സിറ്റിലിങ്കി താഴ്വരയിലെ കുറച്ച് യുവാക്കള്‍ക്കിത് സ്കൂളിലേക്കുള്ള തിരിച്ചുപോക്കാണ്. ഇക്കുറി അത് വിദ്യാഭ്യാസത്തിനായല്ല. തുളിര്‍ സ്കൂളിന്റെ പുതിയ കെട്ടിടത്തിനായി വിയര്‍പ്പൊഴുക്കാനാണ്.
യുവാക്കളിലൊരാളായ 29 വയസ്സുകാരൻ എ.പെരുമാള്‍ എന്ന ഇലക്ട്രീഷ്യൻ രാവിലേത്തന്നെ വയറുകളും മറ്റ് സാമഗ്രികളും സ്ഥാപിക്കുന്ന തിരക്കിലായിരുന്നു. "വായുസഞ്ചാരത്തിനായി തറനിലപ്പിലുള്ള ഈ ചെറിയ ദ്വാരം കണ്ടോ? കൂട്ടത്തിലെ ഏറ്റവും ചെറിയ കുട്ടിക്കുവരെ ഇനി ശുദ്ധവായു ശ്വസിക്കാം" എന്ന് പറഞ്ഞത് സിറ്റിലങ്കി താഴ്വരയിലെ തന്റെ തിരക്കേറിയ റിപയറിങ്ങ് ജോലികൾ മാറ്റിവെച്ച് പണിസ്ഥലത്തെത്തിയ പെരുമാള്തന്നെയാണ്.
തൊട്ടടുത്തായി, 24 വയസ്സുകാരൻ എം. ജയ്ബാല്‍ തൂണുകള്‍ക്ക് ചെമ്മണ്ണ് കുഴച്ച് അലങ്കാരപ്പണികള്‍ നടത്തുന്നുണ്ടായിരുന്നു. ആവശ്യക്കാര്‍ ഏറെയുള്ള കല്പ്പണിക്കാരനാണയാൾ. പക്ഷേ, താന്‍ പഠിച്ച താഴ്വാരത്തെ സര്‍ക്കാർ സ്ക്കൂളിൽവെച്ച് അയാള്‍ ആര്‍ട്ട് പേപ്പറോ ക്രയോണ്‍സോ കൈകൊണ്ട് തൊട്ടിട്ടേയില്ല. 2016 ഡിസംബർ മാസം സ്കൂളിന്റെ പണി തുടങ്ങിയപ്പോള്‍തൊട്ട് കൂടെ കൂടിയ ജയ്ബാല്‍ ഇപ്പോൾ സ്കൂളിനായി ആശാരിപ്പണികൂടി എടുക്കുന്നുണ്ട്. തങ്ങളെ ആവശ്യം വരുമ്പോഴെല്ലാം ഓടിയെത്താറുണ്ട് ജയ്ബാലും കൂട്ടരും. എട്ട് മണിക്കൂര്‍ തൊഴിലിന് 500 രൂപ കൂലി എന്ന നിരക്കിലാണ് അവരിവിടെ ജോലി ചെയ്യുന്നത്.
കെട്ടിടനിര്‍മ്മാണത്തിന്റെ ആദ്യപാഠങ്ങൾ അവര്‍ പഠിച്ചത് 2004-ല്‍ ആരംഭിച്ച 'തുളിര്‍' വിദ്യാഭ്യാസാനന്തര പരിപാടിയിൽനിന്നാണ്. അവിടെവെച്ചാണ് പ്രദേശത്തെ സര്‍ക്കാർ സ്കൂൾ വിദ്യാര്‍ത്ഥികളായിരുന്ന ജയ്ബാലും കൂട്ടരും ശാസ്ത്രത്തെ പരീക്ഷണങ്ങളിലൂടെ കൂടുതൽ ആഴത്തിലറിയുകയും, വരയിലൂടെ കലയെ ആര്‍ജ്ജിക്കുകയും ചെയ്തത്. ഭാഷ സ്വായത്തമാക്കാൻ പുസ്തകങ്ങളും അവര്‍ക്ക് കൂട്ടിനുണ്ടായിരുന്നു.
