ജീവിതകാലം മുഴുവൻ ഞാൻ മൃഗങ്ങളെ പരിപാലിക്കുകയായിരുന്നു. അതാണ് റൈകകൾ എന്ന ഞങ്ങളുടെ തൊഴിൽ. ഞങ്ങൾ മൃഗങ്ങളെ മേയ്ക്കുന്നു.
ഞാൻ സീതാ ദേവി. 40 വയസ്സായി. പാരമ്പര്യമായിത്തന്നെ ഞങ്ങളുടെ സമുദായമായിരുന്നു മൃഗങ്ങളെ പരിപാലിച്ചിരുന്നത്. പ്രധാനമായും ഒട്ടകങ്ങൾ, ഈയടുത്തായി ആടുകളും, ചെമ്മരിയാടുകളും, പശുക്കളും, എരുമകളും ഒക്കെ. ഞങ്ങളുടെ കോളനിയുടെ പേര് താരാമാഗ്രി എന്നാണ്. രാജസ്ഥാനിലെ പാലി ജില്ലയിലെ ജൈതാരൻ ബ്ലോക്കിലുള്ള കുർക്കി ഗ്രാമത്തിൽനിന്ന് ഒരു കിലോമീറ്റർ അകലെയാണ് ഈ കോളനി.
ഞാൻ വിവാഹം കഴിച്ചത് 46 വയസ്സുള്ള ഹരിറാം ദേവാസിയെയാണ്. രണ്ട് ആണ്മക്കൾ - സവായി റാം ദേവാസി, ജംത റാം ദേവാസി, അവരുടെ ഭാര്യമാർ ആച്ചു ദേവി, സഞ്ജു ദേവി എന്നിവരോടൊപ്പം താമസിക്കുന്നു. ആച്ചുവിനും സവായിക്കും 10 മാസം പ്രായമുള്ള മകനുണ്ട്. എന്റെ അമ്മ, 64 വയസ്സായ ശായരി ദേവിയും ഞങ്ങളോടൊപ്പമാണ്.
രാവിലെ 6 മണിക്ക് തുടങ്ങും എന്റെ ദിവസം. ഒന്നുകിൽ ഞാനോ അല്ലെങ്കിൽ എന്റെ പുത്രവധുക്കളോ ആട്ടിൻപാലുകൊണ്ടുണ്ടാക്കുന്ന ഒരു കപ്പ് ചായയോടെ. അതിനുശേഷം പാചകം ചെയ്ത്, ആടുകളേയും ചെമ്മരിയാടുകളേയും സൂക്ഷിച്ചിരിക്കുന്ന ഷെഡ്ഡിലേക്ക് പോവും. നിലമൊക്കെ വൃത്തിയാക്കിയതിനുശേഷം അവയുടെ വിസർജ്ജ്യങ്ങളൊക്കെ തൂത്തുവാരി മാറ്റിവെക്കും. പിന്നീട് ഉപയോഗിക്കാൻ.
ഈ ഷെഡ്ഡ് ഞങ്ങളുടെ വീടിന്റെ പിറകിലായിട്ടാണ്. ഞങ്ങളുടെ 60 ആടുകളും ചെമ്മരിയാടുകളും ഇവിടെയാണ് കഴിയുന്നത്. ആട്ടിൻകുട്ടികൾക്കും ചെമ്മരിയാടിന്റെ കുട്ടികൾക്കുമായി ചെറിയൊരു സ്ഥലം അതിനകത്തുണ്ട്. ഷെഡ്ഡിന്റെ ഒരറ്റത്ത് ഞങ്ങൾ കാലിത്തീറ്റകൾ സൂക്ഷിക്കും. ഉണങ്ങിയ അമരപ്പയറിന്റെ കറ്റയാണ് മുഖ്യമായത്. ആടുകൾക്കും ചെമ്മരിയാടുകൾക്കും പുറമേ, രണ്ട് പശുക്കളുമുണ്ട് ഞങ്ങൾക്ക്. വീടിന്റെ മുൻഭാഗത്തായി അവയ്ക്ക് പ്രത്യേകം ഒരു ഷെഡ്ഡ് കെട്ടിയിട്ടുണ്ട്.
