"ഈ പ്രക്രിയ ഒന്നാകെ തുടങ്ങുന്നതും അവസാനിക്കുന്നതും ഒരു നൂലിലാണ്," നേർത്ത പുഞ്ചിരിയോടെ രേഖാ ബെൻ വാഗേല പറയുന്നു. ഗുജറാത്തിലെ മോട്ടാ ടിംല ഗ്രാമത്തിലുള്ള വീട്ടിൽ, തന്റെ തറിയിൽ ഒരു സിംഗിൾ ഇക്കത്ത് പട്ടോലു നെയ്യുകയാണവർ. "ബോബിനിൽ ഒരു നൂൽ ചുറ്റിയാണ് ഞങ്ങൾ തുടങ്ങുന്നത്; ഏറ്റവുമൊടുവിൽ, നിറം പകർന്ന നൂല് ബോബിനിലേയ്ക്ക് ചുറ്റുകയും ചെയ്യും," പട്ടോല നിർമ്മാണത്തിൽ, ഊടുനൂലിനുള്ള ബോബിനുകൾ തയ്യാറാക്കുകയും പാവുനൂല് തറിയിൽ കോർക്കുകയും ചെയ്യുന്നതിന് മുൻപുള്ള അനേകം പ്രക്രിയകൾ രേഖാ ബെൻ വിശദീകരിക്കുന്നു.
രേഖാ ബെൻ താമസിക്കുന്ന, സുരേന്ദ്ര നഗർ ജില്ലയിലുള്ള ഈ ഗ്രാമത്തിലെ വൻകർവകളിൽ മിക്കവരും പട്ടോലു എന്നറിയപ്പെടുന്ന, വിഖ്യാതമായ പട്ടുസാരികളുടെ നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള വിവിധ ജോലികൾ ചെയ്യുന്നവരാണ്. എന്നാൽ, ലിംബ്ഡി താലൂക്കിൽ, സിംഗിൾ, ഡബിൾ ഇക്കത്തുകൾ ഉൾപ്പെടെ പട്ടോലകൾ നെയ്യുന്ന ഒരേയൊരു ദളിത് വനിതയാണ് ഇപ്പോൾ നാല്പതുകളിലെത്തിയ രേഖാ ബെൻ. (വായിക്കുക: രേഖാ ബെന്നിന്റെ ജീവിതത്തിന്റെ ഊടും പാവും )
'ഝാലാവാഡി' പട്ടോല എന്നും അറിയപ്പെടുന്ന, സുരേന്ദ്രനഗറിലെ പട്ടോലകൾക്ക് പഠാനിൽ നിർമ്മിക്കപ്പെടുന്നവയേക്കാൾ വില കുറവാണ്. നേരത്തെ സിംഗിൾ ഇക്കത്ത് സാരികളുടെ പേരിൽ പ്രശസ്തമായിരുന്ന ഝാലാവാഡ് പ്രദേശത്തെ വൻകർമാർ (നെയ്ത്തുകാർ) ഇപ്പോൾ ഡബിൾ ഇക്കത്ത് സാരികളും നെയ്യുന്നുണ്ട്. "സിംഗിൾ ഇക്കത്തിൽ ഊടിൽ മാത്രമാണ് ഡിസൈൻ ഉണ്ടാകുക. എന്നാൽ ഡബിൾ ഇക്കത്തിൽ ഊടിലും പാവിലും ഡിസൈൻ ഉണ്ടാകും," രണ്ടുതരം പട്ടോലകൾ തമ്മിലുള്ള വ്യത്യാസം രേഖാ ബെൻ വിശദീകരിക്കുന്നു.
പട്ടോലയിലെ ഡിസൈനാണ് അതിന്റെ നിർമ്മാണത്തെ സങ്കീർണ്ണമാക്കുന്നത്. രേഖാ ബെൻ ആ പ്രക്രിയ ഒന്നുകൂടി വിശദീകരിക്കാൻ ശ്രമിച്ചു. "ഒരു സിംഗിൾ ഇക്കത്തിൽ 3500 പാവുനൂലുകളും 13570 ഊടുനൂലുകളുമാണുണ്ടാകുക. അതേസമയം ഒരു ഡബിൾ ഇക്കത്തിൽ 2200 പാവുനൂലുകളും 9870 ഊടുനൂലുകളുമുണ്ടാകും," ഊടുനൂലിന്റെ ബോബിൻ തറിയിലേയ്ക്ക് നീക്കുന്നതിനിടെ അവർ പറഞ്ഞു.

