കാട്ടിൽനിന്ന് മഹുവ പൂക്കൾ ശേഖരിക്കാത്ത ഏതെങ്കിലുമൊരു കൊല്ലമുണ്ടായതായി സുഖറാണി സിംഗിന് ഓർമ്മയില്ല. “ചെറിയ കുട്ടിയായിരുന്നപ്പോൾ ഞാൻ അമ്മയുടെ കൂടെ കാട്ടിൽ പോകാറുണ്ടായിരുന്നു. ഇപ്പോൾ ഞാൻ എന്‍റെ മക്കളെ കൂടെ കൊണ്ടുപോകുന്നു”. 45 വയസ്സുള്ള സുഖറാണി പറഞ്ഞു. കടുംപച്ച നിറത്തിലുള്ള മഹുവ പൂക്കൾ കൊഴിഞ്ഞുവീഴുമ്പോഴേക്കും അത് ശേഖരിക്കാൻ, അതിരാവിലെ 5 മണിക്കുതന്നെ അവർ പുറപ്പെടും. ഉച്ചവരെ അവർ അവിടെയുണ്ടാവും. ചൂടിൽ കൊഴിഞ്ഞുവീഴുന്ന പൂക്കളൊക്കെ പെറുക്കിയെടുത്ത് വീട്ടിലെത്തി വെയിലത്ത് പരത്തിയിട്ട് ഉണക്കും.

മദ്ധ്യപ്രദേശിലെ ഉമരിയ ജില്ലയിലെ ബാന്ധവ്‌ഗഢ് കടുവ സങ്കേതത്തിന് സമീപം താമസിക്കുന്ന സുഖറാണിയെപ്പോലുള്ള ചെറുകിട കർഷകരുടെ സ്ഥിരവരുമാനസ്രോത്രസ്സായിരുന്നു മഹുവ പൂക്കൾ. ഒരു കിലോഗ്രാം ഉണങ്ങിയ പൂക്കൾ ഉമരിയ അങ്ങാടിയിൽ കൊണ്ടുപോയി വിറ്റാൽ 40 രൂപ അവർക്ക് കിട്ടും. മാൻ‌പുർ ബ്ലോക്കിലെ അവരുടെ പരാസി ഗ്രാമത്തിൽനിന്ന് 30 കിലോമീറ്റർ അകലെയാണ് ചന്ത. ഏപ്രിൽ മാസത്തിലെ രണ്ടുമൂന്നാഴ്ചകൾ നീണ്ടുനിൽക്കുന്ന ഒരു സീസണിൽ 200 കിലോഗ്രാംവരെ അവർ ശേഖരിക്കും. “ആ മരം ഞങ്ങൾക്ക് വിലപ്പെട്ടതാണ്” എന്ന് അവർ പറഞ്ഞു. പൂക്കൾക്ക് പുറമേ, അതിന്‍റെ പഴവും തൊലിയും പോഷക-രോഗശമന ശേഷിയുള്ളവയാണ്.

മഹുവ പൂക്കളുടെ കാലമായാൽ, ഉച്ചയ്ക്ക് ഒരുമണിയോടെ സുഖറാണി കാട്ടിൽനിന്ന് മടങ്ങും. വീട്ടിലെത്തി, ഭക്ഷണം പാകം ചെയ്ത് കുടുംബത്തിന് വിളമ്പും. ഭർത്താവും അഞ്ച് മക്കളും അടങ്ങുന്നതാണ് അവരുടെ കുടുംബം. വൈകീട്ട് മൂന്ന് മണിക്ക് അവർ വീണ്ടും പുറപ്പെടുകയായി. ഭർത്താവിന്‍റെ കൂടെ ഗോതമ്പ് കൊയ്യാനിറങ്ങും. ഗോണ്ഡ് ആദിവാസികളായ സുഖറാണിക്കും ഭർത്താവിനും 4 ബിഘ (ഏകദേശം ഒരേക്കർ) കൃഷിഭൂമി സ്വന്തമായുണ്ട്. അവിടെ അവർ, പ്രധാനമായും സ്വന്തം ഉപഭോഗത്തിനായി ഗോതമ്പ് വളർത്തുന്നു.

