“പറ്റിയ വധുക്കളെ കൊണ്ടുവരുന്നതിന്നായി എന്റെ ഭർത്തൃവീട്ടുകാർ അയാൾക്ക് പൈസ കൊടുത്തു. ഇത് ഇവിടുത്തെ സ്ഥിരം ഏർപ്പാടാണ്” ഇരുപത് വയസ്സുള്ള രുമ ഖീചഡ് അവരുടെ കഥ എന്നോട് പങ്കുവെക്കുകയായിരുന്നു. “ദൂരസ്ഥലത്തുനിന്ന് വന്ന് ഇവിടെ (രാജസ്ഥാനിൽ) പാർപ്പുറപ്പിക്കുക എല്ലാവർക്കും സാധ്യമല്ല. എന്റെ നാത്തൂൻ..”
“ഞങ്ങൾ 50,000 രൂപ കൊടുത്താണ് അവളെ കൊണ്ടുവന്നത്. എന്നിട്ടും, ഏഴ് വയസ്സുള്ള മകളെ ഇവിടെ ഉപേക്ഷിച്ച് അവർ ഓടിപ്പോയി”. തന്റെ പുത്രവധുവിൽനിന്ന് കഥയുടെ ബാക്കി ഏറ്റെടുത്തുകൊണ്ട് ഇത് പറഞ്ഞത് 67 വയസ്സുള്ള യശോധ ഖീചഡ് (പേർ യഥാർത്ഥമല്ല) പറഞ്ഞു.
“ആ പെണ്ണ്! മൂന്ന് വർഷം ഇവിടെ താമസിച്ചു”, പഞ്ചാബിൽനിന്ന് വന്ന് പിന്നീട് ഓടിപ്പോയ തന്റെ മൂത്ത മരുമകളെക്കുറിച്ച് പറയുമ്പോൾ യശോദയ്ക്ക് ഇപ്പോഴും ദേഷ്യം വരും. “അവൾക്ക് എപ്പോഴും ഭാഷയുടെ പ്രശ്നമുണ്ടായിരുന്നു. ഞങ്ങളുടെ ഭാഷ പഠിച്ചതേയില്ല. വിവാഹത്തിനുശേഷം ആദ്യമായി ഒരു രക്ഷാബന്ധൻ ദിവസം അവൾ പറഞ്ഞു, സഹോദരനേയും കുടുംബത്തേയും കാണാൻ ആഗ്രഹമുണ്ടെന്ന്. ഞങ്ങൾ സമ്മതിച്ചു. അവൾ തിരിച്ചുവന്നതേയില്ല. ഇപ്പോൾ ആറ് കൊല്ലമായി”, അവർ കൂട്ടിച്ചേർത്തു.
മറ്റൊരു ദല്ലാൾ വഴിയാണ് യശോദയുടെ രണ്ടാമത്തെ പുത്രവധുവായ രുമ ജുൻജുനുനിൽ (ജുൻജുനു എന്നും ഉച്ചരിക്കുന്നു) എത്തിയത്.
എത്രാമത്തെ വയസ്സിലാണ് താൻ വിവാഹം കഴിച്ചതെന്ന് അവൾക്കറിയില്ല. “ഞാൻ സ്കൂളിൽ പോയിട്ടില്ല. അതുകൊണ്ട് ഏത് വർഷമാണ് ഞാൻ ജനിച്ചതെന്ന് എനിക്ക് പറയാൻ പറ്റില്ല”, അലമാരയിൽ ആധാർ കാർഡ് തപ്പിക്കൊണ്ടിരിക്കുമ്പോൾ അവർ പറഞ്ഞു.
അവരുടെ അഞ്ച് വയസ്സായ മകൾ മുറിയിലെ കട്ടിലിൽ കളിക്കുന്നത് ഞാൻ നോക്കിനിന്നു.
“ഭർത്താവിന്റെ പഴ്സിലാണെന്ന് തോന്നുന്നു എന്റെ ആധാർ. എനിക്ക് 22 വയസ്സായി എന്നാണ് തോന്നുന്നത്”, രുമ പറഞ്ഞു.
“അച്ഛനമ്മമാർ ഒരപകടത്തിൽ മരിച്ചതിൽപ്പിന്നെ ഗോലഘാട്ടിലാണ് (അസമിൽ) ഞാൻ വളർന്നത്. എനിക്ക് അഞ്ചുവയസ്സായിരുന്നു അപ്പോൾ. അതിനുശേഷം എന്റെ കുടുംബം സഹോദരനും, നാത്തൂനും, അമ്മൂമ്മയും മുത്തച്ഛനും മാത്രമായിരുന്നു”, അവർ തുടർന്നു.
