65 വയസ്സുള്ള മുനാവ്വർ ഖാn പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ, അതിനകത്തുനിന്ന് മകന്റെ നിസ്സഹായമായ കരച്ചിലുകൾ ഉയരുന്നത് കേട്ടു. 15 മിനിറ്റിനുശേഷം കരച്ചിലുകൾ നിശ്ശബ്ദമായി. പൊലീസുകാർ മകനെ മർദ്ദിക്കുന്നത് നിർത്തിയിട്ടുണ്ടാകുമെന്ന് ഇസ്രായേൽ ഖാന്റെ അച്ഛൻ നെടുവീർപ്പിട്ടു.
അന്ന് രാവിലെ, ഭോപ്പാലിൽ ഒരു മതസമ്മേളനത്തിൽ പങ്കെടുത്തതിനുശേഷം ഇസ്രായേൽ, 200 കിലോമീറ്റർ അപ്പുറത്തുള്ള ഗുണയിലെ തന്റെ വീട്ടിലേക്ക് മടങ്ങുന്ന വഴിയായിരുന്നു. അവിടെയുള്ള ഒരു നിർമ്മാണ സൈറ്റിലാണ് അവൻ ദിവസക്കൂലിക്ക് ജോലി ചെയ്തിരുന്നത്.
അന്ന് വൈകീട്ടോടെ (2022 നവംബർ 21-ന്) അവൻ ഗുണയിലെത്തിയെങ്കിലും വീട്ടിലെത്തിയില്ല. ഗോകുൽ സിംഗ് കാ ചാക് എന്ന ചേരിയിലുള്ള അവന്റെ വീടിന്റെ രണ്ട് കിലോമീറ്റർ അപ്പുറത്തുവെച്ച്, നാല് പൊലീസുദ്യോഗസ്ഥർ അയാൾ സഞ്ചരിച്ചിരുന്ന് ഓട്ടോറിക്ഷ തടഞ്ഞ് അയാളെ കൊണ്ടുപോയി.
പൊലീസ് തടഞ്ഞ് കൊണ്ടുപോകുമ്പോൾ ഇസ്രായേൽ അയാളുടെ ഭാര്യാമാതാവുമായി ഫോണിൽ സംസാരിക്കുകയായിരുന്നുവെന്ന് അയാളുടെ 32 വയസ്സുള്ള ജ്യേഷ്ഠസഹോദരി ബാനൊ പറയുന്നു. “അങ്ങിനെയാണ് അവൻ പൊലീസ് കസ്റ്റഡിയിലാണെന്ന് ഞങ്ങൾ അറിഞ്ഞത്”.
സമീപത്തുള്ള കുഷ്മുദ പൊലീസ് സ്റ്റേഷനിലേക്കാണ് അയാളെ കൊണ്ടുപോയത്. ഇവിടെവെച്ച് പൊലീസുകാർ അയാളെ മർദ്ദിക്കുമ്പോഴാണ്, മുനാവ്വർ, തന്റെ മകന്റെ കരച്ചിൽ കേട്ടത്.
പൊലീസുകാർ മർദ്ദനം നിർത്തിയതുകൊണ്ടല്ല, മറിച്ച്, മർദ്ദനമേറ്റ് കൊല്ലപ്പെട്ടതുകൊണ്ടാണ് മകന്റെ കരച്ചിൽ നിന്നതെന്ന്, 45 മിനിറ്റിനുശേഷമാണ് അയാൾ തിരിച്ചറിഞ്ഞത്. തലയ്ക്കേറ്റ പരിക്കും, ഹൃദയാഘാതവുംമൂലമാണ് മരണകാരണമെന്ന് പോസ്റ്റ് മോർട്ടത്തിൽനിന്ന് കണ്ടെത്തി.
