വയറ്റിൽ മുഴ വളരുന്നതോർത്ത് സുനിതാ ദേവി ആശങ്കയിലായിരുന്നു. നന്നായി ഭക്ഷണം കഴിക്കാൻപോലും അവർക്ക് സാധിച്ചില്ല. ശരീരം നീരുവെക്കുന്നതായും തോന്നി. രണ്ടുമാസം അതവർ അവഗണിച്ചെങ്കിലും ഒടുവിൽ വീടിനടുത്തുള്ള സ്വകാര്യാശുപത്രിയിൽ അവർ പോയി. “നിങ്ങൾ ഗർഭിണിയാണ്”, ഡോക്ടർ പറഞ്ഞതുകേട്ട് അവർ അക്ഷരാർത്ഥത്തിൽ ഞെട്ടി.
അതെങ്ങിനെ സംഭവിച്ചു എന്ന് അവർക്ക് മനസ്സിലായില്ല. ഗർഭം തടയാൻ കോപ്പർ-ടി അകത്ത് നിക്ഷേപിച്ചിട്ട് ആറുമാസംപോലും ആയിരുന്നില്ല.
2019-ലുണ്ടായ സംഭവം വിവരിക്കുമ്പോൾ ഇപ്പോഴും അവരുടെ മുഖം വിളറുന്നു. തലമുടി വൃത്തിയായി പിന്നിലേക്ക് കെട്ടിവെച്ചിരുന്നു. കുഴിഞ്ഞ കണ്ണുകളിൽ ക്ഷീണവും ഉന്മേഷക്കുറവും പ്രതിഫലിച്ചിരുന്നു. നെറ്റിയിലുള്ള ചുവന്ന പൊട്ടിനുമാത്രമായിരുന്നു അല്പമെങ്കിലും തിളക്കമുണ്ടായിരുന്നത്.
നാല് കുട്ടികളുടെ അമ്മയാണ് സുനിത (യഥാർത്ഥ പേരല്ല). നാലും പത്തും വയസ്സിനിടയിലുള്ള രണ്ട് പെൺകുട്ടികളും രണ്ട് ആൺകുട്ടികളുമുണ്ട് അവർക്ക്. 2019 മേയ് മാസത്തിൽ ഇളയകുട്ടിക്ക് 2 വയസ്സ് തികഞ്ഞപ്പോൾ ഇനി മറ്റൊരു കുട്ടി വേണ്ടെന്ന് അവർ തീരുമാനിച്ചു. ആ പ്രദേശം സന്ദർശിക്കാറുണ്ടായിരുന്ന ഒരു ആശ പ്രവർത്തകയിൽനിന്ന് അവർ കുടുംബാസൂത്രണരീതികളെക്കുറിച്ച് മനസ്സിലാക്കി. പല രീതികൾ മനസ്സിലാക്കിയതിൽനിന്ന്, മൂന്ന് മാസത്തേക്ക് ഗർഭനിരോധനം സാധ്യമാക്കുന്ന അന്തര എന്ന കുത്തിവെക്കുന്ന ഗർഭനിരോധനമാർഗ്ഗം അവർ തിരഞ്ഞെടുത്തു. “കുത്തിവെപ്പ് പരീക്ഷിക്കാമെന്ന് ഞാൻ വിചാരിച്ചു”, അവർ പറയുന്നു.
8 x 10 അടി വലിപ്പമുള്ള അവരുടെ വീട്ടിൽ ഒരു പായയിലിരിക്കുകയായിരുന്നു ഞങ്ങൾ. മൂലയിൽ ഒരു ഗാസ് സിലിണ്ടറിന്റെ മുകളിൽ കൂടുതൽ പായകൾ അടുക്കിവെച്ചിരുന്നു. തൊട്ടടുത്ത മുറിയിലായിരുന്നു സുനിതയുടെ ഭർത്തൃസഹോദരന്റെ കുടുംബം താമസിച്ചിരുന്നത്. മൂന്നാമതൊരു മുറി മറ്റൊരു ഭർത്തൃസഹോദരന്റേതായിരുന്നു. തെക്കുപടിഞ്ഞാറൻ ദില്ലി ജില്ലയിലെ നജാഫ്ഗറിലെ മഹേഷ് ഗാർഡൻ ഭാഗത്തായിരുന്നു അവരുടെ വീട്.
സുനിതയുടെ വീട്ടിൽനിന്ന് രണ്ട് കിലോമീറ്റർ അകലെയായിരുന്നു ഗോപാൽ നഗർ പ്രാഥമികാരോഗ്യകേന്ദ്രം. അന്തര കുത്തിവെപ്പെടുക്കാൻ ആശാ പ്രവർത്തകയുടെ കൂടെ അവർ പോയത് ഈ കേന്ദ്രത്തിലേക്കായിരുന്നു. പക്ഷേ അവിടുത്തെ ഡോക്ടർ മറ്റൊന്നാണ് നിർദ്ദേശിച്ചത്. “ഡോക്ടർ എന്നോട് കോപ്പർ-ടിയെക്കുറിച്ച് സംസാരിക്കാൻ തുടങ്ങി. കൂടുതൽ സുരക്ഷിതമായതിനാൽ അതുപയോഗിക്കാൻ അവർ എന്നോട് പറഞ്ഞു”, സുനിത പറയുന്നു. “ഞാനവരോട് കോപ്പർ-ടി ആവശ്യപ്പെട്ടിരുന്നതേയില്ല”, ഉറച്ച ശബ്ദത്തിൽ അവർ പറയുന്നു. “പക്ഷേ അതായിരിക്കും നല്ലതെന്ന് അവർ പറഞ്ഞുകൊണ്ടേയിരുന്നു”, ‘കൂടുതൽ കുട്ടികളുണ്ടാവുന്നത് നിർത്തണമെന്ന് നിങ്ങൾക്ക് തോന്നുന്നില്ലേ?’ എന്നായിരുന്നു അവർ എന്നോട് ചോദിച്ചത്”.