2016-ലെ ഒരു ഞായറാഴ്ച ഉച്ചയ്ക്ക്, തന്റെ സഹോദരൻ അസമിലെ ഗോലഘാട്ട് ജില്ലയിലെ മുത്തച്ഛന്റെ വീട്ടിലേക്ക്, വിചിത്രമായ രാജസ്ഥാനി വസ്ത്രങ്ങളണിഞ്ഞ രണ്ടാളുകളെ കൊണ്ടുവന്നുവെന്ന് രുമ പറഞ്ഞു. അതിലൊരാൾ ദല്ലാളായിരുന്നു. ചെറിയ പെൺകുട്ടികളെ വധുക്കളായി കൊണ്ടുപോകുന്ന ആൾ.
“മറ്റ് സംസ്ഥാനങ്ങളിൽനിന്ന് എന്റെ ഗ്രാമത്തിലേക്ക് ആളുകൾ വരുന്നത് പതിവായിരുന്നില്ല”, രുമ പറഞ്ഞു. വന്നവരാകട്ടെ, ഒരു നല്ല ഭർത്താവിനെ വാഗ്ദാനം ചെയ്തു. സ്ത്രീധനമൊന്നുമില്ലാതെതന്നെ. പോരാത്തതിന് അവർ പണവും വാഗ്ദാനം ചെയ്തു. ചിലവുകളൊന്നുമില്ലാത്ത ഒരു വിവാഹവും.
രുമ എന്ന ‘അനുയോജ്യയായ പെൺകുട്ടി’ അതിലൊരാളുടെകൂടെ അയക്കപ്പെട്ടു. ഒരാഴ്ചയ്ക്കുള്ളിൽ ആ രണ്ടാളുകൾ അവളെ ജുൻജുനു ജില്ലയിലെ കിഷൻപുര ഗ്രാമത്തിലേക്ക് കൊണ്ടുവന്നു. അസമിലെ വീട്ടിൽനിന്ന് 2,500 കിലോമീറ്റർ അകലേക്ക്.
വിവാഹത്തിന് സമ്മതിച്ചതിന് പകരമായി വാഗ്ദാനം ചെയ്യപ്പെട്ട പണം അവളുടെ കുടുംബത്തിലേക്ക് ഒരിക്കലും എത്തിയില്ല. എന്നാൽ അവളുടെ ഭർത്തൃവീട്ടുകാർ, ഖീചഡ് കുടുംബം പറയുന്നത് അവർ ദല്ലാളിനുള്ള പൈസയും, അവളുടെ കുടുംബത്തിനുള്ള പൈസയും കൊടുത്തിരുന്നു എന്നാണ്.
“മിക്ക വീടുകളിലും നിങ്ങൾക്ക് മറ്റ് സംസ്ഥാനങ്ങളിൽനിന്നുള്ള പുത്രവധുക്കളെ കാണാനാകും” രുമ പറയുന്നു. മധ്യ പ്രദേശ്, ബിഹാർ, പശ്ചിമ ബംഗാൾ, ഒഡിഷ, ഉത്തർ പ്രദേശ് എന്നിവിടങ്ങളിൽനിന്നാണ് ചെറിയ പെൺകുട്ടികളെ രാജസ്ഥാനിലേക്ക് എത്തിക്കുന്നതെന്ന് പ്രദേശവാസികളും സാമൂഹികപ്രവർത്തകരും പറയുന്നു.
രാജസ്ഥാനിൽ വധുക്കളെ ലഭിക്കാൻ ബുദ്ധിമുട്ടാണ്. 0 മുതൽ 6 വയസ്സുവരെയുള്ള കുട്ടികളുടെ സി.എസ്. ആറിന്റെ (ചൈൽഡ് സെക്സ് റേഷ്യോ – ശിശുക്കളുടെ ലിംഗ അനുപാതം) കാര്യത്തിൽ ഏറ്റവും മോശപ്പെട്ട സാഹചര്യം നിലനിൽക്കുന്ന സംസ്ഥാനമാണ് രാജസ്ഥാൻ. ആകെയുള്ള 33 ജില്ലകളിൽ, ഏറ്റവും പിന്നിലാണ് ജുൻജുനുവിന്റെയും സികാറിന്റെയും സ്ഥാനം. ജുൻജുനുവിലെ ഗ്രാമപ്രദേശങ്ങളിലെ സി.എസ്.ആർ നിരക്ക് 1,000 ആൺകുട്ടികൾക്ക് 832 പെൺകുട്ടികൾ എന്നതാണ്. 2011-ലെ സെൻസസ് പ്രകാരമുള്ള, 1,000 ആൺകുട്ടികൾക്ക് 923 പെൺകുട്ടികൾ എന്ന ദേശീയ നിലവാരത്തിനും എത്രയോ താഴെയാണ് അത്.