Left: Mahua flowers ready to drop off the trees near Parasi village. Right: Sukhrani Singh near her mahua trees in the buffer zone of Bandhavgarh Tiger Reserve
PHOTO • Courtesy: Pritam Kempe
Left: Mahua flowers ready to drop off the trees near Parasi village. Right: Sukhrani Singh near her mahua trees in the buffer zone of Bandhavgarh Tiger Reserve
PHOTO • Priti David

(ഇടത്ത്) പരാസി ഗ്രാമത്തിൽ മരങ്ങളിൽനിന്ന് കൊഴിയാറായ മഹുവ പൂക്കൾ; (വലത്ത്) ബാന്ധവ്‌ ഗഢ് കടുവ സങ്കേതത്തിന്‍റെ കരുതൽമേഖലയിലെ മഹുവ മരങ്ങളുടെ സമീപത്ത് നിൽക്കുന്ന സുഖറാണി സിംഗ്

പരാസിയിലെ കുംഭാരനായ സുർജൻ പ്രജാപതിയും കാട്ടിൽനിന്ന് മഹുവ ശേഖരിക്കുന്ന ആളാണ്. “ഗ്രാമത്തില്‍ വരാറുള്ള ഒരു വ്യാപാരിക്ക് ഞാൻ ഇത് വിൽക്കാറുണ്ട്, ചിലപ്പോൾ ഗ്രാമച്ചന്തയിലും”, കുംഭാരജാതിയിൽ‌പ്പെട്ട (ഉമരിയയിലെ ഒ.ബി.സി. വിഭാഗം) 60 വയസ്സുള്ള സുർജൻ പറഞ്ഞു. “ഇത് ഞങ്ങൾക്ക് വളരെ ഉപകാരമുള്ള ഒന്നാണ്. കുടങ്ങൾ ഉണ്ടാക്കിയതുകൊണ്ട് മാത്രം ജീവിക്കാൻ പറ്റില്ല. ഉച്ചയ്ക്ക് തിരിച്ചുവന്നാൽ, മറ്റെന്തെങ്കിലും ദിവസക്കൂലിക്ക് ഞാൻ പോകും”, അയാൾ പറഞ്ഞു. വീട്ടിൽ ഉപ്പോ എണ്ണയോ തീർന്നുപോയാൽ, ഏതാനും കിലോഗ്രാം ഉണങ്ങിയ മഹുവപ്പൂക്കൾ വിറ്റ് പ്രശ്നം പരിഹരിക്കും.

കാട്ടിൽ ഏറ്റവും അവസാനം വെട്ടുന്ന മരമാണ് മഹുവമരമെന്ന് പ്രദേശവാസികൾ പറയുന്നു. മഹുവ മരമുള്ളിടത്തോളം ആർക്കും പട്ടിണി കിടക്കേണ്ടിവരില്ലെന്നാണ് ജില്ലയിലെ ആദിവാസി സമൂഹത്തിന്‍റെ വിശ്വാസം. അതിനാൽത്തന്നെ അവർ ആ വൃക്ഷത്തെ ആരാധിക്കുന്നു. അതിന്‍റെ പൂവും പഴങ്ങളും ഭക്ഷ്യയോഗ്യമാണ്. ഉണങ്ങിയ മഹുവ പൂക്കൾ പൊടിച്ച് മദ്യമുണ്ടാക്കാനും ഉപയോഗിക്കാം.

മധ്യപ്രദേശ്, ഒഡിഷ, ഛത്തീസ്‌ഗഢ്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ കാണാനാവുന്ന മഹുവ മരം ( Madhucalongifolia ), ഇവിടങ്ങളിലെ പ്രധാനപ്പെട്ട ചെറുകിട വനോത്പന്നവുമാണ് (എം.എഫ്.പി.- മൈനർ ഫോറസ്റ്റ് പ്രൊഡ്യൂസ്). മധ്യപ്രദേശ്, ഒഡിഷ, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലെ 75 ശതമാനത്തിലധികം വരുന്ന ഗോത്രജനതയും മഹുവ പൂക്കൾ ശേഖരിച്ച് കൊല്ലത്തിൽ 5,000 രൂപയോളം സമ്പാദിക്കുന്നുണ്ടെന്നാണ് ട്രൈബൽ കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഡെവലപ്പ്മെന്‍റ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (ട്രൈഫെഡ്) കണക്ക്.

