ഇവിടെ ഞങ്ങൾ കുറ്റിക്കാട്ടിൽ, ‘ചെകുത്താന്റെ നട്ടെല്ല്’ അന്വേഷിച്ച് നടക്കുകയാണ്. പിറന്തയി യെ (സിസ്സസ് ക്വാഡ്രാംഗുലാരിസ്) അങ്ങിനെയാണ് വിശേഷിപ്പിക്കുന്നത്. ഞാനും രതിയും അന്വേഷിച്ചുകൊണ്ടിരിക്കുന്ന ചതുരാകൃതിയിൽ തണ്ടുള്ള ഈ വള്ളി ധാരാളം ഗുണങ്ങളുള്ളതാണ്. സാധാരണയായി ചെയ്യുന്നത്, ഈ ഇളംതണ്ട് പറിച്ച്, വൃത്തിയാക്കി, മുളകുപൊടിയും, ഉപ്പും, എള്ളെണ്ണയും ചേർത്ത് വെക്കുകയാണ്. ശരിയായ രീതിയിൽ ചെയ്താൽ, ഒരുവർഷം വരെ ഇത് കേടുകൂടാതെ ഇരിക്കും. ചോറിന്റെ കൂടെ കൂട്ടാൻ വിശേഷമാണ്.

ജനുവരിയിലെ ഇളംചൂടുള്ള ഒരു ഉച്ചയായിരുന്നു അന്ന്. കാട്ടിലേക്കുള്ള ഞങ്ങളുടെ വഴി പുരാതനവും വറ്റിവരണ്ടതുമായ ഒരു തോടിന്റെ കരയിലൂടെയായിരുന്നു. എല്ല അത്ത‌അമ്മൻ ഓടൈ എന്ന എന്തൊക്കെയോ സ്മരണകളുയർത്തുന്ന ഒരു പേരായിരുന്നു ആ തോടിന്റേത്. അതിർത്തികളില്ലാത്ത ദേവതയുടെ അരുവി എന്നാണ് അതിന്റെ അർത്ഥം. കോരിത്തരിപ്പിക്കുന്ന ഒരു പ്രയോഗം. അവിടെയുമിവിടെയും വീതി കുറഞ്ഞും കൂടിയുമുള്ള വഴിയിലൂടെ, പാറകളും മണലും താണ്ടിയുള്ള യാത്ര നിങ്ങൾക്ക് വീണ്ടും രോമാഞ്ചം നൽകും.

യാത്രയ്ക്കിടയിൽ രതി എനിക്ക് കഥകൾ പറഞ്ഞുതന്നു. ചിലത് കല്പിതങ്ങളും ചിലത് തമാശ നിറഞ്ഞതും. ഓറഞ്ചുകളേയും ചിത്രശലഭങ്ങളേയും കുറിച്ചുള്ളവ. ഭക്ഷണത്തിന്റെയും ജാതിയുടേയും പേരിൽ, തൊണ്ണൂറുകളിലുണ്ടായിട്ടുള്ള സംഘർഷങ്ങൾ - അന്ന് രതി ഹൈസ്കൂളിലായിരുന്നു –എന്നിവയെക്കുറിച്ച്. “എന്റെ കുടുംബം തൂത്തുക്കുടിയിലേക്ക് ഓടിപ്പോയി”.

രണ്ട് പതിറ്റാണ്ട് കഴിഞ്ഞ് ഒരു കഥാകാരിയും, ലൈബ്രറി കൻൺസൾട്ടന്റും പാവകളിക്കാരിയുമായി. രതി തന്റെ ഗ്രാമത്തിലേക്ക് തിരിച്ചെത്തി.. വളരെ സാവധാനത്തിലാണ് രതി സംസാരിക്കുക. വായന വളരെ വേഗത്തിലുമാണ്. “കോവിഡ് കാലത്ത് ഞാൻ ചെറുതും വലുതുമായ 22,000 ബാ‍ലസാഹിത്യങ്ങൾ വായിച്ചു. ഒടുവിൽ എന്റെ അസിസ്റ്റന്റ് എന്നോട് യാചിച്ചു, വായന നിർത്താൻ. അല്ലെങ്കിൽ എന്റെ വർത്തമാനം അച്ചടിഭാഷയിലാവുമത്രെ”, രതി ചിരിക്കുന്നു.

രതിയുടെ ചിരി കളകളാരവം‌‌പോലെയാണ്. അവളുടെ ശരിക്കുള്ള പേരായ ഭാഗീരതി എന്ന പുഴയുടെ ചിരിപോലെത്തന്നെ. എന്നാൽ ചുരുക്കപ്പേരാ‍യ രതി എന്നാണ് അവൾ അറിയപ്പെടുന്നത്. ഹിമാലയത്തിൽ‌വെച്ച് ഗംഗയെന്ന് പേരിലേക്ക് മാറുന്ന ഭാഗീരഥി പുഴയുടെ 3,000 കിലോമീറ്റർ തെക്കുഭാഗത്തുള്ള തമിഴ് നാട്ടിലെ തിരുനെൽ‌വേലിയിലെ തെങ്കളതതാണ് അവളുടെ ഗ്രാമം. കുന്നുകളാലും കുറ്റിക്കാടുകളാലും ചുറ്റപ്പെട്ട ഒരു സ്ഥലം. അവൾക്ക് ആ സ്ഥലം നന്നായറിയാം. അവളെ ഗ്രാമത്തിലുള്ളവർക്ക് അറിയുന്നതുപോലെത്തന്നെ.

“എന്തിനാണ് കാട്ടിലേക്ക് പോകുന്നത്?” സ്ത്രീത്തൊഴിലാളികൾ രതിയോട് ചോദിക്കുന്നു. “ഞങ്ങൾ പിറന്തയി അന്വേഷിച്ച് പോവുകയാണ്”, രതിയുടെ മറുപടി. “ആരാണ് ആ സ്ത്രീ? കൂട്ടുകാരിയാണോ? പശുക്കളെ മേയ്ക്കുന്ന ഒരാൾ ചോദിക്കുന്നു. “അതെ, അതെ”, രതി ചിരിച്ചു. ഞാൻ കൈവീശി. ഞങ്ങൾ നടത്തം തുടർന്നു.