ജില്ലയിലെ ലിംഗനിർണ്ണയത്തിൽ ആൺകുട്ടികൾക്ക് മുൻതൂക്കം കിട്ടുന്നതുകൊണ്ടാണ് പെൺകുട്ടികളിൽ ഈ കുറവ് കാണുന്നതെന്ന് മനുഷ്യാവകാശപ്രവർത്തകനായ വികാസ് കുമാർ രാഹർ പറഞ്ഞു. ”തങ്ങളുടെ ആണ്മക്കൾക്ക് പെൺകുട്ടികളെ കിട്ടാനുള്ള ക്ഷാമം മൂലം, ദല്ലാളുമാരെ സമീപിക്കാൻ അച്ഛനമ്മമാർ നിർബന്ധിതരാവുന്നു. ദല്ലാളുമാരാവട്ടെ, മറ്റ് സംസ്ഥാനങ്ങളിലെ ദരിദ്ര പശ്ചാത്തലമുള്ള പെൺകുട്ടികളെ ഈ കുടുംബങ്ങൾക്ക് എത്തിക്കുകയും ചെയ്യുന്നു”, അദ്ദേഹം കൂട്ടിച്ചേർത്തു.
രാജസ്ഥാനിലെ കഴിഞ്ഞ അഞ്ചുവർഷത്തെ ജനനസമയത്തെ ലിംഗ അനുപാതം, നഗരപ്രദേശങ്ങളിൽ 1,000 ആൺകുട്ടികൾക്ക് 940 പെൺകുട്ടികൾ ആണെന്ന് 2019-2020 കാലത്തെ ദേശീയ കുടുംബ ആരോഗ്യ സർവേ (നാഷണൽ ഫാമിലി ഹെൽത്ത് സർവേ - എൻ.എഫ്.എച്ച്.എസ്.-5 ) രേഖപ്പെടുത്തുന്നു. ഗ്രാമപ്രദേശങ്ങളിലേത് ഇതിലും ശോചനീയമാണ്. അവിടെ, 1,000 ആൺകുട്ടികൾക്ക് 879 പെൺകുട്ടികൾ എന്നാണ് കണക്ക്. ജുൻജുനുവിലെ 70 ശതമാനത്തിലധികം ആളുകൾ ഗ്രാമപ്രദേശങ്ങളിലാണ് ജീവിക്കുന്നത്.
ശിക്ഷിത് രോജ്‌ഗാർ കേന്ദ്ര പ്രബന്ധക് സമിതി (എസ്.ആർ.കെ.പി.എസ്) എന്ന സർക്കാരേതര സംഘടനയുടെ കോഓർഡിനേറ്ററാണ് രഹാർ. “ദല്ലാളിന്റെ പങ്ക് ഉൾപ്പെടെ, വധുക്കളെ കിട്ടാനായി ആളുകൾ 20,000 മുതൽ 2.5 ലക്ഷം രൂപവരെ നൽകുന്നു”, രഹാർ പറഞ്ഞു.
പക്ഷേ എന്തുകൊണ്ട്?
“അല്ലെങ്കിൽ എങ്ങിനെയാണ് ഞങ്ങൾക്ക് പെൺകുട്ടികളെ കിട്ടുക?”, യശോദ ചോദിക്കുന്നു. “ആണ്മക്കൾക്ക് സർക്കാർ ജോലിയില്ലെങ്കിൽ ഇവിടെ ആരും അവരുടെ പെൺകുട്ടികളെ കൊടുക്കില്ല”.
യശോദയുടെ രണ്ട് ആണ്മക്കളും അച്ഛനെ പാടത്ത് സഹായിക്കുകയും അവരുടെ ആറ് കന്നുകാലികളെ പരിപാലിക്കുകയും ചെയ്യുന്നു. കുടുംബത്തിന് 18 ബിഗ (ഒരു ബിഗ എന്നത് രാജസ്ഥാനിൽ 0.625 ഏക്കറിന് തുല്യമാണ്) ഭൂമിയുണ്ട്. അതിൽ അവർ ചെറുധാന്യങ്ങൾ, ഗോതമ്പ്, പരുത്തി, കടുക് എന്നിവ കൃഷി ചെയ്യുന്നു.
