാറില്ല. അംഗന്‍വാടി കെട്ടിടത്തിന്‍റെ പണി പൂര്‍ത്തിയായിട്ടുമില്ല.

ജോഡംബൊ പഞ്ചായത്തിലെ പി.എച്.സി.യില്‍ ചെറിയ അസുഖങ്ങള്‍ക്കുള്ള ചികിത്സകള്‍ മാത്രമേ ലഭ്യമാകൂ എന്നതിനാലും ഗര്‍ഭിണികളായ സ്ത്രീകള്‍ക്കോ സങ്കീര്‍ണ്ണമായ പ്രശ്നങ്ങള്‍ക്കോ ഉള്ള സൗകര്യങ്ങള്‍ ഇല്ലാത്തതിനാലും അവരും മറ്റു ദീദിമാരും ചിത്രകൊണ്ട സി.എച്.സി.യെയാണ് ആശ്രയിക്കുന്നത് എന്നാണ് പ്രദേശത്തെ ആശാ പ്രവര്‍ത്തകയായ ജമുന ഖാര പറഞ്ഞത്. “പക്ഷെ അത് വളരെ ദൂരെയുമാണ്‌, റോഡിലൂടെ നല്ല യാത്ര സാദ്ധ്യവുമല്ല. ബോട്ട് യാത്ര അപകടം നിറഞ്ഞതാണ്‌. സര്‍ക്കാര്‍ വാഹനം ഇപ്പോഴും ലഭ്യമല്ല.

“മെഡിക്കലിനേക്കാള്‍ [മെഡിക്കല്‍ സേവനങ്ങള്‍] ദായിമാരെ ഞങ്ങള്‍ ആശ്രയിക്കുന്നത്. എന്‍റെ മൂന്നു കുട്ടികളും ദായിമാരുടെ സഹായത്തോടെ ഉണ്ടായവരാണ് – ഞങ്ങളുടെ ഗ്രാമത്തില്‍ 3 ദായിമാരുണ്ട്”, തെന്താപല്ലി അധിവാസത്തില്‍ നിന്നുള്ള പരോജ ആദിവാസി വിഭാഗത്തില്‍ പെട്ട സമാരി ഖില്ലോ പറയുന്നു.

ചുറ്റുവട്ടത്തായി അടുത്തടുത്ത് കിടക്കുന്ന ഏകദേശം 15 അധിവാങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ ബോധാകി ഡോകാരി -മാരെയാണ് ആശ്രയിക്കുന്നത്. പ്രാദേശിക ദെസിയ ഭാഷയില്‍ പരമ്പരാഗത പ്രസവ ശുശ്രൂഷകരെ ഇങ്ങനെയാണ് പരാമര്‍ശിക്കുന്നത്. ആരോഗ്യ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാതെ ഞങ്ങള്‍ക്ക് അമ്മമാരാകാന്‍ സാധിക്കുമെന്നതിനാല്‍ അവര്‍ ഞങ്ങളുടെ വരമാണ്”, സമാരി പറഞ്ഞു. “ഞങ്ങള്‍ക്ക് അവര്‍ ഡോക്ടറും ദൈവവുമാണ്. സ്ത്രീകളെന്ന നിലയില്‍ അവരും ഞങ്ങളുടെ യാതന മനസ്സിലാക്കുന്നു – ഞങ്ങള്‍ക്കും ഹൃദയം ഉണ്ടെന്നും ഞങ്ങളും വേദന അനുഭവിക്കുന്നുവെന്നും മനസ്സിലാക്കാന്‍ ആണുങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടാണ്. ഞങ്ങള്‍ കുട്ടികളെ പ്രസവിക്കാന്‍ ജനിച്ചവരാണെന്നാണ് അവര്‍ ചിന്തിക്കുന്നത്.”