ഏപ്രിൽ ആദ്യത്തോടെ കൊഴിയുന്ന മഹുവ പൂക്കൾ ശേഖരിക്കാൻ ബാന്ധവ്‌ഗഢ് ചുറ്റുവട്ടത്ത് താമസിക്കുന്ന സമുദായങ്ങൾക്ക് കാട്ടിലേക്ക് പ്രവേശനം നൽകുന്നുണ്ട്

“ഈ വർഷം മഹുവ പൂക്കൾ കുറവാണ്” എന്ന വീഡിയോ കാണുക

ഹോളി കഴിഞ്ഞയുടൻ, ഏപ്രിൽ അവസാനത്തോടെ കൊഴിയുന്ന മഹുവ പൂക്കൾ ശേഖരിക്കാൻ, ബാന്ധവ്ഗഢ് കരുതൽമേഖലയുടെ 1,537 ചതുരശ്ര കിലോമീറ്റർ ചുറ്റളവിലുള്ള സമുദായങ്ങൾക്ക് വനത്തിനകത്തേക്ക് പ്രവേശനമനുവദിച്ചിട്ടുണ്ട്. പൂക്കൾ കണ്ടുപിടിക്കാനും കൊട്ടയിൽ ശേഖരിക്കാനും കുട്ടികളാണ് കൂടുതൽ സമർത്ഥർ. അതിനാൽ, മുതിർന്നവർ അവരെ കൂട്ടിയാണ് വനത്തിൽ പോവുക.

കാട്ടിലെ ഓരോ പത്തിരുന്നൂറ് മീറ്ററുകളിലായി പരന്നുകിടക്കുകയാണ് മഹുവ മരങ്ങൾ. പൂക്കുന്ന കാലത്ത്, താഴെയുള്ള കൊമ്പുകളിൽ എന്തെങ്കിലും തുണിയോ ചാക്കോ തൂക്കിയിട്ട് മരങ്ങളെ അടയാളപ്പെടുത്തുന്നു. ഗ്രാമത്തിലെ “ഓരോ കുടുംബത്തിനും കുറച്ച് മരങ്ങൾ അവകാശപ്പെട്ടതാണ്. തലമുറകൾക്കുമുമ്പ് വീതം വെച്ചതാണ് ആ മരങ്ങൾ“ എന്ന് സുർജൻ പറഞ്ഞു. ഏതെങ്കിലും കുടുംബത്തിന് അത്യാവശ്യം വരുമ്പോൾ, കഴിവുള്ളവർ അവരുടെ വരുമാനം അവരുമായി പങ്കുവെക്കാറുണ്ടെന്നും അയാൾ കൂട്ടിച്ചേർത്തു.

2007-ലാണ് ബാന്ധവ്ഗഢ് കടുവസങ്കേതമായി പ്രഖ്യാപിക്കപ്പെടുന്നത്. അതിന്‍റെ കേന്ദ്രമേഖലയായ ദേശീയോദ്യാനത്തിൽ ജനങ്ങൾക്ക് വിലക്കേർപ്പെടുത്തുകയും ചെയ്തു. അതിന് ചുറ്റുമായി, ജനങ്ങൾക്ക് നിയന്ത്രിതപ്രവേശനമുള്ള ഒരു കരുതൽ‌മേഖലയും സൃഷ്ടിക്കപ്പെട്ടു. ദേശീയോദ്യാനത്തോട് ചേർന്നുകിടക്കുന്നതും പിന്നീട് കരുതൽമേഖലയായി അറിയപ്പെട്ടതുമായ സ്ഥലത്ത് സുഖറാണിയെപ്പോലെയുള്ള ആദിവാസി കർഷകർക്ക് സ്വന്തമായ കൃഷിസ്ഥലങ്ങളുണ്ടായിരുന്നു. കഴിഞ്ഞ ഒരു ദശകമായി ആ സ്ഥലം അവർ തരിശിട്ടിരിക്കുകയായിരുന്നുവെന്ന് അവർ പറഞ്ഞു. “കാട്ടിൽ ഒരു കൃഷിയും സ്ഥിരമായി നടത്താനാവില്ല. അവിടെ താമസിക്കാൻ പറ്റാത്തതിനാൽ കൃഷിയൊന്നും സംരക്ഷിക്കാനും ഞങ്ങൾക്കാവില്ല. കുരങ്ങന്മാർ വന്ന് കടലയും തുവരപ്പരിപ്പും മറ്റും തിന്ന് തീർക്കും”.

