“എന്റെ ഇടത്തേ കണ്ണിന് ഒട്ടും കാഴ്ചയില്ല. ശക്തിയുള്ള പ്രകാശം അടിക്കുമ്പോൾ വേദനിക്കുന്നു. നല്ല വേദനയുണ്ട്. ഇതുകാരണം, വലിയ വെല്ലുവിളിയാണ് ഞാൻ നേരിടുന്നത്,” പശ്ചിമ ബംഗാളിലെ 24 പർഗാന ജില്ലയിലെ ബംഗാവോൻ പട്ടണത്തിലെ വീട്ടമ്മയായ പ്രമീള നസ്കർ പറയുന്നു. നാല്പതിന്റെ തുടക്കത്തിലെത്തിയ അവർ, ചികിത്സയ്ക്കായി കൊൽക്കൊത്തയിലെ റീജണൽ ഇൻസ്റ്റിട്യൂറ്റ് ഓഫ് ഓഫ്താൽമോളജിയിൽ ആഴ്ചതോറുമുള്ള കോർണിയ ക്ലിനിക്കിൽ വന്നപ്പോഴാണ് ഞങ്ങളോട് സംസാരിച്ചത്.
പ്രമീള നസ്കറിനോട് സഹതപിക്കാൻ എനിക്കാവും. കാരണം, ഒരു കണ്ണിലെ കാഴ്ചക്കുറവുപോലും ഒരു ഫോട്ടോഗ്രാഫറെ സംബന്ധിച്ചിടത്തോളം എത്ര വലിയ വെല്ലുവിളിയാകുമെന്ന് എനിക്ക് എളുപ്പത്തിൽ ഊഹിക്കാൻ കഴിയുമായിരുന്നു. 2007-ൽ എന്റെ ഇടത്തേ കണ്ണിൽ ഒരു കോർണിയൽ അൾസർ ബാധ്ച്ച് ഞാൻ അന്ധയാവേണ്ട സ്ഥിതിയിലെത്തിയതായിരുന്നു. വിദേശത്തായിരുന്ന എനിക്ക് ഇന്ത്യയിലേക്ക് ചികിത്സയ്ക്കായി വരേണ്ടിവന്നു. പൂർണ്ണമായ കാഴ്ച കിട്ടുന്നതിനുമുൻപ്, ഒന്നര മാസത്തോളം ദുരിതപൂർണ്ണമായ ഒരു പുനരധിവാസ പ്രക്രിയയിലൂടെ എനിക്ക് കടന്നുപോകേണ്ടിവന്നു. ഭേദമായി ഒന്നര പതിറ്റാണ്ട് കഴിഞ്ഞിട്ടും, അന്ധയാകുമോ എന്ന ഭയം എന്നെ വിട്ടൊഴിഞ്ഞിട്ടില്ല. കാഴ്ച നഷ്ടപ്പെടുക എന്നത് ഒരു ഫോട്ടോഗ്രാഫറെ സംബന്ധിച്ച് എത്ര വലിയ ദുരന്തമായിരിക്കും എന്ന് ഞാൻ മനസ്സിൽ കണ്ടു.
ആഗോളമായി, ചുരുങ്ങിയത് 2.2 ബില്ല്യൺ ആളുകൾക്കെങ്കിലും സമീപകാലത്തോ അല്പകാലത്തിനുള്ളിലോ കാഴ്ചശക്തി നഷ്ടപ്പെടും എന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ.) പറയുന്നു. ഇവരി 1 ബില്യൺ - അഥവാ പകുതി – കേസുകളിലെങ്കിലും അന്ധത ഒഴിവാക്കാൻ കഴിയുമായിരുന്നു, അല്ലെങ്കിൽ, ഇനിയും പരിശോധിക്കപ്പെടേണ്ടതുണ്ട്..”