“എന്റെ ആൺകുട്ടികൾക്ക് ഇവിടെനിന്നുള്ള പെൺകുട്ടികളെ കിട്ടിയില്ല. അതുകൊണ്ട്, പുറത്തുനിന്ന് കൊണ്ടുവരിക എന്ന മാർഗ്ഗമേ ഞങ്ങൾക്കുള്ളു. എത്രകാലമെന്നുവെച്ചാണ് അവരെ ഒറ്റയ്ക്ക്, അവിവാഹിതരായി കഴിയാൻ വിടുക?”, യശോദ ചോദിക്കുന്നു.
“ചൂഷണം ചെയ്ത് ലാഭമുണ്ടാക്കുന്നതിനായി ആളുകളെ തിരഞ്ഞെടുക്കുകയും കടത്തിക്കൊണ്ടുപോവുകയും കൈമാറ്റം ചെയ്യുകയും താമസിപ്പിക്കുകയും, ബലമായോ, ചതിപ്രയോഗത്താലോ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന”തിനെയാണ് മനുഷ്യക്കടത്തെന്ന് പ്രൊട്ടൊക്കോൾ ടു പ്രിവന്റ്, സപ്രസ്സ് ആൻഡ് പണിഷ് ട്രാഫിക്കിംഗ് ഇൻ പഴ്സൺ (മനുഷ്യക്കടത്ത് തടയാനും ഇല്ലാതാക്കാനും ശിക്ഷിക്കാനുമുള്ള വ്യവസ്ഥകൾ) എന്ന രേഖ പ്രകാരം, യുണൈറ്റഡ് നേഷൻസ് ഓഫീസ് ഓഫ് ഡ്രഗ്സ് ആൻഡ് ക്രൈം (ലഹരി, കുറ്റകൃത്യം എന്നിവ കൈകാര്യം ചെയ്യുന്ന ഐക്യരാഷ്ട്ര സഭാ ഓഫീസ്-യു.എൻ.ഒ.ഡി.സി) നിർവ്വചിക്കുന്നത്. ഇന്ത്യയിൽ ഇത് ഒരു ക്രിമിനൽ കുറ്റമാണ്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ (ഐ.പി.സി.) സെക്ഷൻ 370 പ്രകാരം പിഴയും, 7 മുതൽ 10 വർഷംവരെ തടവും കിട്ടാവുന്ന ക്രിമിനൽ കുറ്റം.
“രാജസ്ഥാനിലെ എല്ലാ ജില്ലയിലും ആന്റി-ഹ്യൂമൻ ട്രാഫിക്കിംഗ് യൂണിറ്റുണ്ടെന്ന് (മനുഷ്യക്കടത്ത് വിരുദ്ധ സംഘം - എ.എച്ച്.ടി.യു) ജുൻജുനുവിലെ പൊലീസ് സൂപ്രണ്ട് മൃദുൽ കച്ചാവ പറഞ്ഞു. മനുഷ്യക്കടത്ത് തടയുന്നതിനായുള്ള ശ്രമങ്ങളെക്കുറിച്ച് പാരിയോട് സംസാരിക്കുകയായിരുന്നു അദേഹം. “ഏതാനും മാസങ്ങൾക്ക് മുമ്പ്, ഒരു പെൺകുട്ടിയെ കടത്തിയതുമായി ബന്ധപ്പെട്ട കേസിൽ അസം പൊലീസ് ഞങ്ങളെ സമീപിച്ചിരുന്നു. ഞങ്ങളത് അന്വേഷിക്കുകയും പെൺകുട്ടിയെ രക്ഷിച്ച് തിരിച്ചയയ്ക്കുകയും ചെയ്തു. എന്നാൽ ചില കേസുകളിൽ, കടത്തിക്കൊണ്ടുവരപ്പെട്ട പെൺകുട്ടികൾ തിരിച്ചുപോകാൻ വിസമ്മതിക്കാറുണ്ട്. സ്വന്തമിഷ്ടപ്രകാരം വന്നതാണെന്നാണ് അവർ പറയുക. അപ്പോൾ കാര്യങ്ങൾ സങ്കീർണ്ണമാകും”.