2015-ഓടെ തുളിര്‍ പഠനകേന്ദ്രം എന്ന പേരിൽ ഒരു പ്രാഥമിക വിദ്യാഭ്യാസകേന്ദ്രം സിറ്റിലിങ്കിയിൽ പ്രവര്‍ത്തനം ആരംഭിച്ചു. (തുളിര്‍ എന്നാൽ ചെടിയിലെ ചെറുമൊട്ട് എന്നാണ് അര്‍ത്ഥം). തമിഴ്നാട്ടിലെ ധര്‍മ്മപുരി ജില്ലയിലെ സിറ്റിലിങ്കി താഴ്വരയിൽ 21 ചെറുഗ്രാമങ്ങളിലായി ഏകദേശം 10,000 മനുഷ്യർ ജീവിക്കുന്നുണ്ട്. അതില്‍ 18 എണ്ണം മലയാളി (മലൈ വെള്ളലര്‍) വിഭാഗത്തില്‍പ്പെട്ടവരുടേയും രണ്ടെണ്ണം ലമ്പാടികളുടേയും, മറ്റൊന്ന് ദളിതരുടേതുമാണ്.
പുതിയ കെട്ടിടത്തിന്റെ പണിക്കാരെല്ലാവരുംതന്നെ മലയാളിസമൂഹത്തിന്റെ ഭാഗമാണ്. 2011 സെന്‍സസ് പ്രകാരം വെറും 51.3 ശതമാനം സാക്ഷരതാനിരക്കുള്ള മലയാളിസമുദായം സംസ്ഥാനത്തെതന്നെ ഏറ്റവും കുറവ് വിദ്യാഭ്യാസം ലഭിച്ചിട്ടുള്ള വിഭാഗമാണ്. 357,980 പേരുള്ള മലയാളികള്‍ അഥവാ മലൈ വെള്ളലർ സമൂഹം തമിഴ്നാട്ടിലെ പട്ടികവര്‍ഗ്ഗങ്ങളിലെ ഏറ്റവും വലിയ വിഭാഗമാണ്. ധര്‍മ്മപുരി, ഉത്തര അര്‍ക്കോട്ട്, പുതുക്കോട്ടൈ, സേലം, ദക്ഷിണ അര്‍ക്കോട്ട്, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലാണ് ഇവര്‍ പ്രധാനമായും പാര്‍ക്കുന്നത്.
"ചെടി നനയ്ക്കാനായി ഒരു എല്‍ബോ ജോയിന്റുപയോഗിച്ച് പൈപ്പ് എങ്ങനെ പിടിപ്പിക്കാം എന്നതായിരുന്നു ഞാനിവിടെനിന്ന് ആദ്യം പഠിച്ച കാര്യം" എന്ന് 27-കാരൻ എം. ശക്തിവേല്‍ ഓര്‍ത്തെടുക്കുന്നു. മുല്ല സിറ്റിലിങ്കി എന്ന മലയാളിഗ്രാമത്തില് ജനിച്ചുവളര്‍ന്ന ശക്തിവേൽ ഇന്ന് തുളിര്‍ സ്കൂളിലെ അധ്യാപകനാണ്.
ശക്തിവേല്‍ ഒരു ഏണിയിൽ കയറിനിന്ന് സോളാർ പാനലുകളും ബാറ്ററികളും ഊരി പുതിയ സ്കൂള്‍ കെട്ടിടത്തിലേക്ക് മാറ്റുന്ന പണിയിലായിരുന്നു. ഇപ്പോള്‍ സ്കൂൾ പ്രവര്‍ത്തിക്കുന്ന വാടകക്കെട്ടിടത്തില്‍നിന്ന് ഏകദേശം ഒരു കിലോമീറ്റര്‍ അകലെയാണ് പുതിയ ക്യാമ്പസ്. പുതിയ സ്ക്കൂളില്‍ ആവശ്യത്തിന് ഉപകരണങ്ങളും കള്ളന്മാരെ തുരത്താൻ രാത്രിയിലും പ്രവര്‍ത്തിക്കുന്ന സോളാർ ലൈറ്റുകളും ഉണ്ടെന്ന് ശക്തിവേൽ പറയുന്നു.
