തന്‍റെ മൂന്നാമത്തെ കുഴൽക്കിണറും ഉണങ്ങിയപ്പോൾ ഡി. അമർനാഥ് റെഡ്ഡിക്ക് ജലസേചനത്തിനായി വീണ്ടും മഴയെ ആശ്രയിക്കേണ്ടി വന്നു. 51-കാരനായ ഈ കർഷകൻ തക്കാളി കൃഷി ചെയ്യുന്ന ആന്ധ്രാപ്രദേശിലെ വരൾച്ചാ ബാധിത പ്രദേശമായ റായലസീമയിൽ മഴയുടെ സ്ഥിതി പ്രവചനാതീതമാണ്. അതുകൊണ്ട് ചിറ്റൂർ ജില്ലയിലെ മുദിവേട് ഗ്രാമത്തിലെ തന്‍റെ മൂന്നേക്കർ തോട്ടം നനയ്ക്കുന്നതിനുള്ള കുഴൽക്കിണർ നിർമ്മിക്കുന്നതിനായി അദ്ദേഹം 5 ലക്ഷം രൂപ ചിലവാക്കി. കുഴിക്കുന്നതിനുള്ള പണത്തിനായി അദ്ദേഹം സ്വകാര്യ വായ്പ ദാദാക്കളിൽ നിന്നും കടം വാങ്ങി. ആദ്യത്തെ കിണർ പരാജയപ്പെട്ടതിനു ശേഷം അദ്ദേഹം വീണ്ടും ശ്രമിച്ചു. മൂന്നാമത്തെ തവണ ആയപ്പോഴേക്കും അദ്ദേഹത്തിന്‍റെ കടം പെരുകി. പക്ഷെ വെള്ളം അപ്പോഴും ഒഴിഞ്ഞു നിന്നു.

2020 ഏപ്രിൽ-മെയ് മാസങ്ങളിൽ വിളവെടുക്കാനും തന്‍റെ ചില വായ്പകൾ വീട്ടാനുമായി അമർനാഥ് ആശങ്കയോടെ കാത്തിരിക്കുകയായിരുന്നു. അദ്ദേഹം 10 ലക്ഷം രൂപ കടത്തിലായിരുന്നു - കുഴൽക്കിണറുകൾക്കു മേലുള്ള ചിലവ്, ഇളയ മകളുടെ വിവാഹത്തിനുള്ള വായ്പ, വിള വായ്പ എന്നിവ മൂലം. പക്ഷെ കഴിഞ്ഞ വർഷം മാർച്ച് 24-ന് പ്രധാനമന്ത്രി പ്രഖ്യാപിച്ച പെട്ടെന്നുള്ള ലോക്ക്ഡൗൺ അദ്ദേഹത്തിന്‍റെ പദ്ധതികൾക്ക് തടസ്സമായി. തക്കാളികൾ പറിക്കാനും വിൽക്കാനും കഴിയാതെ, അവ പഴുത്ത് ചീഞ്ഞു പോകുന്നത് അദ്ദേഹത്തിന് കാണേണ്ടി വന്നു.

"മഹാമാരിയുടെ സമയത്ത് കാര്യങ്ങളൊന്നും മെച്ചപ്പെടുകയില്ലെന്ന് അദ്ദേഹത്തിന് തോന്നിയിട്ടുണ്ടായിരിക്കും. കൂടാതെ, എല്ലാ പ്രതീക്ഷകളും നശിച്ചിരിക്കും”, എന്തുകൊണ്ട് 2020 സെപ്തംബർ 17-ന് അദ്ദേഹം വിഷം കഴിച്ചു എന്ന് വിശദീകരിക്കാൻ ശ്രമിച്ചുകൊണ്ട് അമർനാഥിന്‍റെ ഭാര്യയായ ഡി. വിമല പറഞ്ഞു. "അതിന് 10 ദിവസം മുമ്പും ആത്മഹത്യ ചെയ്യാൻ അദ്ദേഹം ശ്രമിച്ചിരുന്നു. ജീവൻ രക്ഷിക്കാനായി ഞങ്ങളദ്ദേഹത്തെ ബെംഗളുരുവിലുള്ള [180 കിലോമീറ്റർ അകലെ] ഒരു വലിയ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഒരു ലക്ഷം രൂപയും ഞങ്ങൾ ചിലവാക്കി”, വിമല പറഞ്ഞു. വീണ്ടും ഇങ്ങനെ ചെയ്യരുതെന്ന് അദ്ദേഹത്തോടവർ അപേക്ഷിക്കുകയും ചെയ്തു.