വല്ലപ്പോഴുമൊരിക്കൽ തന്റെ കുടുംബത്തെ സന്ദർശിക്കാൻ താത്പര്യമുണ്ടെങ്കിലും, ഭർത്തൃവീട്ടിൽ തുടർന്നും താമസിക്കാനാണ് രുമ ആഗ്രഹിക്കുന്നത്. “ഈ വീട്ടിൽ ഞാൻ സന്തോഷവതിയാണ്, മറ്റേതൊരു പെൺകുട്ടിയേയുംപോലെ”, അവൾ പറയുന്നു. “ഇവിടെ ഒരു പ്രശ്നങ്ങളുമില്ല. വീട് കുറേ ദൂരെയായതുകൊണ്ട് ഇടയ്ക്കിടയ്ക്ക് പോകാനൊന്നും പറ്റാറില്ല. എന്നാലും എന്റെ സഹോദരനേയും കുടുംബത്തെയും കാണണമെന്നുണ്ട്”, വിവാഹം കഴിച്ച് ഇവിടെ താമസമായതിൽപ്പിന്നെ ഭർത്തൃവീട്ടിൽ ഒരുതരത്തിലുള്ള ഉപദ്രവങ്ങളും അവൾക്ക് നേരിടേണ്ടിവന്നിട്ടില്ല.
രുമയ്ക്ക് സ്വയം ഒരു സാധാരണ പെൺകുട്ടിയായി തോന്നുന്നുണ്ടെങ്കിലും സീതയുടെ (യഥാർത്ഥ പേരല്ല) കാര്യം അങ്ങിനെയല്ല. അവൾക്കും ഇരുപതു വയസ്സാണ് പ്രായം. 2019-ൽ പശ്ചിമ ബംഗാളിൽനിന്ന് കടത്തിക്കൊണ്ടുവന്നതാണ് അവളെ. തന്റെ കഥ പങ്കുവെക്കാൻ അവൾക്ക് ഭയമാണ്. “എന്റെ ജില്ലയുടെ പേരോ, കുടുംബത്തിലെ ആരുടെയെങ്കിലും പേരോ നിങ്ങൾ ഉപയോഗിക്കരുത്”.
“2019-ൽ ജുൻജുനുവിൽനിന്നുള്ള ഒരു വിവാഹാലോചനയുമായി ഒരു രാജസ്ഥാനി ദല്ലാൾ എന്റെ വീട്ടിൽ വന്നു. വിവാഹം കഴിക്കാൻ പോകുന്ന കുടുംബത്തിന് ധാരാളം സ്വത്തുണ്ടെന്നാണ് അയാൾ പറഞ്ഞത്. ഭാവിവരന്റെ ജോലിയെക്കുറിച്ചും എന്നോട് നുണയാണ് പറഞ്ഞത്. എന്നെ കൈയ്യോടെ അയാളുടെകൂടെ അയച്ചാൽ 1.5 ലക്ഷം രൂപ തരാമെന്ന് അച്ഛന് അയാൾ വാഗ്ദാനം നൽകി. കല്യാണം രാജസ്ഥാനിൽവെച്ച് നടക്കുമെന്നും ഫോട്ടോസൊക്കെ അയച്ചുകൊടുക്കാമെന്നും അയാൾ പറഞ്ഞു.
കടബാധ്യതകളും താഴെ നാല് കുട്ടികളുമുള്ള അച്ഛന് അതൊരു സഹായമാവുമെന്ന് കരുതി സീത അതേ ദിവസം അയാളുടെ കൂടെ ഇറങ്ങിപ്പോയി.
“രണ്ടു ദിവസം കഴിഞ്ഞപ്പോൾ എന്നെ ഒരു മുറിയിൽ പൂട്ടിയിട്ടു. ഒരാൾ അകത്ത് വന്നു. ഞാൻ കരുതി എന്റെ ഭർത്താവാണെന്ന്”, അവൾ പറഞ്ഞു. “അയാളെന്റെ ഉടുപ്പുകളൊക്കെ വലിച്ചൂരി. ഞാൻ വിവാഹത്തെക്കുറിച്ച് പറഞ്ഞപ്പോൾ അയാളെന്റെ ചെകിട്ടത്തടിച്ചു. എന്നിട്ട് ബലാത്ക്കാരം ചെയ്തു. അതേ മുറിയിൽ രണ്ടുദിവസം കൂടി ഞാൻ കഴിഞ്ഞുട്ടുണ്ടാവണം. ഭക്ഷണവും പേരിനുമാത്രം. അതിനുശേഷം ഭർത്താവിന്റെ വീട്ടിലേക്കെത്തിച്ചു. അപ്പോഴാണ് അത് മറ്റൊരാളാണെന്നും എന്നേക്കാൾ എട്ട് വയസ്സ് മൂപ്പുണ്ടെന്നും ഞാൻ മനസ്സിലാക്കിയത്”.
