മഞ്ഞുമൂടിയ മലകൾക്ക് പേരെടുത്തതാണ് ഹിമാചൽ പ്രദേശ്. എന്നാൽ കാംഗ്ര ജില്ലയിലെ പാലം‌പുർ പട്ടണത്തിൽ മറ്റൊരു മല ഉയരുന്നുണ്ട്. മാലിന്യത്തിന്റെ.

ദേശീയ ഹരിത ട്രൈബ്യൂണലിന്റെ റിപ്പോർട്ടനുസരിച്ച് , 2011-ൽ 149 ലക്ഷമാളുകളാണ് ഈ പ്രമുഖ വിനോദസഞ്ചാരകേന്ദ്രത്തിൽ എത്തിയതെങ്കിൽ, 2019-ൽ അത് 172 ലക്ഷമായി ഉയർന്നു. ഈ സംസ്ഥാനത്തിന്റെ സാമ്പത്തികമേഖലയുടെ സുപ്രധാനഭാഗംതന്നെ വിനോദസഞ്ചാരമാണ്. കാംഗ്ര എന്ന ഈ ജില്ലയിൽമാത്രം, 1,000-ത്തോളം ഹോട്ടലുകളും ഹോംസ്റ്റേകളുമുണ്ട്. നിറഞ്ഞുകവിയുന്ന മാലിന്യം, സുന്ദരമായ ഭൂപ്രകൃതിയിലേക്കും നദിയോരങ്ങളീലേക്കും വ്യാപിക്കുന്നതിന്റെ പ്രധാന കാരണവും വർദ്ധിക്കുന്ന ഈ വിനോദസഞ്ചാരംതന്നെയാണ്. ഈ മലയോരപട്ടണത്തിന്റെ ദുർബ്ബലമായ പരിസ്ഥിതിയെത്തന്നെ അത് എന്നന്നേക്കുമായി തകർത്തുകഴിഞ്ഞിരിക്കുന്നു.

“ഇവിടെ തുറസ്സായ ഒരു സ്ഥലമുണ്ടായിരുന്നു. കളിക്കാൻ കുട്ടികളും വരാറുണ്ടായിരുന്നു”, മണ്ണുനിറകൊണ്ട് (ലാൻഡ്ഫിൽ) മാലിന്യം മൂടിയ സ്ഥലത്തുനിന്ന് അഞ്ച് മിനിറ്റ് ദൂരത്ത് താമസിക്കുന്ന 72 വയസ്സുള്ള ഗലോറ റാം പറയുന്നു.

“ഈ സ്ഥലം മുഴുവൻ നല്ല പച്ചപ്പായിരുന്നു. നിറയെ മരങ്ങളും”, ശിശു ഭർദ്വാജ് (യഥാർത്ഥ പേരല്ല) പറയുന്നു. തന്റെ ചായക്കടയിൽനിന്ന് കാണാവുന്ന പരന്നുകിടക്കുന്ന മാലിന്യനിക്ഷേപസ്ഥലത്തേക്ക് വിരൽചൂണ്ടിക്കൊണ്ട് അദ്ദേഹം പറയുന്നു. ‘മാലിന്യം കൂടുതൽക്കൂടുതൽ എത്തുമ്പോൾ അവർ (നഗരസഭ) മരങ്ങൾ മുറിച്ചാണ് സ്ഥലം കണ്ടെത്തുന്നത്. വല്ലാത്ത നാറ്റമാണ്. ധാരാളം ഈച്ചകളുമുണ്ട്”, ആ 32 വയസ്സുകാരൻ പറയുന്നു.