ചിറ്റൂരിലെ കർഷക ആത്മഹത്യകളുടെ പ്രധാന കാരണങ്ങളിലൊന്നായി പോലീസ് ചൂണ്ടിക്കാണിക്കുന്നത് കുഴൽക്കിണർ പരാജയപ്പെടുന്നതാണ്. മറ്റുള്ളവ തക്കാളിയുടെ പരാജയവും കാർഷിക കടവുമാണ്. കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരത്തെക്കുറിച്ചുള്ള സംസ്ഥാന സർക്കാരിന്‍റെ ഒരു ഉത്തരവ് കൂടുതൽ കാരണങ്ങൾ വ്യക്തമാക്കുന്നു: "കുഴൽക്കിണറുകളുടെ പരാജയം, ഉയർന്ന കൃഷിച്ചിലവോടു കൂടി വാണിജ്യ വിളകൾ വളർത്തുന്നത്, ലാഭകരമല്ലാത്ത വിലകൾ, ഉടമ്പടിയില്ലാത്ത പാട്ടവും (oral tenancy) ബാങ്ക് വായ്പകൾ ലഭിക്കുന്നതിലുള്ള അയോഗ്യതകളും, ഉയർന്ന പലിശ നിരക്കോടു കൂടിയ സ്വകാര്യ വായ്പ, പ്രതികൂലമായ കാർഷിക കാലങ്ങൾ, കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള ഉയർന്ന ചിലവ്, അനാരോഗ്യം, വിവാഹങ്ങൾ എന്നിവ പോലുള്ള വ്യത്യസ്ത കാരണങ്ങളാവാം അത്തരത്തിലുള്ള ആത്മഹത്യകളുടെ കാരണങ്ങൾ.”

ആലോചനയൊന്നുമില്ലാതെ ഏർപ്പെടുത്തിയ ലോക്ക്ഡൗൺ ആണ് കഴിഞ്ഞ വർഷം നിരവധി പേരുടെയും അവസ്ഥ വഷളാക്കിയത്. 2020-ൽ മാത്രം ചിറ്റൂരിലുള്ള 34 കർഷകർ ആത്മഹത്യ ചെയ്തു – 2014 മുതലുള്ള ഏറ്റവും കൂടിയ എണ്ണമാണിത്. അതിൽ 27 പേരും മരിച്ചത് ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിലാണ്.

Vimala's husband, D. Amarnath Reddy, could not harvest his tomato crop because of the Covid-19 lockdown
PHOTO • Courtesy: D. Vimala

ഡി . വിമലയും ( വലത് ) അവരുടെ പിതാവ് ബി. വെങ്കട റെഡ്ഡിയും ചിറ്റൂരിലെ മുദിവേടിൽ . കോവിഡ് -19 ലോക്ക്ഡൗൺ കാരണം വിമലയുടെ ഭർത്താവ് ഡി. അമർനാഥ് റെഡ്ഡിക്ക് തക്കാളിയുടെ വിളവെടുക്കാൻ കഴിഞ്ഞില്ല