എന്താവശ്യത്തിനും ഞങ്ങൾക്ക് കുർക്കി ഗ്രാമത്തിലേക്ക് പോകണം. പച്ചക്കറി, ആശുപത്രി, ബാങ്ക്, സ്കൂൾ, അങ്ങിനെ എന്തിനും ഏതിനും. പണ്ടൊക്കെ ഞങ്ങൾ ഞങ്ങളുടെ മൃഗങ്ങളുമായി ജമുനാജിയുടെ (യമുനാനദി) കരയിലേക്ക് പോയി അവിടെ തമ്പടിക്കും. ഇപ്പോൾ കാലിക്കൂട്ടം തീരെ ചെറുതായി. അതുകൊണ്ട് അത്ര ദൂരേക്ക് പോവുന്നത് ലാഭകരമല്ല. മാത്രമല്ല, ഞങ്ങൾക്കും വയസ്സായിത്തുടങ്ങി. അതുകൊണ്ട് അടുത്തെവിടെയെങ്കിലുമാണ് മേയ്ക്കാൻ പോവുക.
ഞാൻ ഷെഡ്ഡ് വൃത്തിയാക്കുമ്പോൾ മരുമകൾ സഞ്ജു ആടുകളെ പാൽ കറക്കും. ചെറുപ്പക്കാർ പാൽ കറക്കുമ്പോൾ മൃഗങ്ങളെ പിടിക്കാൻ ആരെങ്കിലും കൂടെ വേണം കാരണം, ആടുകൾ വളരെ സാമർത്ഥ്യക്കാരാണ്. പിടിയിൽനിന്ന് കുതറിച്ചാടിപ്പോവും. ഞാനോ ഭർത്താവോ അവളെ സഹായിക്കും. ഇല്ലെങ്കിൽ ഞങ്ങൾതന്നെ അത് ചെയ്യും. ഞങ്ങൾ ചെയ്യുന്നത് മൃഗങ്ങൾക്ക് ഇഷ്ടമാണ്.
കന്നുകാലികളെ മേയ്ക്കാൻ കൊണ്ടുപോവുന്നത് എന്റെ ഭർത്താവാണ്. അടുത്തുള്ള ഒരു വയൽ ഞങ്ങൾ വാടകയ്ക്കെടുത്തിട്ടുണ്ട്. കുറച്ച് മരങ്ങളും കൊണ്ടുവന്നുവെച്ചു. അവിടെയാണ് ഞങ്ങളുടെ കാലിക്കൂട്ടം പുല്ല് മേയാൻ പോവുക. എന്റെ ഭർത്താവ് മരങ്ങളിൽനിന്ന് കൊമ്പുകൾ മുറിച്ച് ഇലകൾ പരത്തിയിട്ട് കൊടുക്കുകയും ചെയ്യും. ഖെജ്രി ചെടി (വന്നി എന്ന് മലയാളത്തിൽ പറയും) അവയ്ക്ക് വലിയ ഇഷ്ടമാണ്.
വലിയ മൃഗങ്ങൾ പുറത്തേക്ക് പോവുമ്പോൾ കിടങ്ങൾ പോവുന്നില്ലെന്ന് ഞങ്ങൾ ഉറപ്പുവരുത്തും. കാരണം, അവ പുറത്ത് പോവുന്നത് സുരക്ഷിതമല്ല. അതിനാൽ പല പല ശബ്ദമുണ്ടാക്കിയും പേടിപ്പിച്ചുമൊക്കെയാണ് അവയെ പുറത്തേക്കും അകത്തേക്കും കൊണ്ടുപോവുക. ചിലപ്പോൾ ചില കിടാങ്ങൾ വെളിയിൽ അതിന്റെ അമ്മയോടൊപ്പം അലഞ്ഞുനടക്കുന്നത് കണ്ടാൽ, ഞങ്ങളതിനെ അകത്തുകൊണ്ടുവരും. ഞങ്ങളിലൊരാൾ ഷെഡ്ഡിന്റെ പുറത്ത് കാവൽ നിന്ന് വലിയ കന്നുകാലികൾ തിരിച്ച് ഷെഡ്ഡിൽ കയറുന്നില്ലെന്ന് ഉറപ്പ് വരുത്തും. ഒരു 10 മിനിറ്റ് കഴിഞ്ഞാൽ എല്ലാ മൃഗങ്ങളും പുറത്ത് പോകാൻ തയ്യാറായി നിൽക്കുന്നുണ്ടാകും.