അയാളില്‍നിന്ന് അധികം മാറിയല്ലാതെ 28 വയസ്സുകാരൻ കുമാർ ജനലഴികള്ക്കായി കമ്പികൾ അളക്കുകയും മുറിക്കുകയും ചെയ്യുന്നുണ്ട്. ഏഴുവയസ്സുകാര്ക്ക് സുഖമായി ക്ലാസ് വെട്ടിച്ച് പുറംലോകത്തേക്കിറങ്ങാന് കഴിയുന്നത്ര വലുപ്പമുള്ള ജനാലകളേക്കുറിച്ച് അയാളും സഹതൊഴിലാളികളും തമാശ പറഞ്ഞ് ചിരിക്കുന്നുണ്ടായിരുന്നു.
പക്ഷേ, കുമാറും പെരുമാളും ജയ്ബാലും ശക്തിവേലും എല്ലാം പഠിച്ച സിറ്റിലിങ്കി സര്‍ക്കാർ സ്കൂളില്‍ പുറംലോകത്തെ അറിയാനൊരു മാര്‍ഗ്ഗമുണ്ടായിരുന്നില്ല. തിങ്ങിനിറഞ്ഞ ക്ലാസ്മുറികളും ഇല്ലാത്ത അധ്യാപകരും ഒക്കെയായി സ്കൂള്‍ അവര്‍ക്ക് സുഖകരമായ ഒരു ഓര്‍മ്മയായിരുന്നില്ല. സെക്കൻഡറി സ്കൂളിലേക്ക് കടക്കാനിരിക്കെ അവരെല്ലാം പഠനം നിര്‍ത്താനും തീരുമാനിച്ചു. "എന്റെ ക്ലാസ്മുറിയിൽ എന്താണ് സംഭവിച്ചിരുന്നത് എന്ന് എനിക്ക് അറിയില്ലായിരുന്നു. പരീക്ഷകളേയും ഞാന്‍ വെറുത്തിരുന്നു" ശക്തിവേൽ പറയുന്നു. "മാതാപിതാക്കള്‍ അഭ്യസ്തവിദ്യരല്ലാത്തതുകൊണ്ട് വീട്ടിലെത്തിയാലും പഠിക്കാനൊരു സാധ്യത എനിക്കുണ്ടായിരുന്നില്ല" എന്ന് പെരുമാള്‍ കൂട്ടിച്ചേര്‍ത്തു.
മാനവവിഭവശേഷി മന്ത്രാലയം 2018-ല്‍ പുറത്തുവിട്ട 'വിദ്യാഭ്യാസനിരക്ക് ഒറ്റനോട്ടത്തില്‍' (Education Statistics at a Glance) എന്ന റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തുടനീളം പ്രൈമറി സ്കൂളിൽവെച്ച് പഠനം നിര്‍ത്തുന്ന പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ നിരക്ക് 6.93 ശതമാനമാണ്. സെക്കൻഡറി സ്കൂളിലേക്കെത്തുമ്പോള്‍ അത് 24.68 ശതമാനമായി ഉയരുന്നുണ്ട്. "കുടുംബപരമായ വ്യവഹാരങ്ങള്‍ മാത്രമല്ല, പഠനത്തിലെ താത്ര്യമില്ലായ്മകൂടിയാണ് പഠനം ഉപേക്ഷിക്കുന്നതിന് കാരണം" എന്ന് റിപ്പോര്‍ട്ടിൽ നിരീക്ഷിക്കുന്നു.
"ഞങ്ങള്‍ അവിടെ ദിവസം മുഴുവൻ വെറുതെ ഇരുന്നതല്ലാതെ കാര്യമായൊന്നും പഠിച്ചിരുന്നില്ല" എന്ന് ജയ്ബാല്‍ ഓര്‍ത്തെടുക്കുന്നു. "എട്ടാം ക്ലാസ് പൂര്‍ത്തിയാക്കിയതിന് ശേഷവും എനിക്കെന്റെ പേര് ഇംഗ്ലീഷില്‍ എഴുതാൻ കഴിഞ്ഞിരുന്നില്ല" എന്ന് സിറ്റിലിങ്കിയുടെ മുന്‍ പഞ്ചായത്ത് അദ്ധ്യക്ഷ പി. തേന്മൊഴി കൂട്ടിച്ചേര്‍ത്തു.
