നിറയെ കാവിയും വെള്ളയും നിറമുള്ള കൊടികൾ കാണാം. പ്രകൃതിയാരാധാകരായ ആദിവാസി സമൂഹങ്ങളുടേതാണ് – ഇവിടെ അത് ഉറാംവ് ആദിവാസികളാണ് – വെളുത്ത കൊടി. കാവിക്കൊടിയാകട്ടെ, ഝാർഘണ്ടിലെ ഗുംല ജില്ലയിലെ ഈ കുന്നിന്റെ നെറുകയിൽ 1985-ൽ ഹനുമാൻ ക്ഷേത്രം പണിത ഹിന്ദുക്കളുടേതും. ഇത് ആ ഹിന്ദു ദൈവത്തിന്റെ ജന്മസ്ഥലമാണെന്നാണ് അവരുടെ അവകാശവാദം.
മുളകൊണ്ട് നിർമ്മിച്ച വാതിലിൽ, ഇരുകൂട്ടരുടേയും പേരെഴുതിയ രണ്ട് ബാനറുകളുണ്ട്. വനംവകുപ്പും അഞ്ജനിലെ ജനങ്ങളും സംയുക്തമായി നടത്തുന്ന ഗുംല വാൻ പ്രബന്ധൻ മണ്ഡലിനാണ് (സംയുക്ത് ഗ്രാം വാൻ പ്രബന്ധൻ സമിതി എന്ന പേരിൽ) 2016 മുതൽ ഈ തീർത്ഥാടനത്തിന്റെ ഭരണച്ചുമതല. 2019-ൽ സ്ഥാപിച്ച അഞ്ജൻ ധാം മന്ദിർ വികാസ് സമിതിയാണ് അമ്പലം ഭരിക്കുന്നത്.
സ്വാഗത കവാടം കടന്നാൽ നമ്മൾ അഭിമുഖീകരിക്കുന്നത് രണ്ട് ഗോവണികളാണ്. ഓരോന്നും വെവ്വേറെ ആരാധനാലയങ്ങളിലേക്ക് നയിക്കുന്നവർ. ഒന്ന് നിങ്ങളെ നേരെ കുന്നിൻമുകളിലെ ഹനുമാൻ ക്ഷേത്രത്തിലേക്ക് കൊണ്ടുപോവുന്നു. മറ്റൊന്ന്, രണ്ട് ഗുഹകളിലേക്കും. അമ്പലം വരുന്നതിനും നൂറ്റാണ്ടുകൾക്കുമുമ്പ്, ആദിവാസി പഹാനുകൾ (ആദിവാസികളിലെ പരമ്പരാഗത പൂജാരികൾ) പൂജകൾ നടത്തിയിരുന്ന ഗുഹകളാണവ.
രണ്ട് വ്യത്യസ്ത സംഘങ്ങളെ സേവിക്കുന്ന രണ്ട് വ്യത്യസ്ത ദൈവങ്ങൾക്കുള്ള ഒരോ ഭണ്ഡാരപ്പെട്ടികൾവീതം ഓരോ സ്ഥലത്തും വെച്ചിട്ടുണ്ട്. ഒന്ന് ഗുഹയ്ക്ക് സമീപവും, ഒന്ന് അമ്പലത്തിന്റെ ഉള്ളിലും. ഇനി മൂന്നാമതൊരു ഭണ്ഡാരപ്പെട്ടിയുണ്ട്, മുറ്റത്ത്. അത് ബജ്രംഗദളിന്റേതാണ്. ഇതിൽനിന്നുള്ള പണം, ഭക്തരായ സന്ന്യാസിമാർക്ക് ചൊവ്വാഴ്ചതോറും സദ്യ നൽകാനാണ് ഉപയോഗിക്കുന്നത്. ഇനി നാലാമതൊരു ഭണ്ഡാരമുള്ളത് മലയുടെ താഴത്ത്, ഗ്രാമത്തിന്റെ സമീപത്താണ്. പൂജക്കാവശ്യമായ സാധനങ്ങളും വഴിപാടുകളും വാങ്ങുന്നതിന് ആദിവാസികളെ സഹായിക്കാനുള്ളതാന് ഇത്.