From the left: Durga Singh, Roshni Singh and Surjan Prajapati gathering mahua in the forest next to Parasi in Umaria district
PHOTO • Priti David
From the left: Durga Singh, Roshni Singh and Surjan Prajapati gathering mahua in the forest next to Parasi in Umaria district
PHOTO • Priti David
From the left: Durga Singh, Roshni Singh and Surjan Prajapati gathering mahua in the forest next to Parasi in Umaria district
PHOTO • Priti David

ഇടത്തുനിന്ന് : ഉമരിയ ജില്ലയിലെ പരാസിയിലുള്ള കാട്ടിൽനിന്ന് മഹുവ ശേഖരിക്കുന്ന ദുർഗാ സിംഗ്, രോഷ്നി സിംഗ്, സുർജൻ പ്രജാപതി എന്നിവർ

ബാന്ധവ്ഗഢ് ദേശീയോദ്യാനം മാത്രമായിരുന്നപ്പോൾ, വിളവുകാലത്ത്, കൃഷിയെ സംരക്ഷിക്കാനായി ആദിവാസി കർഷകർ അവിടെ താത്ക്കാലിക കൂരകൾ നിർമ്മിച്ചിരുന്നുവെങ്കിലും ഇപ്പോൾ അത് അനുവദിക്കുന്നില്ല. മഹുവ പോലുള്ള ചെറുകിട വനോത്പന്നങ്ങൾ ശേഖരിക്കാൻ മാത്രമാണ് ഇപ്പോളവർ കരുതൽമേഖലയിലേക്ക് പോവുന്നത്. “വെളിച്ചമാവുന്നതിന് മുൻപാണ് ഞങ്ങൾ കാട്ടിലേക്ക് പോവുക. പുലിയും മറ്റും ഉണ്ടായേക്കാമെന്നതിനാൽ, എല്ലാവരും കൂട്ടമായിട്ടാണ് യാത്ര ചെയ്യുക”, സുഖറാണി പറഞ്ഞു. ഇതുവരെ പുലിയെ നേരിട്ട് കണ്ടിട്ടില്ലെങ്കിലും പരിസരത്തൊക്കെ അവ ഉണ്ടാവുമെന്ന് അവർക്കറിയാം.

വെളിച്ചമാവുന്നതിന് മുമ്പേ, അതിരാവിലെ 5.30-ക്ക് മഹുവ ശേഖരിക്കുന്നവർ ജോലി തുടങ്ങും. “മരങ്ങൾക്ക് താഴെയുള്ള ഉണങ്ങിയ ഇലകളൊക്കെ അടിച്ചുവാരുമ്പോൾ, ഭാരമുള്ള മഹുവ പൂക്കൾ ബാക്കിയാകും”. സുഖറാണിയുടെ 18 വയസ്സുള്ള മകൾ രോഷ്നി സിംഗ് പറഞ്ഞു. 2020-ൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയതിനുശേഷം കോളേജിൽ പോകാനൊരുങ്ങുകയാണ് രോഷ്നി. അപ്പോഴേക്കും കോവിഡ് എത്തിയതിനാൽ കാര്യങ്ങൾ അവതാളത്തിലായി. പരസിയിലെ 1400‌-ഓളം വരുന്ന ജനസംഖ്യയിൽ ആദിവാസികൾ 23 ശതമാനമാണ്. ഗ്രാമത്തിലെ സാക്ഷരതാനിരക്ക് 2011 സെൻസസ് പ്രകാരം 50 ശതമാനമാണ്. കുടുംബത്തിൽ ആദ്യമായി കോളേജിലേക്ക് പോവുന്നത് താനായിരിക്കണമെന്ന നിശ്ചയദാർഢ്യത്തിലാണ് ആദ്യതലമുറയിലൊരാളായ രോഷ്നി.