ഒരു ചൂതാട്ടക്കാരനെ രക്ഷിക്കാൻ ശ്രമിക്കുകയും പൊലീസുമായി സംഘർഷത്തിലേർപ്പെടുകയും ചെയ്ത ഒരു സംഘത്തിലെ അംഗമായതുകൊണ്ടാണ് 30 വയസ്സുള്ള ആ മുസ്ലിം യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തതെന്ന്, മധ്യ പ്രദേശ് പൊലീസിനെ ഉദ്ധരിച്ചുകൊണ്ട് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു.
എന്നാൽ അയാളുടെ കുടുംബം അത് വിശ്വസിച്ചിട്ടില്ല. “മുസൽമാനായതുകൊണ്ടാണ് അവനെ പൊലീസ് പിടിച്ചത്” എന്ന് ഇസ്രായേലിന്റെ അമ്മ മുന്നി ബായി പറയുന്നു.
എന്തായാലും ഇസ്രായേൽ പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടു എന്ന വസ്തുതയിൽ തർക്കമൊന്നുമില്ല. എങ്ങിനെ എന്നതിൽ മാത്രമാണ് തർക്കം.
ഗുണയിൽനിന്ന് 40 കിലോമീറ്റർ അകലെയുള്ള അശോക് നഗറിലെ റെയിൽവേ ട്രാക്കിൽ വീണ് പരിക്കേറ്റതിനെത്തുടർന്ന് ഇസ്രായേൽ പൊലീസ് സ്റ്റേഷനിലെത്തിയെന്നാണ് ഗുണയിലെ പൊലീസ് സൂപ്രണ്ട് രാകേഷ് സാഗർ പറയുന്നത്, “ബന്ധപ്പെട്ട നാല് കോൺസ്റ്റബിൾമാരെ നിലവിൽ താത്ക്കാലികമായി പിരിച്ചുവിട്ടിട്ടുണ്ട്. അവർക്കെതിരേ അച്ചടക്ക നടപടിയും നടന്നുകൊണ്ടിരിക്കുന്നു. എന്നാൽ, അവർ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് മനസ്സിലാവുന്നത്. ഞങ്ങളുടെ പ്രൊസിക്യൂഷൻ ഡിപ്പാർട്ട്മെന്റ് അടുത്ത നടപടി തീരുമാനിക്കും”.
ആ നശിച്ച രാത്രി, കുഷ്മുദ പൊലീസ് സ്റ്റേഷനിലെ പൊലീസ് മുനാവ്വറിനോട്, മകനെ കാന്റ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയിട്ടുണ്ടെന്നാണ് അറിയിച്ചത്. അവിടെയെത്തിയപ്പോളാകട്ടെ, പൊലീസ് പറഞ്ഞത്, ഇസ്രായേലിന്റെ ആരോഗ്യനില മോശമായതിനെത്തുടർന്ന്, ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നായിരുന്നു. “എന്തോ കുഴപ്പം പറ്റിയിട്ടുണ്ടെന്ന് ഞങ്ങൾക്ക് മനസ്സിലായി. അച്ഛൻ ആശുപത്രിയിലെത്തിയപ്പോഴേക്കും ഇസ്രായേൽ മരിച്ചിരുന്നു. ശരീരമാസകലം മുറിവുകളുണ്ടായിരുന്നു. ഒരു ദാക്ഷിണ്യവുമില്ലാതെയാണ് അവർ അവനെ മർദ്ദിച്ചത്”, ബാനോ പറയുന്നു.
സംഭാഷണം കേട്ട്, കരച്ചിലടക്കിക്കൊണ്ട്, ഇസ്രായേലിന്റെ അമ്മ മുന്നി ബായി, ബസ്തിയിലെ അവരുടെ ഇടത്തരം ഒറ്റമുറി വീട്ടിൽ ഇരിക്കുന്നുണ്ടായിരുന്നു. രണ്ട് പൊതു കക്കൂസുകളുള്ള മൂന്നോ നാലോ കോൺക്രീറ്റ് മുറികളിലൊന്നായിരുന്നു അവരുടെ വീട്.