“ഇത് പൂർണ്ണമായും ഒരു ആദിവാസി മേഖലയാണ്. അഞ്ജനിൽ ഇതിനുമുമ്പൊന്നും പൂജാരിമാരുണ്ടായിരുന്നിട്ടില്ല”, ഈ തീർത്ഥാടനകേന്ദ്രത്തിലെ വിചിത്രമായ ആരാധനാരീതികൾ കണ്ട് അത്ഭുതപ്പെട്ട എന്നോട്, രഞ്ജയ് ഉറാംവ് എന്ന 42 വയസ്സുള്ള മുൻ ഗ്രാമമുഖ്യൻ പറഞ്ഞു. “ബനാറസിൽനിന്ന് പണ്ഡിറ്റുകൾ ഈ സ്ഥലത്തേക്ക് ഈയടുത്ത് മാത്രമാണ് വന്നത്. പ്രകൃതിദേവതയായ അഞ്ജാനിയെ വർഷങ്ങളായി ഉറാംവ് ആദിവാസികൾ ആരാധിക്കുന്നു. അഞ്ജാനിക്ക് ഹനുമാനുമായി ബന്ധമുണ്ടെന്ന് ഞങ്ങളൊരിക്കലും അറിഞ്ഞിരുന്നില്ല”, അദ്ദേഹം പറഞ്ഞു.
“പണ്ഡിറ്റുകൾ വന്നിട്ടാണ്, അഞ്ജാനി എന്നത് യഥാർത്ഥത്തിൽ ഹനുമാന്റെ അമ്മയാണെന്ന ആശയം ഇവിടെ പ്രചരിപ്പിച്ചത്. അതിനുശേഷം അഞ്ജനെ ഹനുമാന്റെ വിശുദ്ധ ജന്മസ്ഥലമായി പ്രഖ്യാപിച്ചു. പിന്നെ, എന്തെങ്കിലും കണ്ണടച്ച് തുറക്കുന്നതിനുമുന്നേ മലയുടെ മുകളിൽ ഒരു ഹനുമാൻ ക്ഷേത്രം വരികയും ആ സ്ഥലത്തെ അഞ്ജൻ ധാം എന്ന് വിളിക്കാനും തുടങ്ങി”.
ആദിവാസികൾ അമ്പലത്തിനായി അപേക്ഷിച്ചിട്ടില്ലെന്ന് അദേഹം എന്നോട് പറഞ്ഞു. അധികാരത്തിലുണ്ടായിരുന്ന സബ് ഡിവിഷണൽ ഓഫീസർ മുൻകൈയ്യെടുത്ത് ചെയ്തതായിരുന്നു അത്. ബിഹാറിന്റെ ഭാഗമായിരുന്നു അന്ന് ഝാർഖണ്ട്.
അമ്പലം സ്ഥാപിതമായതിനെക്കുറിച്ച് രസകരമായ ഒരു കഥ പറയാനുണ്ട്, അഞ്ജാനിലെ ഹനുമാൻ ക്ഷേത്രത്തിലെ കേദാർനാഥ് പാണ്ഡെ എന്ന പണ്ഡിറ്റിന്. “എന്റെ മുത്തച്ഛൻ മണികാന്ത് പാണ്ഡെക്ക് സ്വപ്നത്തിലൊരു ദർശനമുണ്ടായി. ഈ മലയിലെ ഒരു ഗുഹയിൽ, ഹനുമാൻ ജനിക്കുന്നതാണ് അദ്ദേഹം സ്വപ്നത്തിൽ കണ്ടത്”. അമ്പലത്തിന്റെ കാര്യങ്ങൾ നോക്കുന്ന ഗ്രാമത്തിലെ രണ്ട് പണ്ഡിറ്റ് കുടുംബങ്ങളിലെ ഒന്നിലെ അംഗമാണ് അദ്ദേഹം.