മഹാമാരിക്ക് മുമ്പ് അവസ്ഥ അത്ര മെച്ചമായിരുന്നില്ല. 2019-ൽ ആന്ധ്രപ്രദേശിലെ കർഷകരുടെ ശരാശരി ഗാർഹിക കടം - 2.45 ലക്ഷം - രാജ്യത്തെ ഏറ്റവും ഉയർന്നതായിരുന്നു. അടുത്ത സമയത്ത് പ്രസിദ്ധീകരിച്ച സർവെ റിപ്പോർട്ടായ Situation Assessment of Agricultural Households and Land and Livestock Holdings of Households in Rural India, 2019 (ഗ്രാമീണ ഇന്ത്യയിലെ കാർഷിക കുടുംബങ്ങളുടെയും, കുടുംബങ്ങളുടെ ഭൂമി കന്നുകാലി സമ്പത്തിന്‍റെയും അവസ്ഥ വിലയിരുത്തൽ, 2019) ചൂണ്ടിക്കാണിക്കുന്നത് സംസ്ഥാനത്തെ 93 ശതമാനം കാർഷിക കുടുംബങ്ങളും പ്രസ്തുത വർഷം കടത്തിലായിരുന്നു എന്നാണ്.

അമർനാഥിന്‍റെയും വിമലയുടെയും തൊട്ടടുത്ത തെരുവിൽ താമസിക്കുന്ന പി. മഞ്ജുള അവരുടെ മരിച്ചുപോയ ഭർത്താവിന്‍റെ മാനസികാവസ്ഥ വ്യക്തമാക്കാൻ ശ്രമിക്കുകയായിരുന്നു. അദ്ദേഹം ഒരു തരത്തിലുള്ള വിഷമവും കാണിച്ചിരുന്നില്ലെന്ന് അവർ പറഞ്ഞു. വിവാഹിതരായ ശേഷമുള്ള 8 വർഷങ്ങളിൽ അവരുടെ 10 ഏക്കർ സ്ഥലത്ത് കൃഷി ചെയ്യുന്നതുമായി ബന്ധപ്പെടുന്ന പദ്ധതികളെപ്പറ്റി അദ്ദേഹം എല്ലായ്പ്പോഴും ചർച്ച ചെയ്യുമായിരുന്നു. "പക്ഷെ അദ്ദേഹം ഒരിക്കലും തന്‍റെ സാമ്പത്തിക ബുദ്ധിമുട്ടുകളുടെ ആഴത്തെക്കുറിച്ച് സംസാരിച്ചില്ല. കടം [8.35 ലക്ഷം രൂപ] എന്നെ അദ്ഭുതപ്പെടുത്തി.” അവരുടെ ഭർത്താവ് 33-കാരനായ പി. മധുസുധൻ റെഡ്ഡി 2020 ജൂലൈ 26-ന് ഒരു മരത്തിൽ തൂങ്ങി മരിച്ചു.

മധുസുധൻ കൃഷി ചെയ്ത അരയേക്കർ സ്ഥലത്തെ തക്കാളി പറിക്കാതെ അവശേഷിച്ചു. അവരുടെ സ്ഥലത്ത് 4 കുഴൽക്കിണറുകൾ കുഴിച്ചതുമായി ബന്ധപ്പെട്ടുണ്ടായ ചിലവുകളായിരുന്നു കടത്തിന്‍റെ പ്രധാന കാരണമെന്ന് അദ്ദേഹത്തിന്‍റെ അച്ഛൻ പി. ജയരാമി റെഡ്ഡി പറഞ്ഞു. 700-800 അടിയുള്ള കുഴൽക്കിണറുകൾ 8 വർഷക്കാലത്തിനുള്ളിലാണ് കുഴിച്ചത്. കടം വാങ്ങിയ തുകയുടെ മേൽ പലിശയും വർദ്ധിച്ചു.