വളരെ ബുദ്ധിമുട്ടിയാണ് മുന്നി ബായി ഞങ്ങളുടെ സംസാരത്തിൽ പങ്കുചേർന്നത്. സംസാരിക്കാൻ തുടങ്ങുമ്പോഴൊക്കെ അവർ വിങ്ങിപ്പൊട്ടി. എന്നാലും കാര്യങ്ങൾ വിശദമാക്കാൻ അവർ ആഗ്രഹിച്ചിരുന്നു. “ഇന്നത്തെ കാലത്ത് മുസ്ലിങ്ങളെ ലക്ഷ്യംവെക്കാൻ എളുപ്പമാണ്”, അവർ പറയുന്നു. “രണ്ടാം സ്ഥാനമുള്ള പൌരന്മാരായി ഞങ്ങൾ തരംതാഴ്ത്തപ്പെട്ടിരിക്കുന്നു. ഞങ്ങൾ കൊല്ലപ്പെട്ടാലും ആരും ഞങ്ങൾക്കുവേണ്ടി സംസാരിക്കാൻ വരില്ല”.
2020 ഏപ്രിലിനും 2022 മാർച്ചിനുമിടയിൽ 4,484 കസ്റ്റഡി മരണങ്ങൾ നടന്നിട്ടുണ്ടെന്ന്, 2022 ജൂലായിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലോക്സഭയിൽ സൂചിപ്പിച്ചു. അതായത്, ദിവസത്തിൽ ആറെണ്ണത്തിലധികം മരണങ്ങൾവീതം. രണ്ടുവർഷത്തോളം തുടർച്ചയായി.
ഇതിൽ 364 കസ്റ്റഡി മരണങ്ങൾ നടന്നത് മധ്യ പ്രദേശിലാണ്. ഉത്തർ പ്രദേശിലും ബിഹാറിലും പശ്ചിമ ബംഗാളിലുമാണ് കൂടുതൽ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്
“കസ്റ്റഡി മരണത്തിൽ മരണപ്പെടുന്നവരിലധികവും ന്യൂനപക്ഷസമുദായത്തിലുള്ളവരോ, പാർശ്വവത്കൃത സമൂഹത്തിലുള്ളവരോ ആണ്” എന്ന് ഗുണയിൽ പ്രവർത്തിക്കുന്ന വിഷ്ണു ശർമ്മ എന്ന ആക്ടിവിസ്റ്റ് പറയുന്നു. “സാമ്പത്തികമായി അവർ നട്ടം തിരിയുകയാണ്. അവർക്ക് അധികാരങ്ങളില്ല. നിഷ്ഠുരമായിട്ടാണ് നമ്മൾ അവരോട് പെരുമാറുന്നത്“, അദ്ദേഹം സൂചിപ്പിക്കുന്നു.
കൂലിവേലയിൽനിന്ന് ഇസ്രായേൽ പ്രതിദിനം 350 രൂപ സമ്പാദിച്ചിരുന്നു. ധാരാളം ജോലിയുള്ള സമയമാണെങ്കിൽ ഇസ്രായേൽ 4,000 മുതൽ 5,000 രൂപവരെ പ്രതിമാസം സമ്പാദിച്ചിരുന്നു. കുടുംബം ആ വരുമാനത്തിലാണ് ജീവിച്ചിരുന്നത്. 30 വയസ്സുള്ള ഭാര്യ റീന, 12, 7, 6 വയസ്സുള്ള മൂന്ന് പെണ്മക്കൾ, ഒരു വയസ്സുള്ള മകൻ എന്നിവരടങ്ങുന്നതാണ് അയാളുടെ കുടുംബം. “ഒരു കാരണവുമില്ലാതെ ഒരു കുടുംബത്തിനെ അവർ ഇല്ലാതാക്കി”, ബാനോ പറയുന്നു.