Gorama Nayak, Kamala Khillo, and Darama Pangi (l to r), all veteran daima (traditional birth attendants); people of around 15 hamlets here depend on them
PHOTO • Jayanti Buruda

ഗോരാമ നായക്, കമല ഖില്ലോ, ദരാമ പാങ്ങി (ഇടത്തുനിന്നും വലത്തേക്ക്) – ഇവര്‍ പരിചയ സമ്പന്നരായ ദായിമാര്‍ (പരമ്പരാഗത പ്രസവ ശുശ്രൂഷകര്‍) ആണ്. ഏകദേശം 15 അധിവാസങ്ങളില്‍ നിന്നുള്ള ആളുകള്‍ ഇവരെ ആശ്രയിക്കുന്നു.

ഇവിടെയുള്ള ദായിമാര്‍ പ്രാദേശിക തലത്തില്‍ ലഭിക്കുന്ന പച്ചില മരുന്നുകള്‍ ഗര്‍ഭിണിയാകാന്‍ സാധിക്കാത്ത സ്ത്രീകള്‍ക്കു നല്‍കാറുണ്ട്. ഇത് ഫലിക്കുന്നില്ലെങ്കില്‍ അവരുടെ ഭര്‍ത്താക്കന്മാര്‍ ചിലപ്പോള്‍ പുനര്‍ വിവാഹിതരാകുന്നു.

പതിമൂന്ന് വയസ്സുള്ളപ്പോള്‍ വിവാഹിതയായ കുസുമ നാരിയ 20 വയസ്സ് ആയപ്പോള്‍ 3 കുട്ടികളുടെ അമ്മയായി. അവര്‍ പറഞ്ഞത് ഗര്‍ഭ നിരോധനത്തെക്കുറിച്ച് പോയിട്ട് ആര്‍ത്തവത്തെക്കുറിച്ചുപോലും അറിയില്ലായിരുന്നു എന്നാണ്. “ഞാന്‍ കുട്ടിയായിരുന്നു, എനിക്കൊന്നും അറിയില്ലായിരുന്നു”, അവര്‍ പറഞ്ഞു. “പക്ഷെ അത് [ആര്‍ത്തവം] നടന്നപ്പോള്‍ അമ്മ എന്നോട് തുണി ഉപയോഗിക്കാന്‍ പറയുകയും ഞാന്‍ വളര്‍ന്നെന്നു പറഞ്ഞ് പെട്ടെന്നു തന്നെ എന്നെ വിവാഹം കഴിച്ച് അയക്കുകയും ചെയ്തു. ശാരീരിക ബന്ധത്തെക്കുറിച്ചും എനിക്ക് ഒന്നും അറിയില്ലായിരുന്നു. എന്‍റെ ആദ്യത്തെ പ്രസവത്തില്‍ എന്നെ പരിചരിക്കാതെ, കുഞ്ഞ് മരിച്ചോ എന്നുപോലും നോക്കാതെ, ആശുപത്രിയില്‍ എന്നെ ഒറ്റയ്ക്ക് ആക്കി അയാള്‍ പോയി – എന്തുകൊണ്ടെന്നാല്‍ അത് പെണ്‍കുഞ്ഞായിരുന്നു. പക്ഷെ എന്‍റെ കുട്ടി അതിജീവിച്ചു.”

കുസുമത്തിന്‍റെ മറ്റു രണ്ടു കുട്ടികളും ആണ്‍കുട്ടികള്‍ ആണ്. “ഒരു ചെറിയ കാലയളവിനു ശേഷം രണ്ടാമത്തെ കുട്ടിയുണ്ടാകാന്‍ ഞാന്‍ വിസമ്മതിച്ചപ്പോള്‍ എന്നെ അടിച്ചു, എന്തുകൊണ്ടെന്നാല്‍ എല്ലാവരും ഒരു ആണ്‍കുഞ്ഞിനെ പ്രതീക്ഷിക്കുകയായിരുന്നു. എനിക്കോ എന്‍റെ ഭര്‍ത്താവിനോ ദവായി [ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍]-യെക്കുറിച്ച് ഒരറിവും ഉണ്ടായിരുന്നില്ല. അറിഞ്ഞിരുന്നെങ്കില്‍ എനിക്ക് ഇതൊന്നും സഹിക്കേണ്ടി വരില്ലായിരുന്നു. പക്ഷെ ഞാന്‍ എതിര്‍ത്തിരുന്നെങ്കില്‍ എന്നെ വീടിനു പുറത്താക്കുമായിരുന്നു.”