Pirandai grows in the scrub forests of Tirunelveli, Tamil Nadu
PHOTO • Courtesy: Bhagirathy
The tender new stem is picked, cleaned and preserved with red chilli powder, salt and sesame oil and will remain unspoilt for a year
PHOTO • Courtesy: Bhagirathy

തമിഴ് നാട്ടിലെ തിരുനെൽ‌വേലിയിലെ കുറ്റിക്കാടുകളിലാന് പിറന്തയി വളരുന്നത്. രതി ഒരു പിറന്തായി കണ്ടെത്തുന്നു (വലത്ത്). അതിന്റെ ഇളംതണ്ട് പറിച്ച്, വൃത്തിയാക്കി, മുളകുപൊടിയും ഉപ്പും എള്ളെണ്ണയുമിട്ടുവെച്ചാൽ ഒരുവർഷം വരെ കേടുകൂടാതെ ഇരിക്കും

*****

എല്ലാ സംസ്കാരങ്ങളിലും ഭൂഖണ്ഡങ്ങളിലും പതിവുണ്ടായിരുന്ന ഒരു ജീവിതരീതിയാണ് തീറ്റയന്വേഷിച്ചുള്ള മനുഷ്യന്റെ അലഞ്ഞുനടക്കൽ. ഭൌതികവും പ്രകൃതിയിൽനിന്ന് കിട്ടുന്നതുമായ എല്ലാ വിഭവങ്ങളും സമൂഹത്തിലെ എല്ലാവർക്കും അവകാശപ്പെട്ടതാണെന്ന സങ്കല്പവുമായി അതിന് അഭേദ്യമായ ബന്ധമുണ്ട്. ഒരു പ്രദേശത്ത് കിട്ടുന്ന കാട്ടുത്പന്നങ്ങൾ പ്രാദേശികമായും, കാലാനുസൃതമായും, സുസ്ഥിരമായും ഉപയോഗിച്ചുവരുന്നു.

“കാട്ടുചെടികൾ ശേഖരിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നത്, നരവംശ-പാരിസ്ഥിതിക, നരവംശ-സസ്യശാസ്ത്ര അറിവുകൾ സംരക്ഷിക്കാൻ സഹായിക്കു’മെന്ന് ചേസിംഗ് സൊപ്പു എന്ന പുസ്തകത്തിന്റെ രചയിതാക്കൾ സൂചിപ്പിക്കുന്നു. ബംഗളൂരു നഗരത്തിലെ നാഗരിക ഭക്ഷണങ്ങൾ അന്വേഷിക്കുന്ന ഒരു പുസ്തകമാണ് അത്. തെങ്കളത്ത്, പൊതുവെ, സ്ത്രീകളാണ് കാട്ടുചെടികൾ ശേഖരിക്കുന്നതെന്ന് അവർ എഴുതുന്നു.”തങ്ങളുടെ ചുറ്റുവട്ടത്തുള്ള പ്രാദേശികമായ കാട്ടുചെടികളെക്കുറിച്ച് അറിവും അതിൽ വൈദഗ്ദ്ധ്യവുമുള്ളവരാണ് അവർ. ചെടിയുടെ ഏതൊക്കെ ഭാഗങ്ങൾ ഭക്ഷണത്തിനും മരുന്നിനും സാംസ്കാരികമായ ആവശ്യങ്ങൾക്കും ഉപയോഗിക്കാം എന്ന് അവർക്കറിയാം. തീറ്റ അന്വേഷിക്കാൻ പറ്റിയ കാലം ഏതെന്നും. തലമുറകളിലൂടെ കൈമാറിക്കിട്ടിയ രുചികരമായ ഭക്ഷണക്കൂട്ടുകളും അവരുടെ കൈയ്യിലുണ്ട്”.

പ്രത്യേക കാലങ്ങളിൽ മാത്രം കിട്ടുന്ന ഭക്ഷ്യവസ്തുക്കൾ വർഷം മുഴുവൻ കേടുകൂടാതെ വെക്കാനുള്ള എളുപ്പവും രുചികരവുമായ മാർഗ്ഗമാണ് അതിനെ സംരക്ഷിച്ചുവെക്കൽ. അതിൽ ഏറ്റവും ജനകീയമായ രീതി, ഉണക്കിസൂക്ഷിക്കലും ഉപ്പുവെള്ളത്തിലിട്ടുവെക്കലുമാണ്. പൊതുവായി ഉപയോഗിക്കുന്ന ലായനി വിനീഗറാണെങ്കിലും, ദക്ഷിണേന്ത്യയിൽ, പ്രത്യേകിച്ചും തമിഴ് നാട്ടിൽ അത് എള്ളെണ്ണയാണ്.

“എള്ളെണ്ണയിൽ സെസമിനും സെസമോളുമുണ്ട്. കോശനാശം തടയുന്ന തന്മാത്രകളുള്ള (ആന്റി-ഓക്സിഡന്റ്) ഘടകങ്ങളാണ് അവ” എന്ന് ഫുഡ് ടെക്നോളജിയിൽ എം.ടെക്കുള്ള ജെ.മേരി സന്ധ്യ പറയുന്നു. ‘ആഴി’ (കടൽ) എന്ന പേരിൽ സ്വന്തമായി ഒരു മീൻ അച്ചാറ് ബ്രാൻഡ് അവർ നിർമ്മിക്കുന്നുണ്ട്. കോൾഡ് പ്രസ്സ്ഡ് എള്ളെണ്ണയാണ് തന്റെ മീനച്ചാറിൽ സന്ധ്യ ഉപയോഗിക്കുന്നത്. “കൂടുതൽ കാലം കേടുവരാതെയിരിക്കാനും, പോഷകഗുണവും, നിറവും രുചിയും കിട്ടാനു”മാണ് സന്ധ്യ ആ രീതി അവലംബിക്കുന്നത്.