ഏകദേശം അഞ്ചേക്കറിൽ പരന്നുകിടക്കുന്ന പാലം‌പുർ മാലിന്യനിക്ഷേപസ്ഥലത്തോട് ചേർന്നുള്ള ഭൂമിയിലാണ് അയാളുടെ ചായക്കട. കീറത്തുണികളും, പ്ലാസ്റ്റിക്ക് ബാഗുകളും, പൊട്ടിയ കളിപ്പാട്ടങ്ങളും, ഉപേക്ഷിക്കപ്പെട്ട വസ്ത്രങ്ങളും വീട്ടുസാധനങ്ങളും, അടുക്കളമാലിന്യവും, വ്യവസായമാലിന്യവും, അപകടം പിടിച്ച ആശുപത്രിമാലിന്യവും എല്ലാം കൂനകളായി കിടക്കുന്നു. മഴ പെയ്തിട്ടുപോലും ഈച്ചകൾ ആർത്തുനടക്കുകയാണ്.

2019-ൽ ശിശു ആദ്യമായി കട സ്ഥാപിക്കുന്ന സമയത്ത്, ഒരു മാലിന്യസംസ്കരണ പ്ലാന്റുണ്ടായിരുന്നു അവിടെ. മൂന്ന് പഞ്ചായത്തുകളിൽനിന്നുള്ള മാലിന്യം തരം‌തിരിച്ച് അവിടെ സംസ്കരിച്ചിരുന്നു. കോവിഡ് 19 വന്നതിൽ‌പ്പിന്നെ, എല്ലാ വാർഡുകളിൽനിന്നുമുള്ള മാലിന്യം അവിടേക്കെത്താൻ തുടങ്ങി. തരം‌തിരിക്കുന്നതാകട്ടെ, ആളുകളെ ഉപയോഗിച്ചുകൊണ്ടും.

Left : Waste dump as visible from Shishu Bhardwaj's tea shop in Palampur, Kangra.
PHOTO • Sweta Daga
Right: (In the background) Ashish Sharma, the Municipal Commissioner of Palampur and Saurabh Jassal, Deputy Commissioner Kangra, surveying the dumpsite
PHOTO • Sweta Daga

ഇടത്ത്: കാംഗ്രയിലെ പാലം‌പുരിലുള്ള ശിശു ഭരദ്വാജിന്റെ ചായക്കടയിൽനിന്ന് കാണാൻ കഴിയുന്ന മാലിന്യനിക്ഷേപസ്ഥലം വലത്ത് (പശ്ചാത്തലത്തിൽ‌) പലംപുരിലെ നഗരസഭാ കമ്മീഷണർ അശീഷ് ശർമ്മയും, കംഗ്രയിലെ ഡെപ്യൂട്ട് കമ്മീഷണർ സൌരഭ് ജസ്സാലും മാലിന്യസ്ഥലം നിരീക്ഷിക്കുന്നു

ഈയടുത്ത് നഗരസഭാ കമ്മീഷണർ, മാലിന്യം തരംതിരിക്കുന്ന പുതിയ യന്ത്രങ്ങൾ ഇവിടെ സ്ഥാപിച്ചു. മാലിന്യം തരം‌തിരിക്കുന്ന ജോലി അടുത്തുതന്നെ തുടങ്ങുമെന്നും അദ്ദേഹം അവകാശപ്പെടുന്നു.

എന്നാൽ, പ്രാദേശിക ഭരണകൂടം, പ്രദേശത്തെ മാലിന്യവർദ്ധനയെ വേണ്ടവിധത്തിൽ അഭിസംബോധന ചെയ്യുന്നില്ലെന്നും, വികസനത്തിനനുസരിച്ചുള്ള ശാസ്ത്രീയമായ മാലിന്യനിക്ഷേപം ആസൂത്രണം ചെയ്തില്ലെന്നും നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു. ഇപ്പോഴുള്ള മാലിന്യനിക്ഷേപസ്ഥലം നൂഗൽ പുഴയോട് ചേർന്നാണ് കിടക്കുന്നത്. പ്രദേശത്തിന്റെയും അതിനുതാഴെയുള്ള സ്ഥലങ്ങളുടേയും മുഖ്യ കുടിവെള്ളസ്രോതസ്സായ ബിയാസിലാണ് ആ പുഴ ചെന്നുചേരുന്നത്.

