“ഇത് നരകമാണ്
ഇതൊരു കറങ്ങുന്ന നീര്‍ച്ചുഴിയാണ്
ഇതൊരു വൃത്തികെട്ട യാതനയാണ്
ഇതൊരു നര്‍ത്തകിയുടെ ചിലങ്കകള്‍ അണിയുന്ന വേദനയാണ്...”
നാംദേവ് ദശാലിന്‍റെ ‘കാമാത്തിപുര’ എന്ന കവിതയില്‍ നിന്നും

എല്ലായ്പ്പോഴും തിക്കും തിരക്കും നിറഞ്ഞ റോഡ്‌ ഒരുപാട് വര്‍ഷങ്ങള്‍ക്കുള്ളില്‍ ആദ്യമായി ശാന്തമായി. പക്ഷെ അവിടെ ജീവിക്കുന്ന സ്ത്രീകള്‍ക്ക് ഒരുപാട് കാലം ജോലിയില്‍നിന്നും മാറിനില്‍ക്കാന്‍ കഴിഞ്ഞില്ല. അവരുടെ വാടക മുടങ്ങിക്കിടന്നു, ലോക്ക്ഡൗണ്‍ സമയത്ത് അവരുടെ കുട്ടികള്‍ ഹോസ്റ്റലുകളില്‍ നിന്നും തിരിച്ചെത്തി, ചിലവുകള്‍ വര്‍ദ്ധിക്കുകയും ചെയ്തു.

നാല് മാസത്തോളം നീണ്ട ഇടവേളയ്ക്കുശേഷം, ജൂലൈ പകുതിയോടെ, 21-കാരിയായ സോനി ഒരിക്കല്‍ക്കൂടി സെന്‍ട്രല്‍ മുംബൈയിലെ കാമാത്തിപുര പ്രദേശത്തെ ഫാൽക്‌ലണ്ഡ് റോഡിന്‍റെ നടപ്പാതകളില്‍ നില്‍ക്കാന്‍ തുടങ്ങി. അടുത്തുള്ള ചെറു ഹോട്ടലുകളിലോ അല്ലെങ്കില്‍ സുഹൃത്തിന്‍റെ മുറിയിലോ ഇടപാടുകാരോടൊത്തായിരിക്കുമ്പോള്‍ 5 വയസ്സുകാരിയായ മകള്‍ ഇഷയെ സ്ഥാപന ഉടമയായ സ്ത്രീയുടെ സംരക്ഷണയിലാക്കും. ഇഷയുള്ളതുകൊണ്ട് സ്വന്തം മുറിയിലേക്ക് സോനി ഇടപാടുകാരെ കൊണ്ടുവരാറില്ല. ( ഈ ലേഖനത്തില്‍ പറയുന്ന പേരുകളെല്ലാം മാറ്റിയാണ് നല്‍കിയിരിക്കുന്നത് .)

ഓഗസ്റ്റ് 4-ന് രാത്രി 11 മണിയോടെ ജോലിയില്‍നിന്നും ഒരു ഇടവേളയെടുത്ത് സോനി മുറിയിലെത്തിയപ്പോള്‍ ഇഷ കരയുന്നതാണ് കണ്ടത്. “നോക്കാനായി ഞാന്‍ വരാറുള്ള സമയത്ത് അവള്‍ ഉറക്കത്തിലായിരിക്കും”, സോനി പറഞ്ഞു. “പക്ഷെ [അന്നുരാത്രി] തന്‍റെ ശരീരത്തേക്ക് ചൂണ്ടിക്കാട്ടി വേദനിക്കുന്നുവെന്ന് അവള്‍ പറഞ്ഞുകൊണ്ടിരുന്നു. എല്ലാം മനസ്സിലാക്കാന്‍ എനിക്ക് കുറച്ച് സമയമെടുത്തു...”

അന്ന് വൈകുന്നേരം സോനി ജോലിയിലായിരുന്നപ്പോള്‍ ഇഷ ബലാല്‍സംഗം ചെയ്യപ്പെട്ടെന്ന് ആരോപിക്കാം. കുറച്ചു മുറികള്‍ക്കപ്പുറത്തുള്ള മറ്റൊരു ലൈംഗിക തൊഴിലാളി ലഘുഭക്ഷണം കൊടുക്കാനെന്ന വ്യാജേന ആ കൊച്ചുപെണ്‍കുട്ടിയെ അവരുടെ മുറിയില്‍ കൊണ്ടുപോയി. അവരുടെ പങ്കാളി അവിടെ കാത്തിരിപ്പുണ്ടായിരുന്നു. “അയാള്‍ മദ്യപിച്ചിരുന്നു, പോകുന്നതിനു മുന്‍പ് ആരോടും ഒന്നും പറയരുതെന്ന് അയാള്‍ എന്‍റെ മകളെ താക്കീത് ചെയ്തു”, സോനി പറഞ്ഞു. “അവള്‍ക്ക് വേദനിക്കുന്നുണ്ടായിരുന്നെന്ന് അവള്‍ ഘര്‍വാലിയോട് [സ്ഥലമുടമയായ സ്ത്രീ, അല്ലെങ്കില്‍ ലൈംഗിക തൊഴില്‍കേന്ദ്രം നടത്തുന്ന സ്ത്രീ] പറഞ്ഞു. ഇഷ അവരെ നാനിയെപ്പോലെ കണ്ടിരുന്നു. ഞങ്ങളെപ്പോലുള്ളവര്‍ക്ക് ആരെങ്കിലും വിശ്വസിക്കാന്‍ ഉണ്ടാവുമെന്ന് വിശ്വസിക്കാന്‍മാത്രം ഞാനൊരു വിഡ്ഢിയായിപ്പോയി. പേടിമൂലം എന്‍റെ മകള്‍ ഒരിക്കലും ഇത് എന്നോട് പറഞ്ഞില്ലായിരുന്നെങ്കില്‍ എന്താകുമായിരുന്നു? ഇഷയ്ക്ക് അവരെ അറിയാമായിരുന്നു, അവരെ വിശ്വസിക്കുകയും ചെയ്തു, അതുകൊണ്ടാണവര്‍ അവരുടെ മുറിയില്‍ പോയത്. അല്ലെങ്കില്‍ എന്‍റെ അസാന്നിദ്ധ്യത്തില്‍ ഈ പ്രദേശത്ത് ആരോടും സംസാരിക്കരുതെന്ന് അവള്‍ക്കറിയാം.”