അതിരാവിലത്തെ തണുപ്പ്, പൂക്കൾ ശേഖരിക്കുന്നവർക്ക് ബുദ്ധിമുട്ടുളവാക്കുന്നുണ്ട്. “കൈകൾ തണുത്ത് മരവിക്കുമ്പോൾ മഹുവ പൂക്കൾ പെറുക്കാൻ ബുദ്ധിമുട്ടാണ്” എന്ന് സുഖറാണിയുടെ 17വയസ്സുള്ള മരുമകൾ ദുർഗ വിശദീകരിച്ചു. “ഞായറാഴ്ചയായതിനാൽ എനിക്ക് സ്കൂളില്ല. അതുകൊണ്ട് അമ്മായിയെ സഹായിക്കാൻ വന്നതാണ്”. അവൾ പറഞ്ഞു. പരാസിയിൽനിന്ന് ഏതാണ്ട് രണ്ട് കിലോമീറ്റർ ദൂരത്തുള്ള ധമോഖറിലെ സർക്കാർ ഹൈസ്കൂളിൽ പതിനൊന്നാം ക്ലാസ്സിൽ, ചരിത്രവും, സാമ്പത്തികശാസ്ത്രവും ഹിന്ദിയും കലയുമാണ് അവൾ പഠിക്കുന്നത്. കഴിഞ്ഞ വർഷത്തെ അടച്ചുപൂട്ടൽ സമയത്ത് പൂട്ടിയ സ്കൂൾ ജനുവരിയിലാണ് തുറന്നത്.


Left: Mani Singh and Sunita Bai with freshly gathered flowers. Right: Mahua flowers spread out to dry in their home in Mardari village
PHOTO • Priti David
Left: Mani Singh and Sunita Bai with freshly gathered flowers. Right: Mahua flowers spread out to dry in their home in Mardari village
PHOTO • Priti David

ഇടത്ത് : പുതുതായി ശേഖരിച്ച പൂക്കളുമായി മണി സിംഗും സുനിതാ ബായിയും. വലത്ത്: മാർദാരി ഗ്രാമത്തിലെ വീട്ടിൽ ഉണങ്ങാനായി പരത്തിയിട്ട മഹുവ പൂക്കൾ

“ഈ വർഷം അധികമൊന്നും കിട്ടില്ല. സാധാരണയായി കിട്ടുന്നതിന്‍റെ പകുതിപോലും കിട്ടാനിടയില്ല” തന്‍റെ മുൻപിലുള്ള ഉയരമേറിയ മഹുവ വൃക്ഷത്തെ നോക്കി സുഖറാണി തലയിളക്കിക്കൊണ്ട് പറഞ്ഞു. “ഇക്കൊല്ലം പൂക്കൾ കൊഴിയുന്നേയില്ല” എന്ന്, സുർജൻ സുഖറാണി പറഞ്ഞതിനെ ശരിവെച്ചു. 2020-ലെ മഴക്കുറവിനെയാണ് രണ്ടുപേരും പഴിച്ചത്. മഹുവ സീസണുകൾ ധാരാളം കണ്ട സുർജൻ പക്ഷേ ഇതിനെ ഒരു പതിവ് പ്രതിഭാസമായിട്ടാണ് കാണുന്നത് “ചില വർഷങ്ങളിൽ കൂടുതൽ കിട്ടും. ചിലപ്പോൾ കുറവും. എല്ലായ്പ്പോഴും ഒരുപോലെയാവില്ലല്ലോ”.