'ഈ പ്രക്രിയ ഒന്നാകെ തുടങ്ങുന്നതും അവസാനിക്കുന്നതും ഒരു നൂലിലാണ്,' ഗുജറാത്തിലെ ലിംബ്ഡി താലൂക്കിൽ, പട്ടോല നിർമ്മാണത്തിൽ ഏർപ്പെട്ടിട്ടുള്ള ഒരേയൊരു ദളിത് വനിതയായ രേഖാ ബെൻ വാഗേല പറയുന്നു. പട്ടുനൂൽക്കിഴിയിൽനിന്ന് തുടങ്ങി 252 ഇഞ്ച് നീളം വരുന്ന പട്ടോല സാരിയിൽ അവസാന നൂലിഴ ചേർക്കുന്നതുവരെയുള്ള പ്രക്രിയ വിശദീകരിക്കുകയാണവർ. ആറ് മാസത്തിലധികം കഠിനാധ്വാനം ചെയ്താണ് അവർ ഈ പ്രക്രിയ പൂർത്തിയാക്കുന്നത്
രേഖാ ബെന്നിന്റെ കൈവശമുള്ള ബോബിനുകൾ കണ്ടപ്പോൾ 55 വയസ്സുകാരിയായ ഗംഗാ ബെൻ പർമാറിന്റെ രൂപം എന്റെ കണ്മുന്നിൽ തെളിഞ്ഞു. "തടികൊണ്ടുള്ള വലിയ നെയ്ത്തുകുഴലിൽ നൂൽക്കിഴി ചുറ്റുകയും പിന്നീട് ഒരു നെയ്ത്തുചക്രം ഉപയോഗിച്ച് നൂല് ബോബിനിലേയ്ക്ക് ചുറ്റുകയുമാണ് ഞങ്ങൾ ചെയ്യുന്നത്. നെയ്ത്തുചക്രം ഇല്ലാതെ ബോബിനിൽ നൂല് ചുറ്റാനാകില്ല," ലിംബ്ഡിയിലെ ഗാഘ്റേട്ടിയ ഗ്രാമത്തിലുള്ള വീട്ടിൽവെച്ച് നെയ്ത്തുചക്രത്തിൽ ജോലി ചെയ്യുന്നതിനിടെ അവർ പറഞ്ഞത് ഞാൻ ഓർത്തു.
"നിങ്ങൾ എന്താണ് ആലോചിച്ചിരിക്കുന്നത്?" രേഖാ ബെന്നിന്റെ ശബ്ദം എന്നെ പട്ടോല നൂലുകളെക്കുറിച്ചുള്ള ഞങ്ങളുടെ ചർച്ചയിലേക്ക് മടക്കിക്കൊണ്ടുവന്നു. സങ്കീർണമായ ആ പ്രക്രിയ അവർ അന്നേദിവസം പല തവണ എനിക്ക് വിവരിച്ച് തരികയുണ്ടായി. 'എഴുതൂ," എന്റെ നോട്ടുപുസ്തകത്തിൽ കണ്ണുകൾ ഉറപ്പിച്ച് അവർ ആജ്ഞാപിച്ചു. എനിക്ക് ആ നെയ്ത്തുപ്രക്രിയ പൂർണ്ണമായി മനസ്സിലായിയെന്ന് ഉറപ്പ് വരുത്താനായി അവർ കുറച്ച് നേരത്തേയ്ക്ക് ജോലി നിർത്തിവെച്ചിരിക്കുകയാണ്.
പട്ടോല നെയ്യുന്ന വ്യക്തിക്ക് പുറമേ വേറെയും ഒരുപാട് തൊഴിലാളികൾ ഏർപ്പെടുന്നതും ആഴ്ചകളോളം നീണ്ടുനിൽക്കാവുന്നതുമായ, ഒരു ഡസനിൽക്കൂടുതൽ ഘട്ടങ്ങളുള്ള ആ സങ്കീർണ്ണ പ്രക്രിയ പടിപടിയായി ഞാൻ കുറിച്ചെടുത്തു. ഒരു പട്ടുനൂൽക്കിഴിയിൽ തുടങ്ങി 252 ഇഞ്ച് നീളമുള്ള പട്ടോല സാരിയിൽ അവസാന നൂലിഴ ചേർക്കുന്നതുവരെയുള്ള ഈ പ്രക്രിയ ആറ് മാസത്തോളം നീളുന്ന കഠിനാധ്വാനത്തിലൂടെയാണ് പൂർത്തിയാക്കുന്നത്.
"ഏതെങ്കിലും ഒരു ഘട്ടത്തിൽ ഒരൊറ്റ പാളിച്ച സംഭവിച്ചാൽപ്പോലും പട്ടോലു നാശമാകും," അവർ പ്രഖ്യാപിച്ചു.