കുസുമത്തിന്‍റെ കൊടഗുഡയിലെ വീട്ടില്‍ നിന്നും അധികം അകലെയല്ല പ്രഭയുടെ വീട്. അവര്‍ അടുത്ത ദിവസം എന്നോട് ഇങ്ങനെ പറഞ്ഞു: “ജീവിച്ചിരിക്കുന്നു എന്ന് വിശ്വസിക്കാന്‍ എനിക്കു കഴിയുന്നില്ല. അന്ന് നടന്നതൊക്കെ എങ്ങനെ ഞാന്‍ സഹിച്ചു എന്ന് എനിക്കറിയില്ല. എനിക്ക് കടുത്ത വേദനയായിരുന്നു. ഞാന്‍ അത്ര വേദന സഹിക്കുന്നത് കാണാന്‍ കഴിയാതെ എന്‍റെ സഹോദരന്‍ കരഞ്ഞു. ആശുപത്രി തോറുമുള്ള യാത്രകള്‍, പിന്നെ ഈ കുഞ്ഞ്, കുറച്ചു ദിവങ്ങള്‍ അവനെ കാണാന്‍ കഴിയാത്ത അവസ്ഥ. എല്ലാം എങ്ങനെ അതിജീവിച്ചു എന്ന് എനിക്കറിയില്ല. ആര്‍ക്കും ഇത്തരത്തിലുള്ള അനുഭവങ്ങള്‍ ഉണ്ടാകരുതെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. പക്ഷെ ഞങ്ങള്‍ എല്ലാവരും ഘാട്ടി [പര്‍വ്വതം] പെണ്‍കുട്ടികള്‍ ആണ്. ജീവിതം ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും ഒരുപോലെയാണ്.

പ്രഭ മൃത്യുഞ്ജയിന് ജന്മം കൊടുത്ത അനുഭവം - ഈ ഗ്രാമങ്ങളിലെ നിരവധി സ്ത്രീകളുടെ കഥകള്‍, ഗോത്ര ഇന്ത്യയടെ ഈ ഭാഗത്തെ സ്ത്രീകള്‍ കുട്ടികള്‍ക്ക് എങ്ങനെ ജന്മം കൊടുക്കുന്നു എന്നുള്ളത് – തികച്ചും അവിശ്വസനീയമാണ്. പക്ഷെ നമ്മുടെ മാല്‍ക്കാന്‍ഗിരിയില്‍ എന്തു സംഭവിക്കുന്നു എന്നുള്ളത് ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ?

ഗ്രാമീണ ഇന്ത്യയിലെ കൗമാരക്കാരായ പെൺകുട്ടികളെയും യുവതികളെയും കുറിച്ച് പ്രോജക്റ്റ് പോപുലേഷൻ ഫൗ ണ്ടേഷൻ ഓഫ് ഇന്ത്യയുടെ പിന്തുണയോടെ പാരിയും കൗ ണ്ടർ മീഡിയ ട്രസ്റ്റും രാജ്യവ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പ്രധാനപ്പെട്ട ജനവിഭാഗവും എന്നാല്‍ പാര്‍ശ്വവത്കൃതരുമായ മേല്‍പ്പറഞ്ഞ വിഭാഗങ്ങളുടെ അവസ്ഥ സാധാരണക്കാരുടെ ശബ്ദത്തിലൂടെയും ജീവിതാനുഭവങ്ങളിലൂടെയും മനസ്സിലാക്കുന്നതിനുള്ള ഒരു ഉദ്യമത്തിന്‍റെ ഭാഗമാണ് മേല്‍പ്പറഞ്ഞ പ്രോജക്റ്റ്.

ഈ ലേഖനം പുനഃപ്രസിദ്ധീകരിക്കണമെന്നുണ്ടെങ്കിൽ [email protected] എന്ന മെയിലിലേക്ക് , [email protected]

പരിഭാഷ: റെന്നിമോന്‍ കെ. സി.