'I am a fool to believe that people like us can have someone to trust' says Soni, who filed a complaint at Nagpada police station after her daughter was raped
PHOTO • Aakanksha
'I am a fool to believe that people like us can have someone to trust' says Soni, who filed a complaint at Nagpada police station after her daughter was raped. Clothes hanging outside Kavita’s (Soni) room
PHOTO • Aakanksha

‘ഞങ്ങളെപ്പോലുള്ളവര്‍ക്ക് ആരെങ്കിലും വിശ്വസിക്കാന്‍ ഉണ്ടാവുമെന്ന് വിശ്വസിക്കാന്‍മാത്രം ഞാനൊരു വിഡ്ഢിയായിപ്പോയി’, തന്‍റെ മകള്‍ ബലാല്‍സംഗം ചെയ്യപ്പെട്ടശേഷം നാഗപാഡ പോലീസ് സ്റ്റേഷനില്‍ പരാതികൊടുത്ത സോനി പറഞ്ഞു. വലത്: അവരുടെ മുറിക്ക് പുറത്ത് വസ്ത്രങ്ങള്‍ തൂങ്ങിക്കിടക്കുന്നു

സംഭവത്തിനു ശേഷം, ആ പ്രദേശത്തെ ഡോളി എന്നൊരു മുന്‍ ലൈംഗികതൊഴിലാളി വിഷയം ഒതുക്കിത്തീര്‍ക്കുന്ന കാര്യം സോനിയെ ധരിപ്പിക്കാന്‍ ശ്രമിച്ചു. തന്‍റെ മകളെ പ്രോലോഭിക്കാന്‍ ശ്രമിച്ചിരുന്ന കാര്യം ഡോളിക്ക് അറിയാമായിരുന്നു എന്നാണ് സോനി പറഞ്ഞത്. “എല്ലാവര്‍ക്കുമറിയാം ഇവിടെയുള്ള പെണ്‍കുട്ടികള്‍ക്ക് എന്താണ് സംഭവിക്കുന്നതെന്ന്. പക്ഷെ എല്ലാവരും അതിനുനേര്‍ക്ക്‌ കണ്ണടയ്ക്കുന്നു. ഒരുപാടുപേര്‍ ഞങ്ങളുടെ വായടയ്ക്കാന്‍ വരുന്നു. പക്ഷെ എനിക്ക് നിശ്ശബ്ദയായിരിക്കാന്‍ കഴിയില്ല”, അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേദിവസം, ഓഗസ്റ്റ് 4-ന്, സോനി തൊട്ടടുത്തുള്ള നാഗപാഡ പോലീസ് സ്റ്റേഷനില്‍ ഒരു പരാതി നല്‍കി. ലൈംഗിക കുറ്റകൃത്യത്തില്‍ നിന്നും കുട്ടികളെ സംരക്ഷിക്കാനുള്ള 2012-ലെ (Protection of Children from Sexual Offences Act - POCSO - 2012) നിയമത്തിനു കീഴില്‍ അടുത്തദിവസം ഒരു എഫ്.ഐ.ആര്‍. (പ്രഥമ വിവര റിപ്പോര്‍ട്ട്) തയ്യാറാക്കപ്പെട്ടു. ആ നിയമം അനുശാസിക്കുന്നതനുസരിച്ച് സംസ്ഥാനത്തെ ശിശുക്ഷേമ സമിതിയുമായി പോലീസ് ബന്ധപ്പെട്ടു. ശിശുക്ഷേമ സമിതി നിയമസഹായവും, കൗണ്‍സലറെ നല്‍കുന്നതും, സുരക്ഷിതമായ ഒരു പരിതസ്ഥിതിയില്‍ കുട്ടിയെ പുനരധിവസിപ്പിക്കുന്നതുമുള്‍പ്പെടെയുള്ള മറ്റ് സഹായങ്ങളും നല്‍കേണ്ടതുണ്ട്. ഇഷയെ സംസ്ഥാന നടത്തിപ്പിലുള്ള ജെ. ജെ. ആശുപത്രിയിലേക്ക് വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയി. ഓഗസ്റ്റ് 18-ന് അവളെ സംസ്ഥാന സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ മുംബൈയിലെ ഒരു ശിശുപരിചരണ സ്ഥാപനത്തിലേക്ക് മാറ്റി.

******

എന്നിരിക്കിലും ഇത്തരം സംഭവങ്ങള്‍ വളരെ സാധാരണമാണ്. കോല്‍ക്കത്തയിലെ ചുവന്നതെരുവ് മേഖലകളില്‍ 2010-ല്‍ നടത്തിയ ഒരു ഒരു പഠനം അനുസരിച്ച് കൂടിക്കാഴ്ച നടത്തിയ 101 കുടുംബങ്ങളില്‍ 69 ശതമാനവും കരുതുന്നത് ഈ പ്രദേശത്തെ പരിതസ്ഥിതി തങ്ങളുടെ കുട്ടികള്‍ക്ക്, പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക്, നല്ലതല്ലെന്നാണ്. “...അമ്മമാരുമായുള്ള ചർച്ചകളിൽ നിന്ന് വെളിപ്പെട്ടത് അവരുടെ ഇടപാടുകാർ പെൺമക്കളെ സ്പർശിക്കുകയോ ഉപദ്രവിക്കുകയോ വാക്കാൽ വിഷമിപ്പിക്കുകയോ ചെയ്തപ്പോള്‍ അവർ നിസ്സഹായരായി എന്നാണ്”, പഠനം ചൂണ്ടിക്കാട്ടുന്നു. കൂടിക്കാഴ്ചയിൽ പങ്കെടുത്ത 100 ശതമാനം കുട്ടികളും പറഞ്ഞത് സുഹൃത്തുക്കളെയോ സഹോദരങ്ങളെയോ അടുത്തുള്ള മറ്റു കുട്ടികളെയോ ലൈംഗികമായി ദുരുപയോഗം ചെയ്ത കാര്യങ്ങൾ കേട്ടിട്ടുണ്ടെന്നാണ്.

“ഞങ്ങളുടെ പെൺമക്കളിൽ ആരെയെങ്കിലും അയാൾ അങ്ങനെ ചെയ്തിട്ടുണ്ട്, ഇങ്ങനെ ചെയ്തിട്ടുണ്ട്, അല്ലെങ്കിൽ അവളോട് അടുക്കാൻ ശ്രമിച്ചിട്ടുണ്ട്, അതുമല്ലെങ്കിൽ അവളെ അശ്ലീലചിത്രം കാണാൻ നിർബന്ധിച്ചിട്ടുണ്ട് എന്നത് ഞങ്ങൾക്ക് പുതിയൊരു കാര്യമല്ല. പെൺമക്കൾ മാത്രമല്ല, ചെറിയ ആൺകുട്ടികൾ പോലും ഇവിടെ പ്രശ്നങ്ങൾ നേരിടുന്നു. പക്ഷെ, ആരും വാ തുറക്കില്ല”, കാമാത്തിപുരയിൽ ഞങ്ങളുമായി സംസാരിച്ചു കൊണ്ടിരുന്ന ഒരു ലൈംഗിക തൊഴിലാളി പറഞ്ഞു.

“വാണിജ്യ ലൈംഗിക തൊഴിലാളികളുടെ കുട്ടികൾ, ബുദ്ധിമാന്ദ്യമുള്ള പെൺകുട്ടികൾ, സ്ക്കൂളിൽ പോകാതെ തൊഴിലിടങ്ങളിൽ പ്രവർത്തിക്കുന്ന കൗമാരക്കാരായ ആൺകുട്ടികളും പെൺകുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ബാല ലൈംഗിക ദുരുപയോഗങ്ങളുടെ വർദ്ധിച്ചു കൊണ്ടിരിക്കുന്ന അപകടങ്ങളെപ്പറ്റി” 2018-ലെ മറ്റൊരു അവലോകന പേപ്പര്‍ പറയുന്നുണ്ട്.