തുടര്‍ന്നും കുട്ടികൾ പഠനം തുടരാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ, അതിനര്‍ത്ഥം അവര്‍ക്ക് കൊട്ടപ്പട്ടിയിലെ ഹൈസ്കൂളിലേക്ക് 10 കിലോമിറ്റർ വനത്തിലൂടെ നടക്കേണ്ടി വരും എന്നാണ്. ബസ് യാത്ര തിരഞ്ഞെടുത്താല്‍ ഏറെ നേരത്തെയോ ഏറെ വൈകിയോ ആണ് കുട്ടികൾ സ്കൂളിലെത്തുക. (2010-ലാണ് ജയ്ബാലും കൂട്ടരും പഠിച്ച സര്‍ക്കാർ സ്കൂൾ പത്താംതരം വരെ ഉയര്‍ത്തിയത്). കല്രായൻ, സിറ്റേരി എന്നീ കൊടുംവനങ്ങളുള്ള മലകളാല്‍ ചുറ്റപ്പെട്ടിരിക്കുന്ന ഭൂപ്രദേശമാണ് സിറ്റിലിങ്കി താഴ്വര. പണ്ട് ഈ വാലിയിലേക്കുള്ള ഒരേയൊരു മാര്‍ഗ്ഗം വടക്ക് ഭാഗത്തുള്ള കൃഷ്ണഗിരി-തിരുവണ്ണാമലൈ ദേശീയപാതയായിരുന്നു. 2003-ല്‍ തെക്ക് ഭാഗത്ത് ഒരു റോഡ് നീട്ടിയെടുത്ത് സേലം-തിരുപ്പൂര്‍-ഈറോഡ്-അവിനാശി എന്നിവിടങ്ങളിലേക്ക് നീളുന്ന സ്റ്റേറ്റ് ഹേവേ 79-മായി യോജിപ്പിക്കുകയുണ്ടായി.
മേല്‍പ്പറഞ്ഞ പ്രദേശങ്ങളിൽ വലിയ തോതിൽ തൊഴിലാളികളെ ആവശ്യമുണ്ട്. പുതിയതായി പണിത റോഡ് കുടിയേറ്റത്തെ എളുപ്പമാക്കിയിട്ടുണ്ടെന്ന് അറുപത്തിയഞ്ചുകാരി ധനലക്ഷ്മി പറയുന്നു. അവരുടെ മൂന്ന് ആണ്മക്കളും ഏഴാം ക്ലാസ്സിൽ പഠനം നിര്‍ത്തി ട്രക്ക് ക്ലീനര്‍മാരായി ജോലിക്ക് ചേര്‍ന്നു. പെണ്മക്കൾ നാലുപേരാവട്ടെ പഠനമുപേക്ഷിച്ച് അരിയും കരിമ്പും മറ്റും കൃഷി ചെയ്യുന്ന കൃഷിയിടത്തില്‍ സഹായിക്കാനും തുടങ്ങി. മഴ കുറയുമ്പോള്‍ ഒരുപാട് മനുഷ്യർ നാടുപേക്ഷിക്കാറുണ്ട് എന്ന് ധനലക്ഷ്മി പറയുന്നു.
സംസ്ഥാന ആസൂത്രണ കമ്മീഷന്റെ കുടിയേറ്റത്തെ സംബന്ധിച്ച സര്‍വ്വേപ്രകാരം പാലായനം ചെയ്യുന്നവരില്‍ 32.6 ശതമാനം പേരും വെറും എട്ടാം ക്ലാസ്സ് പാസ്സായവരാണ്. 14 വയസ്സാണ് അവരുടെ ശരാശരി പ്രായം. നിയമപരമായി ഏതുമേഖലയിലും ജോലിചെയ്യാനുള്ള വയസ്സാണ് അത്. വിശേഷിമായ തൊഴില്പ്രാവീണ്യമൊന്നും ഇല്ലാത്ത ഇവരില്‍ ഭൂരിഭാഗംപേരും കെട്ടിടനിര്‍മ്മാണ മേഖലയിലാണ് ജോലി ചെയ്തിരുന്നത്. അതുതന്നെയാണ് സംസ്ഥാനത്തെ തൊഴില്പ്രാവീണ്യമില്ലാത്തവരില് പത്തിലൊരാള്‍ക്കെങ്കിലും തൊഴിൽ നല്കുന്ന പ്രധാന മേഖലയും.