Jayanti Buruda

ಒಡಿಶಾದ ಮಲ್ಕಲ್‌ಗಿರಿಯ ಸೆರ್ಪಲ್ಲಿ ಗ್ರಾಮದವರಾದ ಜಯಂತಿ ಬುರುಡಾ ಕಳಿಂಗ ಟಿವಿಯ ಪೂರ್ಣಕಾಲಿಕ ಜಿಲ್ಲಾ ವರದಿಗಾರರು. ಅವರು ಗ್ರಾಮೀಣ ಪ್ರದೇಶದ ವರದಿಗಳಿಗೆ ಹೆಚ್ಚು ಪ್ರಾಶಸ್ತ್ಯ ನೀಡುತ್ತಾರೆ. ಜೀವನೋಪಾಯ, ಸಂಸ್ಕೃತಿ ಮತ್ತು ಆರೋಗ್ಯ ಶಿಕ್ಷಣದ ಮೇಲೆ ಅವರ ವರದಿಗಳು ಕೇಂದ್ರಿಕೃತವಾಗಿರುತ್ತವೆ.

Other stories by Jayanti Buruda
Illustration : Labani Jangi

ಲಬಾನಿ ಜಂಗಿ 2020ರ ಪರಿ ಫೆಲೋ ಆಗಿದ್ದು, ಅವರು ಪಶ್ಚಿಮ ಬಂಗಾಳದ ನಾಡಿಯಾ ಜಿಲ್ಲೆ ಮೂಲದ ಅಭಿಜಾತ ಚಿತ್ರಕಲಾವಿದರು. ಅವರು ಕೋಲ್ಕತ್ತಾದ ಸಾಮಾಜಿಕ ವಿಜ್ಞಾನಗಳ ಅಧ್ಯಯನ ಕೇಂದ್ರದಲ್ಲಿ ಕಾರ್ಮಿಕ ವಲಸೆಯ ಕುರಿತು ಸಂಶೋಧನಾ ಅಧ್ಯಯನ ಮಾಡುತ್ತಿದ್ದಾರೆ.

Other stories by Labani Jangi
Editor : Pratishtha Pandya

ಪ್ರತಿಷ್ಠಾ ಪಾಂಡ್ಯ ಅವರು ಪರಿಯ ಹಿರಿಯ ಸಂಪಾದಕರು, ಇಲ್ಲಿ ಅವರು ಪರಿಯ ಸೃಜನಶೀಲ ಬರವಣಿಗೆ ವಿಭಾಗವನ್ನು ಮುನ್ನಡೆಸುತ್ತಾರೆ. ಅವರು ಪರಿಭಾಷಾ ತಂಡದ ಸದಸ್ಯರೂ ಹೌದು ಮತ್ತು ಗುಜರಾತಿ ಭಾಷೆಯಲ್ಲಿ ಲೇಖನಗಳನ್ನು ಅನುವಾದಿಸುತ್ತಾರೆ ಮತ್ತು ಸಂಪಾದಿಸುತ್ತಾರೆ. ಪ್ರತಿಷ್ಠಾ ಗುಜರಾತಿ ಮತ್ತು ಇಂಗ್ಲಿಷ್ ಭಾಷೆಗಳಲ್ಲಿ ಕೆಲಸ ಮಾಡುವ ಕವಿಯಾಗಿಯೂ ಗುರುತಿಸಿಕೊಂಡಿದ್ದು ಅವರ ಹಲವು ಕವಿತೆಗಳು ಮಾಧ್ಯಮಗಳಲ್ಲಿ ಪ್ರಕಟವಾಗಿವೆ.

Other stories by Pratishtha Pandya
Series Editor : Sharmila Joshi

ಶರ್ಮಿಳಾ ಜೋಶಿಯವರು ಪೀಪಲ್ಸ್ ಆರ್ಕೈವ್ ಆಫ್ ರೂರಲ್ ಇಂಡಿಯಾದ ಮಾಜಿ ಕಾರ್ಯನಿರ್ವಾಹಕ ಸಂಪಾದಕಿ ಮತ್ತು ಬರಹಗಾರ್ತಿ ಮತ್ತು ಸಾಂದರ್ಭಿಕ ಶಿಕ್ಷಕಿ.

Other stories by Sharmila Joshi
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

Other stories by Rennymon K. C.