Charu too has to leave three-year-old Sheela in the gharwali’s house when she goes for work, which she resumed in August. 'Do I have a choice?' she asks
PHOTO • Aakanksha
Charu too has to leave three-year-old Sheela in the gharwali’s house when she goes for work, which she resumed in August. 'Do I have a choice?' she asks
PHOTO • Aakanksha

ചാരുവിനും ജോലിക്കു പോകുമ്പോൾ മൂന്നു വയസ്സുകാരിയായ മകളെ ഘർവാലിയുടെ വീട്ടിൽ ആക്കേണ്ടതുണ്ട്. ഓഗസ്റ്റിലാണ് അവർ വീണ്ടും തൊഴിൽ ആരംഭിച്ചത്. എനിക്കൊരു മാർഗ്ഗമുണ്ടോ ?’ അവർ ചോദിക്കുന്നു

ലോക്ക്ഡൗൺ അവരെ കൂടുതല്‍ അപകടത്തിലേക്ക് നയിച്ചേക്കാം. വിവിധ അപകടങ്ങൾ നേരിട്ടപ്പോള്‍ കുട്ടികൾ വനിത, ശിശുവികസന മന്ത്രാലയത്തിന്‍റെ അടിയന്തര സേവന സംവിധാനമായ ചൈൽഡ് ലൈനിലേക്ക് വിളിച്ചതിന്‍റെ എണ്ണം ഏപ്രിലിലെ ലോക്ക്ഡൗൺ സമയത്തെ രണ്ടാഴ്ചയിൽ 50 ശതമാനം വർദ്ധിച്ചിട്ടുണ്ടെന്ന് 2020 ജൂണിൽ യൂണിസെഫ് പ്രസിദ്ധീകരിച്ച കുട്ടികൾക്കെതിരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കാനുള്ള തന്ത്രം (Strategy for ending violence against children) എന്ന റിപ്പോര്‍ട്ട് പറയുന്നു. “94.6 ശതമാനം ബാല ലൈംഗിക ദുരുപയോഗ കേസുകളിലും കുറ്റവാളികളെ ഏതെങ്കിലും തരത്തിൽ കുട്ടികൾക്കറിയാം. 53.7 ശതമാനം കേസുകളിലും അവർ വളരെയടുത്ത കുടുംബാംഗങ്ങളോ ബന്ധുക്കളോ/സുഹൃത്തുക്കളോ ആണ്.”

ലൈംഗിക തൊഴിലാളികളുടെ കുട്ടികൾക്കുവേണ്ടി ചില എൻ.ജി.ഓകൾ രാത്രിയോ പകലോ നടത്തിയിരുന്ന അഭയകേന്ദ്രങ്ങൾ ലോക്ക്ഡൗൺ സമയത്ത് അവർക്ക് മുഴുവൻ സമയവും അഭയം നൽകി. അതേസമയം നഗരത്തിലെ മറ്റ് ഹോസ്റ്റലുകൾ അടച്ചുപൂട്ടുകയും കുട്ടികളെ വീട്ടിൽ അയയ്ക്കുകയും ചെയ്തു. ഇഷയും അത്തരം ഒരു അഭയകേന്ദ്രത്തിലായിരുന്നു. പക്ഷെ ജോലി ചെയ്യാതിരുന്നതിനാൽ സോനി അവളെ ജൂൺ ആദ്യം മുറിയിലേക്ക് കൊണ്ടുവന്നു. ജൂലൈയിൽ ജോലി പുനരാരംഭിക്കേണ്ടിയിരുന്നതിനാൽ അവർ ഇഷയെ വീണ്ടും കേന്ദ്രത്തിലാക്കാൻ ശ്രമിച്ചു. “കൊറോണ കാരണം അവളെ അവിടെ താമസിക്കാൻ അനുവദിച്ചില്ല”, അവർ പറഞ്ഞു.

ലോക്ക്ഡൗണിന്‍റെ ആദ്യഘട്ടത്തിൽ പ്രദേശിക എൻ.ജി.ഓകളിൽ നിന്നും കുറച്ച് റേഷൻ സഹായം ലഭിച്ചിരുന്നു. പക്ഷെ പാചകം ചെയ്യാൻ അപ്പോഴും മണ്ണെണ്ണ വേണമായിരുന്നു. ജോലി ചെയ്യാൻ അവർ വീണ്ടും തീരുമാനമെടുത്ത സമയത്ത് പ്രതിമാസ വാടകയായ 7,000 രൂപ രണ്ടു മാസത്തെ കുടിശികയുണ്ടായിരുന്നു. (ലൈംഗിക ഉപദ്രവത്തിനു ശേഷം അടുത്ത തെരുവിലെ മറ്റൊരു മുറിയിലേക്ക് ഓഗസ്റ്റ് 10-ന് സോനി മാറി. പ്രതിദിനം 250 രൂപയാണ് പുതിയ ഘർവാലിയുടെ ദിവസ വാടക. പക്ഷെ അത് നൽകാൻ അവർ ഇപ്പോൾ നിർബന്ധിക്കുന്നില്ല.)

ഈ പ്രദേശത്തെ ഘർവാലിമാരിൽ നിന്നും മറ്റുള്ളവരിൽ നിന്നുമായി ഏതാണ്ട് 50,000 രൂപയ്ക്ക് മുകളിൽ സോനി വായ്പ വാങ്ങിയിട്ടുണ്ട്. ചെറിയ തുകകളായാണ് അവർ അത് തിരിച്ചടയ്ക്കുന്നത്. അതിൽ കുറച്ച് അവരുടെ അച്ഛന്‍റെ മെഡിക്കല്‍ ചികിത്സയ്ക്കായിരുന്നു. റിക്ഷാവലിക്കാരനായിരുന്ന അദ്ദേഹം ശ്വസന പ്രശ്നങ്ങളെ തുടർന്ന് പഴക്കച്ചവടം ആരംഭിക്കുകയും 2020 ഫെബ്രുവരിയിൽ മരിക്കുകയും ചെയ്തു. “എനിക്ക് തൊഴിൽ ചെയ്യേണ്ടി വന്നു, അല്ലെങ്കിൽ പണം ആര് തിരികെയടയ്ക്കും?”, അവർ ചോദിച്ചു. പശ്ചിമബംഗാളിലെ ഹൗറ ജില്ലയിലെ തന്‍റെ വീട്ടമ്മയായ  അമ്മയ്ക്കും 3 സഹോദരിമാർക്കും (രണ്ടുപേർ പഠിക്കുന്നു, ഒരാൾ വിവാഹിതയാണ്) സോനി പണം അയയ്ക്കുന്നു. പക്ഷെ ലോക്ക്ഡൗൺ തുടങ്ങിയപ്പോൾ അതും നിലച്ചു.

******

കാമാത്തിപുരയിലെ മറ്റ് ലൈംഗിക തൊഴിലാളികളും സമാനമായ പ്രശ്നങ്ങളോട് പൊരുതിക്കൊണ്ടിരിക്കുന്നു. സോനിയുടെ അതേ തെരുവിൽ താമസിക്കുന്ന, പ്രായം 30-കളിലുള്ള പ്രിയയും തന്‍റെ കുട്ടികളെ ഹോസ്റ്റലുകളില്‍ തിരികെ പ്രവേശിപ്പിക്കാമെന്ന് പ്രതീക്ഷിക്കുന്നു. അവരുടെ 9 വയസ്സുകാരിയായ മകൾ 4-ാം ക്ലാസ്സിൽ പഠിക്കുന്ന റിദ്ദി ലോക്ക്ഡൗൺ തുടങ്ങിയപ്പോൾ തൊട്ടടുത്തുള്ള മദൻപുരയിലെ റെസിഡൻഷ്യൽ സ്ക്കൂളിൽ നിന്നും തിരികെയെത്തിയിരുന്നു.

