തന്റെ പാൻവാരി യിൽ നിൽക്കുകയാണ് പ്രകാശ് ബുൻദിവാൽ. ഹൃദയത്തിന്റെ ആകൃതിയുള്ള വെറ്റിലകൾ നിരനിരയായി തഴച്ചുവളരുന്നത്, പടർപ്പുകളിലാണ്. അമിതമായ ചൂടിൽനിന്നും കാറ്റിൽനിന്നും രക്ഷിക്കാനായി അതിനെ ഒരു സിന്തറ്റിക്ക് വലകൊണ്ട് പൊതിഞ്ഞുവെച്ചിട്ടുണ്ട്.
ഇന്ത്യയൊട്ടാകെ ഉപയോഗിക്കുന്ന ഒന്നാണ് പാൻ. ഭക്ഷണശേഷമാണ് ആളുകൾ ഇത് സാധാരണയായി കഴിക്കുന്നത്. അതിന്റെ പ്രധാന ഭാഗമാണ് ഈ വെറ്റിലകൾ. ചുണ്ണാമ്പും (ചുണ) കരിങ്കാലിയും (കടേച്ചു പൊടി) തേച്ച വെറ്റിലയിൽ പലതരത്തിലുള്ള സുഗന്ധദ്രവ്യങ്ങളും (പെരുഞ്ചീരകവും) സുപാരിയും (അടയ്ക്ക) ഗുൽകണ്ടവും (പനിനീർപ്പൂവിന്റെ സത്ത) നിറച്ച് കഴിച്ചാൽ നല്ല സുഗന്ധവും രുചിയുമാണ്,
11,956 ആളുകൾ താമസിക്കുന്ന ആ ഗ്രാമം, ഗുണമേന്മയുള്ള വെറ്റിലയ്ക്ക് പേരെടുത്തതാണ്. കുക്കുടേശ്വറിലെ മറ്റ് പലരേയും പോലെ, പ്രകാശിന്റെ കുടുംബവും ഓർമ്മവെച്ച നാൾമുതൽ ഈ കൃഷിയിൽ ഏർപ്പെട്ടിരിക്കുന്നു. മധ്യ പ്രദേശിലെ തംബോലി സമുദായമായിട്ടാണ് (മറ്റ് പിന്നാക്കവിഭാഗങ്ങളിൽപ്പെട്ട സമുദായം) ഇവർ. ഇപ്പോൾ അറുപത് വയസ്സിലെത്തിനിൽക്കുന്ന പ്രകാശ്, ഒമ്പത് വയസ്സുമുതൽ പാൻവാരി യിൽ ജോലി ചെയ്യാൻ ആരംഭിച്ചതാണ്.
എന്നാൽ ബുൻഡിവാലിന്റെ 0.2 ഏക്കർ പാടത്ത് സ്ഥിതി അത്ര ഭദ്രമല്ല. 2023 മേയ് മാസമുണ്ടായ ബിപർജോയ് എന്ന കൊടുങ്കാറ്റ്, ഈ കർഷകനെ ദുരിതത്തിലാഴ്ത്തി. “ഒരു ഇൻഷുറൻസും കിട്ടിയില്ല. കൊടുങ്കാറ്റിൽ എല്ലാം നഷ്ടപ്പെട്ടിട്ടും സർക്കാർ ഒരു സഹായവും ചെയ്തുതന്നില്ല”, അയാൾ പറയുന്നു.
ദേശീയ വിളസംരക്ഷണ പദ്ധതി യുടെ (നാഷണൽ അഗ്രിക്കൾച്ചറൽ ഇൻഷുറൻസ് സ്കീം – എൻ.എ.ഐ.എസ്) കീഴിൽ, കേന്ദ്രസർക്കാർ നിരവധി കാർഷികവിളകൾക്ക്, കാലാവസ്ഥയുമായി ബന്ധപ്പെട്ട ഇൻഷുറൻസ് പരിരക്ഷ നൽകുന്നുണ്ടെങ്കിലും, വെറ്റില അവയിലൊന്നും ഉൾപ്പെടുന്നില്ല.