ഈയ്യിടെ പ്രസവിച്ചവരും അസുഖബാധിതരും കുട്ടികളുമായ ആടുമാടുകൾ മാത്രം ഷെഡ്ഡിൽ ബാക്കിവരുമ്പോൾ വലിയ ശബ്ദമൊന്നുമുണ്ടാവില്ല. ഒരിക്കൽക്കൂടി വിസർജ്ജ്യങ്ങൾ വൃത്തിയാക്കി ശേഖരിച്ച് വീട്ടിൽനിന്ന് 100 മീറ്റർ അകലെയുള്ള ഒരു സ്ഥലത്ത് കൊണ്ടുപോയി ശേഖരിച്ചുവെക്കും. വിൽക്കാൻ കഴിയുന്നതുവരെ. നല്ല വളമാണത്. വർഷം രണ്ട് ട്രക്ക് വളം വിൽക്കാൻ കഴിയാറുണ്ട്. ഒരു ട്രക്ക് വളത്തിന് 8,000 മുതൽ 10,000 രൂപവരെ വില കിട്ടും.
ഞങ്ങളുടെ മറ്റൊരു വരുമാനം ചെമ്മരിയാടുകളെ വിൽക്കുന്നതിൽനിന്നാണ്. ഒന്നിന് 12,000 മുതൽ 15,000 രൂപവരെ ലഭിക്കും. ആടുകളുടേയും ചെമ്മരിയാടുകളുടേയും കുട്ടികളെ വിറ്റാൽ 6,000 രൂപവരെ ചിലപ്പോൾ കിട്ടും. പൈസയ്ക്ക് ആവശ്യമുള്ളപ്പോൾ മാത്രമാണ് ഞങ്ങൾ അവയെ വിൽക്കുക. വ്യാപാരികൾ അവയെ കൊണ്ടുപോയി, ദില്ലിപോലുള്ള സ്ഥലങ്ങളിലെ മൊത്തവ്യാപാരച്ചന്തയിൽ വിൽക്കും.
ചെമ്മരിയാടിന്റെ തോൽ ഞങ്ങളുടെ പ്രധാനവരുമാനമായിരുന്നു ഒരിക്കൽ. എന്നാൽ ഇന്ന് അതിന്റെ വില കിലോഗ്രാമിന് 2 രൂപവരെയായി താഴ്ന്നു. ആവശ്യക്കാരെയും അധികം കാണാനില്ല.
വിസർജ്ജ്യം കൊണ്ടുപോയി തിരിച്ചുവരുമ്പോഴേക്കും കിടാങ്ങളൊക്കെ ഭക്ഷണവും കാത്ത്, വിശന്ന് കരയുന്നുണ്ടാകും. ഞാൻ അവയ്ക്ക് പച്ചിലക്കൊമ്പുകൾ കൊടുക്കും. തണുപ്പുകാലത്ത് ചിലപ്പോൾ ആര്യവേപ്പിന്റെ ഇലകൾ (അസദിരക്ട് ഇൻഡിക്ക എന്ന് ശാസ്ത്രനാമം). മറ്റ് സമയങ്ങളിൽ ഇലന്തപ്പഴത്തിന്റെ (സിസിഫസ് നമ്മുലാരിയ എന്ന് ശാസ്ത്രനാമം) ഇലകളോ മറ്റോ. പാടത്ത് പോയി ഞാൻ അടുപ്പുകൂട്ടാനുള്ള വിറകുകളും കൊണ്ടുവരാറുണ്ട്.
ഭർത്താവോ ആണ്മക്കളോ ആണ് പച്ചിലക്കൊമ്പുകൾ വെട്ടിക്കൊണ്ടുവരിക. ചിലപ്പോൾ ഞാൻതന്നെ പോയി കൊണ്ടുവരും. വീടിന്റെ പുറത്തുള്ള പണികളൊക്കെ അധികവും പുരുഷന്മാരാണ് ചെയ്യുക. മരങ്ങൾ വാങ്ങുക, പാടം വാടകയ്ക്ക് കൊടുക്കുക, വളത്തിന്റെ വില സംസാരിച്ച് തീർപ്പാക്കുക, മരുന്നുകൾ കൊണ്ടുവരിക, ഇതൊക്കെ അവരുടെ ചുമതലയാണ്. പാടത്ത് പോയാൽ, മരക്കൊമ്പുകൾ വെട്ടി മൃഗങ്ങൾക്ക് തിന്നാൻ കൊടുക്കുക, അസുഖം വന്നവയെ പരിചരിക്കുക എന്നതും അവരുടെ ജോലിയാണ്.