ഗാഘ്റേട്ടിയ ഗ്രാമവാസിയായ 55 വയസ്സുകാരി ഗംഗാബെൻ പർമാർ, പട്ടുനൂൽക്കിഴിയിൽനിന്നുള്ള നൂല് തടികൊണ്ടുള്ള വലിയ നെയ്ത്തുകുഴലിൽ ചുറ്റുകയും അതിൽനിന്ന് നെയ്ത്തുചക്രം ഉപയോഗിച്ച് ബോബിനിൽ ചുറ്റുകയും ചെയ്യുന്നു. 'ഞാൻ കഴിഞ്ഞ 30 കൊല്ലമായി ഈ ജോലി ചെയ്തുവരികയാണ്. ഈയിടെയായി എനിക്ക് കാഴ്ച അല്പം കുറഞ്ഞിട്ടുണ്ട്. എന്നാലും ദിവസം മുഴുവൻ ഇവിടെ ഇരുന്നാൽ എനിക്ക് ഇരുപതോ ഇരുപത്തഞ്ചോ ബോബിനിൽ നൂല് ചുറ്റിയെടുക്കാനാകും'

മോട്ട ടിംബ്ലയിൽനിന്നുള്ള ഗൗതം ഭായി വാഗേല ബോബിനിൽനിന്നുള്ള നൂലുകൾ ആഡ എന്ന് പേരുള്ള, തടിയിൽ തീർത്ത, കൊളുത്തുകളുള്ള ഒരു വലിയ ഫ്രയിമിൽ വലിച്ചുകെട്ടുന്നു. പട്ടോല നിർമ്മാണത്തിലെ അടുത്ത ഘട്ടത്തിന് ആവശ്യമായ പാട്ടി (നൂലിന്റെ കൂട്ടം) നിർമ്മിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്

സാരിയിൽ ഡിസൈനുകൾ തീർക്കുന്നതിന് മുൻപ് വേണ്ട രീതിയിൽ നൂൽക്കൂട്ടങ്ങൾ രൂപപ്പെടുത്താനായി ആഡയ്ക്ക് കുറുകെ പട്ടുനൂലുകൾ വലിച്ചുകെട്ടിയിരിക്കുന്നു

നാനാ ടിംബ്ല ഗ്രാമവാസിയായ 30 വയസ്സുകാരൻ അശോക് പർമാർ, വേർതിരിച്ചെടുത്ത നൂൽക്കൂട്ടങ്ങൾ മറ്റൊരു ഫ്രയിമിലേയ്ക്ക് മാറ്റുന്നു. അടുത്തതായി ഇവയിൽ ആദ്യം കരിക്കട്ടകൊണ്ട് അടയാളമിടുകയും ശേഷം, നേരത്തെ കടലാസ്സിൽ തയ്യാറാക്കിയ ഡിസൈൻ അനുസരിച്ച് കെട്ടുകളിടുകയും ചെയ്യും