Priya too is hoping residential schools and hostels will soon take back their kids (who are back home due to the lockdown). 'They should come and see our rooms for duri duri banake rakhne ka [social distancing]', she says, referring to the 10x10 feet room divided into three rectangular boxes of 4x6
PHOTO • Aakanksha
Priya too is hoping residential schools and hostels will soon take back their kids (who are back home due to the lockdown). 'They should come and see our rooms for duri duri banake rakhne ka [social distancing]', she says, referring to the 10x10 feet room divided into three rectangular boxes of 4x6
PHOTO • Aakanksha

റെസിഡൻഷ്യൽ സ്ക്കൂളുകളും ഹോസ്റ്റലുകളും തങ്ങളുടെ കുട്ടികളെ ( ലോക്ക് ഡൗ ൺ മൂലം അവർ തിരികെ വീട്ടിൽ എത്തിയിരുന്നു ) ഉടൻതന്നെ പ്രവേശിപ്പിക്കുമെന്ന് പ്രിയയും പ്രതീക്ഷിക്കുന്നു. സാമൂഹ്യ അകലം പാലിക്കുന്ന കാര്യത്തിൽ അവർ വന്ന് ഞങ്ങളുടെ മുറികൾ കാണണം ’, 10x10 വലിപ്പമുള്ള , 4x6 അടി വലിപ്പത്തിൽ മൂന്ന് ദീർഘചതുരങ്ങളായി വിഭജിച്ചിരിക്കുന്ന , മുറിയെപ്പറ്റി പരാമർശിച്ചു കൊണ്ട് അവർ പറഞ്ഞു

“മുറിയിൽ നിന്നും പുറത്തോട്ട് പോവുകപോലും ചെയ്യരുത്, മുറിയിൽ എന്ത് വേണമെങ്കിലും ചെയ്തോളൂ”, പ്രിയ മകളോട് ശക്തമായി പറഞ്ഞു. റിദ്ദിയുടെ ചലനങ്ങൾക്ക് വിലക്കുകൾ ഏർപ്പെടുത്തിയത് കോവിഡ് മൂലമായിരുന്നില്ല. “ഞങ്ങൾ ജീവിച്ചിരിക്കുന്ന ഈ സമൂഹത്തിൽ ഈ പുരുഷന്മാർ ഞങ്ങളുടെ പെൺമക്കളെ തിന്നാൽ പോലും ആരും ചോദിക്കാൻ പോലും വരില്ല”, പ്രിയ പറഞ്ഞു. പ്രിയ തന്‍റെ സ്ഥിരം ഇടപാടുകാർ വായ്പയായി നൽകിയ ചെറിയ തുകകൾ ഭാഗികമായി കൈകാര്യം ചെയ്യാൻ ശ്രമിക്കുകയായിരുന്നു.

ലോക്ക്ഡൗൺ കുടുംബത്തിന് ബുദ്ധിമുട്ടായിരുന്നു, അതിന്‍റെ അനന്തര ഫലങ്ങളും. “എന്‍റെ അവസ്ഥ മോശമാണ്, വാടക നൽകാൻ എനിക്ക് പറ്റില്ലായിരുന്നു. അങ്ങനെ എനിക്ക് ജോലി തുടങ്ങേണ്ടി വന്നു. ജോലി ചെയ്യുമ്പോൾ എനിക്ക് റിദ്ദിയെ നോക്കാൻ കഴിയില്ല, ഹോസ്റ്റലിൽ അവൾ സുരക്ഷിതയെങ്കിലും ആയിരിക്കും”, പ്രിയ പറഞ്ഞു. മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിൽ നിന്നുള്ള അവർ ഒരു ദശകത്തിലധികമായി കാമാത്തിപുരയിൽ ഉണ്ട്.

പതിനഞ്ചുകാരനായ മകൻ വിക്രമും പ്രിയയുടെ കൂടെയുണ്ട്. ലോക്ക്ഡൗണിന് മുൻപ് അവൻ ഭായഖലയിലെ മുനിസിപ്പൽ സ്ക്കൂളിൽ 8-ാം ക്ലാസ്സിൽ പഠിക്കുകയായിരുന്നു. അമ്മ സാധാരണയായി ഇടപാടുകാരെ കാണുന്ന സമയത്ത് അവൻ അടുത്ത മുറിയിൽ കിടന്നുറങ്ങും, അല്ലെങ്കിൽ ചുറ്റുപാടും കറങ്ങി നടക്കും, അതുമല്ലെങ്കിൽ ഒരു എൻ.ജി.ഓ. നടത്തുന്ന പ്രാദേശിക സംരക്ഷണ കേന്ദ്രത്തിൽ കഴിയും.

തങ്ങളുടെ പുത്രന്മാർ പോലും ദുരുപയോഗത്തിന് വിധേയരാകാനുള്ള, അല്ലെങ്കിൽ എളുപ്പത്തിൽ ലഹരിക്കോ മറ്റു കുഴപ്പങ്ങൾക്കോ കീഴ്പ്പെടാനുള്ള സാദ്ധ്യതയുണ്ടെന്ന് ഇവിടെയുള്ള സ്ത്രീകൾക്ക് അറിയാം. അവരിൽ ചിലർ ആൺകുട്ടികളെയും ഹോസ്റ്റലിൽ ആക്കുന്നു. രണ്ടു വർഷങ്ങൾക്കു മുമ്പ് പ്രിയ വിക്രമിനെ ഒരു ഹോസ്റ്റലിൽ ആക്കിയിരുന്നു. പക്ഷെ അവൻ ഒളിച്ചോടി തിരികെയെത്തി. ഈ ഏപ്രിൽ മുതൽ കുടുംബത്തെ സഹായിക്കാൻ കിട്ടുന്ന എന്തു ജോലിക്കും (മാസ്കുകളും ചായയും വിൽക്കുക, ഘർവാലിമാരുടെ വീടുകൾ ശുചിയാക്കുക തുടങ്ങിയ ജോലികൾക്ക്) ഇടയ്ക്കിടയ്ക്ക് അവൻ പോകാൻ തുടങ്ങി. (വായിക്കുക, മെച്ചപ്പെട്ട ജീവിതം തേടി ഒരു പതിനഞ്ചുകാരന്‍റെ ഒളിച്ചോട്ടം ).