അസുഖം വന്ന മൃഗങ്ങളുണ്ടെങ്കിൽ ഞാനവയെ പരിപാലിക്കും. പശുക്കൾക്കുള്ള തീറ്റയും ഞാനാണ് കൊടുക്കുക. അടുക്കളയിൽനിന്നുള്ള അവശിഷ്ടവും കാലിത്തീറ്റയിൽ ചേർക്കും. അമ്മയും കൂടാറുണ്ട് ഈ പണിക്ക്. ഗ്രാമത്തിലെ റേഷൻകടയിൽനിന്ന് സാധനങ്ങൾ കൊണ്ടുവരാനും അമ്മ സഹായിക്കും.
മൃഗങ്ങൾക്കൊക്കെ ഭക്ഷണം കൊടുത്തുകഴിഞ്ഞാൽ ഞങ്ങൾ കഴിക്കാനിരിക്കും. ഏതെങ്കിലും ഇനം ബജ്രയോ ഗോതമ്പോ, നിലക്കടലയോ, പച്ചക്കറികളോ ആവും ഭക്ഷണം. കൂടെ ആട്ടിൻപാലിൽനിന്ന് ഉണ്ടാക്കിയ തൈരും. ഞങ്ങളുടെ സ്വന്തം ആവശ്യത്തിനായി, രണ്ട് ബിഗയിൽ ഞങ്ങൾ ബജ്രയും നിലക്കടലയും കൃഷി ചെയ്യുന്നുണ്ട്.
കുർക്കിയിലെയും ഞങ്ങളുടെ കോളനിയിലെയും മറ്റ് സ്ത്രീകളെപ്പോലെ ഞാനും തൊഴിലുറപ്പ് (എൻ.ആർ.ഇ.ജി.എ) പണിക്ക് പോകാറുണ്ട്. ആഴ്ചയിൽ എൻ.ആർ.ഇ.ജി.എ. ജോലിയിൽനിന്ന് രണ്ടായിരം രൂപ ലഭിക്കും. വീട്ടുചിലവുകൾ നടത്താൻ അത് സഹായകമാണ്.
ഈ സമയത്താണ് എനിക്കല്പം വിശ്രമിക്കാനും മറ്റ് ജോലികൾ - തുണി കഴുകൽ, പാത്രം കഴുകൽ - തുടങ്ങിയവ ചെയ്യാനാവുക. ചിലപ്പോൾ അടുത്തുള്ള വീട്ടിലെ സ്ത്രീകളും വന്ന്, ഞങ്ങൾ ഒരുമിച്ച് ജോലി ചെയ്യും. ചില തണുപ്പുള്ള ദിവസങ്ങളിലും തൈരിൽ പാചകം ചെയ്ത ചോളംകൊണ്ടുള്ള വട്ടത്തിലുള്ള വറവുകളുണ്ടാക്കും.
ചെറുപ്പക്കാർക്കൊന്നും ഈ ഇടയജീവിതം നയിക്കാൻ ആവശ്യമായ കഴിവുകളില്ല. ഞാൻ കുട്ടികളോട് നന്നായി പഠിക്കാൻ പറയും. എന്തായാലും ഒരിക്കൽ ഞങ്ങൾക്ക് ഈ മൃഗങ്ങളെയൊക്കെ വിറ്റ്, മറ്റെന്തെങ്കിലും ജോലി കണ്ടെത്തേണ്ടിവരും. കാലം മാറിപ്പോയി.
വൈകീട്ട് എല്ലാവർക്കുമുള്ള ഭക്ഷണം ഉണ്ടാക്കി മൃഗങ്ങൾ തിരിച്ചുവരുന്നതും കാത്തിരിക്കും. വൈകീട്ട് ആടുമാടുകൾ തിരിച്ചെത്തിയാൽ ഷെഡ്ഡിന് ജീവൻ വെക്കും. ഒരിക്കൽക്കൂടി ഞാൻ അന്നത്തേക്കുള്ള പാൽ കറന്ന്, അവയ്ക്കുള്ള തീറ്റ കൊടുക്കുന്നതോടെ എന്റെ ദിവസം തീരും.
പരിഭാഷ: രാജീവ് ചേലനാട്ട്