ചില കടങ്ങൾ വീട്ടാനായി മധുസുധന്‍റെ കുടുംബം അദ്ദേഹത്തിന്‍റെ മരണശേഷം 2 ഏക്കർ ഭൂമി വിറ്റു. ഇപ്പോൾ അരയേക്കർ സ്ഥലത്ത് അവർ നെൽകൃഷി നടത്തുന്നു. പ്രദേശത്തെ 7 കുടുംബങ്ങൾക്ക് സംയുക്ത ഉടമസ്ഥതയുള്ള ഒരു കുഴൽക്കിണറ്റിൽ നിന്നാണ് അതിനുള്ള വെള്ളം എടുക്കുന്നത്. "ഞങ്ങൾ നട്ട നിലക്കടല കനത്ത മഴകാരണം ഈ വർഷം [2021] നല്ല വിളവ് തന്നില്ല. ഞങ്ങൾക്ക് മുടക്കിയ തുക തിരിച്ചു കിട്ടില്ല. ബാക്കി ഭൂമി തരിശാണ്”, ജയറരാമി റെഡ്ഡി പറഞ്ഞു.

2019 മുതലുള്ള അമിത മഴ കാരണം ജില്ലയിലെ കർഷകർ തക്കാളി കൃഷിയിൽ നിന്നും നെൽകൃഷിയിലേക്ക് മാറുകയാണെന്ന് ചിറ്റൂരിലെ തോട്ടകൃഷിയുടെ (horticulture) ഡെപ്യൂട്ടി ഡയറക്ടറായ ബി. ശ്രീനിവാസുലു പറയുന്നു. എന്നിരിക്കിലും 2009-10 മുതൽ 2018-19 വരെയുള്ള ഒരു ദശകത്തിനിടയിലെ 7 വർഷക്കാലത്തേക്ക് ജില്ലയുടെ ഭാഗങ്ങളെ (മുദിവേട് സ്ഥിതി ചെയ്യുന്ന കുരമ്പലകൊത്ത മണ്ഡൽ പോലെയുള്ള) വരൾച്ച ബാധിതമായി പ്രഖ്യാപിച്ചിരുന്നുവെന്ന് മണ്ഡലിലെ അസിസ്റ്റന്‍റ് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസറായ എൻ. രാഘവ റെഡ്ഡി പറയുന്നു.

P. Manjula and her late husband P. Madhusudhan Reddy's parents, P. Jayarami Reddy and P. Padmavatamma.
PHOTO • G. Ram Mohan
M. Eswaramma and Pooja in Deganipalli
PHOTO • Courtesy: M. Eswaramma

ഇടത് : പി. മഞ്ജുളയും അവരുടെ മരിച്ചുപോയ ഭർത്താവ് പി. മധുസുധൻ റെഡ്ഡിയുടെ മാതാപിതാക്കളായ പി. ജയരാമി റെഡ്ഡിയും പി. പദ്മാവതിയമ്മയും . വലത് : എം. ഈശ്വരമ്മയും പൂജയും ദേഗാണിപല്ലിയിൽ

ആത്മഹത്യയിലൂടെയുള്ള കർഷകരുടെ മരണം ചിറ്റൂരിൽ വളരെ പെട്ടെന്ന് വളരെയധികം വർദ്ധിച്ചിരിക്കുന്നു. ഡിസ്ട്രിക്റ്റ് ക്രൈം റെക്കോർഡ്‌സ് ബ്യൂറോ ശേഖരിച്ച വിവരങ്ങൾ പ്രകാരം 2018-ൽ 7 എണ്ണമായിരുന്നത് 2019-ൽ 27-ലേക്ക് ഉയർന്നു. 2020-ൽ ആന്ധ്രപ്രദേശ് കർഷക മരണങ്ങളുടെ കാര്യത്തിൽ രാജ്യത്തെ ഏറ്റവും ഉയർന്ന എണ്ണം രേഖപ്പെടുത്തിയപ്പോൾ ( നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ - എൻ.സി.ആർ.ബി. – പറയുന്നതനുസരിച്ച് 140 കുടികിടപ്പ് കർഷകരുടേതുൾപ്പെടെ 564 മരണങ്ങൾ) അതിൽ 34 എണ്ണവും ചിറ്റൂരിൽ നിന്നായിരുന്നു.