സമുദ്രനിരപ്പിൽനിന്ന് 1,000-1,500 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ മലയോരപട്ടണമാണിത്. പക്ഷേ, 2023 ഓഗസ്റ്റിൽ ഹിമാചൽ പ്രദേശിന് 720 എം.എം. കനത്ത മഴ ലഭിച്ചുവെങ്കിലും പാലം‌പുർ എന്ന ഈ ചെറിയ പട്ടണത്തിന് അധികമൊന്നും കിട്ടിയില്ല. എന്നാൽ ആ സ്ഥിതി അധികകാലം പ്രതീക്ഷിക്കാൻ പറ്റില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

“അത്തരം കനത്ത മഴ പെയ്താൽ, പുഴയിൽ മാലിന്യം കലരുന്നതിന്റെ തോത് ഇനിയും കൂടും”, ഫാത്തിമ ചപ്പൽ‌വാല പറയുന്നു. കാംഗ്ര പൌരാവകാശ ഫോറത്തിലെ അംഗമായ അവർ മുംബൈയിൽനിന്നാണ് ഇങ്ങോട്ട് താമസം മാറ്റിയത്. 12 കിലോമീറ്റർ ദൂരത്തുള്ള കാ‍ന്ത്ബാരി എന്ന കുഗ്രാമത്തിലാണ് ഇപ്പോൾ അവരുടെ താമസം. വർഷങ്ങളായി, ഈ മാലിന്യപ്രശ്നത്തിൽ സജീവമായി ഇടപെട്ടുകൊണ്ടിരിക്കുന്നവരാണ് ഫാത്തിമയും ഭർത്താവ് മൊഹമ്മദും.

“എല്ലാ അഴുക്കും മാലിന്യവും ഇവിടെകൊണ്ടുവന്ന് തള്ളിയിരിക്കുകയാണ്. രണ്ടുമൂന്ന് വർഷമായി കൂടുതൽ മാലിന്യം അവർ ഇങ്ങോട്ട് കൊണ്ടുവരുന്നു”, മാലിന്യനിക്ഷേപസ്ഥലത്തിന്റെ 350 മീറ്റർ ദൂരെയുള്ള ഉവർണ്ണ എന്ന കോളനിയിൽ താമസിക്കുന്ന ഗലോറ റാം പറയുന്നു. “ഞങ്ങൾ രോഗികളാവുകയാണ്. ഈ നാറ്റം മൂലം കുട്ടികൾ ച്ഛർദ്ദിക്കുന്നു”, അദ്ദേഹം പറയുന്നു. മാലിന്യനിക്ഷേപസ്ഥലം വ്യാപിച്ചതോടെ ആളുകൾ രോഗികളായെന്ന് 72 വയസ്സുള്ള അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. “ഈ സ്ഥലം മുറിച്ചുകടക്കുന്നത് ഒഴിവാക്കാനായി കുട്ടികൾ സ്കൂൾതന്നെ മാറുകയാണ്”.

Cloth waste, kitchen waste, industrial waste, hazardous medical waste and more lie in heaps at the garbage site
PHOTO • Sweta Daga

കീറത്തുണികളും, പ്ലാസ്റ്റിക്ക് ബാഗുകളും, അടുക്കളമാലിന്യവും, വ്യവസായമാലിന്യവും, അപകടം പിടിച്ച ആശുപത്രിമാലിന്യവും മറ്റും കൂനകളായി കിടക്കുന്നു

*****

വലിയ അപകടങ്ങളുണ്ടാവുമ്പോഴാണ് ശ്രദ്ധ കിട്ടുന്നത്. നിത്യവുമുള്ള ഇത്തരം ചെറിയ അപകടങ്ങളെ നമ്മൾ സാധാരണവത്കരിക്കുകയാണ്. പുഴയുടെയരുകിൽ കിടക്കുന്ന മാലിന്യം ചൂണ്ടിക്കാട്ടി, മാൻഷി ആഷർ പറയുന്നു. ഹിംധാര എന്ന പ്രാദേശിക പരിസ്ഥിതി സംഘടനയിലെ ഗവേഷകനാണ് അവർ. “പുഴയുടെയടുത്ത് മാലിന്യസംസ്കരണ സംവിധാനങ്ങളുണ്ടെങ്കിൽ, അത് പുഴവെള്ളത്തിൽ കലർന്ന്, ആരോഗ്യത്തെ വിഷമയമാക്കുകയേ ഉള്ളു”.