“എല്ലാ വയസ്സിനും സാമ്പത്തികസ്ഥിതിക്കും പറ്റിയ പെൺകുട്ടികൾ ബ്രോക്കർമാരുടെ കൈയ്യിലുണ്ട്”, ജുൻജുനുവിലെ എസ്.ആർ.കെ.പി.എസ് സ്ഥാപകൻ രാജൻ ചൌധുരി പറഞ്ഞു. “ഒരിക്കൽ ഞാനൊരു ബ്രോക്കറോട് ചോദിച്ചു, എനിക്ക് പറ്റിയ പെണ്ണുണ്ടോ എന്ന്. എനിക്ക് 60 വയസ്സിനുമീതെ ആയി എന്ന് ഓർമ്മവേണം. പൈസ കുറച്ച് കൂടുതൽ ചിലവാകുമെങ്കിലും ശരിയാക്കിത്തരാമെന്നായിരുന്നു അയാളുടെ മറുപടി. ഒരു ചെറുപ്പക്കാരനെ കൂടെ കൊണ്ടുപോയി ഭാവിവരനായി പരിചയപ്പെടുത്തുക എന്നതാണ് അയാൾ ഉപദേശിച്ച മാർഗ്ഗം”. കുടുംബം പെൺകുട്ടിയെ ഏൽപ്പിച്ചുകഴിഞ്ഞാൽ, ബ്രോക്കർ അവളെ രാജസ്ഥാനിലെത്തിച്ച് വിവാഹം ഉറപ്പാക്കും.
ജുൻജുനുവിലേക്ക് വധുക്കളെ കടത്തിക്കൊണ്ടുവരുന്നതിന്റെ പ്രധാന കാരണം, ജില്ലയിലെ ലിംഗ അനുപാതമാണെന്ന് രാജൻ പറയുന്നു. “പെൺഭ്രൂണത്തെ തിരിച്ചറിയാനുള്ള അനധികൃത ലിംഗ നിർണ്ണയ പരിശോധനകൾ വലിയ തോതിൽ ജില്ലയ്ക്കകത്തും പുറത്തും നടന്നുവരുന്നുണ്ട്”, അദ്ദേഹം ചൂണ്ടിക്കാട്ടി
രുമയുടെ വീട്ടിൽനിന്ന് 30 കിലോമീറ്റർ അകലെയുള്ള ജുൻജുനുവിലെത്തന്നെ അൽസിസാർ ഗ്രാമത്തിലെ താമസക്കാരിയായ വർഷ ദാംഗിയെ അവളേക്കാൾ 15 വയസ്സിന് മീതെയുള്ള ഒരാൾക്കാണ് 2016-ൽ വിവാഹം ചെയ്തുകൊടുത്തത്. മധ്യ പ്രദേശിലെ സാഗർ ജില്ലയിൽനിന്നുള്ള അവൾ അങ്ങിനെയാണ് ഭർത്താവിന്റെ ഗ്രാമത്തിലേക്ക് എത്തിയത്.
“അയാൾക്ക് നല്ല പ്രായമുണ്ടായിരുന്നുവെങ്കിലും അയാൾക്കെന്നെ ഇഷ്ടമായിരുന്നു”, വർഷ പറഞ്ഞു. പക്ഷേ ഇവിടെയെത്തിയതിനുശേഷം പ്രശ്നങ്ങളുണ്ടാക്കിയത് അയാളുടെ അമ്മയായിരുന്നു. ഭർത്താവ് മരിച്ചതിനുശേഷം കാര്യങ്ങൾ കൂടുതൽ വഷളായി”, 32 വയസ്സുള്ള അവർ പറഞ്ഞു.
“രാജസ്ഥാനിലെ ഒരു ദല്ലാൾ ഇടയ്ക്കിടയ്ക്ക് മധ്യ പ്രദേശിൽ വരാറുണ്ടായിരുന്നു. എന്റെ കുടുംബത്തിന്റെ കൈയ്യിൽ സ്ത്രീധനത്തിനുള്ള പണമൊന്നുമില്ലാതിരുന്നതിനാൽ, അവർ എന്നെ അയാളോടൊപ്പം അയച്ചു”, അവർ പറഞ്ഞു.