2023 സെപ്റ്റംബറിൽ ഞാൻ ആ കുടുംബത്തെ സന്ദർശിച്ചപ്പോൾ റീനയും കുട്ടികളും ഗുണ പട്ടണത്തിന്റെ പുറത്തുള്ള അവരുടെ കുടുംബവീട്ടിലായിരുന്നു. “അവൾ അവിടെയും ഇവിടെയുമായി കഴിയുന്നു. ധാരാളം അനുഭവിച്ചു അവൾ. ഞങ്ങൾ കഴിവിന്റെ പരമാവധി സഹായിക്കാറുണ്ട്. അവൾക്കിഷ്ടമുള്ളപ്പോൾ ഇവിടേക്ക് വരാം, അതും ഇതുമൊക്കെ അവളുടെ വീടുതന്നെയാണ്”, ബാനോ പറയുന്നു.
റീനയുടെ കുടുംബത്തിന്റെ സ്ഥിതിയും അത്രയൊന്നും മെച്ചമല്ല. അതിനാൽ അവർക്ക് അവളേയും മക്കളേയും അധികമൊന്നും സഹായിക്കാനാവില്ല. ഇസ്രായേലിന്റെ മരണശേഷം കുട്ടികൾ സ്കൂൾ പഠനം അവസാനിപ്പിച്ചു. “സ്കൂൾ യൂണിഫോമിനും ബാഗിനും പുസ്തകങ്ങൾക്കുമുള്ള പൈസയൊന്നും ഞങ്ങളുടെ കൈയ്യിലില്ല”, ബാനോ പറയുന്നു. “കുട്ടികളും ആകെ നിരാശയിലാണ്, പ്രത്യേകിച്ചും മേഹെക്ക്. അവൾക്ക് 12 വയസ്സായി. ധാരാളം സംസാരിക്കുന്ന പ്രകൃതമായിരുന്നു അവൾ. ഇപ്പോൾ മിണ്ടാട്ടമേയില്ല”.
പൊലീസ് ദണ്ഡനത്തിനെതിരായ ഐക്യരാഷ്ട്രസഭാ കൺവെൻഷനിൽ 1997 മുതൽ അംഗമാണ് ഇന്ത്യ. എന്നാൽ അതിൽ നിയമനിർമ്മാണം കൊണ്ടുവരുന്നതിൽ രാജ്യം പരാജയപ്പെട്ടു. 2010 ഏപ്രിലിൽ കോൺഗ്രസ്സിന്റെ നേതൃത്വത്തിലുണ്ടായിരുന്ന അന്നത്ത കേന്ദ്രസർക്കാർ ഒരു ആന്റി-ടോർച്ചർ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചുവെങ്കിലും അതൊരിക്കലും അംഗീകരിക്കപ്പെട്ടില്ല. കസ്റ്റഡി മരണങ്ങൾ ഇന്ത്യയിൽ ഇപ്പോഴും പതിവായി നടക്കുന്നു. അതിന്റെ ഏറ്റവും വലിയ ഇരകൾ മുസ്ലിമുകളും, ദളിതുകളും ആദിവാസികളുമാണ്.
ഖാർഗോൺ ജില്ലയിലെ ഖൈർ കുണ്ടി ഗ്രാമത്തിലെ ആദിവാസി കർഷകനും തൊഴിലാളിയുമായ ബിസാന്റെ കാര്യമെടുക്കാം. 29,000 രൂപ മോഷ്ടിച്ചുവെന്ന സംശയത്തിൽ 2021 ഓഗസ്റ്റിൽ പൊലീസ് അയാളെ കസ്റ്റഡിയിലെടുക്കുകയും ഭീകരമായി മർദ്ദിക്കുകയും ചെയ്തു.
മൂന്ന് ദിവസത്തിനുശേഷം, ബിസാൻ എന്ന ആ ഭിൽ ആദിവാസിയെ ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ മുമ്പിൽ ഹാജരാക്കിയപ്പോൾ, പരസഹായമില്ലാതെ നിൽക്കാൻപോലും പറ്റാത്ത അവസ്ഥയിലായിരുന്നു അയാൾ എന്ന്, ആ കേസ് കൈകാര്യം ചെയ്യുന്ന ആക്ടിവിസ്റ്റുകൾ സാക്ഷ്യപ്പെടുത്തുന്നു. എന്നിട്ടും അയാളെ പൊലീസ് കസ്റ്റഡിയിൽ വിടുകയാണ് ചെയ്തത്. പരിക്കുകൾ കാരണം അയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ജയിലധികൃതർ വിസമ്മതിച്ചു.