ജയ്ബാല്‍ എട്ടാം ക്ലാസ് പൂര്‍ത്തിയാക്കിയതിനുശേഷം കേരളത്തിലേക്ക് കുടിയേറി കെട്ടിടനിര്മ്മാണത്തിൽ സഹായിയായി ജോലിക്ക് കയറി. ആഴ്ച്ചയില്‍ 1,500 രൂപ എന്ന നിരക്കിലായിരുന്നു കൂലി. തൊഴില്‍-ജീവിത സാഹചര്യങ്ങളില്‍ അസംതൃപ്തനായ ജയ്ബാൽ ആറുമാസംകൊണ്ട് നാട്ടിലെ 5 ഏക്കർ സ്ഥലത്ത് കൃഷി ചെയ്യാനായി മടങ്ങിയെത്തി. 17-ആം വയസ്സില്‍ പെരുമാളും ജോലിക്കായി കേരളത്തിലെത്തിയിരുന്നു. "ഭൂമി തെളിക്കലും മരം വെട്ടലും ഒക്കെ ചെയ്തിരുന്നപ്പോള്‍ ദിവസം 500 രൂപയായിരുന്നു കൂലി. പക്ഷേ അതികഠിനമായിരുന്നു ആ ജോലി. ഒരു മാസത്തിനുശേഷം പൊങ്കലിന് നാട്ടിലേക്ക് തിരിച്ചെത്തി സ്വന്തം ഭൂമിയില്‍ കൃഷി ചെയ്യാന്‍ തുടങ്ങി." പെരുമാള്‍ പറയുന്നു.
ശ്രീറാമാകട്ടെ 12-ആം ക്ലാസ് ജയിക്കാൻ കഴിയാതെ പഠനം നിര്‍ത്തി 200 കിലോമീറ്റർ അകലെയുള്ള തിരുപ്പൂരിലേക്ക് തിരിച്ചു. "വസ്ത്രനിര്‍മ്മാണത്തിന്റെ ഒരു യൂണിറ്റിൽ ആഴ്ചയിൽ 1,500 രൂപ കൂലിക്ക് ഏകദേശം ആറുമാസത്തോളം ഞാന്‍ ജോലി ചെയ്തു. പക്ഷേ പരുത്തിയിൽനിന്നുള്ള അലർജിമൂലം എനിക്ക് നാട്ടിലേക്ക് തിരിച്ചുപോരേണ്ടിവന്നു." ശ്രീറാം പറഞ്ഞു.
ചെറിയ നേട്ടങ്ങള്‍ക്കായി പഠനമുപേക്ഷിച്ച് നാട് വിട്ട ഈ യുവാക്കള്‍ക്കായാണ് ആര്‍ക്കിടെക്റ്റ് ദമ്പതികളായ ടി. കൃഷ്ണയും എസ്. അനുരാധയും ചേര്‍ന്ന് അടിസ്ഥാന സാങ്കേതികവിദ്യ പഠിപ്പിക്കുന്ന കോഴ്സ് (BT) ആരംഭിച്ചത്. തുളിരിന്റെ സ്ഥാപകർ ആരംഭിച്ച ഈ കോഴ്സ് ഇലക്ട്രോണിക്സ്, കെട്ടിടനിര്‍മ്മാണം, മറ്റ് ബന്ധപ്പെട്ട വിഷയങ്ങള്‍ എന്നിവയിൽ ഒരുവര്‍ഷത്തോളം നീണ്ടുനില്‍ക്കുന്ന പരിശീലനം നല്കി. "ഒരു മേഖലയില്‍ നൈപുണ്യം നേടിയാൽ ഈ യുവാക്കള്‍ക്ക് നാട് വിടാതെതന്നെ സമ്പാദിക്കാൻ കഴിയും എന്നതായിരുന്നു ഞങ്ങളുടെ പ്രതീക്ഷ." കൃഷ്ണ പറയുന്നു.