“സാമൂഹ്യ അകലം പാലിക്കുന്ന കാര്യത്തിൽ അവർ വന്ന് ഞങ്ങളുടെ മുറികൾ കാണണം”, 10x10 വലിപ്പമുള്ള, 4x6 അടി വലിപ്പത്തിൽ മൂന്ന് ദീർഘചതുരങ്ങളായി വിഭജിച്ചിരിക്കുന്ന, മുറിയെപ്പറ്റി പരാമർശിച്ചു കൊണ്ട് പ്രിയ പറഞ്ഞു. ഓരോ യൂണിറ്റിലും ആ യൂണിറ്റ് മുഴുവൻ നിറഞ്ഞു കിടക്കുന്ന ഓരോ കട്ടിലും രണ്ടു ഷെൽഫുകളും വീതമുണ്ട്. മുറികളിലൊന്നിൽ പ്രിയ താമസിക്കുന്നു, മറ്റൊന്നിൽ മറ്റൊരു കുടുംബം താമസിക്കുന്നു. മദ്ധ്യത്തിലെ മുറി (അവിടെയുള്ള കുടുംബം താമസിക്കാത്തപ്പോൾ) അവർ ജോലി ചെയ്യാനായി ഉപയോഗിക്കുന്നു. അല്ലെങ്കിൽ അവർ സ്വന്തം യൂണിറ്റുകളിൽ ജോലി ചെയ്യുന്നു. അടുക്കളയ്ക്കും ശൗചാലയത്തിനുമായി മൂലയിലൊരു പൊതുഇടമുണ്ട്. ഇവിടെയുള്ള മിക്ക വീട് സൗകര്യങ്ങളും ജോലി ചെയ്യാനുള്ള യൂണിറ്റുകളും സമാനമാണ്. ചിലത് കുറച്ചുകൂടി ചെറുതാണ്.

Even before the lockdown, Soni, Priya, Charu and other women here depended heavily on private moneylenders and loans from gharwalis; their debts have only grown during these last few months, and work, even with their kids back from schools and hostels in their tiny rooms, is an imperative
PHOTO • Aakanksha
Even before the lockdown, Soni, Priya, Charu and other women here depended heavily on private moneylenders and loans from gharwalis; their debts have only grown during these last few months, and work, even with their kids back from schools and hostels in their tiny rooms, is an imperative
PHOTO • Aakanksha

ലോക്ക്ഡൗണിനു മുൻപുതന്നെ സോനിയും പ്രിയയും ചാരുവും ഇവിടെയുള്ള മറ്റു സ്ത്രീകളും സ്വകാര്യ വായ്പ ദാതാ ക്കളെയും ഘർവാലിമാരെയും വായ്പകൾക്കായി കാര്യമായി ആശ്രയിക്കുമായിരുന്നു. ഈ കഴിഞ്ഞ രണ്ടു മാസങ്ങള്‍ കൊണ്ടാണ് അവരുടെ കടങ്ങൾ വർദ്ധിച്ചത് . സ്ക്കൂളുകളിൽ നിന്നും ഹോസ്റ്റലുകളിൽ നിന്നും അവരുടെ ചെറിയ മുറികളിലേക്ക് കുട്ടികൾ  തിരിച്ചെത്തിയിട്ടുപോലും ജോലി ചെയ്യുക എന്നത് അവർക്ക് ആവശ്യമായിവന്നു

കഴിഞ്ഞ 6 മാസങ്ങളായി ഈ ചെറിയ സ്ഥലത്തിന്‍റെ പ്രതിമാസ വാടകയായ 6,000 രൂപ അടയ്ക്കാൻ പ്രിയയ്ക്ക് സാധിച്ചിട്ടില്ല - അടുത്തിടെ ലഭിച്ച ഒരു വായ്പയിൽ നിന്നും മാറ്റിവച്ച ചെറിയൊരുതുക ഒഴിച്ചാൽ. “ഓരോ മാസവും എന്തെങ്കിലും കാര്യങ്ങൾക്കായി എനിക്ക് 500 എടുക്കേണ്ടിവരും, ചിലപ്പോൾ 1,000. അതുകൊണ്ട് വിക്രത്തിന്‍റെ വരുമാനം ഒരു സഹായമായി”, പ്രിയ പറഞ്ഞു. “ചിലപ്പോൾ [എൻ.ജി.ഓകളിൽ നിന്നും മറ്റുള്ളവരിൽ നിന്നും ലഭിക്കുന്ന] കുറച്ച് റേഷൻ ഞങ്ങൾ മണ്ണെണ്ണ വാങ്ങാനായി [പ്രദേശത്തെ കടകളില്‍] വിൽക്കുന്നു.”

2018-ൽ പ്രിയ 40,000 രൂപ വായ്പ എടുത്തു – പലിശ ഉൾപ്പെടെ അതിപ്പോൾ 62,000 ആയി വർദ്ധിച്ചിരിക്കുന്നു. ഇതുവരെ 6,000 രൂപ തിരിച്ചടയ്ക്കാനേ അവർക്ക് സാധിച്ചിട്ടുള്ളൂ. പലരും പ്രിയയെപ്പോലെ വലിയ രീതിയിൽ പ്രദേശത്തെ സ്വകാര്യ വായ്പ ദാതാക്കളെ ആശ്രയിക്കുന്നു.

പ്രിയയ്ക്ക് അധികം തൊഴിൽ ചെയ്യാൻ കഴിയില്ല. വേദനാജനകമായ ഒരു ഉദരരോഗം അവർക്കുണ്ട്. “ഞാൻ നിരവധി ഗർഭഛിദ്രങ്ങൾ നടത്തിയിട്ടുണ്ട്, അതിനെല്ലാം ഞാനിപ്പോൾ വില കൊടുക്കുന്നു”, അവർ പറഞ്ഞു. “ഞാൻ ആശുപത്രിയിൽ പോയി, പക്ഷെ കൊറോണ കാരണം അവിടെ തിരക്കാണ്. ഓപ്പറേഷന് [ഗർഭാശയം നീക്കംചെയ്യൽ ശസ്ത്രക്രിയ] 20,000 രൂപയാണ് അവർ ചോദിക്കുന്നത്. അതടയ്ക്കാൻ എനിക്കു കഴിയില്ല.” ലോക്ക്ഡൗൺ അവരുടെ ചെറിയ സമ്പാദ്യങ്ങളും തീർത്തു. പ്രിയ ഓഗസ്റ്റില്‍ കാമാത്തിപുരയില്‍ ഒരു വീട്ടുജോലിക്കാരിയായി 50 രൂപ ദിവസക്കൂലിക്ക് ചേര്‍ന്നു. പക്ഷെ അത് ഒരുമാസം മാത്രമെ ചെയ്യാന്‍ സാധിച്ചുള്ളൂ.

ഹോസ്റ്റലുകൾ വീണ്ടും തുറക്കുന്നതിലാണ് നിലവിൽ പ്രിയയുടെ പ്രതീക്ഷകളിൽ കുറച്ചെങ്കിലുമുള്ളത്. “വിധി റിദ്ദിയുടെ കാര്യങ്ങൾ നശിപ്പിക്കുന്നതിനു വേണ്ടി എനിക്ക് കാത്തിരിക്കാനാവില്ല”, അവർ പറഞ്ഞു.