അന്നുമുതൽക്ക് തന്റെ പിതാമഹൻ മലമുകളിൽ പോയി പ്രാർത്ഥിക്കാനും രാമായണം പാരായണം ചെയ്യാനും തുടങ്ങി എന്ന് അദ്ദേഹം പറഞ്ഞു. “ഗൌതമുനിയുടേയും ഭാര്യ അഹല്യയുടേയും മകളാന് അഞ്ജന”. തന്റെ പിതാമഹനിൽനിന്നാണ് ഈ കഥ കേട്ടതെന്ന് അദ്ദേഹം പറഞ്ഞു. “ശപിക്കപ്പെട്ട അവർ (അഞ്ജന) ഈ അറിയപ്പെടാത്ത മലയിലേക്ക് വന്നു. അതിൽനിന്നാണ് ഈ മലയ്ക്ക് അഞ്ജന മല എന്ന പേര് ലഭിച്ചത്. അവർ ശിവഭക്തയായിരുന്നു. ഒരുദിവസം ശിവൻ ഒരു സന്ന്യാസിയുടെ രൂപത്തിൽ അവരുടെ മുമ്പിൽ പ്രത്യക്ഷപ്പെട്ട്, ശാപമോക്ഷത്തിനായി, ചെവിയിൽ ഒരു മന്ത്രം ഓതിക്കൊടുത്തു, ആ മന്ത്രത്തിന്റെ ഫലമായിട്ടാണ്, ഗർഭപാത്രത്തിനുപകരം, അവരുടെ തുടയിൽനിന്ന് ഹനുമാൻ ജനിച്ചത്.
“അക്കാലത്ത്, ഗുംലയിലെ എസ്.ഡി.ഒ. രഘുനാഥ് സിംഗ് ആയിരുന്നു. എന്റെ അച്ഛന്റെ അടുത്ത സുഹൃത്തായിരുന്നു അദ്ദേഹം. മലമുകളിൽ ഒരു ക്ഷേത്രം വേണമെന്ന് രണ്ടുപേരും ചേർന്ന് തീരുമാനിച്ചു. ആദ്യം ആദിവാസികൾ പ്രതിഷേധിച്ച് ഒരു ആടിനെ ബലി നൽകി. എന്നാൽ, പിന്നീട് ക്ഷേത്രം നിർമ്മിക്കപ്പെടുകയും ഈ സ്ഥലത്തിന് അഞ്ജൻ ധാം എന്ന് പേരിടുകയും ചെയ്തു”, ശാന്തമായി അദ്ദേഹം പറഞ്ഞു.
ആദിവാസി ദേവതയായ അഞ്ജനി മാ എന്നതിൽനിന്നാണ് അഞ്ജൻ ഗ്രാമത്തിന് ആ പേര് വന്നത്. ഗ്രാമത്തിന് ചുറ്റുമുള്ള മലകളിൽ വസിക്കുന്ന ഒരു പ്രകൃതിശക്തിയാണ് ആ ദേവതയെന്ന് അവർ വിശ്വസിക്കുന്നു. നൂറുകണക്കിന് വർഷങ്ങളായി അവർ ഗുഹയിലെ ദേവതയെ ആരാധിക്കുന്നുണ്ട്.
“വർഷങ്ങളോളം ആളുകൾ മലയിലെ പാറകളെ ആരാധിച്ചിരുന്നു”, 50 വയസ്സുള്ള മഹേശ്വർ ഉറാംവ് എന്ന ഗ്രാമീണൻ പറഞ്ഞു. “അത് പ്രകൃതിയെ ആരാധിക്കലാണ്. ഹനുമാൻ ജി ഈ മലയിൽ ജനിച്ചുവെന്നൊക്കെയുള്ള കഥ പിന്നീട് പ്രചരിച്ചതാണ്”.
ബിർസ ഉറാംവാണ് ഗ്രാമത്തലവൻ. അഞ്ജാനിൽ ഹനുമാൻ ക്ഷേത്രം ഉയർന്നുവന്നത് കണ്ടിട്ടുണ്ട് അറുപതുകൾ കഴിഞ്ഞ ഈ മനുഷ്യൻ. “ആദിവാസികൾ ഹിന്ദുക്കളല്ല”, ഒരു സംശയവുമില്ലാതെ അദ്ദേഹം പറഞ്ഞു. “അഞ്ജൻ ഗ്രാമത്തിലെ ഭൂരിപക്ഷക്കാരായ ഉറാംവ് ആദിവാസികൾ, സർണ മതം പിന്തുടരുന്നവരാണ്. സർണ ധർമ്മത്തിൽ, പ്രകൃതിയെയാണ് ആരാധിക്കുന്നത് - വൃക്ഷങ്ങൾ, മലകൾ, പുഴകൾ, അരുവികൾ തുടങ്ങി എല്ലാറ്റിനേയും. ജീവിക്കാൻ സഹായിക്കുന്ന പ്രകൃതിയിലെ എല്ലാറ്റിനേയും ഞങ്ങൾ ആരാധിക്കുന്നു”.