ഒരു ദളിത് കുടികിടപ്പ് കർഷകനായ എം. ചിന്ന റെഡ്ഡപ്പ അവരിലൊരാളായിരുന്നു. പെദ്ദ തിപ്പസമുദ്രം മണ്ഡലത്തിലെ തന്‍റെ ഗ്രാമമായ സമ്പതികോട്ടയിൽ പാട്ടത്തിനെടുത്ത ഒന്നരയേക്കർ സ്ഥലത്ത് അദ്ദേഹം തക്കാളി കൃഷി  ചെയ്തിരുന്നു. ആറ് മാസത്തേക്ക് 20,000 രൂപയ്ക്ക് അദ്ദേഹമത് പാട്ടത്തിനെടുത്തതായിരുന്നു. കോവിഡ്-19 ലോക്ക്ഡൗൺ അദ്ദേഹത്തിന് വിളവ് വിൽക്കാനുള്ള ഒരു അവസരവും നൽകിയില്ലെന്ന് അദ്ദേഹത്തിന്‍റെ ഭാര്യയായ എം. ഈശ്വരമ്മ പറഞ്ഞു. "വിളകൾ പാടത്ത് വാടിക്കരിഞ്ഞപ്പോൾ 3 ലക്ഷം രൂപയുടെ കടമാണ് ഞങ്ങൾക്കവശേഷിച്ചത്.” പ്രശ്നങ്ങൾ തരണം ചെയ്യാൻ ആ ദമ്പതികൾക്ക് സമ്പത്തോ സമ്പാദ്യമോ ഒന്നുമുണ്ടായിരുന്നില്ല. ഡിസംബർ 30-ന് 45-കാരനായ ചിന്ന റെഡ്ഡപ്പ തന്‍റെ ജീവിതം അവസാനിപ്പിച്ചു.

ഇശ്വരമ്മയും അവരുടെ മകൾ 5-ാം ക്ലാസ്സ് വിദ്യാർത്ഥിനിയായ പൂജയും ബി. കൊത്തകോട്ട മണ്ഡലിലെ ദേഗാണിപല്ലി എന്ന സ്ഥലത്തെ അവരുടെ മാതാപിതാക്കളുടെ വീട്ടിലേക്ക് മാറി. "ഞാനിപ്പോൾ ജീവിക്കുന്നത് പാടത്ത് 200 രൂപ കൂലിക്ക് പണിയെടുത്തുകൊണ്ടാണ്. കടം വീട്ടാൻ മാർഗ്ഗമൊന്നുമില്ല”, ഈശ്വരമ്മ പറഞ്ഞു. "കഷ്ടിച്ചാണ് ഞാൻ ജീവിക്കുന്നതെങ്കിലും പണം നൽകിയവർ വിളിച്ച് ബുദ്ധിമുട്ടിച്ചു കൊണ്ടിരിക്കുന്നു” എന്നും അവർ കൂട്ടിച്ചേർത്തു.

റൈതു സ്വരാജ്യ വേദിക (ആർ.എസ്.വി.) 2019 ഫെബ്രുവരിയിൽ നൽകിയ വിവരാവകാശ അപേക്ഷ പ്രകാരം വെളിച്ചത്തു വന്നത് 2014 മുതൽ 2018 വരെയുള്ള കാലയളവിൽ 1,513 കർഷകർ ആന്ധ്രാപ്രദേശിൽ ആത്മഹത്യ ചെയ്തു എന്നാണ്. പക്ഷെ 391 കുടുബങ്ങൾക്കു മാത്രമാണ് സർക്കാർ നൽകുന്ന നഷ്ടപരിഹാരമായ 5 ലക്ഷം രൂപ ലഭിച്ചുള്ളൂ. ഇത് മാദ്ധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു. “സർക്കാർ 640 കുടുംബങ്ങൾക്കുകൂടി നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടു, ബാക്കിയുള്ള 482 കർഷക കുടുംബങ്ങൾക്ക് ഒന്നും ലഭിച്ചില്ല”, ആർ.എസ്.വി.യുടെ സെക്രട്ടറിയായ ബി. കൊണ്ടൽ റെഡ്ഡി പറഞ്ഞു. നഷ്ടപരിഹാരം നിഷേധിക്കപ്പെട്ട കുടുംബങ്ങളെ ഈ സംഘടന സഹായിക്കുന്നു. മരണമടഞ്ഞ കർഷകരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാര തുക 2 ലക്ഷം രൂപകൂടി വർദ്ധിപ്പിച്ചതായി 2019 ഒക്ടോബറിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. പക്ഷെ ഇപ്പോഴും വിമലയ്ക്കോ മഞ്ജുളയ്ക്കോ ഈശ്വരമ്മയ്ക്കോ ഇപ്പറഞ്ഞതൊന്നും ലഭിച്ചിട്ടില്ല.