വെറ്റിലക്കൃഷി അദ്ധ്വാനം ആവശ്യമുള്ള ജോലിയാണ്. “ പാൻവാരി യിൽ ധാരാളം ജോലിയുണ്ട്. ഞങ്ങളുടെ സമയത്തിന്റെ നല്ലൊരു ഭാഗം അവിടെ ചിലവഴിക്കണം”, പ്രകാശിന്റെ ഭാര്യ ആശാബായി ബുൻദിവാൽ പറയുന്നു. മൂന്ന് ദിവസത്തിലൊരിക്കൽ പാടത്ത് വെള്ളമൊഴിക്കണം. “ചില കർഷകരൊക്കെ വെള്ളം നനയ്ക്കാൻ ആധുനികയന്ത്രവും മറ്റും ഉപയോഗിക്കുന്നുണ്ട്. പക്ഷേ ഭൂരിഭാഗംപേരും ഇപ്പോഴും കുടമാണ് ഉപയോഗിക്കുന്നത്”, പ്രകാശ് പറയുന്നു. എല്ലാ വർഷവും മാർച്ചിലാണ് വെറ്റില നടുക. “തൈരും, ഉഴുന്നും, സോയാബീൻ പൊടിയും മണ്ണിൽ ചേർക്കും. നെയ്യും ഉപയോഗിക്കാറുണ്ടായിരുന്നു പണ്ട്. എന്നാൽ അതിനിപ്പോൾ വില കൂടുതലായതുകൊണ്ട് ഉപയോഗിക്കാറില്ല”, പ്രകാശ് കൂട്ടിച്ചേർത്തു.
പാൻവാരി യിൽ, പടർപ്പുകൾ (ബേലുകൾ) വെട്ടിയൊതുക്കുന്നതും ദിവസവും ഏകദേശം 5,000-ത്തോളം ഇലകൾ പറിക്കുന്നതുമൊക്കെ സ്ത്രീകളാണ്. സിന്തറ്റിക്ക് വല കേടുവന്നാൽ അത് നേരെയാക്കുന്നതും, ചെടികൾക്ക് പടരാനുള്ള മുളങ്കമ്പ് ഉറപ്പിക്കുന്നതുമൊക്കെ അവർതന്നെയാണ്.
“പുരുഷന്മാരുടെ ഇരട്ടി ജോലിയാണ് സ്ത്രീകൾ ചെയ്യുന്നത്”, അവരുടെ പുത്രവധുവായ റാണു ബുൻദിവാൽ പറയുന്നു. പതിനൊന്ന് വയസ്സുമുതൽ വെറ്റിലപ്പാടത്ത് ജോലി ചെയ്യുകയാണ് ഇപ്പോൾ 30 വയസ്സായ റാണു. ‘അതിരാവിലെ 4 മണിക്കൊക്കെ എഴുന്നേൽക്കണം, വീട്ടിലെ ജോലികളും, വൃത്തിയാക്കലും പാചകവുമൊക്കെ ചെയ്യണം”, പാടത്ത് പോകുമ്പോൾ ഭക്ഷണം അവർ കൈയ്യിൽ കരുതും.
“ശുദ്ധജലവും വളക്കൂറുള്ള മണ്ണും ഇല്ലാത്തതിനാൽ” 2000-ത്തിന്റെ ആദ്യം, അവർ അവരുടെ കൃഷിയിടം, 6-7 കിലോമീറ്റർ ദൂരെ മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിച്ചു എന്ന് പ്രകാശ് പറയുന്നു.
വിത്തുകൾ, ജലസേചനം, ചിലപ്പോൾ കൂലിക്ക് ആളെ വെക്കൽ, എന്നിവയ്ക്കായി രണ്ട് ലക്ഷം രൂപ കുടുംബം ചിലവഴിക്കുന്നു. “ചിലവ് കഴിഞ്ഞ്, 50,000 രൂപ വർഷത്തിൽ കിട്ടാൻതന്നെ ബുദ്ധിമുട്ടാണ്”, പ്രകാശ് പറയുന്നു. ഗോതമ്പും, പഴവർഗ്ഗങ്ങളും പച്ചക്കറിയും കൃഷി ചെയ്യുന്ന മറ്റൊരു 0.1 ഏക്കർ ഭൂമിയും പ്രകാശിന് സ്വന്തമായുണ്ട്. ജീവിതച്ചിലവിന് അതും ഉപകാരപ്പെടുന്നു. നല്ല ഇലകൾ മാറ്റിവെച്ച്, കെട്ടാക്കി, ചന്തയിൽ കൊണ്ടുപോയി വിൽക്കുമെന്ന് റാണു പറയുന്നു. “കേടുവന്ന ഇലകളിൽനിന്ന് നല്ലത് വേർതിരിക്കുന്ന ജോലി അർദ്ധരാത്രിവരെയും ചിലപ്പോൾ പുലർച്ചെ 2 മണിവരെയും നീളും”, ആശാബായ് പറയുന്നു.
100-ന്റെ കെട്ടുകളായിട്ടാണ് വെറ്റിലകൾ വിൽക്കുന്നത്. രാവിലെ 6.30 മുതൽ 7.30-വരെയാണ് ചന്ത. ഏകദേശം 100 വില്പനക്കാർ പങ്കെടുക്കും. എന്നാൽ വാങ്ങാൻ വരുന്നവർ 8-10 മാത്രമാണ്”, ചന്തയിൽ പാൻ വിൽക്കാൻ വന്ന സുനിൽ മോദി പറയുന്നു. 2-3 ദിവസം കഴിഞ്ഞാൽ ഇലകൾ ചീത്തയാവാൻ തുടങ്ങും. “അതുകൊണ്ട് കഴിയുന്നത്ര ഇലകൾ വിറ്റുതീർക്കാൻ ഞങ്ങൾ നിർബന്ധിതരാവുന്നു”, 32 വയസ്സുള്ള അയാൾ പറയുന്നു.