“ഒരു ഗ്രാമീണ മലയോരപ്രദേശത്ത്, നഗരമാലിന്യങ്ങൾ കുന്നുകൂടിയാൽ അത് നദിയോരങ്ങളിലും കാടുകളിലും പുൽമേടുകളിലുമായിരിക്കും ചെന്നടിയുക”, അവർ സൂചിപ്പിച്ചു. കലർപ്പുള്ളതും വിഷാംശമുള്ളതുമായ മാലിന്യം മണ്ണിലേക്കിറങ്ങി ജലസ്രോതസ്സുകളിലേക്കെത്തുകയും അത് ആളുകൾ കുടിക്കാൻ ഇടവരുകയും ചെയ്യുന്നു. പഞ്ചാബ് വരെയുള്ള താഴ്ഭാഗത്തുള്ള കൃഷിക്കും ഈ വെള്ളം ഉപയോഗിക്കുന്നുണ്ട്,

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ 2021-ലെ റിപ്പോർട്ട് പ്രകാരം, ഹിമാചൽ പ്രദേശിൽ 57 മാലിന്യനിക്ഷേപ സ്ഥലങ്ങളുണ്ടെങ്കിലും ഒരു ശുചിത്വ മണ്ണുനിറ (സാനിറ്ററി ലാൻഡ്ഫിൽ) സംവിധാനം‌പോലുമില്ല. മാലിന്യനിക്ഷേപത്തിൽനിന്ന് വ്യത്യസ്തമായി, ശുചിത്വ മണ്ണുനിറ എന്ന് വിളിക്കപ്പെടുന്നത്, മാലിന്യം മണ്ണിലേക്കെത്തുന്നത് തടയുന്നതിനുള്ള സുരക്ഷാസംവിധാനങ്ങളെയാണ്. അതിനൊരു മുകളടപ്പും, അഴുക്കുവെള്ളം ഭൂഗർഭജലത്തിൽ കലരാതിരിക്കാനുള്ള സംവിധാനവും മറ്റും ഉണ്ടായിരിക്കും. സംവിധാനം അടയ്ക്കാനും അതിനുശേഷം എന്ത് ചെയ്യണമെന്നൊക്കെ കൃത്യമായി ആസൂത്രണ ചെയ്തിരിക്കും. മാലിന്യം കൈകാര്യം ചെയ്യുന്നതിൽ, 35-ൽ 18 ആണ് സംസ്ഥാനത്തിന്റെ സ്ഥാനമെന്നും ഇതേ റിപ്പോർട്ട് പറയുന്നു. 15 വാർഡുകളടങ്ങുന്ന പുതുതായി സ്ഥാപിച്ച പാലം‌പൂർ മുനിസിപ്പൽ കോർപ്പറേഷന് (എം.സി.) കീഴിൽ, 2020 ഒക്ടോബറിൽ,  14 പഞ്ചായത്തുകളെക്കൂടി ചേർത്തു. കാംഗ്ര പൌരാവകാശ ഫോറത്തിലെ അംഗമാണ് മൊഹമ്മദ് ചപ്പൽ‌വാല. “പാലം‌പുർ എം.സി.യാവുന്നതിന് മുമ്പ്, മിക്ക പഞ്ചായത്തുകളും അവരവരുടെ മാലിന്യം കൈകാര്യം ചെയ്തിരുന്നു, എന്നാൽ എം.സി.യായതിനുശേഷം, മാലിന്യം പൂർവ്വാധികം വർദ്ധിക്കുകയും എല്ലാത്തരം മാലിന്യവും – ആശുപത്രിയിലേതടക്കം‌ - ഒരൊറ്റ സ്ഥലത്തേക്ക് എത്താനും തുടങ്ങി”.