ഗ്രാമത്തിലെ ജനങ്ങൾ യഥാർത്ഥത്തിൽ, സർണ എന്ന ശുദ്ധമായ പ്രകൃത്യാരാധനയെ പിന്തുടരുന്നവരാണെന്ന് രമണി ഉറാംവ് പറഞ്ഞു. “ഞങ്ങളുടെ ആളുകൾ ഇപ്പോഴും പ്രകൃതിയുമായി ബന്ധപ്പെട്ട ഉത്സവങ്ങൾ - സരഹുൽ (വസന്തോത്സവം) കരം (വിളയുത്സവം) – വലിയ രീതിയിൽ ആഘോഷിക്കാറുണ്ട്. ക്ഷേത്രം വരുന്നതിനുമുമ്പ് ഞങ്ങൾ ഹനുമാനെക്കുറിച്ച് കേട്ടിട്ടേയില്ല. ഞങ്ങൾ മലകളെ ആരാധിച്ചിരുന്നു. കുറേ പാറകളുള്ള ഒരു ഗുഹയുണ്ട്. ഞങ്ങൾ അതിനെ ആരാധിച്ചിരുന്നു”, ഇതേ ഗ്രാമത്തിലെ 32-കാരിയായ അവർ പറഞ്ഞു. “പിന്നീടാണ് ഹനുമാന് പ്രചാരം കിട്ടിയതും, അമ്പലം വന്നതും, ആളുകൾ പലയിടത്തുനിന്നും വന്ന് പ്രാർത്ഥിക്കാൻ തുടങ്ങിയതും. അപ്പോഴാന് ചില ആദിവാസികളും ഹനുമാനെ ആരാധിക്കാ തുടങ്ങിയത്”, അവർ കൂട്ടിച്ചേർത്തു.
ആദിവാസികളുടെ ഒരു ആരാധനാസ്ഥലത്തെ ഹിന്ദുക്ഷേത്രം കൈയ്യേറുന്നത് പുതിയ കാര്യമോ അത്ഭുതപ്പെടുത്തുന്നതോ അല്ലെന്ന് റണേന്ദ്ര കുമാർ പറഞ്ഞു. ഝാർഖണ്ഡിലെ അറിയപ്പെടുന്ന കഥാകാരനും നോവലിസ്റ്റുമായ 62 വയസ്സുള്ള അദേഹം സൂചിപ്പിച്ചു, “ധാരാളം ആദിവാസി അമ്മദൈവങ്ങളെ പണ്ടുമുതലേ വൈദികസമൂഹത്തിന്റെ ഭാഗമാക്കിയിട്ടുണ്ട്”.
“ആദ്യം ബുദ്ധമതക്കാർ ആദിവാസികളുടെ ദേവതകളെ ഏറ്റെടുക്കുകയും അവരൊക്കെ പിന്നീട് ഹിന്ദുമതത്തിന്റെ ഭാഗമാവുകയും ചെയ്തു. താര, വജ്ര, ദക്കിനി, ചത്തീസ്ഗഢിലെ ദന്തേശ്വരി ഇവരെല്ലാം ആദിവാസി ദേവതകളായിരുന്നു”, അദ്ദേഹം വാദിക്കുന്നു. “വ്യാജമായ സമാനതകൾ പ്രചരിപ്പിച്ചുകൊണ്ടാണ് ഇപ്പോൾ ആദിവാസികളെ ഹിന്ദു വിഭാഗത്തിലേക്ക് ഉൾച്ചേർക്കുന്നത്”.
“മൺവിഗ്രഹങ്ങളും മതപരമായ ആഘോഷങ്ങൾക്കുള്ള തുറസായ സ്ഥലങ്ങളും ഹിന്ദുക്കളുടെ ദേവീമണ്ഡപങ്ങളും ക്ഷേത്രങ്ങളുമായി പരിവർത്തിപ്പിക്കുകയാണ്”, ഝാർഖണ്ഡിലെ കുരുഖ് ഭാഷാവിദഗ്ദ്ധനായ ഡോ. നാരായൺ ഉറാംവ് പറഞ്ഞു. വർത്തമാനകാലത്തും നിർബന്ധിതമായ സ്വാംശീകരണവും സാംസ്കാരികമായ അപഹരണവുമൊക്കെ എങ്ങിനെ നടക്കുന്നുവെന്ന്, വിശദീകരിക്കുകയായിരുന്നു അദ്ദേഹം. ക്ഷേത്രം നിർമ്മിച്ചുകഴിയുന്നതോടെ ഭക്തജനങ്ങൾ വരാൻ തുടങ്ങുകയും ആദിവാസികൾക്ക് അവരുടെ ആരാധനകൾ നടത്തുന്നത് അസാധ്യമാവുകയും ചെയ്യുന്നു.