ആദ്യ BT കോഴ്സ് 2006-ല്‍ 12 വിദ്യാര്‍ത്ഥികളുമായാണ് ആരംഭിക്കുന്നത്. ഇതുവരെ 65 ആണ്‍കുട്ടികളും 20 പെണ്‍കുട്ടികളും കോഴ്സ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. സൈക്കിള്‍ റിപ്പയറിങ്ങിൽ ആരംഭിച്ച പഠനം പിന്നീട് മണ്ണും സിമന്റും മറ്റ് വസ്തുക്കളുമുപയോഗിച്ച് നിര്‍മ്മാണം നടത്തുന്ന സുസ്ഥിര രൂപകല്പനയിലേക്ക് വളര്‍ന്നു. അടിസ്ഥാന എൻജിനീയറിംഗ് ചിത്രം വരയ്ക്കല്‍, ആർക്കിടെക്ച്ചറൽ ഡ്രോയിങ്ങുകളുടെ പ്ലാനോ ഏതെങ്കിലുമൊരു ഭാഗമോ മനസ്സിലാക്കൽ, സ്വിച്ചുകളുടേയും സോക്കറ്റുകളുടേയും വൈദ്യുത റേറ്റിംഗുകൾ മനസ്സിലാക്കൽ, സുരക്ഷാ ക്രമീകരണങ്ങള്‍ എന്നിവയൊക്കെ വിദ്യാര്‍ത്ഥികൾ പ്രായോഗികമായി ചെയ്തുതന്നെയാണ് സ്വായത്തമാക്കിയത്. ഇതിനായി താഴ്വരയിൽ സമീപത്തുള്ള പുതിയ കെട്ടിടങ്ങളിൽ നേരിട്ട് പോയിക്കണ്ട് കാര്യങ്ങൾ മനസ്സിലാക്കി. താഴ്വരയിലെ ആരോഗ്യകേന്ദ്രം, ജൈവകര്‍ഷകരുടെ കൂട്ടായ്മ, പോര്‍ഗൈ ആർട്ടിസാൻസ് അസോസിയേഷൻ എന്നീ സ്ഥാപനങ്ങളൊക്കെ ഇതിന്റെ ഭാഗമായി അവർ സന്ദർശിച്ചു.
വിദ്യാഭ്യാസകാലഘട്ടത്തില്‍ മാസം 1,000 രൂപ സ്റ്റൈപന്റും അവര്‍ക്ക് ലഭിച്ചിരുന്നു. ദിവസം 500 രൂപയൊക്കെ നല്‍കിയിരുന്ന തൊഴിലുമായി തട്ടിച്ചുനോക്കുമ്പോൾ ഇത് തുച്ഛമായിരുന്നെങ്കിലും നാട് വിടാതെ കോഴ്സ് പൂര്‍ത്തിയാക്കാൻ സ്റ്റൈപന്റ് ഉപകരിച്ചിരുന്നു. "ഒരു തൊഴില്‍ പഠിച്ച് വീട്ടില്‍ താമസിച്ചുതന്നെ വരുമാനം നേടുക എന്നതായിരുന്നു എനിക്ക് പ്രധാനം." പെരുമാള്‍ പറയുന്നു.
തൊഴിലധിഷ്ഠിത കോഴ്സ് പൂര്‍ത്തിയാക്കിയതിനുശേഷം പലരും തങ്ങളുടെ പഠനശേഷിയില്‍ ആത്മവിശ്വാസം നേടി ഔദ്യോഗിക വിദ്യാഭ്യാസത്തിലേക്ക് തിരികെയെത്തി. അതിത്തന്നെ രണ്ട് പേര് തുളിർ പ്രൈമറി സ്കൂളിൽ അദ്ധ്യാപകരാണിപ്പോൾ. "BT കോഴ്സ് ചെയ്തതിനുശേഷം ഞാന്‍ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ശാസ്ത്രവും അധ്യപനവും ഞാനേറെ ഇഷ്ടപ്പെടുന്നുണ്ട്." അദ്ധ്യാപകരിലൊരാളായ 28-കാരി ലക്ഷ്മി പറയുന്നു.
വളരെ തിരക്കുള്ള ഒരു ഇലക്ട്രീഷ്യനാണ് ഇന്ന് പെരുമാൾ. ഒപ്പം ഒരു ട്രാക്ടറും വാടകക്ക് കൊടുക്കുന്നുണ്ട്. അങ്ങനെ മാസം ഏകദേശം 15,000 രൂപയുടെ വരുമാനം ഇന്നയാള്‍ക്കുണ്ട്. 2007-ല്‍ BT കോഴ്സ് പൂര്‍ത്തിയാക്കിയതിനുശേഷം 10, 12 ക്ലാസ്സുകൾ പാസ്സായ താന്‍ സേലത്ത് ഫിസിക്സില്‍ ബി.എസ്.സി ക്ക് ചേര്‍ന്നു എന്ന് അയാൾ സന്തോഷത്തോടെ പറയുന്നു. ബി.എസ്.സി. പൂര്‍ത്തിയാക്കാൻ കഴിഞ്ഞില്ല. അത് പക്ഷേ മറ്റൊരു കഥയാണ്.