നഗരവികസന മന്ത്രാലയത്തിന്റെ കീഴിലുള്ള 2016-ലെ ഖരമാലിന്യ മാനേജുമെന്റ് കൈപ്പുസ്തകമനുസരിച്ച്, ഒരു മണ്ണുനിറ സ്ഥലം സ്ഥാപിക്കാൻ, തദ്ദേശഭരണ സംവിധാനം, അഥവാ യു.എൽ.ബി. താഴെപ്പറയുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കേണ്ടതുണ്ട്. “മണ്ണുനിറ സൈറ്റുകൾ, നഗരവികസന മന്ത്രാലയത്തിന്റെയും, ഇന്ത്യൻ സർക്കാരിന്റേയും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റേയും മാർഗ്ഗനിർദ്ദേശങ്ങളനുസരിച്ചുവേണം സ്ഥാപിക്കാൻ. മണ്ണുനിറ സ്ഥലം, പുഴകളിൽനിന്ന് 100 മീറ്ററും, തടാകങ്ങളിൽനിന്ന് 200 മീറ്ററും, ദേശീയപാതകൾ, വാസസ്ഥലങ്ങൾ, പൊതുപാർക്കുകൾ, ജലവിതരണക്കിണറുകൾ എന്നിവയിൽനിന്ന് 200 മീറ്ററും അകലെ വേണം സ്ഥാപിക്കാൻ”.

The landfill sprawls across an estimated five hectares of land
PHOTO • Sweta Daga

ഏകദേശം അഞ്ചേക്കറിൽ വ്യാപിച്ചുകിടക്കുന്ന മണ്ണുനിറ സ്ഥലം

Left: Waste being unloaded at the dump site.
PHOTO • Sweta Daga
Right: Women waste workers sorting through trash for recyclable items
PHOTO • Sweta Daga

ഇടത്ത്: മാലിന്യനിക്ഷേപസ്ഥലത്ത് ഇറക്കുന്ന മാലിന്യം. വലത്ത്: മാലിന്യം കൈകാര്യം ചെയ്യുന്ന സ്ത്രീകൾ, പുനരുപയോഗിക്കാൻ പറ്റുന്ന വസ്തുക്കൾ മാലിന്യത്തിൽനിന്ന് തരംതിരിക്കുന്നു

കഴിഞ്ഞ വർഷം നാട്ടുകാർ ഞങ്ങളോട് അവരുടെ പ്രവർത്തനത്തിൽ പങ്കുചേരാനും സഹായിക്കാനും അഭ്യർത്ഥിച്ചു. അതനുസരിച്ച്, ഞങ്ങൾ ഒരു വിവരാവകാശരേഖ (ആർ.ടി.ഐ) ഉന്നയിക്കുകയുണ്ടായി. മൊഹമ്മദ് പറയുന്നതനുസരിച്ച്, കമ്മീഷണറുടെ ഓഫീസ് 2023 മാർച്ച് 14-ന് ആ ആർ.ടി.ഐ. കൈപ്പറ്റുകയും 19 ഏപ്രിലിന് മറുപടി അയയ്ക്കുകയും ചെയ്തുവെങ്കിലും, കൃത്യമായ മറുപടിയൊന്നും കിട്ടിയില്ല. “ഞങ്ങൾ ചോദിച്ച പല ചോദ്യത്തിനുമുള്ള ഉത്തരത്തിന്റെ സ്ഥലം ഒഴിഞ്ഞുകിടക്കുകയായിരുന്നു”, അദ്ദേഹം പറയുന്നു.