“റാഞ്ചി പഹാഡി മന്ദിർ, ഹർമു മന്ദിർ, അർഗോര മന്ദിർ, കാങ്കെ മന്ദിർ, മൊറബാദി മന്ദിർ എന്നിവയൊക്കെ ഇതിന്റെ ഉദാഹരണങ്ങളാണ്. ഇന്നും ഈ ക്ഷേത്രങ്ങൾക്ക് സമീപം, ആദിവാസി ആരാധനയുടെ അവശിഷ്ടങ്ങൾ കാണാം. ആദിവാസികൾ സമൂഹാരാധനയ്ക്കും പ്രാർത്ഥനയ്ക്കുമൊക്കെ ഉപയോഗിച്ചിരുന്ന മൈതാനങ്ങൾ ഒന്നുകിൽ ദുർഗാപൂജയ്ക്കോ അല്ലെങ്കിൽ കച്ചവടസ്ഥലങ്ങൾക്കോ ആയിട്ടാണ് ഇപ്പോൾ ഉപയോഗിക്കപ്പെടുന്നത്. ഉദാഹരണത്തിന്, റാഞ്ചിയിലെ അർഗോര. ഉറാംവ്-മുണ്ട ജനത ആരാധിച്ചിരുന്നതും ഉത്സവങ്ങൾ ആഘോഷിച്ചിരുന്നതുമായ സ്ഥലമായിരുന്നു”, അദ്ദേഹം പറഞ്ഞു.
റാഞ്ചിക്കടുത്തുള്ള ബുന്ദുവിലെ ദിയോരി മന്ദിറിനെക്കുറിച്ച് ഗുൻജാൽ ഇകിർ മുണ്ട ഞങ്ങളോട് പറഞ്ഞു. അവിടെ ക്ഷേത്രങ്ങളൊന്നുമുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ ബന്ധുക്കൾ വർഷങ്ങളായി ആദിവാസികൾക്കുവേണ്ടി പൂജകൾ നടത്തിയിരുന്ന സ്ഥലമായിരുന്നു അത്. “ഒരു കല്ല് മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു. മുണ്ട ആദിവാസികൾ വർഷങ്ങളോളം അവിടെ പൂജകൾ നടത്തിയിരുന്നു. ക്ഷേത്രം നിർമ്മിച്ചതിൽപ്പിന്നെ ഹിന്ദുക്കൾ ധാരാളമായി വരാൻ തുടങ്ങുകയും അവരുടെ സ്വന്തം സ്ഥലമായി അവകാശപ്പെടാനും തുടങ്ങി. വിഷയം കോടതിയിലെത്തുകയും ഇപ്പോൾ കോടതി വിധിക്കനുസരിച്ച്, ഇരുകൂട്ടരും ഒരേ സ്ഥലത്ത് അവരവരുടെ പൂജകൾ നടത്തുകയും ചെയ്യുന്നു. ആഴ്ചയിൽ ചില ദിവസങ്ങളിൽ ആദിവാസികൾ പാഹൻ പൂജ നടത്തുകയും മറ്റ് ദിവസങ്ങളിൽ ഹിന്ദുക്കൾക്കുവേണ്ടി പണ്ഡിറ്റുകൾ പൂജ നടത്തുകയും ചെയ്യുന്നു”.
മലമുകളിൽ രണ്ട് വ്യത്യസ്ത ആരാധനാസ്ഥലങ്ങളുണ്ട്. ആദിവാസി പാഹനുകൾ അനുഷ്ഠാനങ്ങൾ നടത്തുന്ന രണ്ട് ഗുഹകളും, മലമുകളിൽ പണ്ഡിറ്റുകൾ പൂജ നടത്തുന്ന ഒരു ഹനുമാൻ ക്ഷേത്രവും
പ്രത്യക്ഷത്തിൽ കാണുന്നതിനുമപ്പുറം മറ്റ് ചിലതുകൂടിയുണ്ട് ഇവിടെ.