PHOTO • Aparna Karthikeyan

എല്ലാ സംസ്കാരങ്ങളിലും ഭൂഖണ്ഡങ്ങളിലും പതിവുണ്ടായിരുന്ന ഒരു ജീവിതരീതിയാണ് തീറ്റയന്വേഷിച്ചുള്ള മനുഷ്യന്റെ അലഞ്ഞുനടക്കൽ. ഓരോ യാത്രയ്ക്കും രതി ചുരുങ്ങിയത് നാലുമണിക്കൂർ ചിലവഴിക്കുന്നു. ചെടികളന്വേഷിച്ച് 10 കിലോമീറ്റർ നടക്കുകയും ചെയ്യുന്നു. ‘എന്നാൽ വീട്ടിലെത്തിയാൽ, അവയ്ക്ക് എന്ത് സംഭവിക്കുമെന്ന് എനിക്കറിയില്ല’, ചിരിച്ചുകൊണ്ട് അവർ പറയുന്നു

പച്ചക്കറികളും ഇറച്ചിയും ഉപയോഗിച്ച് തയ്യാറാക്കുന്ന അച്ചാറിനും കറികൾക്കുമെല്ലാം രതിയുടെ കുടുംബം എള്ളെണ്ണയാണ് ഉപയോഗിക്കുന്നത്. എന്നാൽ ഭക്ഷണത്തിലെ ശ്രേണീക്രമങ്ങൾ അവളെ രോഷാകുലയാക്കുന്നു. “ഒരു മൃഗത്തെ അറുത്താൽ, നല്ല ഭാഗങ്ങളൊക്കെ ഉയർന്ന ജാതിക്കാർക്ക് പോകും. ഞങ്ങൾക്ക് അതിന്റെ കുടലും മറ്റ് അവശിഷ്ടഭാഗങ്ങളും മാത്രമേ ലഭിക്കൂ. ഞങ്ങൾക്കൊരിക്കലും നല്ല ഭാഗങ്ങൾ കിട്ടാറില്ല. അതിനാൽ ഇറച്ചിക്കറിയുടെ ചരിത്രവും ഞങ്ങൾക്കില്ല. ചോര മാത്രമേ ഞങ്ങൾക്ക് തരൂ”! അവർ പറയുന്നു.

“ചൂഷണം, ഭൂമിശാസ്ത്രം, സസ്യ-ജന്തു-പക്ഷി വർഗ്ഗങ്ങൾ, ജാതിയിലെ ശ്രേണീഘടന എന്നിവയൊക്കെ ദളിതുകളുടേയും ആദിവാസികളുടേയും ബഹുജനുകളുടേയും ഭക്ഷണസംസ്കാരത്തെ വളരെയധികം സ്വാധീനിച്ചിട്ടുണ്ടെന്ന്, ബ്ലഡ് ഫ്രൈ ആൻഡ് അദർ ദളിത് റെസിപ്പീസ് ഫ്രം മൈ ചൈൽഡ് ഹുഡ് (ചോര വറുത്തതും മറ്റ് ദളിത് പാചകക്കൂട്ടുകളും – എന്റെ ബാല്യകാലത്ത്) എന്ന ലേഖനത്തിൽ വിനയ് കുമാർ സൂചിപ്പിക്കുന്നു.

“ചോരയും കുടലും മറ്റ് ഭാഗങ്ങളും വൃത്തിയാക്കാനുള്ള അത്ഭുതകരമായ രീതികൾ” തന്റെ അമ്മ വടിവമ്മാളിന് അറിയാമെന്ന് രതി പറയുന്നു. “കഴിഞ്ഞ ഞായറാഴ്ച, അമ്മ ചോര പാചകം ചെയ്തു. നഗരത്തിലെ വിശിഷ്ടവിഭവമാണ് അത്. ബ്ലഡ് സോസേജും ബ്ലഡ് പുഡ്ഡിംഗും. തലച്ചോർ വറുത്തതും വിശിഷ്ടമാണ്. നഗരത്തിൽ ചെന്നപ്പോൾ ഇതിന്റെയൊക്കെ വില കണ്ട് വല്ലായ്മ തോന്നി. ഗ്രാമത്തിൽ 20 രൂപയ്ക്ക് കിട്ടുന്ന വിഭവങ്ങൾക്കാണ് ഇത്ര വലിയ വില”.

പച്ചക്കറികളെക്കുറിച്ചും രതിയുടെ അമ്മയ്ക്ക് അഗാധമായ അറിവുണ്ട്. “ഒന്ന് ചുറ്റും നോക്കിയാൽ, മരുന്നുചെടികളും തൈലങ്ങളും കുപ്പികളിൽ വെച്ചിരിക്കുന്നത് കാ‍ണാം”, വിരുന്നുമുറിയിൽ‌വെച്ച് രതി എന്നോട് പറയുന്നു. “എന്റെ അമ്മയ്ക്ക് ഇതിന്റെയൊക്കെ പേരും ഉപയോഗങ്ങളും അറിയാം. പിറന്തയി , ദഹനത്തിന് വിശേഷമാണ്. ഏതൊക്കെ മരുന്നുചെടികളാണ് വേണ്ടതെന്ന് അമ്മ എനിക്ക് കാണിച്ചുതരും. ഞാൻ കാട്ടിൽ പോയി അത് കൊണ്ടുവന്ന് വൃത്തിയാക്കും.

ചില പ്രത്യേക കാലങ്ങളിൽ മാത്രം കിട്ടുന്നതും കമ്പോളത്തിൽ ലഭ്യമല്ലാത്തതുമായ വസ്തുക്കളുണ്ട്”. ഓരോ യാത്രയ്ക്കും രതി ചുരുങ്ങിയത് നാലുമണിക്കൂർ ചിലവഴിക്കുന്നു. ചെടികളന്വേഷിച്ച് 10 കിലോമീറ്റർ നടക്കുകയും ചെയ്യുന്നു. ‘എന്നാൽ വീട്ടിലെത്തിയാൽ, അവയ്ക്ക് എന്ത് സംഭവിക്കുമെന്ന് എനിക്കറിയില്ല’, ചിരിച്ചുകൊണ്ട് അവർ പറയുന്നു.