നാല് മണിക്കൂറിനുശേഷം അയാളെ അടിയന്തിരമായി ആശുപത്രിയിലെത്തിച്ചുവെങ്കിലും അവിടെ എത്തുമ്പോഴേക്കും അയാൾ മരിച്ചിരുന്നു. പരിക്കുകൾമൂലം രക്തത്തിലുണ്ടായ അണുബാധയിൽനിന്നാണ് മരണമുണ്ടായതെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഭാര്യയും അഞ്ച് മക്കളുമാണ് – ഏറ്റവും ഇളയ കുട്ടിക്ക് ഏഴ് വയസ്സ് – ബിസാന്റെ കുടുംബം.
ജാഗ്രിത് ആദിവാസി ദളിത് സംഘടൻ (ജെ.എ.ഡി.എസ്) എന്ന സംസ്ഥാനത്തെ ഒരു എൻ.ജി.ഒ. ബിസാന്റെ കേസ് ഏറ്റെടുത്തിട്ടുണ്ട്. മധ്യ പ്രദേശ് ഹൈക്കോടതിയിൽ ഒരു പൊതുതാത്പര്യ ഹരജി (പി.ഐ.എൽ) ഫയൽ ചെയ്തിട്ടുണ്ട് അവർ.
“29,000 രൂപ മോഷ്ടിച്ചുവെന്ന സംശയത്തിൽ ഒരാളെ നിങ്ങൾ തല്ലിക്കൊല്ലുകയാണോ ചെയ്യുക?” ജെ.എ.ഡി.എസിന്റെ നേതാവായ മാധുരി കൃഷ്ണസ്വാമി ചോദിക്കുന്നു. “കേസ് പിൻവലിക്കാൻ ബിസാന്റെ കുടുംബത്തിന്റെമേൽ സമ്മർദ്ദമുണ്ടായിരുന്നുവെങ്കിലും, സ്വന്തം നിലയ്ക്ക് ഇതിൽ പൊരുതാൻ ഞങ്ങൾ തീരുമാനിച്ചു. എൻ.എച്ച്.ആർ.സി. നിർദ്ദേശിച്ച മാർഗ്ഗതത്ത്വങ്ങളൊന്നും പൊലീസ് പിന്തുടർന്നിട്ടില്ല”.
“കസ്റ്റഡി മരണം നടന്ന് രണ്ടുമാസത്തിനകം, പോസ്റ്റ് മോർട്ടം, വീഡിയോഗ്രാഫ്, മജിസ്റ്റീരിയൽ അന്വേഷണ റിപ്പോർട്ടുകൾ എന്നിവ അയച്ചിരിക്കണം. കസ്റ്റഡി മരണം നടന്ന ഓരോ സംഭവത്തിലും, കമ്മീഷൻ നിർദ്ദേശിച്ചപ്രകാരമുള്ള മജിസ്റ്റീരിയൽ അന്വേഷണം നടത്തുകയും, രണ്ടുമാസത്തിനകം അതിന്റെ റിപ്പോർട്ട് ലഭ്യമാക്കുന്ന രീതിയിൽ അത് പൂർത്തിയാക്കുകയും ചെയ്യണം” എന്നാണ് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നൽകിയിട്ടുള്ള മാർഗ്ഗതത്ത്വങ്ങൾ.
ഇസ്രായേൽ മരിച്ചപ്പോൾ, പോസ്റ്റ് മോർട്ടം റിപ്പോർട്ട് കുടുംബത്തിന് നൽകാതെതന്നെ, മൃതദേഹം അടക്കാൻ പൊലീസ് കുടുംബത്തിനുമേൽ സമ്മർദ്ദം ചെലുത്തിയിരുന്നു. സംഭവം കഴിഞ്ഞ് ഒരു വർഷമായിട്ട് ഇപ്പോഴും, മജിസ്റ്റീരിയൽ അന്വേഷണ റിപ്പോർട്ടിനെക്കുറിച്ച് കുടുംബത്തിന് ഒന്നുമറിയില്ല.