ആദിവാസികളെ മുഖ്യധാരാ ഹിന്ദുമതത്തിലേക്ക് കൊണ്ടുവരുന്ന പ്രക്രിയ നിഗൂഢമായ രീതികളിലാണ് നടന്നിരുന്നത്, ലോകായത എന്ന തന്റെ പുസ്തകത്തിൽ ദേവീപ്രസാദ് ചതോപാദ്ധ്യായ ഒരു പ്രധാനപ്പെട്ട ചോദ്യം ഉയർത്തുന്നുണ്ട് – 1874-ൽ വൈദികമതം പിന്തുടർന്നിരുന്നവർ കേവലം 10 ശതമാനമായിരുന്നെങ്കിൽ, ഏതുവിധത്തിലാണ് ഹിന്ദുക്കൾ ഈ രാജ്യത്ത് ഭൂരിപക്ഷപദവി നേടിയെടുത്തത്. ഉത്തരം സെൻസസിലുണ്ട്.
1871-നും 1941-നുമിടയിലെ ജനസംഖ്യാ സെൻസസ് ഓഫ് ഇന്ത്യ, ആദിവാസികളുടെ മതത്തെ വിവിധ പേരുകളിലാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. ഉദാഹരണത്തിന് അബ്‌ഒറിജിനൽസ് (ആദിമവാസികൾ), തദ്ദേശീയർ, ഗോത്രവർഗ്ഗക്കാർ, പ്രകൃത്യാരാധകർ എന്നിങ്ങനെ. എന്നാൽ, 1951-ൽ നടന്ന സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ജനസംഖ്യാ സെൻസസിൽ ഈ വിവിധ പാരമ്പര്യങ്ങളെയെല്ലാം ഗോത്രമതം എന്ന പുതിയൊരു പട്ടികയിൽ ലയിപ്പിക്കുകയായിരുന്നു. 1961-ൽ അത് വീണ്ടും എടുത്തുമാറ്റി, പകരം, ‘മറ്റുള്ളവർ’ എന്ന പേരിൽ, ഹിന്ദു, ക്രിസ്ത്യൻ, ജയിൻ, സിഖ്, മുസ്ലിം, ബുദ്ധിസ്റ്റ് എന്നിവരോടൊപ്പം ഉൾപ്പെടുത്തി.
തത്ഫലമായി, 2011-ലെ സെൻസസ് റിപ്പോർട്ടിൽ 0.7 ശതമാനം ഇന്ത്യക്കാരാണ് ‘മറ്റ് മതങ്ങളും സമ്പ്രദായങ്ങളും’ എന്ന പേരിൽ സ്വയം വിശേഷിപ്പിച്ചത്. ഔദ്യോഗികമായി പട്ടികപ്പെടുത്തിയ രാജ്യത്തിലെ 8.6 ശതമാനം പട്ടികഗോത്രങ്ങളിലെ ഒരു ചെറിയ വിഭാഗക്കാരായി ഇവർ മാറി.
ഗോത്രമതങ്ങളിലെ സംഖ്യയെക്കുറിച്ച്, 1931-ൽത്തന്നെ ഒരു സെൻസസ് റിപ്പോർട്ടിൽ , സെൻസസ് ഓഫ് ഇന്ത്യ കമ്മീഷണറായിരുന്ന ജെ.എച്ച്.ഹുട്ടൺ തന്റെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. “എപ്പോഴെങ്കിലും ഒരു വ്യക്തി, അംഗീകരിക്കപ്പെട്ട ഒരു മതത്തിലെ അംഗത്വം അവകാശപ്പെടാതെവന്നാൽ, കൂടുതൽ അന്വേഷണം നടത്താതെ അയാളെ ‘ഹിന്ദു’വായി പരിഗണിക്കുന്ന ഒരു പ്രവണത നിലനിന്നുപോരുന്നു. ഈ നാടിന്റെ പേര് ഹിന്ദുസ്ഥാൻ എന്നാണെന്നും, അതിനാൽ ഇത് ഹിന്ദുക്കളുടെ നാടാണെന്നും, മറ്റ് മതങ്ങളിൽപ്പെട്ടവരാണെന്ന് അവർ അവകാശപ്പെടാതിരിക്കുന്നിടത്തോളം കാലം അവർ ഹിന്ദുക്കളായിരിക്കുമെന്നുമുള്ള മട്ടിലാണ് ഈ ചിന്താപ്രക്രിയയുടെ ഗതി”, എന്ന് അദ്ദേഹം സൂചിപ്പിക്കുന്നു.