ലോക്ക്ഡൗൺ സമയത്ത് പ്രിയയുടെയും സോനിയുടെയും പെൺമക്കൾ അവരുടെ അമ്മമാരുടെ അടുത്ത് തിരിച്ചെത്തിയപ്പോൾ പ്രദേശത്തു പ്രവർത്തിക്കുന്ന പ്രേരണ എന്ന ഒരു എൻ.ജി.ഓ. നടത്തിയ ഒരു ദ്രുത വിലയിരുത്തല്‍ പഠനം കണ്ടെത്തിയത് ലൈംഗിക തൊഴിലാളികളുടെ 74 മക്കളിൽ (30 കുടുംബങ്ങളുമായാണ് കൂടിക്കാഴ്ച നടത്തിയത്) 57 പേരും ലോക്ക്ഡൗൺ സമയത്ത് അവരുടെ മാതാപിതാക്കളോടൊപ്പമാണ് താമസിച്ചു കൊണ്ടിരുന്നത് എന്നാണ്. ഈ സമയത്ത് വാടകമുറികളിൽ താമസിച്ചിരുന്ന 14 മുതൽ 18 വരെ കുടുംബങ്ങൾ വാടക തിരിച്ചടയ്ക്കാൻ കഴിയാത്തവരായിരുന്നു. 11 കുടുംബങ്ങൾ മഹാമാരിയുടെ സമയത്ത് വീണ്ടും വായ്പ എടുത്തു.

PHOTO • Aakanksha

എന്താണ് ശരി എന്ന് തിരിച്ചറിയാൻ പറ്റാത്ത വിധത്തിൽ അവ രോട് ചെയ്ത അന്യായം അവരിൽ മാനസികാഘാതം ഏൽപ്പിച്ചിരിക്കുന്നു. ലൈംഗിക തൊഴിലാളികൾക്കോ അവരുടെ മക്കൾക്കോ എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ ഇത്തരം പ്രദേശങ്ങളിലെ ഒരു പൊതു കാഴ്ചപ്പാട് ഇങ്ങനെയാണ്: ഇതിലെന്താണ് വലിയ കാര്യം? കുട്ടികളുടെ അവകാശങ്ങൾ ഹനിക്കപ്പെട്ടാൽ അവർ അമ്മമാരെ കുറ്റപ്പെടുത്തും

ചാരുവിന്‍റെ മൂന്ന് വയസ്സുകാരിയായ മകൾ ഷീലയെയും കാമാത്തിപുരയിൽ ഒരു എൻ.ജി.ഓ. നടത്തിയിരുന്ന അഭയകേന്ദ്രത്തിൽ നിന്നും അസുഖത്തെ തുടർന്ന് മെയ് മാസത്തിൽ തിരിച്ചു കൊണ്ടുവന്നു. “അവൾക്ക് എന്തോ അലർജിയുണ്ടായി ശരീരത്ത് തടിച്ചുപൊങ്ങി. എനിക്കവളുടെ തല വടിക്കേണ്ടി വന്നു”, 31-കാരിയായ ചാരു പറഞ്ഞു. അവർക്ക് മറ്റ് 4 കുട്ടികൾ കൂടിയുണ്ട്. ദത്ത് നല്‍കിയ മകൾ ബദലാപൂരിലാണ്. ആൺമക്കൾ മൂന്നും ബീഹാറിലെ കടിഹാർ ജില്ലയിലെ ഗ്രാമത്തിൽ ബന്ധുക്കളോടൊപ്പമാണ് (എല്ലാവരും ദിവസ വേതന തൊഴിലാളികളാണ്). ചാരു എല്ലാമാസവും അവർക്കായി 3,000 മുതൽ 5,000 രൂപവരെ അയയ്ക്കുന്നു. പക്ഷെ ലോക്ക്ഡൗൺ മുതൽ കൂടുതൽ വായ്പ എടുക്കേണ്ടി വന്നു. “ഇനിയെനിക്ക് കൂടുതൽ എടുക്കാൻ കഴിയില്ല, എങ്ങനെ തിരിച്ചടയ്ക്കണമെന്ന് എനിക്കറിയില്ല”, അവർ പറഞ്ഞു.

അതുകൊണ്ട് ചാരുവിനും ജോലിക്കു പോകുമ്പോൾ ഷീലയെ ഘർവാലിയുടെ വീട്ടിലാക്കണം. ഓഗസ്റ്റിലാണ് അവർ ജോലി പുനരാരംഭിച്ചത്. “എനിക്കെന്തെങ്കിലും മാർഗ്ഗം ഉണ്ടോ?”, അവർ ചോദിച്ചു.

എന്നിരിക്കിലും അവരുടെ തൊഴിലിൽ നിന്നും കൂടുതൽ വരുമാനം ലഭിക്കുന്നില്ല. “ആഴ്ചയിൽ ഒന്നോ രണ്ടോ ഇടപാടുകാരെയാണ് എനിക്ക് ലഭിക്കുന്നത്”, സോനി പറഞ്ഞു. ചിലപ്പോൾ നാലോ അഞ്ചോ ലഭിക്കും, അത് പക്ഷെ വല്ലപ്പോഴുമേ ഉള്ളൂ. നേരത്തെ ഇവിടുത്തെ സ്ത്രീകൾക്ക് 400-നും 1,000-നും ഇടയിൽ ലഭിക്കുമായിരുന്നു. ആർത്തവ സമയത്തോ ഒട്ടും സുഖമില്ലാത്തപ്പോഴോ കുട്ടികൾ വീട്ടിൽ തിരിച്ചെത്തുമ്പോഴോ മാത്രമായിരുന്നു അവരുടെ അവധി ദിനങ്ങൾ. “ഇന്ന് 200-500 രൂപ പ്രതിദിനം ലഭിച്ചാൽതന്നെ അത് വലിയ കാര്യമാണ്”, സോനി പറഞ്ഞു.

******

“ഒരിക്കലും പരിഗണിക്കപ്പെടുക പോലും ചെയ്യാത്ത തീർത്തും പാർശ്വവത്കൃതരായ കുടുംബങ്ങളുടെ കാര്യമാണ് (അവർ വന്ന് പ്രശ്നം അവതരിപ്പിച്ചാൽ) ഞങ്ങൾ നോക്കുന്നത്”, മജ്‌ലിസ് ലീഗൽ സെന്‍ററിലെ വക്കീലും സെന്‍ററിന്‍റെ രാഹാത് പ്രോജക്റ്റിന്‍റെ പ്രോഗ്രാം മാനേജരുമായ ജസീന്ത സൽഡാണാ പറഞ്ഞു. ഈ പ്രോജക്റ്റ് മുംബൈയിൽ ലൈംഗികാതിക്രമങ്ങൾ അതിജീവിച്ചവർക്ക് സാമൂഹ്യ-നിയമ സഹായം നൽകുന്നു. അവരും സംഘവുമാണ് നിലവിൽ ഇഷയുടെ കേസ് കൈകാര്യം ചെയ്യുന്നത്. “സോനി പ്രത്യക്ഷത്തില്‍ വരാനുള്ള ധൈര്യം കാണിച്ചു. സംസാരിക്കാത്ത മറ്റുള്ളവരുണ്ട്. നിലനില്‍പ്പിന്‍റെ കാര്യം പ്രധാനമാണ്. ഇത്തരം വലിയ പ്രശ്നങ്ങളെ വിവിധ ഘടകങ്ങളാണ് ബന്ധിപ്പിച്ചുനിര്‍ത്തുന്നത്.”