2019-20-ൽ ചിറ്റൂർ ജില്ല സംസ്ഥാനത്തിന്‍റെ തക്കാളി ഉത്പാദനത്തിന്‍റെ 37 ശതമാനം സംഭാവന ചെയ്തിരുന്നു. പ്രസ്തുത വർഷം ആന്ധ്രപ്രദേശ് ആയിരുന്നു രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഉൽപ്പാദകർ. സങ്കരയിനങ്ങളും പ്രാദേശിക ഇനങ്ങളും വർഷത്തിലെ മുഴുവൻ സമയത്തും അവർ കൃഷി ചെയ്തു. ചിറ്റൂരിലെയും റായലസീമയിലെ മറ്റു ജില്ലകളിലെയും (വൈ.എസ്.ആർ. കഡപ്പ, അനന്തപൂർ, കുർണൂൽ), കൂടാതെ കർണ്ണാടകയിലെ ജില്ലകളിലെയും തക്കാളി കർഷകർ അവരുടെ ഉൽപ്പന്നങ്ങൾ വിറ്റിരുന്നത് ചിറ്റൂരിലെ മദനപല്ലെ തക്കാളി വിപണിയിലാണ്. ഇത് രാജ്യത്തെ ഏറ്റവും വലിയ വിപണി സ്ഥലങ്ങളിലൊന്നാണ്.

S. Sreenivasulu from Anantapur (left) sells his produce at Madanapalle market yard in Chittoor. The market yard is one of the largest trading hubs for tomatoes
PHOTO • G. Ram Mohan
The market yard is one of the largest trading hubs for tomatoes
PHOTO • G. Ram Mohan

ചിറ്റൂരിലെ മദനപല്ലെ മാര്‍ക്കറ്റ് യാര്‍ഡിലാണ് അനന്തപൂരിൽ നിന്നുള്ള എസ്. ശ്രീനിവാസുലു ( ഇടത് ) തന്‍റെ ഉൽപ്പന്നങ്ങൾ വിൽക്കുന്നത്. ഈ വിപണി സ്ഥലം തക്കാളിയുടെ ഏറ്റവും വലിയ വ്യാപാര കേന്ദ്രങ്ങളിൽ ഒന്നാണ്

മദനപല്ലെയിൽ മൊത്തക്കച്ചവട വില നിശ്ചയിക്കുന്നത് ലേലത്തിലൂടെയാണ്. നിരക്ക് നിശ്ചയിക്കുന്നത് മറ്റു നിരവധി ഘടകങ്ങളാലും. ഉദാഹരണത്തിന് തലേദിവസത്തെ രാത്രിയിലെ മഴ അടുത്ത ദിവസം രാവിലെ വില കുറയുന്നതിന് കാരണമാകും. നല്ല വില ആയിരിക്കുമ്പോൾ കൂടുതൽ ഉൽപ്പന്നങ്ങൾ വിപണിയിലേക്ക് വരുന്നത് അന്ന് ലേലം വിളിച്ച നിരക്ക് കുറയുന്നതിന് കാരണമാകുന്നു. ഓഗസ്റ്റ് 29-ന് ഈ റിപ്പോർട്ടർ എസ്. ശ്രീനിവാസുലുവിനെ കണ്ടുമുട്ടിയപ്പോൾ ഇങ്ങനെ സംഭവിച്ചിരുന്നു. അനന്തപൂർ ജില്ലയിലെ തനകൽ മണ്ഡലത്തിലെ മൽറെഡ്ഡിപ്പല്ലെ ഗ്രാമത്തിൽ നിന്നുള്ള കർഷകനായ അദ്ദേഹം മദനപല്ലെ വിപണിയിൽ ഉൽപ്പന്നങ്ങൾ വിൽക്കുകയായിന്നു. "നല്ല വില ആയിരുന്നതു കൊണ്ട് കർഷകർ കൂടുതൽ താക്കാളി യാർഡിലേക്ക് എത്തിച്ചതിനെ തുടർന്ന് 30 കിലോയുള്ള ഒരു കുട്ട തക്കാളിയുടെ വില 500 രൂപ ആയിരുന്നതിൽ നിന്നും 390 രൂപയായി ഇന്നലെ കുറഞ്ഞു”, അദ്ദേഹം പറഞ്ഞു.