അയൽക്കാരുടെ വീട്ടിൽ ഒളിച്ചുപാർത്തുകൊണ്ടാണ് അവരിത് ഞങ്ങളോട് പറഞ്ഞത്. “എന്റെ അമ്മായിയമ്മയോ ഇളയ നാത്തൂനോ ഇവിടെ വരുമ്പോൾ ഇതൊന്നും നിങ്ങൾ അവരുടെ മുമ്പിൽവെച്ച് പറയരുത്. അവരാരെങ്കിലും ഇത് കേട്ടാൽ പിന്നെ എന്റെ ജീവിതം കൂടുതൽ നരകമായിരിക്കും”.
‘രാജസ്ഥാനിലെ ഒരു ദല്ലാൾ ഇടയ്ക്കിടയ്ക്ക് മധ്യ പ്രദേശിൽ വരാറുണ്ടായിരുന്നു. എന്റെ കുടുംബത്തിന്റെ കൈയ്യിൽ സ്ത്രീധനത്തിനുള്ള പണമൊന്നുമില്ലാതിരുന്നതിനാൽ, അവർ എന്നെ അയാളോടൊപ്പം അയച്ചു’
ഞങ്ങളുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ അവരുടെ നാലുവയസ്സുള്ള മകൻ ബിസ്ക്കറ്റിനുവേണ്ടി അവരോട് വാശി പിടിക്കുകയായിരുന്നു. അയൽക്കാർ അവന് കുറച്ച് ബിസ്ക്കറ്റുകൾ കൊടുത്തു. “ഇവരില്ലായിരുന്നുവെങ്കിൽ ഞാനും എന്റെ കുട്ടിയും വിശന്ന് ചത്തേനേ”, അയൽക്കാരെ ചൂണ്ടിക്കാട്ടി അവർ പറഞ്ഞു. “എന്റെ നാത്തൂനും എനിക്കും വെവ്വേറെ അടുക്കളയാണ് ഉള്ളത്. ഭർത്താവ് മരിച്ചതിനുശേഷം ഓരോ നേരത്തെ ഭക്ഷണവും ഒരു വെല്ലുവിളിയായിരുന്നു”. ഭർത്താവ് 2022-ൽ മരിച്ചതിനുശേഷം പരിമിതമായ റേഷൻകൊണ്ട് ജീവൻ നിലനിർത്തേണ്ടിവന്നതിനെക്കുറിച്ച് പറയുമ്പോൾ അവർ കരയുകയായിരുന്നു.
“എല്ലാ ദിവസവും വീട്ടിൽനിന്ന് ഇറങ്ങിപ്പോകാൻ പറയും. “ജീവിക്കണമെന്നുണ്ടെങ്കിൽ മറ്റാരുടെയെങ്കിലും ചൂഡ ധരിച്ചേ മതിയാവൂ എന്ന് അമ്മായിയമ്മ ഭീഷണിപ്പെടുത്തി. വിധവയെക്കൊണ്ട് കുടുംബത്തിലെ മറ്റേതെങ്കിലും പുരുഷനെ വിവാഹം കഴിപ്പിക്കുന്ന ആചാരത്തെയാണ് ചൂഡ ധരിക്കുക എന്ന പദംകൊണ്ട് വിവക്ഷിക്കുന്നത്. അങ്ങിനെ നിർബന്ധിക്കുന്നതിന്റെ കാരണവും വർഷ വിശദീകരിച്ചു. “കാരണം, ഭർത്താവിന്റെ സ്വത്തിന്റെ ഭാഗം ഞാൻ ചോദിക്കുമോ എന്നാണ് ആരുടെ പേടി”.
ഗ്രാമപ്രദേശങ്ങളാണ് ജില്ലയിൽ അധികവും. ജനസംഖ്യയിലെ 66 ശതമാനവും കൃഷിയിലേർപ്പെട്ടിരിക്കുന്നു. ഭർത്താവും കർഷകനായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം അയാളുടെ ഭൂമിയിൽ ആരും കൃഷി ചെയ്യുന്നില്ല. കുടുംബത്തിന് സ്വന്തമായുള്ള 20 ബിഗ ഭൂമി ഇരു സഹോദരന്മാരും പങ്കിട്ടെടുത്തിരിക്കുന്നു.