ശക്തിവേല്‍ 8,000 രൂപ ശമ്പളത്തിൽ തുളിരിൽ ജോലി ചെയ്ത്, വീട്ടില്‍ താമസിച്ച് കുടുംബത്തിലെ കൃഷിയും നോക്കി സുഖമായി ജീവിക്കുന്നു. മൊബൈല്‍ നന്നാക്കിയും മറ്റ് ഇലക്ട്രിക് പണികൾ ചെയ്തും ചില മാസങ്ങളിൽ 500 രൂപവരെ കൂടുതലായി സമ്പാദിക്കാനും കഴിയുന്നുണ്ട് ശക്തിവേലിന്.
2016-ല്‍ തുളിർ സ്കൂളിന്റെ പുതിയ കെട്ടിടനിര്‍മ്മാണം ആരംഭിച്ചപ്പോൾ ബി.ടി. കോഴ്സിലെ വിദ്യാര്‍ത്ഥികളെ അവിടേക്ക് മാറ്റി, പ്രായോഗിക വിദ്യാഭ്യാസം നൽകി. അവരുടെ സ്റ്റൈപെന്റ് തുക ദിവസം 300 എന്ന നിരക്കിലേക്ക് ഉയര്‍ത്തുകയും ചെയ്തു. മറ്റ് തൊഴിലാളികളില്‍ സമ്യക്കണ്ണ് എന്ന ആശാരി ഒഴികെ മറ്റെല്ലാവരും ബി.ടി. കോഴ്സിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളാണ്. സമ്യക്കണ്ണിന്റെ മകന്, ബി.ടി. വിദ്യാര്‍ത്ഥിയാണ്.
ആറ് ക്ലാസ്മുറികള്, ഒരു ഓഫീസ് മുറി, ഒരു കടമുറി, അസംബ്ലി ഹാള്‍ എന്നിവ അടങ്ങുന്ന തുളിര്‍ സ്കൂൾ കെട്ടിടത്തിന്റെ ആദ്യഘട്ട നിര്‍മ്മാണം ഏകദേശം പൂര്‍ത്തിയായിക്കഴിഞ്ഞു. ഒരു ലൈബ്രറി, അടുക്കള, കരകൗശല മുറി എന്നിവ കൂടി കൂട്ടിച്ചേർക്കാനുണ്ട്. ഇതുവരെ ആകെ ചിലവായ 50 ലക്ഷം രൂപ, പല ദാതാക്കളിൽനിന്നായി തുളിര്‍ ട്രസ്റ്റ് സമാഹരിച്ചതാണ്.
തേന്മൊഴി ആഹ്ലാദത്തോടെയാണ് സംഭവിച്ച മാറ്റങ്ങളെ ഓര്‍ത്തെടുക്കുന്നത്. "മാതാപിതാക്കള്‍ തൊഴിലിനായി നാട് വിടുന്നതിനാല്‍ പലപ്പോഴും കുട്ടികള്‍ക്ക് പഠിക്കാൻ അവസരം ലഭിക്കാറില്ല. നാട്ടിലെ കുട്ടികളെല്ലാം പുതിയ തൊഴില്‍ മേഖലകളിൽ പ്രാവീണ്യം നേടുന്നുണ്ട്. അവരൊക്കെ കുടുബത്തോടൊപ്പം ജീവിച്ചുകൊണ്ട് സമ്പാദിക്കുന്നുമുണ്ട്."
തുളിരിലെ അധ്യാപകനായ റാം കുമാര്‍, ആർക്കിടെക്ച്ചർ വിദ്യാര്‍ത്ഥികളായ മീനാക്ഷി ചന്ദ്ര, ദിനേഷ് രാജ, എന്നിവരുടെ സഹകരണത്തിന് റിപ്പോര്‍ട്ടർ കൃതജ്ഞത അറിയിക്കുന്നു.
പരിഭാഷ: ജോസഫ് തങ്കച്ചൻ