പരാസിയിൽനിന്ന് ആറ് കിലോമീറ്ററകലെ, കടുവസങ്കേതത്തിന്‍റെ മറുവശത്ത്, മർദാരി ഗ്രാമത്തിലെ മണി സിംഗിന്‍റെ വീടിന്‍റെ വരണ്ട മുറ്റത്ത് മഹുവ പൂക്കൾ ഉണക്കാനിട്ടിരുന്നു. പച്ചയും മഞ്ഞയും കലർന്ന കടുംനിറത്തിൽനിന്ന് പൂക്കൾ ഉണങ്ങിയ ഓറഞ്ചിലേക്ക് നിറം മാറുന്നുണ്ടായിരുന്നു. അതിരാവിലെ കാട്ടിലെ തങ്ങളുടെ അഞ്ച് മരങ്ങളിൽനിന്ന് മഹുവ പൂക്കൾ ശേഖരിച്ചു കഴിഞ്ഞിരുന്നു 55 വയസ്സ് കഴിഞ്ഞ മണിയും അദ്ദേഹത്തിന്‍റെ ഭാര്യ സുനിതാ ബായിയും. മക്കളൊക്കെ മുതിർന്ന് മറ്റിടങ്ങളിലാണ്. അതുകൊണ്ട് വീട്ടിൽ പണിയെടുക്കാൻ അവർ രണ്ടുപേർ മാത്രമേയുള്ളു. “കഴിഞ്ഞ വർഷം അധികം പൂക്കൾ കിട്ടിയില്ല. നല്ലവണ്ണം അദ്ധ്വാനിക്കേണ്ടിവന്നു. കഴിഞ്ഞ കൊല്ലം 100 കിലോയ്ക്കടുത്ത് കിട്ടി. ഇക്കൊല്ലം അതിന്‍റെ പകുതിപോലും കിട്ടാൻ സാധ്യതയില്ല”, മണി പറഞ്ഞു.

മഹുവ പൂക്കളും വൈക്കോലും കലർത്തി മണി തന്‍റെ നിലമുഴുകുന്ന കാളകൾക്ക് കൊടുക്കുന്നു. “അവരെ ഇത് കരുത്തരാക്കുന്നു”, അയാൾ സൂചിപ്പിച്ചു.

133 കുടിലുകളുള്ള ഒരു ഊരാണ് മർദാരി. മിക്കവാറും എല്ലാ വീട്ടിലും മഹുവ പരത്തിയിട്ട് ഉണക്കി, ചാക്കുകളിലാക്കുന്ന പണിയാണ്. ഉച്ച കഴിഞ്ഞപ്പോഴാണ് ചന്ദാബായ് ബൈഗ ഒരുകൂട്ടം കുട്ടികളോടൊത്ത് വീട്ടിലെത്തിയത്. അവരുടേയും ബന്ധുക്കളുടേയും കുട്ടികളായിരുന്നു അത്. ഓരോരുത്തരും അവർ ശേഖരിച്ചിരുന്ന പൂവുകൾ കുട്ടകളിൽ നിറച്ച് കൈയ്യിലേന്തിയിരുന്നു. ഉച്ചഭക്ഷണത്തിനുമുൻപ് കുളിച്ചുവരാൻ അവരെ പറഞ്ഞയച്ച് അവർ ഞങ്ങളോട് സംസാരിക്കാനിരുന്നു.

Left: Chandabai Baiga (in the green saree) and her relatives returning from the forest after gathering mahua. Right: Dried flowers in Chandabai's home
PHOTO • Priti David
Left: Chandabai Baiga (in the green saree) and her relatives returning from the forest after gathering mahua. Right: Dried flowers in Chandabai's home
PHOTO • Priti David

ഇടത്ത് : മഹുവ ശേഖരിച്ച് വരുന്ന ചന്ദാബായ് ബൈഗയും (പച്ചസാരിയിൽ) അവരുടെ ബന്ധുക്കളും. വലത്ത്: ചന്ദാബായിയുടെ വീട്ടിലെ ഉണങ്ങിയ പൂക്കൾ

40 വയസ്സിനോടടുത്ത ചന്ദാബായിയും അവരുടെ ഭർത്താവ് വിശ്വനാഥ് ബൈഗയും ബൈഗ ആദിവാസി സമുദായക്കാരായിരുന്നു. സ്വന്തമായുള്ള 2.5 ഏക്കറിൽ അരിയും തുവരപ്പരിപ്പും കൃഷിചെയ്യുന്ന അവർ, കഴിയുമ്പോഴൊക്കെ തൊഴിലുറപ്പ് പണിക്കും പോകാറുണ്ടായിരുന്നു.