*****

Rathy in the forest plucking tamarind.
PHOTO • Aparna Karthikeyan
tamarind pods used in foods across the country
PHOTO • Aparna Karthikeyan

കാട്ടിൽ പുളി പറിക്കുന്ന രതി (ഇടത്ത്). രാജ്യത്താകമാനം, ഭക്ഷണത്തിൽ ഉപയോഗിക്കുന്ന പുളി (വലത്ത്

കാട്ടിലേക്കുള്ള യാത്ര രസകരമായിരുന്നു. കുട്ടികളുടെ കഥാപുസ്തകം പോലെ, ഓരോ തിരിവിലും അത്ഭുതങ്ങൾ കാത്തിരുന്നു. അവിടെ ചില പക്ഷികൾ, ഇവിടെ ചില ചിത്രശലഭങ്ങൾ, വലിയ മനോഹരമായ നിഴലുകൾ വരയ്ക്കുന്ന മരങ്ങൾ. അധികം പായമായിട്ടില്ലാത്ത കുറച്ച് പഴങ്ങൾ കാണിച്ച്, രതി പറയുന്നു, “കുറച്ച് ദിവസങ്ങൾക്കുള്ളിൽ അവയ്ക്ക് രുച്ഇ കൂടും”. പിറന്തയിക്കുവേണ്ടി കുറേ തിരഞ്ഞെങ്കിലും കിട്ടിയില്ല.

ആരോ നമുക്കും മുമ്പേ അത് വന്ന് പറിച്ചുകൊണ്ടുപോയി. സാരമില്ല. തിരിച്ചുപോവുമ്പോൾ കണ്ടുപിടിക്കാം”

അതിനുപകരമെന്നോണം, അവൾ ഒരു വലിയ പുളിമരത്തിന് ചുവട്ടിൽ വന്നുനിന്ന്, ഭാരമുള്ളൊരു കൊമ്പ് താഴ്ത്തി, കുറേ പുളികൾ പറിച്ചെടുത്തു. തള്ളവിരലിനും ചൂണ്ടുവിരലിനുമിടയിൽ‌വെച്ച് തൊണ്ട് ഞെക്കി, അതിനകത്തെ മധുരവും പുളിയുമുള്ള കാമ്പ് പുറത്തെടുത്ത് ഞങ്ങൾ തിന്നു. വായനയെക്കുറിച്ചുള്ള രതിയുടെ ഓർമ്മകൾ പുളിയുമായി ബന്ധപ്പെട്ടതാണ്. “ഞാൻ ഏതെങ്കിലും പുസ്തകവുമെടുത്ത് ഒരു മൂലയ്ക്കൽ പോയി, പുളിയും തിന്ന് വായിച്ചുകൊണ്ടിരിക്കും”, അവർ പറയുന്നു.

കുറച്ച് വലിയ കുട്ടിയായപ്പോൾ രതി വീടിന്റെ പിന്നിലെ തൊടിയിലുള്ള കൊടുക്കാപുളിമരത്തിൽ കയറിയിരുന്നായി  പുസ്തകവായന. “14, 15 വയസ്സുള്ളപ്പോൾ ഞാനതിന്റെ മുകളിൽ കയറിയിരുന്ന് വായിക്കുന്നതുകണ്ട്, അമ്മ അത് മുറിച്ചുകളഞ്ഞു”, പൊട്ടിച്ചിരിച്ചുകൊണ്ട് രതി പറയുന്നു.

സമയം നട്ടുച്ചയായി. സൂര്യൻ ഞങ്ങളുടെ തലയ്ക്ക് മുകളിലെത്തി. ജനുവരിയിൽ ഇത് പതിവില്ലാത്തതാണ്. “കുറച്ചുകൂടി നടന്നാൽ നമ്മൾ പുളിയൂട്ടുവിലെത്തും. ഗ്രാമത്തിന്റെ ജലസ്രോതസ്സാണ് അത്”, രതി പറയുന്നു. വറ്റിവരണ്ട തോടിന്റെ അരികുകളിൽ അല്പം വെള്ളക്കെട്ടുകൾ കണ്ടു. ചിത്രശലഭങ്ങൾ അവയ്ക്ക് മുകളിൽ നൃത്തം ചെയ്യുന്നുണ്ടായിരുന്നു. അവ ചിറകുകൾ വിടർത്തുകയും (ഉള്ളിൽ, കരിനീല നിറമായിരുന്നു), അടയ്ക്കുകയും (സാധാരണ ചാരനിറമായിരുന്നു പുറത്ത്) ചെയ്തുകൊണ്ടിരുന്നു. ഇതിൽ‌പ്പരം ഒരു അത്ഭുതം ഇനി ഉണ്ടാവില്ലെന്ന് കരുതിയപ്പോഴാണ് അത് സംഭവിച്ചത്

പുളിയൂട്ടു എന്ന കുളം, ഗ്രാമദേവതയുടെ പുരാതനമായ അമ്പലത്തോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. നേരെ മുമ്പിലായി, രതി ചൂണ്ടിക്കാട്ടിയ ഇടത്ത്, ഗണേശഭഗവാന്റെ പുതിയൊരു ക്ഷേത്രവും പണിയുന്നുണ്ടായിരുന്നു. ഒരു വലിയ ആൽമരത്തിന്റെ ചുവട്ടിലിരുന്ന് ഞങ്ങൾ ഓറഞ്ചുകൾ കഴിച്ചു. ഞങ്ങൾക്ക് ചുറ്റുമുള്ളതെല്ലാം മാർദ്ദവമുള്ളതായിരുന്നു..കാട്ടിനകത്തെ ഉച്ചവെളിച്ചം, ഓറഞ്ചിന്റെ മണം, ഓറഞ്ച്, കുളത്തിലെ കറുത്ത മീനുകൾ. വളരെ മൃദുശബ്ദത്തിൽ രതി എനിക്ക് ഒരു കഥ പറഞ്ഞുതന്നു. ‘ഇതിനെ പിത്, പിപ്, പീൽ എന്നാണ് വിളിക്കുന്നത്’. അവൾ പറയുന്നു. ഞാൻ ശ്രദ്ധയോടെ കേട്ടിരുന്നു.