കടാരിയാ ഗ്രാമത്തിൽ താമസിക്കുന്ന 36 വയസ്സുകാരനായ കിഷോർ മഞ്ജി ഭായി ഗൊഹീൽ ഫ്രയിമിൽ വലിച്ചുകെട്ടിയ നൂലിൽ ഗാട്ട് (കെട്ടുകൾ) ഉണ്ടാക്കുന്നു. ഒരു കൂട്ടം പട്ടുനൂലുകൾ ഒരു പരുത്തിച്ചരടുകൊണ്ട് ബന്ധിച്ചാണ് കെട്ടുകൾ ഉണ്ടാക്കുന്നത്. പട്ടോല നിർമ്മാണത്തിൽ ഉപയോഗിക്കുന്ന, തുണിയുടെ ചില ഭാഗങ്ങളിൽ നിറം പടരാതിരിക്കാൻ സഹായിക്കുന്ന ഒരു വിദ്യയാണിത്. നൂലുകൾക്ക് നിറം പകരുന്ന സമയത്ത് ബന്ധിച്ച ഭാഗങ്ങളിൽ ചായം കടക്കാതിരിക്കാനാണ് ഇത്തരം കെട്ടുകൾ ഇടുന്നത്; തുണിയിൽ ഡിസൈനുകൾ തീർക്കാൻ ഇത് സഹായിക്കുന്നു

25 വയസ്സുള്ള മഹേന്ദ്ര വാഗേല, നേരത്തെ ഒരുതവണ നിറം പകർന്ന നൂൽക്കെട്ടുകൾ രണ്ടാമത്തെ തവണ നിറം പകരാനായി കൊണ്ടുപോകുന്നു. പട്ടോലുവിൽ ഉപയോഗിക്കുന്ന ഡിസൈനിനും നിറങ്ങൾക്കും അനുസരിച്ച് പട്ടോല നിർമ്മാണപ്രക്രിയയ്ക്കിടെ നൂലുകൾക്ക് നിരവധി തവണ നിറം പകരുകയും അവ കെട്ടുകയും ചെയ്യേണ്ടതായി വരും

നേരത്തെ കെട്ടുകളിട്ട്, നിറം പകർന്ന നൂല് മഹേന്ദ്ര വാഗേല ഹൈഡ്രോ കലർത്തിയ തിളച്ച വെള്ളത്തിൽ കുതിർത്തുന്നു. 'നേരത്തെ ഒരുതവണ നിറം പകർന്ന നൂലിൽ പുതിയ നിറം ചേർക്കണമെങ്കിൽ, നൂൽക്കൂട്ടങ്ങൾ ഹൈഡ്രോ (സോഡിയം ഹൈഡ്രോ സൾഫൈറ്റ്) കലർത്തിയ തിളച്ച വെള്ളത്തിൽ മുക്കി ആദ്യത്തെ നിറം നീക്കം ചെയ്യുകയോ അതിന്റെ തിളക്കം കുറയ്ക്കുകയോ ചെയ്യണം,' രേഖാ ബെൻ പറയുന്നു

'നൂലിന് നിറം പകരുമ്പോൾ ചായം കെട്ടുകളിൽ പടരുന്നില്ലെന്ന് ഉറപ്പ് വരുത്തണം,' നൂലുകൾക്ക് രണ്ടാമത് നിറം പകരാനായി അവ ആവി പറക്കുന്ന ബക്കറ്റിൽ മുക്കുന്നതിനിടെ മഹേന്ദ്ര വാഗേല പറയുന്നു. 'പരിചയസമ്പന്നനായ ഒരു തൊഴിലാളിയ്ക്ക് ചായം എപ്പോൾ കെട്ടുകളിലേയ്ക്ക് പടരുമെന്നും ലായനി എപ്പോൾ ഇളക്കണമെന്നും എത്ര നേരം നൂല് വെള്ളത്തിൽ മുക്കിവയ്ക്കണമെന്നും കൃത്യമായി അറിവുണ്ടാകും,' അദ്ദേഹം പറയുന്നു