“ഇക്കൊല്ലം ഞങ്ങൾക്ക് മഹുവ അധികം കിട്ടില്ല. അധികം മഴയില്ലാതിരുന്നതിനാൽ പൂക്കളും കുറവായിരിക്കും” ചന്ദാബായ് പറഞ്ഞു. രാവിലത്തെ ജോലി ചെയ്ത് ക്ഷീണിതയായിരുന്നു അവർ. ചുരുങ്ങിവരുന്ന വിളവിനെക്കുറിച്ച് ആധിപൂണ്ട അവർ, കൂടിക്കൂടി വരുന്ന മാനുകളെയും കുറ്റപ്പെടുത്തി “അവറ്റകൾ എല്ലാം തിന്നും. പ്രത്യേകിച്ചും രാത്രി വീഴുന്ന പൂക്കൾ. അതിനാൽ അതിരാവിലെ പോയി അവയെ ഓടിക്കണം. എന്‍റെ മാത്രമല്ല, എല്ലാവരുടേയും സ്ഥിതി ഇതാണ്”, അവർ പറഞ്ഞു.

ഒരു മാസം കഴിഞ്ഞ്, മേയ് മാസം അവരെ ഫോണിൽ വിളിച്ചപ്പോൾ, തന്‍റെ ആശങ്കകൾ യാഥാർത്ഥ്യമായതിനെക്കുറിച്ച് ചന്ദാബായ് പറഞ്ഞു. “ഇക്കൊല്ലം, 15 ദിവസങ്ങൾകൊണ്ട് പൂക്കൾ ശേഖരിച്ചുകഴിഞ്ഞു. ഏകദേശം 200 കിലോഗ്രാം മാത്രമാണ് കിട്ടിയത്. കഴിഞ്ഞ കൊല്ലം 300 കിലോഗ്രാം കിട്ടിയതായിരുന്നു.” പക്ഷേ, പൂക്കൾ കുറഞ്ഞതുകൊണ്ട് വില കൂടിയതിൽ അവർ സന്തോഷിക്കുകയും ചെയ്തു. കഴിഞ്ഞ വർഷം, ഒരു കിലോഗ്രാം മഹുവ പൂക്കൾക്ക് 35-40 രൂപ കിട്ടിയപ്പോൾ, ഇത്തവണ 50 രൂപ കിട്ടിയത്രെ.

സുഖറാണിയും സുർജനും പ്രവചിച്ചപോലെ, പരാസിയിലും ഇക്കുറി വിളവ് കുറവായിരുന്നു. അല്പം തത്ത്വചിന്ത കലർത്തിയാണ് സുർജൻ അതിനെക്കുറിച്ച് പറഞ്ഞത്: “ചിലപ്പോൾ നിങ്ങൾക്ക് വയർ നിറച്ച് ഭക്ഷണം കിട്ടും. ചിലപ്പോൾ കിട്ടുകയുമില്ല, ശരിയല്ലേ? അതുപോലെയാണ് ഇതും”.

ഈ കഥ റിപ്പോർട്ട് ചെയ്ത ദിലീപ് അശോകയ്ക്ക് ലേഖകന്‍റെ കൃതജ്ഞത .

പരിഭാഷ: രാജീവ് ചേലനാട്ട്

Priti David

ಪ್ರೀತಿ ಡೇವಿಡ್ ಅವರು ಪರಿಯ ಕಾರ್ಯನಿರ್ವಾಹಕ ಸಂಪಾದಕರು. ಪತ್ರಕರ್ತರು ಮತ್ತು ಶಿಕ್ಷಕರಾದ ಅವರು ಪರಿ ಎಜುಕೇಷನ್ ವಿಭಾಗದ ಮುಖ್ಯಸ್ಥರೂ ಹೌದು. ಅಲ್ಲದೆ ಅವರು ಗ್ರಾಮೀಣ ಸಮಸ್ಯೆಗಳನ್ನು ತರಗತಿ ಮತ್ತು ಪಠ್ಯಕ್ರಮದಲ್ಲಿ ಆಳವಡಿಸಲು ಶಾಲೆಗಳು ಮತ್ತು ಕಾಲೇಜುಗಳೊಂದಿಗೆ ಕೆಲಸ ಮಾಡುತ್ತಾರೆ ಮತ್ತು ನಮ್ಮ ಕಾಲದ ಸಮಸ್ಯೆಗಳನ್ನು ದಾಖಲಿಸುವ ಸಲುವಾಗಿ ಯುವಜನರೊಂದಿಗೆ ಕೆಲಸ ಮಾಡುತ್ತಾರೆ.

Other stories by Priti David
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

Other stories by Rajeeve Chelanat