Rathy tells me stories as we sit under a big banyan tree near the temple
PHOTO • Aparna Karthikeyan
Rathy tells me stories as we sit under a big banyan tree near the temple
PHOTO • Aparna Karthikeyan

അമ്പലത്തിനടുത്തുള്ള (വലത്ത്) ആൽമരത്തിന്റെ ചുവട്ടിലിരിക്കുമ്പോൾ രതി എനിക്ക് കഥകൾ പറഞ്ഞുതന്നു

രതിക്ക് കഥകൾ എപ്പോഴും ഇഷ്ടമായിരുന്നു. ബാങ്ക് മാനേജരായ സമുദ്രം തനിക്കായി മിക്കി മൌസുകൾ കൊണ്ടുവരുന്നതാണ് അവളുടെ ഏറ്റവും പഴയ കുട്ടിക്കാല ഓർമ്മകളിലൊന്ന്. “ഞാൻ ഓർക്കുന്നുണ്ട്. എന്റെ സഹോദരൻ ഗംഗയ്ക്ക് ഒരു വീഡിയോ ഗെയിമും, അനിയത്തി നർമ്മദയ്ക്ക് ഒരു കളിപ്പാട്ടവും എനിക്ക് ഒരു പുസ്തകവുമാണ് അച്ഛൻ കൊണ്ടുവന്നത്”! അച്ഛനിൽനിന്നാണ് രതി വായനാശീലം കണ്ടെടുത്തത്. പുസ്തകങ്ങളുടെ വലിയൊരു ശേഖരമുണ്ടായിരുന്നു അദ്ദേഹത്തിന്. മാത്രമല്ല, രതിയുടെ പ്രൈമറി സ്കൂളിൽ ഒരു വലിയ ലൈബ്രറിയുമുണ്ടായിരുന്നു. “അവരൊരിക്കലും പുസ്തകങ്ങൾ പൂട്ടിവെച്ചില്ല. എനിക്കുവേണ്ടി, അപൂർവ്വമായ പുസ്തകങ്ങളുടെ ഭാഗം തുറന്നുതരികയും ചെയ്തു. നാഷണൽ ജ്യോഗ്രാഫിക്കും, എൻ‌സൈക്ലോപീഡിയയുമൊക്കെ. എനിക്ക് പുസ്തകങ്ങൾ ഇഷ്ടമായിരുന്നു എന്നതാണ് കാരണം!“.

വായന അത്രയ്ക്ക് ഇഷ്ടമായിരുന്നതുകൊണ്ട്, കുട്ടിക്കാലം മുഴുവൻ ചിലവഴിച്ചത് പുസ്തകങ്ങൾ വായിച്ചാണ്. “റഷ്യയിൽനിന്ന് വിവർത്തനം ചെയ്ത ഒരു പുസ്തകമുണ്ടായിരുന്നു. അത് നഷ്ടപ്പെട്ടുവെന്നുതന്നെ ഞങ്ങൾ കരുതി. അതിന്റെ പേരോർമ്മയില്ല. ചിത്രങ്ങളും കഥകളും മാത്രമേ ഓർമ്മയിലുള്ളു. കഴിഞ്ഞ വർഷം ഞാനത് ആമസോണിൽ കണ്ടെത്തി. കടൽ‌സിംഹങ്ങളെക്കുറിച്ചും കടൽ‌യാത്രയെക്കുറിച്ചുമായിരുന്നു അത്. അത് കേൾക്കണോ?” ആ കഥ പറഞ്ഞുതരുമ്പോൾ രതിയുടെ ശബ്ദവും, കടലിലെ തിരകളെപ്പോലെ ഉയരുകയും താഴുകയും ചെയ്യുന്നുണ്ടായിരുന്നു.

കടലുപോലെത്തന്നെ കലുഷിതമായിരുന്നു അവളുടെ കുട്ടികാലവും. ഹൈസ്കൂളിൽ പഠിച്ചുകൊണ്ടിരിക്കുമ്പോൾ ചുറ്റുമുണ്ടായ കലാപങ്ങൾ അവൾ ഓർത്തെടുക്കുന്നു. “കത്തിക്കുത്ത്, ബസ്സുകൾ കത്തിക്കൽ. എപ്പോഴും അവയെക്കുറിച്ചുള്ള വാർത്തകൾ കേട്ടുകൊണ്ടിരുന്നു ചുറ്റും. ഞങ്ങളുടെ ഗ്രാമത്തിൽ, ഉത്സവങ്ങൾക്കും ചടങ്ങുകൾക്കും സിനിമകൾ കാണിക്കുന്ന ഒരു പതിവുണ്ടായിരുന്നു. അക്രമത്തിന്റെ മുഖ്യമായ സ്രോതസ്സ് അതായിരുന്നു. ഒരു കത്തിക്കുത്ത് നടക്കും. ഞാൻ 8-ആം ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു ഏറ്റവും കൂടുതൽ അക്രമമുണ്ടായത്. കർണ്ണൻ എന്ന സിനിമ കണ്ടിട്ടുണ്ടോ? ഞങ്ങളുടെ ജീവിതം അതുപോലെയായിരുന്നു. 1995-ൽ കൊടിയങ്കുളത്ത് നടത്ത ജാതിലഹളയെക്കുറിച്ചുള്ള ഒരു കല്പിതകഥയാണ് അത്. ധനുഷായിരുന്നു പ്രധാന വേഷം ചെയ്തത്. അധസ്ഥിതരായ ദളിത് സമൂഹത്തിൽനിന്ന് ഉയർന്നുവന്ന, ചൂഷണത്തിനെതിരായ സമരത്തിന്റെ പ്രതീകമായി മാറിയ ചങ്കൂറ്റവും അനുകമ്പയുമുള്ള ഒരു യുവാവിന്റെ കഥയായിരുന്നു അത്. “സവർണ്ണരായ ഗ്രാമീണർ അധികാരവും വിശേഷാവകാശങ്ങളും കൈയ്യാളുമ്പോൾ, ദളിതർക്ക് അനുഭവിക്കേണ്ടിവരുന്നത് വിവേചനമായിരുന്നു”.

ജാതികലാപങ്ങൾ മൂർദ്ധന്യത്തിലെത്തിയ തൊണ്ണൂറുകളുടെ അവസാനം‌വരെ, രതിയുടെ അച്ഛൻ ഉദ്യോഗസംബന്ധമായി വിവിധ നഗരങ്ങളിലായിരുന്നു താമസിച്ചിരുന്നത്. രതിയും സഹോദങ്ങളും അമ്മയോടൊപ്പം ഗ്രാമത്തിലും. എന്നാൽ, 9, 10, 11, 12  ക്ലാസ്സുകളിലേക്കെത്തിയപ്പോൾ അവൾ ഓരോവർഷവും പുതിയ സ്കൂളുകളിലായിരുന്നു.