"ഒരേക്കർ സ്ഥലത്ത് തക്കാളി കൃഷി ചെയ്യുന്നതിനുള്ള ചിലവ് 100,000 മുതൽ 200,000 രൂപ വരെയാണ്”, ആർ. രാമസ്വാമി റെഡ്ഡി എന്ന കർഷകൻ പറഞ്ഞു. അനന്തപൂരിലെ നല്ലചരുവ് മണ്ഡലത്തിലെ അല്ലുഗുണ്ടു ഗ്രാമത്തിൽ നിന്നുള്ളയാളാണ് അദ്ദേഹം. "പ്രകൃതി [മഴ] വിളകൾക്ക് കൂടുതൽ കുഴപ്പം ഉണ്ടാക്കിയില്ലെങ്കിൽ കൂടുതൽ വിത്തുകളോടെ നല്ല വിളവുണ്ടാകും", അദ്ദേഹം കൂട്ടിച്ചേർത്തു. 2-3 വർഷങ്ങൾ കൊണ്ടുണ്ടാകുന്ന നഷ്ടങ്ങൾ നാലാമത്തെ വർഷത്തിൽ മാത്രമെ നികത്തിയെടുക്കാൻ സാധിക്കൂ.

കഴിഞ്ഞ രണ്ടുമൂന്നു വർഷങ്ങളായി തക്കാളിയുടെ കൃഷി കൂടുതൽ നഷ്ടസാദ്ധ്യതയുള്ള ഒന്നായി തീർന്നിരിക്കുന്നുവെന്ന് മദനപല്ലെയിൽ നിന്നുള്ള ഒരു വക്കീലായ എൻ. സഹദേവ നായിഡു പറഞ്ഞു. പാട്ടത്തിനെടുത്ത 10-15 ഏക്കർ സ്ഥലങ്ങളിലായി അദ്ദേഹത്തിന്‍റെ കുടുംബം തക്കാളി കൃഷി ചെയ്യുന്നു. "എന്‍റെ 20 വർഷത്തെ അനുഭവത്തിൽ നിരക്ക് ഒരാഴ്ച പോലും സ്ഥിരമായി നിന്നിട്ടില്ല”, അദ്ദേഹം പറഞ്ഞു. ഉൽപാദനച്ചെലവ് കഴിഞ്ഞ രണ്ട് ദശകങ്ങളിൽ 7 മുതൽ 10 വരെ ഇരട്ടി ആയിട്ടുണ്ടെന്നും എന്നാൽ തക്കാളിയുടെ വില ഒരു രൂപ മുതൽ 60 രൂപവരെ കറങ്ങിത്തിരിഞ്ഞ് നിൽക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നിരിക്കിലും ഉയർന്ന ലാഭത്തിനുള്ള സാദ്ധ്യത നഷ്ടസാദ്ധ്യത വഹിക്കാൻ തയ്യാറുള്ള കർഷകരെ തക്കാളിയിലേക്ക് ആകർഷിക്കുന്നു. കൂടുതൽ ഉൽപാദിപ്പിക്കുന്നത് മൂലം നായിഡുവിന്‍റെ കുടുംബത്തിന് മാറിക്കൊണ്ടിരിക്കുന്ന വില മൂലമുള്ള പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ സാധിക്കുന്നു. "ഭൂമി പാട്ടത്തിനെടുത്ത് ഞങ്ങൾ കൃഷി ചെയ്യുകയും വർഷം മുഴുവൻ തക്കാളി വിൽക്കുകയും ചെയ്തു. അതുകൊണ്ട് നഷ്ടം തടഞ്ഞുനിർത്താൻ ഞങ്ങൾക്ക് സാധിച്ചു”, അദ്ദേഹം വിശദീകരിച്ചു.