നിറം പകർന്ന നൂലുകൾ മഹേന്ദ്ര തണുത്ത വെള്ളത്തിൽ മുക്കി, കഴുകിയെടുക്കുന്നു. 'പട്ടോലുവിലെ ഒരു പട്ടുനൂലിൽ പോലും ഒരുപാട് നിറങ്ങളുണ്ട്; ഈ നിറങ്ങളാണ് ഡിസൈനുകൾക്ക് മനോഹാരിത പകരുന്നത്. നിറങ്ങളുടെ തിരഞ്ഞെടുപ്പ് വളരെ പ്രധാനമാണ്. ആളുകളുടെ കണ്ണിലുടക്കുന്ന നിറങ്ങളാണ് നൂലുകൾക്ക് നൽകേണ്ടത്,' നെയ്ത്തുകാരനായ വിക്രം ഭായി പർമാർ പറയുന്നു

നിറം പകർന്ന്, ഉണക്കിയെടുത്ത നൂലുകൾ കടാരിയാ ഗ്രാമവാസിയായ ജഗദീഷ് രഘു ഭായി ഗൊഹീൽ, തടികൊണ്ട് തീർത്ത ഒരു ചെറിയ ഫ്രയിമിൽ വീണ്ടും വലിച്ചുകെട്ടുന്നു. നൂലുകളിൽ പരുത്തിയുടെ ചരട് കൊണ്ടുണ്ടാക്കിയ കെട്ടുകൾ നീക്കാനാണ് ഇത് ചെയ്യുന്നത്

മോട്ടാ ടിംബ്ലാ ഗ്രാമത്തിൽ താമസിക്കുന്ന 75 വയസ്സുകാരിയായ വാലി ബെൻ വാഗേല ഒരു ചെറിയ സൂചി ഉപയോഗിച്ച് കെട്ടുകൾ അഴിക്കുന്നു. ഡിസൈനിന്റെ സങ്കീർണ്ണതയ്ക്കനുസരിച്ച്, ഒരു പട്ടോലുവിന്റെ നിർമ്മാണത്തിനിടെ നൂലുകൾ കെട്ടുകയും നിറം പകരുകയും കെട്ടുകൾ അഴിക്കുകയും ചെയ്യുന്ന പ്രക്രിയകൾ പലതവണ ആവർത്തിക്കേണ്ടതായിവരും

ഡിസൈൻ തീർത്ത് തയ്യാറാക്കിയ ഊടുനൂലുകൾ ജസു ബെൻ വാഗേല, തടിയിൽ തീർത്ത വലിയ ഒരു നെയ്ത്തുകുഴലിൽ ചുറ്റുന്നു

കടാരിയാ ഗ്രാമത്തിൽ താമസിക്കുന്ന, 58 വയസ്സുകാരിയായ ശാന്തു ബെൻ രഘു ഭായി ഗൊഹീൽ, നേരത്തെ തയ്യാറാക്കിയ ഊടുനൂലുകൾ കൂടുതൽ വലിയ ഒരു നെയ്ത്തുകുഴലിൽ ചുറ്റുന്നു

കടാരിയാ ഗ്രാമവാസിയായ 56 വയസ്സുകാരി ഹീരാ ബെൻ ഗോഹീൽ, നിറം പകർന്ന നൂലുകൾ നെയ്ത്തുകുഴലിൽനിന്ന് ബോബിനിൽ ചുറ്റുന്നു. ഇത്തരത്തിൽ തയ്യാറാക്കിയ ബോബിനുകളാണ് പട്ടോല നെയ്യുമ്പോൾ ഷട്ടിലിൽ ഉപയോഗിക്കുന്നത്