PHOTO • Aakanksha

മുകളില്‍ വലത്: പ്രിയയുടെ മുറി. കിടക്കയ്ക്ക് തൊട്ടു മുകളിൽ കാണുന്നത് അവരുടെ സാധനങ്ങൾ വയ്ക്കാനുള്ള രണ്ട് ഷെൽഫുകളാണ്. മുകളിൽ വലത് : മൂന്ന് ചെറിയ യൂണിറ്റുകളുള്ള ഓരോ മുറിക്കും അടുക്ക ള പാത്രങ്ങളും കുടിവെള്ള പാത്രങ്ങളും സൂക്ഷിക്കാനുള്ള ഒരു പൊതു ഇടമുണ്ട്. അതിനു പിന്നിൽ കുളിക്കാനുള്ള ചെറിയൊരിടമുണ്ട്. സാരിയോ ദുപ്പട്ടയോ ആയിരിക്കും അതിന്‍റെ മറ. താഴത്തെ നിര: സെൻട്രൽ മുംബൈയിലെ കാമാത്തിപുര

ലൈംഗിക തൊഴിലാളികളുടെ അവകാശങ്ങളെ അഭിസംബോധന ചെയ്യുന്നതിനായി ഒരു വലിയ ശൃംഖല (എൻ.ജി.ഓകൾ, വക്കീലന്മാർ, കൗൺസെലർമാർ, മറ്റുള്ളവർ) ഒരുമിച്ചു ചേരേണ്ടതുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു. “എന്താണ് ശരി എന്ന് തിരിച്ചറിയാൻ പറ്റാത്ത വിധത്തിൽ അവരോട് ചെയ്ത അന്യായം അവരിൽ മാനസികാഘാതം ഏൽപ്പിക്കുന്നു”, സൽഡാണാ പറഞ്ഞു.  “ലൈംഗിക തൊഴിലാളികൾക്കോ അവരുടെ മക്കൾക്കോ എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ ഇത്തരം പ്രദേശങ്ങളിലെ ഒരു പൊതു കാഴ്ചപ്പാട് ഇങ്ങനെയാണ്: ഇതിലെന്താണ് വലിയ കാര്യം? കുട്ടികളുടെ അവകാശങ്ങൾ ഹനിക്കപ്പെട്ടാൽ അവർ അമ്മമാരെ കുറ്റപ്പെടുത്തും.”

അതേസമയം പോക്സോ പ്രകാരം ഫയല്‍ചെയ്ത ഇഷയുടെ കേസിൽ ജൂലൈ 5 മുതൽ പ്രതി തടവിലാണ്. പക്ഷെ കൂട്ടുപ്രതിക്കെതിരെ (കുറ്റം ചെയ്യാൻ പ്രതിയെ സഹായിച്ച, ഘർവാലിയും മുൻലൈംഗിക തൊഴിലാളിയുമായ അയാളുടെ പങ്കാളി) ഇപ്പോഴും കുറ്റപത്രം സമർപ്പിച്ചിട്ടില്ല. അവരെ കസ്റ്റഡിയിലും എടുത്തിട്ടില്ല. മുഖ്യപ്രതിക്ക് ഒരു നിശ്ചിത കാലഘട്ടത്തേക്കുള്ള തടവാണ് പോക്സോ അനുശാസിക്കുന്നത്. അത് 10 വർഷത്തിൽ കുറയരുത്. പക്ഷെ, അത് ജീവപര്യന്തം വരെയാക്കാം, വധശിക്ഷയും ആക്കാം. ‘ഇരയുടെ ആശുപത്രി ചിലവിനും പുനരധിവാസത്തിനും ന്യായമായി വേണ്ട പണം പിഴയായി ഈടാക്കുകയും ചെയ്യാം.’ കുട്ടിക്കും കുടുംബത്തിനും 3 ലക്ഷം രൂപവരെ നഷ്ടപരിഹാരം നൽകാൻ ഇത് സംസ്ഥാനത്തോടാവശ്യപ്പെടുകയും ചെയ്യുന്നു.

പക്ഷെ കുട്ടികളായ ഇരകളുടെ കുടുംബങ്ങൾ (പോക്സോ പ്രകാരം കേസ് നല്‍കിയവര്‍) പറയുന്നത് അവർ നേരിടുന്ന പ്രഥമ വെല്ലുവിളി “നിലവിലുള്ള നിയമ വ്യവസ്ഥയുൾപ്പെടെ നിയമ സംവിധാനങ്ങളിലുള്ള കുറഞ്ഞ ആത്മവിശ്വാസമാണ്” എന്ന് ബെംഗളൂരുവിലെ സെന്‍റർ ഫോർ ചൈൽഡ് ആൻഡ് ദി ലോ ഓഫ് ദി നാഷണൽ ലോ സ്ക്കൂൾ ഓഫ് ഇൻഡ്യ യൂണിവേഴ്സിറ്റിയുടെ 2018 ഫെബ്രുവരിയിലുള്ള ഒരു റിപ്പോര്‍ട്ട് പറയുന്നു. ഉപദ്രവിപ്പിക്കപ്പെട്ട കുട്ടികളെ “കാലതാമസം, നീട്ടിവയ്ക്കൽ, കോടതി സന്ദർശനങ്ങൾ”, എന്നിവമൂലം ഈ വ്യവസ്ഥ വീണ്ടും ഇരയാക്കുന്നു എന്ന് ഈ റിപ്പോർട്ട് പറയുന്നു.

സൽഡാണാ അതിനോട് യോജിക്കുന്നു. “[കുട്ടിയുടെ] പ്രസ്താവന 4 തവണ റിപ്പോർട്ട് ചെയ്തു. ആദ്യം പോലീസ് സ്റ്റേഷനിൽ, രണ്ടാമത് വൈദ്യ പരിശോധനയിൽ, രണ്ടുതവണ കോടതിയിൽ [ഒരു മജിസ്ട്രേറ്റിന്‍റെയും ഒരു ന്യായാധിപന്‍റെയും മുന്നിൽ]. ചിലപ്പോൾ എല്ലാ പ്രതികളുടെയും പേരുകൾ പറയാൻ പറ്റാതെ, ഇഷയുടെ കാര്യത്തിലേതു പോലെ, കുട്ടി കടുത്ത മാനസികാഘാതത്തിലായ സമയം ഉണ്ടാകാറുണ്ട്. ഘർവാലിയുടെ [കുറ്റം തടയുകയോ റിപ്പോർട്ട് ചെയ്യുകയോ ചെയ്യുന്നതിൽ പരാജയപ്പെട്ട വ്യക്തി] പങ്കിനെക്കുറിച്ച് അടുത്ത സമയത്തു മാത്രമാണ് അവൾ പറയാൻ തുടങ്ങിയത്.

കൂടാതെ, ഫയൽ ചെയ്തതു മുതൽ അന്തിമവിധി വരെ നിയമസംവിധാനത്തിലൂടെ കടന്നുപോകാൻ കേസ് വളരെ സമയമെടുത്തെന്നും അവർ ചൂണ്ടിക്കാട്ടി. നിയമ, നീതി മന്ത്രാലയത്തിന്‍റെ 2019 ജൂൺ അവസാനം വരെയുള്ള വിവരങ്ങൾ പ്രകാരം പോക്സോ നിയമത്തിൻ കീഴിൽ 160,989 കേസുകൾ കെട്ടിക്കിടക്കുന്നുണ്ടായിരുന്നു. ഇതിൽ ഏറ്റവും ഉയർന്ന രണ്ടാമത്തെ സംഖ്യ, 19,968 കേസുകൾ, മഹാരാഷ്ട്രയിലാണ് (ഉത്തർപ്രദേശിന് ശേഷം).