“ഞങ്ങൾ നിന്നെ കൊണ്ടുവന്നത് 2.5 ലക്ഷം രൂപ കൊടുത്തിട്ടാണ്. ഞങ്ങൾ പറയുന്നത് കേട്ട് നടന്നാൽ നിനക്ക് കൊള്ളാം” എന്നാണ് അമ്മായിയമ്മ എപ്പോഴും ഭീഷണിപ്പെടുത്തുന്നതെന്ന് വർഷ പറഞ്ഞു.
“‘വിൽക്കപ്പെട്ടവൾ’ എന്ന പേരാണ് എനിക്കുള്ളത്. ഞാൻ മരിക്കുന്നതും അതേ പേരിലായിരിക്കും”, വർഷ പറഞ്ഞുനിർത്തി.
*****
അത് 2022 ഡിസംബറിലായിരുന്നു. ആറുമാസത്തിനുശേഷം പാരി അവരെ ഫോൺ വിളിച്ചപ്പോൾ അവരുടെ ശബ്ദത്തിൽ നല്ല മാറ്റമുണ്ടായിരുന്നു. “ഇന്നു രാവിലെ മുതൽ ഞാൻ എന്റെ കുടുംബവീട്ടിലാണ്”, വർഷ പറഞ്ഞു. ഭർത്താവിന്റെ ഇളയ സഹോദരനെ വിവാഹം ചെയ്യാനോ, അതല്ലെങ്കിൽ വീട്ടിൽനിന്ന് ഇറങ്ങിപ്പോകാനോ ഉള്ള നിരന്തരസമ്മർദ്ദം അവർക്കുണ്ടായി. “അവർ എന്നെ തല്ലുകപോലും ചെയ്തു. അതുകൊണ്ട് ഞാൻ ഇറങ്ങിപ്പോന്നു”, അവർ പറഞ്ഞു.
ഇനിയും സഹിക്കാനാവില്ലെന്ന് താൻ തീരുമാനിച്ചുവെന്ന് അവർ പറഞ്ഞു. ഭർത്തൃസഹോദരൻ വിവാഹിതനായിരുന്നു. ഭാര്യയോടൊപ്പമായിരുന്നു താമസവും. “ഞങ്ങളുടെ ഗ്രാമത്തിലെ വിധവകൾ ഭർത്താവിന്റെ വീട്ടിലെ ഏതെങ്കിലുമൊരു പുരുഷനെ വിവാഹം കഴിക്കുന്നത് സർവ്വസാധാരണമാണ്. അയാളുടെ പ്രായമോ വിവാഹിതനാണോ അല്ലേ എന്നതൊന്നും ഒരു പ്രശ്നമേയല്ല”, വർഷ പറഞ്ഞു.
കുത്തിവെപ്പിനുള്ള സമയം നിശ്ചയിക്കാൻ എന്ന നാട്യത്തിൽ വീട്ടിൽനിന്ന് ഇറങ്ങുകയായിരുന്നു വർഷ. പുറത്ത് കടന്നയുടൻ മധ്യ പ്രദേശിലേക്കുള്ള തീവണ്ടി പിടിച്ചു. “അയൽവക്കത്തുള്ള ചില സ്ത്രീകൾ ഞങ്ങളുടെ ടിക്കറ്റിനുള്ള പൈസ ശേഖരിച്ചുവെച്ചിരുന്നു. എന്നാൽ പോരുമ്പോൾ എന്റെ കൈയ്യിൽ പൈസയൊന്നുമുണ്ടായിരുന്നില്ല”, അവർ പറഞ്ഞു.
“ഒരു തവണ ഞാൻ 100 ഡയൽ ചെയ്ത് പൊലീസിനെ വിളിച്ചിരുന്നു. പക്ഷേ, അവർ പറഞ്ഞത് പഞ്ചായത്ത് സഹായിക്കുമെന്നാണ്. പഞ്ചായത്തിൽ എന്റെ കേസ് വന്നിട്ടും അവരെനിക്കുവേണ്ടി ഒന്നും ചെയ്തില്ല”.
“എന്നെപ്പോലെയുള്ള സ്ത്രീകളോടുള്ള പെരുമാറ്റം എങ്ങിനെയാണെന്ന് ലോകം അറിയണം. അതാണ് എന്റെ ആഗ്രഹം”, പുതിയൊരു അധികാരത്തിന്റേയും വിശ്വാസത്തിന്റേയും ശബ്ദത്തിൽ അവർ പറഞ്ഞു.
പരിഭാഷ: രാജീവ് ചേലനാട്ട്