ജീവിതാനുഭവങ്ങളാണ് രതിയുടെ തൊഴിൽ തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചത്. “നോക്കൂ, 30 വർഷം ഞാൻ തിരുനെൽ‌വേലിയിൽ ഒരു വായനക്കാരിയായിരുന്നു. പ്രൈമറി സ്കൂളിൽ ഞാൻ തിരഞ്ഞെടുത്തത് ഷേക്സ്പിയറിനെയാണ്. എനിക്കേറ്റവും ഇഷ്ടപ്പെട്ട പുസ്തകങ്ങളിലൊന്ന് (ജോർജ്ജ് എലിയറ്റിന്റെ) മിൽ ഓൺ ദി ഫ്ലോസ്സ് ആണെന്ന് അറിയാമോ? വർണ്ണത്തെക്കുറിച്ചും വർഗ്ഗത്തെക്കുറിച്ചുമുള്ളതാണ് അത്. അതിലെ മുഖ്യ കഥാപാത്രം കറുത്ത തൊലിയുള്ള ഒരു സ്ത്രീയാണ്. ബിരുദപൂർവ്വ ക്ലാസ്സുകളിലേക്ക് നിർദ്ദേശിക്കപ്പെട്ട പുസ്തകമാണെങ്കിലും ആരോ സ്കൂളിലേക്ക് ആ പുസ്തകം സംഭാവന ചെയ്തതുകൊണ്ട്, ഞാനത് 4-ആം ക്ലാസ്സിൽ‌വെച്ചുതന്നെ വായിച്ചിരുന്നു. അതിലെ ആ കഥാപാത്രവുമായി ഞാൻ താദാത്മ്യപ്പെട്ടു. അവളുടെ കഥ എന്നെ വേദനിപ്പിക്കുകയും ചെയ്തു.

Rathy shows one of her favourite books
PHOTO • Aparna Karthikeyan
Rathy shows her puppets
PHOTO • Varun Vasudevan

രതി അവർക്കിഷ്ടപ്പെട്ട ഒരു പുസ്തകവും (ഇടത്ത്) പാവകളേയും (വലത്ത്) കാണിച്ചുതരുന്നു

വർഷങ്ങൾക്കുശേഷം രതി കുട്ടികളുടെ പുസ്തകങ്ങളെ വീണ്ടും വായനയിലൂടെ കണ്ടെത്തിയപ്പോൾ, അത് അവരെ അവരുടെ തൊഴിലിലേക്ക് നയിച്ചു. “കുട്ടികൾക്കുവേണ്ടിയിട്ടുള്ള പുസ്തകങ്ങളുണ്ടെന്ന് ഞാൻ മനസ്സിലാക്കിയിരുന്നില്ല. വേർ ദി വൈൽഡ് തിംഗ്സ് ആറും, ഫെർഡിനാൻഡും പോലെയുള്ള പുസ്തകങ്ങളുണ്ടെന്ന് ഞാൻ കരുതിയിരുന്നില്ല. 80-90 വർഷങ്ങളായി അവ നിലനിൽക്കുന്നുണ്ടെങ്കിലും നഗരത്തിലെ കുട്ടികൾ അതൊന്നും വായിച്ചിരുന്നില്ല. കുട്ടിയായിരുന്നപ്പോൾത്തന്നെ ഈ പുസ്തകങ്ങളിലേക്ക് എത്താൻ എനിക്ക് കഴിഞ്ഞിരുന്നെങ്കിലോ എന്ന ചിന്തയിലേക്ക് എന്നെ അതെത്തിച്ചു. എങ്കിൽ എന്റെ യാത്ര വ്യത്യസ്തമായേനേ. കൂടുതൽ മെച്ചപ്പെടുമായിരുന്നു എന്നല്ല. വ്യത്യസ്തമാവുമായിരുന്നു.

വായനയെ ഇപ്പോഴും, പഠനപ്രവർത്തനങ്ങളിൽനിന്ന് വ്യത്യസ്തമായാണ് വീക്ഷിക്കുന്നത്. “ഒരു വിനോദമായിട്ടാണ് അതിനെ കണക്കാക്കുന്നത്, ശേഷി വർദ്ധിപ്പിക്കുന്ന ഒന്നായിട്ടല്ല. അച്ഛനമ്മമാരും പാഠ്യ-പ്രവർത്തന പുസ്തകങ്ങൾ മാത്രമേ വാങ്ങാറുള്ളു. രസിക്കാനായി പുസ്തകങ്ങൾ വായിക്കുമ്പോൾത്തന്നെ അത് എങ്ങിനെ കുട്ടികളെ പഠിക്കാനും സഹായിക്കുന്നു എന്ന് അവർ തിരിച്ചറിയുന്നില്ല. മാത്രമല്ല, നഗര-ഗ്രാമങ്ങൾതമ്മിൽ വലിയ അന്തരവുമുണ്ട്. നഗരത്തിലെ കുട്ടികളേക്കാൾ രണ്ടോ മൂന്നോ പടി പിന്നിലാണ് (വായനാശേഷിയിൽ) ഗ്രാമങ്ങളിലെ കുട്ടികൾ”, രതി പറയുന്നു.

അതുകൊണ്ടാണ് ഗ്രാമത്തിലെ കുട്ടികളോടൊത്ത് പ്രവർത്തിക്കാൻ രതി ഇഷ്ടപ്പെടുന്നത്. കഴിഞ്ഞ ആറുകൊല്ലമായി ലിറ്ററേച്ചർ ഫെസ്റ്റിവലുകളും പുസ്തക ഫെസ്റ്റുകളുമൊക്കെ അവർ സംഘടിപ്പിക്കുന്നുണ്ട്. ഗ്രാമങ്ങളിലെ ലൈബ്രറികൾ ക്യൂറേറ്റ് ചെയ്യുന്ന ജോലിയും അവർ ഏറ്റെടുത്തിരിക്കുന്നു. കാറ്റലോഗുകൾ നന്നായി സൂക്ഷിക്കുകയും എന്നാൽ അതിന്റെ ഉള്ളടക്കത്തെക്കുറിച്ച് അറിവില്ലാത്തവരുമായ, വിദ്യാഭ്യാസയോഗ്യതയുള്ള ലൈബ്രേറിയന്മാരെയും ചിലപ്പോൾ കണ്ടുമുട്ടാറുണ്ടെന്ന് രതി പറയുന്നു. “നിങ്ങൾ എന്തെല്ലാം പുസ്തകങ്ങളാണ് വായിക്കേണ്ടതെന്ന് അവർക്ക് പറഞ്ഞുതരാൻ പറ്റുന്നില്ലെങ്കിൽ പിന്നെയെന്ത് കാര്യം?”