സംസ്ഥാനത്തിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ സാമ്പത്തിക സഹായവും കുടുംബത്തിന് കിട്ടിയിട്ടുമില്ല. സന്ദർശിക്കാനുള്ള അനുവാദം ചോദിച്ചപ്പോൾ ജില്ലാ കളക്ടർ ദേഷ്യത്തോടെ അവരെ ഒഴിവാക്കുകയാണുണ്ടായതെന്ന് ബാനോ പറയുന്നു. “എല്ലാവരും ഞങ്ങളെ മറന്നു. നീതി കിട്ടുമെന്ന പ്രതീക്ഷ ഞങ്ങളും കൈവിട്ടു”.
കുടുംബത്തിലെ മുഖ്യ അന്നദാതാവ് പോയതോടെ, പ്രായമായ അച്ഛനമ്മമാർക്ക് ജോലി ചെയ്യാതെ നിവൃത്തിയില്ലെന്നായി.
അയൽക്കാരുടെ എരുമകളെ പാൽ കറക്കുന്ന ജോലി മുന്നി ബായി ഏറ്റെടുത്തു. കന്നുകാലികളെ വീടിന്റെ വരാന്തയുടെ മുന്നിൽ കൊണ്ടുവന്ന് ഓരോന്നിനെയായി അവർ കറക്കും. അത് കഴിഞ്ഞാൽ, പാലും മൃഗങ്ങളേയും ഉടമസ്ഥനെ തിരികെ ഏൽപ്പിക്കും. ഈ ജോലിക്ക് 100 രൂപയാണ് ദിവസവും അവർക്ക് കിട്ടുന്നത്. ഈ പ്രായത്തിൽ എനിക്ക് ഇതൊക്കെ മാത്രമേ ചെയ്യാൻ പറ്റൂ”, അവർ പറയുന്നു.
മുനാവ്വറിന് അറുപത് കഴിഞ്ഞു. ആരോഗ്യം ക്ഷയിക്കുകയും ക്ഷീണിക്കുകയും സന്ധിവേദനകൊണ്ട് ബുദ്ധിമുട്ടുകയും ചെയ്യുന്നുണ്ടെങ്കിലും, കൂലിപ്പണിക്ക് വീണ്ടും പോകേണ്ടിവന്നു അദ്ദേഹത്തിന്. നിർമ്മാണ സൈറ്റുകളിൽവെച്ച് അയാൾ കിതയ്ക്കുമ്പോൾ മറ്റുള്ളവർക്ക് ആശങ്കയാണ്. ബസ്തിയിൽനിന്ന് അധികം ദൂരത്തേക്ക് മുനാവ്വർ പോകറില്ല. വീടിന്റെ അഞ്ചോ പത്തോ കിലോമീറ്റർ ചുറ്റളവിൽ മാത്രമേ പണിക്ക് പോകാറുള്ളു. എന്തെങ്കിലും വയ്യായ്മ തോന്നിയാൽ കുടുംബത്തിന് എത്താൻ എളുപ്പമുള്ള ദൂരത്തിൽ.
രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ബുദ്ധിമുട്ടുന്നതിനാൽ, കേസിന്റെ പിന്നാലെ പോകാനൊക്കെ അവർക്ക് ബുദ്ധിമുട്ടാണ്. “വക്കീലന്മാർ പണം ചോദിക്കും. ഭക്ഷണം കഴിക്കാൻ പോലും ബുദ്ധിമുട്ടുമ്പോൾ എങ്ങിനെയാണ് വക്കീലന്മാർക്കുള്ള പൈസ കണ്ടെത്തുക? ഇന്ത്യയിൽ നീതി എന്നത് ചിലവേറിയ കാര്യമാണ്”, ബാനോ പറയുന്നു.
പരിഭാഷ: രാജീവ് ചേലനാട്ട്