മോട്ടാ ടിംബ്ലയിലെ നെയ്ത്തുകാർ നിറം പകർന്ന നൂലുകൾ വലിച്ച് നേരെയാക്കുന്നു. ഒരു ഡബിൾ ഇക്കത്ത് പട്ടോലയിൽ ഊടുനൂലിലും പാവുനൂലിലും നിറം പകർന്ന് ഡിസൈനുകൾ തീർക്കും. അതിനായി, ഡിസൈനുകൾ തീർത്ത് തയ്യാറാക്കിയ നൂല് തെരുവിന്റെ ഇരുവശത്തുമായി സ്ഥാപിച്ച കുറ്റികൾക്കിടയിൽ വലിച്ചുകെട്ടുന്നു

വലിച്ചുകെട്ടിയ പാവുനൂലിന് ബലം പകരാനായി മോട്ടാ ടിംബ്ലയിലെ നെയ്ത്തുകാർ കഞ്ഞിപ്പശ മുക്കുന്നു

മോട്ടാ ടിംബ്ലയിൽനിന്നുള്ള വാസാറാം ഭായി സോളങ്കി, പുതുതായി കഞ്ഞിപ്പശ മുക്കിയ നൂലുകൾ തറിയിലെ പഴയ നൂലുകളുടെ അറ്റവുമായി ബന്ധിപ്പിക്കുന്നു. 'ചാരം ഉപയോഗിച്ചാണ് പട്ടുനൂലുകൾ യോജിപ്പിക്കുന്നത്,' അദ്ദേഹം പറയുന്നു

പൂഞ്ജാ ഭായി വാഗേല പാവുനൂലുകൾ തറിയിൽ കോർക്കുന്നു. നിറം പകർന്ന നൂലുകൾ ചുറ്റിയ വലിയ ദണ്ഡ് തറിയിൽ സ്ഥാപിച്ചാണ് ഇത് ചെയ്യുന്നത്

കടാരിയാ ഗ്രാമത്തിൽ താമസിക്കുന്ന 50 വയസ്സുകാരനായ പ്രവീൺ ഭായി ഗൊഹീലും 45 വയസ്സുകാരിയായ പ്രമീള ബെൻ ഗൊഹീലും ഒരു സിംഗിൾ ഇക്കത്ത് പട്ടോല നെയ്യുന്നു. തേക്കിൽ തീർത്ത തറിയ്ക്ക് മാത്രം 35-40,000 രൂപ വിലയുള്ളതിനാൽ പല നെയ്ത്തുകാർക്കും അത് വാങ്ങാൻ കഴിയാറില്ല

കടാരിയയിലെ ദളിത് വിഭാഗക്കാർക്കിടയിൽ പട്ടോല നെയ്ത്ത് അവതരിപ്പിച്ച ആദ്യകാല കൈപ്പണിക്കാരിലൊരാളായ ദാനാ ഭായി ധുലേര

ഒരു സിംഗിൾ ഇക്കത്ത് പട്ടോല നെയ്യുന്ന അശോക് വാഗേല

മോട്ടാ ടിംബ്ലയിൽനിന്നുള്ള ഭാവേഷ് കുമാർ സോളങ്കി ഒരു ഡബിൾ ഇക്കത്ത് പട്ടോല നെയ്യുന്നു

ഊടിൽ മാത്രം ഡിസൈനുള്ള സിംഗിൾ ഇക്കത്തിൽനിന്ന് വ്യത്യസ്തമായി ഡബിൾ ഇക്കത്ത് പട്ടോലയിൽ ഊടിലും പാവിലും ഡിസൈൻ ഉണ്ടാകും

സങ്കീർണ്ണമായ ഡബിൾ ഇക്കത്ത് നെയ്ത്തിന് വിഖ്യാതമായ, കൈകൊണ്ട് നെയ്യുന്ന പട്ടുവസ്ത്രങ്ങളായ പട്ടോലകൾ-കൂടുതലായും സാരികൾ- ലോകപ്രശസ്തമാണ്
പരിഭാഷ: പ്രതിഭ ആര്. കെ .