“ഇന്ന് വലിയ മോശമായില്ല. ഒരു കെട്ടിന് 50 (രൂപ) കിട്ടി. സാധാരണത്തേക്കാളും കൂടുതലാണത്. വിവാഹസീസണുകളിൽ ഈ കച്ചവടം നല്ല ലാഭകരമാണ്. കാരണം, പൂജയ്ക്കും മറ്റും ഇത് ഒരു ശുഭമായി കരുതുന്നു. വിവാഹപ്പന്തലിലും മറ്റും പാനിന്റെ സ്റ്റാളുകൾ ഉണ്ടാകും. അപ്പോൾ ആവശ്യക്കാർ ധാരാളമാണ്. അതല്ലെങ്കിൽ, പൊതുവെ കച്ചവടം മോശമാണ്”, സുനിൽ പറയുന്നു. എല്ലാം ഋതുക്കൾക്കനുസരിച്ചിരിക്കും.
പുകയിലപ്പാക്കറ്റുകൾ സുലഭമായത് മറ്റൊരു പ്രഹരമായി. “ആർക്കും ഇപ്പോൾ പാൻ വേണ്ട”, പ്രകാശ് പറയുന്നു. ഒരു പാൻ വാങ്ങാൻ 25-30 രൂപ വേണം. ആ പണം കൊണ്ട് ആളുകൾക്ക് അഞ്ച് പുകയിലപ്പാക്കറ്റുകൾ വാങ്ങാൻ കഴിയും. “പാൻ ആരോഗ്യത്തിന് നല്ലതാണ്. പക്ഷേ ആളുകൾക്ക് ഇപ്പോൾ അത് വേണ്ട്, പുകയിലപ്പാക്കറ്റുകൾ മതി”, പ്രകാശ് സൂചിപ്പിച്ചു.
സൌരഭ് തോഡാവാൽ പണ്ട് വെറ്റിലക്കർഷകനായിരുന്നു. എന്നാൽ വരുമാനത്തിലെ അസ്ഥിരതകൊണ്ട് മനസ്സ് മടുത്ത്, 2011-ൽ അയാൾ അത് അവസാനിപ്പിച്ച് പകരം ഒരു ഗ്രോസറി ആരംഭിച്ചു. ഇപ്പോൾ അയാൾക്ക് അതിൽനിന്ന് 1.5 ലക്ഷം രൂപ വരുമാനമുണ്ട്. പാൻ കർഷകനായിരുന്നപ്പോൾ കിട്ടിയിരുന്നതിന്റെ രണ്ടിരട്ടിയാണ് അത്.
10 വർഷം മുമ്പ് പാൻ കൃഷി അവസാനിപ്പിച്ച്, കമ്പ്യൂട്ടർ പ്രവർത്തിക്കാൻ പഠിച്ചു വിഷ്ണു പ്രസാദ് മോദി. പാൻ കൃഷി ലാഭകരമല്ലെന്ന് അദ്ദേഹം പറയുന്നു. “പാൻ കൃഷിചെയ്യാൻ പറ്റിയ കാലാവസ്ഥയല്ല. വേനൽക്കാലത്ത് ചുടുകാറ്റിൽ ഇലകൾ നശിക്കുന്നു. തണുപ്പുകാലത്ത്, അവ അധികം വളരുകയുമില്ല. മഴക്കാലത്താകട്ടെ, ഇലകൾ മഴയിലും കാറ്റിലും നശിക്കാനുള്ള സാധ്യത കൂടുതലുമാണ്”, അദ്ദേഹം പറയുന്നു.
ബനാറസി പാനിന് 2023 ഏപ്രിലിൽ ജി.ഐ മുദ്ര ( ജ്യോഗ്രഫിക്കൽ ഐഡൻറ്റിഫിക്കേഷൻ) കിട്ടിയത് കണ്ടപ്പോൾ പ്രകാശിൻ്റെ മകൻ പ്രദീപ് - അയാളും വെറ്റിലക്കൃഷി ചെയ്യുന്നു - പറഞ്ഞു, " സർക്കാർ ഞങ്ങൾക്കും ജി.ഐ മുദ്ര തന്നിരുന്നെങ്കിൽ ഞങ്ങളുടെ കച്ചവടത്തിന് അത് വളരെയധികം പ്രയോജനപ്പെട്ടേനേ.
പരിഭാഷ: രാജീവ് ചേലനാട്ട്