PHOTO • Aakanksha

എന്നിരിക്കിലും തങ്ങളുടെ ജോലിയിൽ നിന്നും സ്ത്രീകൾക്കിപ്പോൾ കാര്യമായ വരുമാനമില്ല

“ഭാരം കൂടുതലാണ്, എല്ലാ ദിവസവും കൂടുതൽ കേസുകൾ ചേർക്കപ്പെട്ടുകൊണ്ടിരിക്കുന്നു”, സൽഡാണാ പറഞ്ഞു. “പ്രക്രിയ വേഗത്തിലാക്കണമെന്നാണ് നമുക്കെല്ലാമുള്ളത്. കൂടാതെ, കൂടുതൽ ന്യായാധിപന്മാർ വേണം, അല്ലെങ്കിൽ ജോലിസമയം വർദ്ധിപ്പിക്കാം”, 2020 മാർച്ച് മുതൽ തുടങ്ങുകയും പക്ഷെ ലോക്ക്ഡൗൺ മൂലം വാദം കേൾക്കുന്നത് നിർത്തി വയ്ക്കുകയും ചെയ്ത കേസുകൾക്കു പുറമെ കഴിഞ്ഞ 6 മാസത്തെ കേസുകൾ എങ്ങനെയാണ് കോടതികൾക്ക് കൈകാര്യം ചെയ്യാൻ പറ്റുകയെന്ന് അവർ ആശ്ചര്യപ്പെടുന്നു.

******

സോനിക്ക് വെറും 16 വയസ്സ് ഉള്ളപ്പോഴാണ് സുഹൃത്ത് അവളെ കോൽക്കത്തയിൽ വിറ്റത്. 13 വയസ്സുള്ളപ്പോൾ അവർ വിവാഹിതയായി. “ഞാനെപ്പോഴും ഭർത്താവുമായി [ഇടയ്ക്ക് അയാൾ ഒരു വസ്ത്ര നിർമ്മാണശാലയിൽ സഹായിയായി ജോലി ചെയ്യുമായിരുന്നു] വഴക്കുണ്ടാക്കുകയും മാതാപിതാക്കളുടെ അടുത്തേക്ക് പോവുകയും ചെയ്യുമായിരുന്നു. അത്തരമൊരു സമയത്ത് ഞാനൊരു സ്റ്റേഷനിൽ ഇരിക്കുമ്പോൾ എന്‍റെ സുഹൃത്ത് എന്നോട് സുരക്ഷിതമായ ഒരു സ്ഥലത്ത് എത്തിക്കാമെന്നു പറഞ്ഞു.” ഒരു മാഡവുമായി ധാരണയിലെത്തിയ ശേഷം സുഹൃത്ത് സോനിയെ ചുവന്ന തെരുവ് മേഖലയിലാണ് എത്തിച്ചത്. അവരുടെ മകൾ, അന്ന് കഷ്ടിച്ച് ഒരു വയസ്സുണ്ടായിരുന്ന, ഇഷയും ഒപ്പമുണ്ടായിരുന്നു.

അങ്ങനെ 4 വർഷം മുമ്പ് സോനി കാമാത്തിപുരയിലേക്ക് കടന്നുവന്നു. “എനിക്ക് വീട്ടിൽ പോകാൻ തോന്നുന്നു”, അവർ പറഞ്ഞു. “പക്ഷെ ഞാൻ അവിടെയുമല്ല, ഇവിടെയുമല്ല. ഇവിടെനിന്നും [കാമാത്തിപുരയിൽ] ഞാൻ വായ്പകൾ എടുത്തിട്ടുണ്ട്, അതെനിക്ക് തിരിച്ചടയ്ക്കണം. എന്‍റെ ജന്മപട്ടണത്തിലെ ആളുകൾക്ക് എന്‍റെ തൊഴിലറിയാം, അതു കൊണ്ടാണ് എനിക്ക് പോരേണ്ടി വന്നത്.”

ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് ഇഷയെ അയച്ചതിൽ പിന്നെ സോനിക്ക് അവളെ കാണാൻ കഴിഞ്ഞിട്ടില്ല. വീഡിയോ കോളിലാണ് അവൾ സോനിയോട് സംസാരിക്കുന്നത്. “എനിക്ക് സംഭവിച്ചതെന്തോ അത് ഞാൻ നേരത്തെ തന്നെ സഹിക്കുന്നതാണ്. ഞാൻ നേരത്തെ തന്നെ നശിച്ച സ്ത്രീയാണ്. പക്ഷെ, കുറഞ്ഞത് എന്‍റെ മോളുടെ ജീവിതമെങ്കിലും അവർ നശിപ്പിക്കരുത്”, സോനി പറഞ്ഞു. “അവൾ എന്‍റെ വഴിയിലേക്കിറങ്ങണമെന്ന് എനിക്കില്ല, ഞാൻ കടന്നുപോയ വഴിയിലേക്ക്. എന്‍റെ കാര്യത്തിൽ ആരുമില്ലായിരുന്നതുപോലെ അവൾക്കുവേണ്ടി ആരും നിന്നില്ല എന്നവൾക്ക് ഭാവിയിൽ തോന്നാതിരിക്കാൻ ഞാൻ പൊരുതുകയാണ്.”

ഉപദ്രവിച്ചയാളെ അറസ്റ്റ് ചെയ്തതിനുശേഷം അയാളുടെ പങ്കാളി (കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാൻ പ്രേരിപ്പിച്ചത് അവരാണെന്ന് ആരോപിക്കുന്നു) സോനിയെ ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. “അവർ എന്‍റെ മുറിയിൽ കയറിവന്ന് എന്നോട് വഴക്കുണ്ടാക്കുകയും അവരുടെ ആളെ ജയിലിലടച്ചതിന് എന്നെ ശപിക്കുകയും ചെയ്തു. ചിലർ പറയുന്നു ഞാൻ മദ്യപിക്കുന്ന, ശ്രദ്ധയില്ലാത്ത, അമ്മയാണെന്ന്. പക്ഷെ ഭാഗ്യവശാൽ അവർ എന്നെ അമ്മയെന്നെങ്കിലും വിളിക്കുന്നു.”

കവർ ചിത്രം: ചാരുവും അവരുടെ മകൾ ഷീലയും (ചിത്രം: ആകാംക്ഷ)

പരിഭാഷ: റെന്നിമോന്‍ കെ. സി.

Aakanksha

ಆಕಾಂಕ್ಷಾ ಅವರು ಪೀಪಲ್ಸ್ ಆರ್ಕೈವ್ ಆಫ್ ರೂರಲ್ ಇಂಡಿಯಾದ ವರದಿಗಾರರು ಮತ್ತು ಛಾಯಾಗ್ರಾಹಕರು. ಎಜುಕೇಷನ್ ತಂಡದೊಂದಿಗೆ ಕಂಟೆಂಟ್ ಎಡಿಟರ್ ಆಗಿರುವ ಅವರು ಗ್ರಾಮೀಣ ಪ್ರದೇಶದ ವಿದ್ಯಾರ್ಥಿಗಳಿಗೆ ತಮ್ಮ ಸುತ್ತಲಿನ ವಿಷಯಗಳನ್ನು ದಾಖಲಿಸಲು ತರಬೇತಿ ನೀಡುತ್ತಾರೆ.

Other stories by Aakanksha
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

Other stories by Rennymon K. C.