“ഒരിക്കൽ ഒരു ലൈബ്രേറിയൻ എന്നോട് ചോദിക്കുകയാണ്, ‘മാഡം എന്തിനാണ് കുട്ടികളെ ലൈബ്രറിക്കകത്തേക്ക് കടത്തിവിടുന്നത്’ എന്ന്. എന്റെ പ്രതികരണം നിങ്ങൾ കാണേണ്ടതായിരുന്നു”, ശബ്ദം താഴ്ത്തി സ്വകാര്യം‌പോലെ പറഞ്ഞതിനുശേഷം രതി നിറഞ്ഞ ചിരി അന്തരീക്ഷത്തിൽ നിറഞ്ഞു.

*****

തിരിച്ചുപോരുമ്പോൾ ഞങ്ങൾ പിറന്തയി കണ്ടു. ചെടികളുടേയും കുറ്റിക്കാടുകളുടേയും മുകളിൽ അവ പിണഞ്ഞുകിടക്കുകയായിരുന്നു. പറിച്ചെടുക്കേണ്ട ഇളം‌പച്ച തണ്ടുകൾ രതി എനിക്ക് കാണിച്ചുതന്നു. വള്ളി ഒരു കരകര ശബ്ദത്തോടെ മുറിഞ്ഞു. രതി അത് കൈയ്യിൽ ശേഖരിച്ചു. പിറന്തായിയുടെ വൃത്തിയുള്ള ഒരു കെട്ട്. ‘ചെകുത്താന്റെ നട്ടെല്ല്’, ഞങ്ങൾ വീണ്ടും ആ പേരോർത്ത് ചിരിച്ചു.

Foraging and harvesting pirandai (Cissus quadrangularis), the creeper twisted over plants and shrubs
PHOTO • Aparna Karthikeyan
Foraging and harvesting pirandai (Cissus quadrangularis), the creeper twisted over plants and shrubs
PHOTO • Aparna Karthikeyan

പിറന്തയി തപ്പിനടന്ന് പറിച്ചെടുക്കുന്നു (സിസ്സസ് ക്വാഡ്രാംഗുലാരിസ്), ചെടികളുടേയും കുറ്റിക്കാടുകളുടേയും മുകളിൽ പിണഞ്ഞുകിടന്നിരുന്ന വള്ളി

മഴയ്ക്കുശേഷം ചെടി വീണ്ടും വളരുമെന്ന് രതി ഉറപ്പ് പറയുന്നു. “കടും‌പച്ച നിറമുള്ള ഭാഗങ്ങൾ ഞങ്ങൾ പറിക്കാറില്ല. വളർത്തുമത്സ്യങ്ങളെ മാറ്റുന്നപോലെയാണ് അത്. പിന്നെ എങ്ങിനെ നിങ്ങൾക്ക് എങ്ങിനെ വറുക്കാനാവും?”

ഗ്രാമത്തിലേക്കുള്ള മടക്കം നല്ല ചൂടിലായിരുന്നു. സൂര്യൻ നിന്നുകത്തി. പനകളും കുറ്റിക്കാടുകളും ചാരനിറത്തിൽ വറ്റിവരണ്ട് നിന്നു. ഭൂമി, വെയിലിൽ ചുട്ടുപഴുത്തു. ഒരുകൂട്ടം ദേശാടനപ്പക്ഷികൾ - ഇബിസുകൾ - ഞങ്ങൾ വരുന്നത് കണ്ട് പറക്കാൻ തുടങ്ങി. കാലുകൾ ഉള്ളിലേക്കാക്കി, ചിറക് വിടർത്തി, അവ മനോഹരമായി വായുവിൽ പറന്നുപൊങ്ങി. കൈയ്യിൽ ഭരണഘടനയുമായി ഉയരത്തിൽ നിൽക്കുന്ന ഡോ. അംബേദ്ക്കറിന്റെ പ്രതിമയുള്ള ഗ്രാമചത്വരത്തിൽ ഞങ്ങളെത്തി. “അന്നത്തെ ആ കലാപത്തിനുശേഷമാണെന്ന് തോന്നുന്നു, പ്രതിമയ്ക്ക് ചുറ്റും ഇരുമ്പുവേലി കെട്ടിയത്”.

പ്രതിമ നിന്നിരുന്ന സ്ഥലത്തിന്റെ ഏതാനും മിനിറ്റുകൾ മാത്രം ദൂരെയായിരുന്നു രതിയുടെ വീട്. കഥകൾ വിമലീകരിക്കുന്നതായി തോന്നുന്നുവെന്ന് വീട്ടിലെ മുറിയിലെത്തിയപ്പോൾ രതി പറഞ്ഞു. “കഥ പറയുന്ന ആൾ എന്ന നിലയിൽ സ്റ്റേജിലെത്തുമ്പോൾ ധാരാളം വൈകാരികത ഞാൻ അനുഭവിക്കുന്നുണ്ട്. മറ്റൊരിടത്ത് അതെനിക്ക് സാധിക്കില്ല. മടുപ്പും, ക്ഷീണവും‌പോലെയുള്ള ചെറിയ വികാരങ്ങളെപ്പോലും മറച്ചുവെച്ച് മുന്നോട്ട് പോകാൻ നിങ്ങൾക്ക് തോന്നും. എന്നാൽ സ്റ്റേജിൽ ഞാൻ പ്രദർശിപ്പിക്കുന്നത് അത്തരം വികാരങ്ങളാണ്”.

കാണികൾ തന്നെയല്ല, കഥാപാത്രത്തെയാണ് കാണുന്നതെന്ന് രതി പറയുന്നു. ദു:ഖത്തിനുപോലും സ്റ്റേജിൽ പുറത്തുവരാൻ ഒരിടം കിട്ടുന്നു. “ആളുകളെ ഇങ്ങോട്ട് ഓടിവരാൻ പ്രേരിപ്പിക്കുന്നവിധത്തിൽ ഭംഗിയായി കരയാൻ എനിക്ക് സാധിക്കും”, രതി പറയുന്നു. അതൊന്ന് കാണിച്ചുതരാമോ എന്ന് ഞാൻ ചോദിച്ചു. “ഇപ്പോൾ പറ്റില്ല. ഇവിടെ എന്തായാലും പറ്റില്ല. ചുരുങ്ങിയത് മൂന്ന് ബന്ധുക്കളെങ്കിലും പരിഭ്രമിച്ച് ഓടിവരും, എന്തുപറ്റിയെന്ന് അന്വേഷിക്കാൻ”, രതി ചിരിക്കുന്നു.