*****
“സെൻസസിൽ എവിടെയാണ് ആദിവാസികൾ തങ്ങളുടെ മതം രേഖപ്പെടുത്തുക?”
അഞ്ജാൻ ഗ്രാമത്തിലെ പ്രമോദ് ഉറാംവാണ് ഈ ചോദ്യം ഉന്നയിക്കുന്നത്. “ആ കോളം ഇപ്പോൾ ഇല്ല. ഞങ്ങളിൽ പലരും, അറിയാതെതന്നെ ഹിന്ദുക്കൾ എന്നതിന്റെ അടിയിൽ പേര് ചേർക്കുന്നു. എന്നാൽ ഞങ്ങൾ ഹിന്ദുക്കളല്ല. ഹിന്ദുയിസത്തിന്റെ കേന്ദ്രഭാഗം ജാതിവ്യവസ്ഥയാണ്. എന്നാൽ ഞങ്ങൾ അതിൽ ഉൾപ്പെടില്ല”.
“ഞങ്ങൾ പ്രകൃതിയെ ആരാധിക്കുന്നവരാണ്. ഞങ്ങളുടെ ലോകവീക്ഷണം കൂടുതൽ തുറന്നതും ഉൾക്കൊള്ളുന്നവയുമാണ്. അതിൽ മതഭ്രാന്ത് ഒട്ടുംതന്നെയില്ല. ഞങ്ങളിൽപ്പലരും ഹിന്ദുയിസത്തിലേക്കോ ക്രിസ്ത്യൻമതത്തിലേക്കോ ഇസ്ലാമിലേക്കോ പരിവർത്തനം ചെയ്തിട്ടുപോലും മതത്തിന്റെ പേരിൽ ആരെയും ഞങ്ങൾ കൊല്ലാത്തത് അതുകൊണ്ടാണ്. ഞങ്ങളുടെ ആളുകൾ മലമുകളിൽ പോയി ഹനുമാനെ ആരാധിച്ചാലും ഞങ്ങൾ അവരെ ഹിന്ദുക്കളെന്ന് വിളിക്കില്ല”.
“ആദിവാസികൾ വളരെ വഴക്കമുള്ളവരും തുറന്ന മനസ്സുള്ളവരുമാണെന്ന്” അഞ്ജാനിലെ ബിർസ ഉറാംവ് പറഞ്ഞു. “ആർക്കെങ്കിലും അവരുടെ വിശ്വാസത്തെയും തത്ത്വശാസ്ത്രത്തെയും തട്ടിയെടുക്കണമെന്നുണ്ടെങ്കിൽ അതായിക്കൊള്ളട്ടെ. ആരുവേണമെങ്കിലും അവരുമായി ബന്ധപ്പെട്ടുകൊള്ളട്ടെ, അവർക്കതൊരു വിഷയമല്ല. അവരെ ആദിവാസികൾ ബഹുമാനിക്കുക മാത്രമേ ചെയ്യൂ. ഇപ്പോൾ ധാരാളം ഹിന്ദുക്കൾ ഹനുമാനെ ആരാധിക്കാൻ അഞ്ജാം ധാമിൽ എത്തുന്നുണ്ട്. മുസ്ലിമുകളും ധാമിൽ വരുന്നുണ്ട്. എല്ലാവർക്കുംവേണ്ടി വാതിൽ തുറന്നിട്ടിരിക്കുകയാണ് അവർ. ഇപ്പോൾ ധാരാളം ആദിവാസികൾ രണ്ടിടത്തും പ്രാർത്ഥിക്കുന്നുണ്ട്. മലയിലെ ഗുഹയിലും ക്ഷേത്രത്തിലെ ഹനുമാൻ വിഗ്രഹത്തിന്റെ മുമ്പിലും. എന്നിട്ടും അവർ തങ്ങളെ ഹിന്ദുക്കളായല്ല, ആദിവാസികളായിട്ടാണ് കരുതുന്നത്”.
ഹനുമാൻ ആരാധനയിൽ ഒരു കൌശലം ഒളിഞ്ഞുകിടക്കുന്നുണ്ട്.