എത്ര മാലിന്യമാണ് പുറപ്പെടുവിക്കുന്നതെന്ന് ആർക്കുമറിയില്ല. “ഓരോ തവണ ഞാൻ വന്ന് പരിശോധിക്കുമ്പോഴും, മാലിന്യക്കൂന വലുതായിക്കൊണ്ടിരിക്കുകയാണ്. ഇപ്പോളത്, നൂഗൽ പുഴവരെ എത്തി. മാലിന്യം അതിലേക്ക് പോയിക്കൊണ്ടിരിക്കുന്നു”, മൊഹമ്മദ് പറയുന്നു.

ഏഴ് പുതിയ മാലിന്യ തരം‌തിരിക്കൽ യന്ത്രങ്ങൾ മാലിന്യനിക്ഷേപസ്ഥലത്ത് ഈയടുത്തകാലത്ത് സ്ഥാപിച്ചിട്ടുണ്ടെങ്കിലും. രവീന്ദർ സൂദ് എന്ന പത്രപ്രവർത്തകൻ പറയുനത്, അഞ്ചെണ്ണമേ പ്രവർത്തിക്കുന്നുള്ളു എന്നാണ്. ഘരമാലിന്യം പൊടിക്കുന്ന ഒരു ഷ്രെഡ്ഡറടക്കം.

എന്നാൽ, “യന്ത്രങ്ങളൊക്കെ വന്നിട്ടുണ്ടെങ്കിലും, മഴ കാരണം ഒന്നുപോലും പ്രവർത്തിക്കുന്നില്ല. എല്ലാം പഴയപടിയാണ്. നാറ്റവും മാലിന്യമുണ്ടാക്കുന്ന പ്രശ്നങ്ങളും എല്ലാം” എന്നാണ് തന്റെ ചായക്കടയിൽനിന്ന് സ്ഥിതിഗതികൾ നേരിട്ട് വീക്ഷിക്കാൻ കഴിയുന്ന ഭരദ്വാജ് പറയുന്നത്. “ഞങ്ങളുടേയും ഞങ്ങളുടെ കുട്ടികളുടേയും ഭാവിയോർത്ത്, അവർ ഈ മാലിന്യസ്ഥലം ഇവിടെനിന്ന് മറ്റെവിടേക്കെങ്കിലും മാറ്റിസ്ഥാപിക്കണമെന്നാണ്” ഭരദ്വാജിന്റെ അയൽക്കാരനായ റാം പറയുന്നത്.

പരിഭാഷ: രാജീവ് ചേലനാട്ട്

Sweta Daga

শ্বেতা ডাগা ব্যাঙ্গালোর নিবাসী লেখক এবং আলোকচিত্রী। তিনি বিভিন্ন মাল্টি-মিডিয়া প্রকল্পের সঙ্গে যুক্ত, এগুলির মধ্যে আছে পিপলস আর্কাইভ অব রুরাল ইন্ডিয়া এবং সেন্টার ফর সায়েন্স অ্যান্ড এনভায়রনমেন্ট প্রদত্ত ফেলোশিপ।

Other stories by শ্বেতা ডাগা
Editors : PARI Desk

আমাদের সম্পাদকীয় বিভাগের প্রাণকেন্দ্র পারি ডেস্ক। দেশের নানান প্রান্তে কর্মরত লেখক, প্ৰতিবেদক, গবেষক, আলোকচিত্ৰী, ফিল্ম নিৰ্মাতা তথা তর্জমা কর্মীদের সঙ্গে কাজ করে পারি ডেস্ক। টেক্সক্ট, ভিডিও, অডিও এবং গবেষণামূলক রিপোর্ট ইত্যাদির নির্মাণ তথা প্রকাশনার ব্যবস্থাপনার দায়িত্ব সামলায় পারি'র এই বিভাগ।

Other stories by PARI Desk
Editors : Shaoni Sarkar

শাওনি সরকার কলকাতা ভিত্তিক স্বতন্ত্র সাংবাদিক।

Other stories by Shaoni Sarkar
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

Other stories by Rajeeve Chelanat