തുടക്കത്തിൽ മഴയുടെ കുറവും പിന്നീട് കാലം തെറ്റി ആർത്തലച്ച് പെയ്ത മഴയും ഛാത്രാ ദേവിയുടെ വിളയൊന്നാകെ നശിപ്പിച്ചു. "ഞങ്ങൾ കമ്പ് (ബാജ്‌റ) നട്ടിരുന്നത് നല്ലതുപോലെ വളർന്ന് വന്നതായിരുന്നു. പക്ഷെ പാടത്ത് നനയ്ക്കേണ്ടിയിരുന്ന സമയത്ത് മഴ പെയ്തില്ല. പിന്നീട് കൊയ്ത്തിന്റെ സമയത്ത് മഴ പെയ്ത് വിളവാകെ നശിച്ചുപോകുകയും ചെയ്തു," രാജസ്ഥാനിലെ കരൗലി ജില്ലയിലുള്ള ഖിർഖിരി ഗ്രാമത്തിൽ താമസിക്കുന്ന, 45 വയസ്സുള്ള ആ കർഷക പറഞ്ഞു.
പ്രധാനമായും കൃഷിയെ ആശ്രയിച്ചാണ് കരൗലിയുടെ സമ്പദ്‌വ്യവസ്ഥ നിലനിൽക്കുന്നത്. ഇവിടത്തെ താമസക്കാരിൽ ഭൂരിഭാഗവും ഒന്നുകിൽ കർഷകരോ അല്ലെങ്കിൽ കർഷകത്തൊഴിലാളികളോ ആണ്. (2011 -ലെ കണക്കെടുപ്പ് പ്രകാരം). കാലാകാലങ്ങളായി ജലദൗർലഭ്യം അനുഭവപ്പെടുന്ന ഈ പ്രദേശത്ത് അതുകൊണ്ടുതന്നെ മഴയെ ആശ്രയിച്ചാണ് കൃഷി മുന്നോട്ട് പോകുന്നത്.
കഴിഞ്ഞ 10 വർഷത്തിനിടെ, മഴ പെയ്യുന്നതിന്റെ ക്രമം മാറിവരുന്നതായി താൻ നിരീക്ഷിച്ചിട്ടുണ്ടെന്ന് ഛാത്രാ ദേവി പറയുന്നു; സംസ്ഥാനത്ത് മറ്റു പിന്നാക്കവിഭാഗമായി പരിഗണിക്കപ്പെടുന്ന മീണ സമുദായാംഗമാണ് അവർ. വിസ്തൃതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ രാജസ്ഥാനിൽ, ജനസംഖ്യയുടെ 70 ശതമാനവും കൃഷിയും കന്നുകാലി പരിപാലനവും ചെയ്താണ് ഉപജീവനം കണ്ടെത്തുന്നത്.
മഴപ്പെയ്ത്തിന്റെ ക്രമം മാറിയതുമൂലം ഖിർഖിരിയിലെ കർഷകർ പാൽവില്പന നടത്തി വരുമാനം കണ്ടെത്താൻ നിർബന്ധിതരായിരിക്കുകയാണ്. എന്നാൽ കാലാവസ്ഥാ വ്യതിയാനം കന്നുകാലികളെയും വെറുതെ വിടുന്നില്ല. പ്രകൃതിയിലുണ്ടാകുന്ന മാറ്റത്തിന്റെ ഫലമായി അവയ്ക്ക് പല വിധത്തിലുള്ള അസുഖങ്ങൾ പിടിപെടുന്ന സ്ഥിതിയാണ്. "കഴിഞ്ഞ 5-10 ദിവസമായിട്ട് എന്റെ പശു നേരാംവണ്ണം ഭക്ഷണം കഴിക്കുന്നില്ല," ഛാത്രാ ദേവി പറയുന്നു.
ഖിർഖിരിയിലെ മഹാത്മാ ഗാന്ധി സീനിയർ സെക്കൻഡറി സ്കൂളിൽ അധ്യാപകനായ 48 വയസ്സുകാരൻ അനൂപ് സിംഗ് മീണ ഭാവിയെക്കുറിച്ച് ആശങ്കാകുലനാണ്. "എന്റെ ഗ്രാമത്തിന്റെ ഭാവി എന്താകുമെന്ന് ചിന്തിക്കുമ്പോൾ, മഴയെ ആശ്രയിച്ചുള്ള കൃഷിരീതികളിൽ ഒരുപാട് മാറ്റമുണ്ടാകുമെന്നാണ് എനിക്ക് തോന്നുന്നത്. തീർത്തും ശുഭകരമല്ലാത്ത ഒരു ഭാവികാലമാണ് എന്റെ മനസ്സിൽ തെളിയുന്നത്."
ഖിർഖിരിയുടെ പശ്ചാത്തലത്തിലുള്ള ഈ ചിത്രം നിലത്തെ ആശ്രയിച്ച് ജീവിക്കുന്ന ആളുകളുടെ കഥയും കാലാവസ്ഥാക്രമങ്ങൾ പ്രവചനാതീതമാകുമ്പോൾ അവർ നേരിടുന്ന വെല്ലുവിളികളും അവതരിപ്പിക്കുന്നു.
പരിഭാഷ: പ്രതിഭ ആര്‍. കെ .