“ആദിവാസികൾ രാമനേയോ ലക്ഷ്മണനേയോ ഇവിടെ ആരാധിക്കാറില്ല, പക്ഷേ ഹനുമാൻ സവർണ്ണസമുദായക്കാരനല്ലെന്നാണ് ജനങ്ങളുടെ വിശ്വാസം. അദ്ദേഹം ആദിവാസി സമുദായത്തിൽനിന്നുള്ള ആളാണ്. മനുഷ്യന്റെ ഒരേകദേശ മുഖമുണ്ടായിരുന്നിട്ടും ഒരു മൃഗത്തിനെപ്പോലെ അവതരിപ്പിക്കുന്നതിലൂടെ, സവർണ്ണ സമുദായക്കാർ ഹനുമാനെപ്പോലെ ആദിവാസികളെയും പരിഹസിക്കുകയാണ് ചെയ്യുന്നത്”, ഗ്രാമത്തിലെ മഹേശ്വർ ഉറാംവ് പറഞ്ഞു.
ഹനുമാനെ സവർണ്ണ സമുദായത്തിൽപ്പെട്ടയാളായി ആദിവാസികൾ കണക്കാക്കാത്തതുകൊണ്ടാണ് അവർ പണ്ഡിറ്റുകളുടെ അവകാശവാദം അംഗീകരിച്ചതെന്നാണ് രഞ്ജയ് ഉറാംവിന്റെ അഭിപ്രായം. “ആയിരുന്നെങ്കിൽ ഹനുമാന് വാലുണ്ടാവുമായിരുന്നില്ല. ആദിവാസിയായതുകൊണ്ട് മാത്രമാണ് അദ്ദേഹത്തെ ഒരു മൃഗമായി ചിത്രീകരിക്കുന്നത്. അഞ്ജനി മായ്ക്ക് ഹനുമാനുമായി ബന്ധമുണ്ടെന്ന് അവർ അവകാശപ്പെട്ടപ്പോൾ നാട്ടിലെ ജനങ്ങൾ അത് അംഗീകരിച്ചത് അതുകൊണ്ടാന്”, രഞ്ജയ് തുടർന്നു.
ഗ്രാമം ഒന്നടങ്കം മലമുകളിലേക്ക് വാർഷികപൂജയ്ക്ക് പോയിരുന്ന ഒരു കാലം ഓർമ്മിക്കുകയാണ് ഗ്രാമമുഖ്യ 38 വയസ്സുള്ള കർമി ഉറാംവ്. “അക്കാലത്ത്, ഇവിടെ ഗുഹകൾ മാത്രമേ ഉണ്ടായിരുന്നുള്ളു. ആളുകൾ അവിടെ പോയി മഴയ്ക്കുവേണ്ടി പ്രാർത്ഥിച്ചിരുന്നു. ഇന്നും ഞങ്ങൾ അതേ പാരമ്പര്യമാണ് പിന്തുടരുന്നത്. സമുദായപൂജ നടത്തിയാലുടൻ ഈ ഭാഗത്ത് മഴ പെയ്യുന്നത് നോക്കൂ”.
“മലമുകളിൽ ക്ഷേത്രമുള്ളതിനാൽ ഈയിടയായി ആളുകൾ അതിനെ പ്രദക്ഷിണംവെക്കുകപോലും ചെയ്യുന്നുണ്ട്. ചില ആദിവാസികൾ ക്ഷേത്രത്തിനകത്തുപോലും പോയി പ്രാർത്ഥിക്കുന്നു. ശാന്തി കിട്ടുമെന്ന് വിശ്വസിക്കുന്ന ഏത് സ്ഥലത്ത് പോകാനും ആളുകൾക്ക് സ്വാതന്ത്ര്യമുണ്ട്”, അവർ പറഞ്ഞു.
സ്വയം ഹിന്ദുക്കളായി കരുതുന്നില്ലെന്ന് ഗ്രാമത്തിലെ മറ്റ് സ്ത്രീകളും പറഞ്ഞു. പക്ഷേ അവരിൽ ചിലർ ക്ഷേത്രത്തിൽ ആരാധന നടത്താറുണ്ട്. “മലമുകളിൽ ഒരമ്പലമുണ്ടെങ്കിൽ അതും അതിന്റെ ഭാഗമാണ്. മലകളെ ആരാധിക്കുന്ന ആളുകൾക്ക് ഹനുമാനെ അവഗണിക്കാൻ എങ്ങിനെ സാധിക്കും. രണ്ട് ദൈവങ്ങൾ ഒരുമിച്ച് പരിശ്രമിച്ച് നല്ല മഴ കൊണ്ടുവന്നാൽ ആർക്കാണ് ചേതം?”.
പരിഭാഷ: രാജീവ് ചേലനാട്ട്