എനിക്ക് യാത്ര പറയാനുള്ള സമയമായി. രതി സാമാന്യം വലിയ ഒരു പാക്കറ്റിൽ പിറന്തയി പിറന്തായി അച്ചാർ തന്നുവിട്ടു. എണ്ണയിൽ തിളങ്ങിയ അതിൽ വെളുത്തുള്ളി പൊന്തിക്കിടന്നു. സ്വർഗ്ഗീയമായ സുഗന്ധമായിരുന്നു അതിന്. ചെടികളും കഥകളും തേടിയുള്ള ഒരു ദീർഘമായ നടത്തത്തിന്റെ ഓർമ്മയാണ് അതെന്നിൽ ഉണ്ടാക്കുന്നത്.

Cleaning and cutting up the shoots for making pirandai pickle
PHOTO • Bhagirathy
Cleaning and cutting up the shoots for making pirandai pickle
PHOTO • Bhagirathy

പിറന്തയി പിക്കിളൂണ്ടാക്കാനായി തണ്ടുകൾ വൃത്തിയാക്കുകയും മുറിക്കുകയും ചെയ്യുന്നു

Cooking with garlic
PHOTO • Bhagirathy
final dish: pirandai pickle
PHOTO • Bhagirathy

വെളുത്തുള്ളി (ഇടത്ത്) ചേർത്ത് പാചകം ചെയ്യുന്നു. തയ്യാറായ വിഭവം: പിറന്തയി അച്ചാർ (വലത്ത്). ചേരുവ താഴെ കാണാം

രതിയുടെ അമ്മ വഡിവമ്മാളിന്റെ പിറന്തയി അച്ചാർ ചേരുവ:

പിറന്തായി വൃത്തിയാക്കി നല്ലവണ്ണം ചെറുതായി അരിഞ്ഞ്,. വീണ്ടും കഴുകി വെള്ളം അരിപ്പയിലിട്ട് ഊറ്റിക്കളയണം. ഒട്ടും വെള്ളമുണ്ടാവരുത്. ഒരു പരന്ന ചട്ടിയെടുത്ത്, ആവശ്യത്തിന് എള്ളെണ്ണയൊഴിക്കുക. ചട്ടിയും എണ്ണയും ചൂടാവുമ്പോൾ കടുക് വറുക്കുക. വേണമെങ്കിൽ ഉലുവക്കുരുവും വെളുത്തുള്ളിയും അതിൽ ചേർക്കാം. ചെമ്പിന്റെ നിറം കിട്ടുന്നതുവരെ ഇളക്കുക. പുളിയുടെ ഒരു ഉരുളയെടുത്ത് വെള്ളത്തിലിട്ട് കുതിർത്തി അതിന്റെ സത്ത് പിഴിഞ്ഞൊഴിക്കുക. പിറന്തായി ചിലപ്പോൾ ചിലർക്ക് അസ്വസ്ഥതകളുണ്ടാക്കും. (കഴുകുമ്പോഴും വൃത്തിയാക്കുമ്പോഴും കൈകൾ ചൊറിയും) അതില്ലാതാക്കാനാണ് പുളി ചേർക്കുന്നത്.

പുളിവെള്ളത്തിന്റെ കൂടെ ഉപ്പ്, മഞ്ഞപ്പൊടി, മുളകുപൊടി, പെരുങ്കായം എന്നിവ ചേർത്ത് ഇളക്കിക്കൊണ്ടിരിക്കുക. ഒടുവിൽ എല്ലാ ചേരുവകളും നന്നായി ചേർന്ന് പിറന്തയി പാകമാവുകയും, എള്ളെണ്ണ മുകളിൽ പൊങ്ങിക്കിടക്കുകയ്ം ചെയ്യുന്നതുവരെ. ഇനി അച്ചാർ തണുപ്പിക്കാൻ വെക്കണം. എന്നിട്ട് കുപ്പിയിലാക്കി വെക്കുക. ഒരുവർഷംവരെ കേടുകൂടാതെ ഇരിക്കും അത്.


2020-ലെ റിസർച്ച് ഫണ്ടിംഗ് പ്രോഗ്രാമിന്റെ ഭാഗമായി അസിം പ്രേംജി യൂണിവേഴ്സിറ്റി ധനസഹായം നൽകിയ റിസർച്ച് പഠനമാണ് ഇത്.

പരിഭാഷ: രാജീവ് ചേലനാട്ട്

Aparna Karthikeyan

অপর্ণা কার্তিকেয়ন একজন স্বতন্ত্র সাংবাদিক, লেখক এবং পারি’র সিনিয়র ফেলো। তাঁর 'নাইন রুপিজ অ্যান আওয়ার' বইটি গ্রামীণ তামিলনাডুর হারিয়ে যেতে থাকা জীবিকাগুলিরর জলজ্যান্ত দস্তাবেজ। এছাড়াও শিশুদের জন্য পাঁচটি বই লিখেছেন তিনি। অপর্ণা তাঁর পরিবার ও সারমেয়কূলের সঙ্গে বসবাস করেন চেন্নাইয়ে।

Other stories by অপর্ণা কার্তিকেয়ন
Editor : P. Sainath

পি. সাইনাথ পিপলস আর্কাইভ অফ রুরাল ইন্ডিয়ার প্রতিষ্ঠাতা সম্পাদক। বিগত কয়েক দশক ধরে তিনি গ্রামীণ ভারতবর্ষের অবস্থা নিয়ে সাংবাদিকতা করেছেন। তাঁর লেখা বিখ্যাত দুটি বই ‘এভরিবডি লাভস্ আ গুড ড্রাউট’ এবং 'দ্য লাস্ট হিরোজ: ফুট সোলজার্স অফ ইন্ডিয়ান ফ্রিডম'।

Other stories by পি. সাইনাথ
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

Other stories by Rajeeve Chelanat