സെപ്തംബറിലെയും ഒക്ടോബറിലെയും കനത്ത കാലവർഷ മഴയും നവംബർ മദ്ധ്യത്തിൽ 255 ശതമാനം എത്തിയ കാലികമല്ലാത്ത വർഷപാതവും റായലസീമയിലുടനീളം ഈ വർഷം ആയിരക്കണക്കിന് ഏക്കറുകൾ വരുന്ന വിളകൾ നശിപ്പിച്ചു. തക്കാളിയുടെ കുറഞ്ഞ നിരക്കിലുള്ള ലഭ്യതയാണ് മദനപല്ലെയിലെ വിലയെ ഒക്ടോബർ മുതൽ നയിക്കുന്നത്. കഴിഞ്ഞ മാസം 42 മുതൽ 48 രൂപയ്ക്ക് വരെ വിറ്റു കൊണ്ടിരുന്ന ഉയർന്ന ഗുണമേന്മയുള്ള സങ്കരയിനം തക്കാളി നവംബർ 16-ന് കിലോഗ്രാമിന് 92 രൂപയ്ക്കാണ് വിറ്റത്. വില ഉയർന്നു കൊണ്ടിരുന്നു – നവംബർ 23-ന് കിലോഗ്രാമിന് 130 രൂപ എന്ന അപൂർവ്വ വിലയിൽ എത്തുന്നതുവരെ.

കുറച്ചു കർഷകർ അന്നേ ദിവസം ആശ്വാസത്തോടെ വീട്ടിലേക്ക് മടങ്ങിയെങ്കിലും, നിരവധി പേർക്കും ഇത് അവരുടെ അനിശ്ചിതത്വം നിറഞ്ഞ ഉപജീവനമാർഗ്ഗത്തെക്കുറിച്ചുള്ള മറ്റൊരു ഓർമ്മപ്പെടുത്തലാണ്.

നിങ്ങൾ ആത്മഹത്യാ പ്രവണതയുള്ള ആളാണെങ്കിൽ അല്ലെങ്കിൽ വിഷാദം അനുഭവിക്കുന്ന ആരെയെങ്കിലും നിങ്ങൾക്കറിയാമെങ്കിൽ കിരണിലേക്ക് ദേശീയ ഹെൽപ്‌ലൈൻ നമ്പരായ 1800-599-0019- (24/7 ടോൾ ഫ്രീ ) വിളിക്കുക , അല്ലെങ്കിൽ നിങ്ങളുടെ സമീപത്തുള്ള ഈ ഹെൽപ്‌ലൈനുകളില്‍ എതിലെക്കെങ്കിലും വിളിക്കുക . മാനസികാരോഗ്യ വിദഗ്ദ്ധരെക്കുറിച്ചും സേവനങ്ങളെക്കുറിച്ചുമുള്ള വിവരങ്ങൾക്കായി ദയവ് ചെയ്ത് എസ്.പി.ഐ.എഫിന്‍റെ മാനസികാരോഗ്യ ഡയറക്ടറി സന്ദർശിക്കുക .

പരിഭാഷ: റെന്നിമോന്‍ കെ. സി.

G. Ram Mohan

G. Ram Mohan is a freelance journalist based in Tirupati, Andhra Pradesh. He focuses on education, agriculture and health.

Other stories by G. Ram Mohan
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

Other stories by Rennymon K. C.