തിമിരം കഴിഞ്ഞാൽ, ലോകമെങ്ങും, അന്ധതയുടെ രണ്ടാമത്തെ പ്രധാനപ്പെട്ട കാരണം കോർണിയൽ (കാചപടലത്തിലെ) രോഗങ്ങളാണ്. കോർണിയൽ അന്ധതയുടെ സാംക്രമികരോഗശാസ്ത്രം സങ്കീർണ്ണമാണ്. അണുബാധയും പഴുപ്പുമടക്കം നിരവധി അവസ്ഥകളാൽ, കോർണിയയിൽ പാടുകൾ വീഴുകയും കാഴ്ചാനഷ്ടത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ഓരോ രാജ്യത്തും കോർണിയൽ രോഗങ്ങളുടെ ആവൃത്തി വ്യത്യസ്തമാണ്.
കോർണിയൽ രോഗങ്ങൾ മൂലം 6/60ൽ താഴെ മാത്രം കാഴ്ചശക്തിയുള്ള ഏകദേശം 6.8 ദശലക്ഷം ആളുകൾ ഇന്ത്യയിലുണ്ടെന്ന് ഇന്റർനാഷണൽ ജേണൽ ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ക്ലിനിക്കൽ ഇൻവെൻഷന്റെ 2018-ലെ ഒരു പഠനം കണക്കാക്കുന്നു. ഇതിൽ ഒരു ദശലക്ഷം ആളുകൾക്ക് ഇരുകണ്ണിനും പ്രശ്നമുണ്ട്. സാധാരണ കാഴ്ചശക്തിയുള്ള ഒരാൾക്ക് 60 മീറ്റർവരെ വ്യക്തമായി കാണാൻ കഴിയുമെങ്കിൽ 6/60 കാഴ്ചശക്തിയുള്ളവർക്ക് 6 മീറ്റർവരെ മാത്രമേ കാണാനാകൂ. 2020-ഓടെ ഇക്കൂട്ടരുടെ എണ്ണം 10.6 ദശലക്ഷമായേക്കുമെന്നും പഠനം സൂചിപ്പിക്കുന്നു. എന്നാൽ ഇതിനെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ ലഭ്യമല്ല.
ഇന്ത്യയിലെ കോർണിയൽ അന്ധത (കോർണിയൽ ബ്ലൈൻഡ്നെസ്സ് - സി.ബി) 1.2 ദശലക്ഷമാണ്, പൂർണ്ണമായ അന്ധതയുടെ 0.36 ശതമാനമാണത്. എല്ലാവർഷവും 30,000 ആളുകൾ ഇതിൽ പുതുതായി ചേരുന്നു എന്ന് ഇന്ത്യൻ ജേണൽ ഓഫ് ഓഫ്താൽമോളജിയുടെ ഒരു റിവ്യൂ ആർട്ടിക്കിൾ പറയുന്നു. 1978-ലാണ് കൊൽക്കൊത്ത മെഡിക്കൾ കൊളേജിൽ റീജ്യണൽ ഇൻസ്റ്റിട്യൂറ്റ് ഓഫ് ഓഫ്താൽമോളജി (ആർ.ഐ.ഒ.) സ്ഥാപിതമായത്. ഇൻസ്റ്റിട്യൂറ്റിന്റെ നിലവിലെ ഡയറ്ക്ടറായ പ്രൊഫസ്സർ അസിം കുമാർ ഘോഷിന്റെ നേതൃത്വത്തിൽ ആർ.ഐ.ഒ. ഗണ്യമായ വളർച്ച കൈവരിച്ചു. ആഴ്ചയിലൊരിക്കൽ നടക്കുന്ന ആർ.ഐ.ഒ.യുടെ കോർണിയ ക്ലിനിക്കിൽ, ഒരൊറ്റ ദിവസം 150-ലധികം രോഗികളെ പരിശോധിക്കുന്നു.
ഏറ്റവുമധികം സഹായം ആവശ്യമുള്ളവരെയാണ് ഡോ അശീഷ് മജുംദാറും അദ്ദേഹത്തിന്റെ സഹപ്രവർത്തകരും ചേർന്ന് നടത്തുന്ന ഈ ക്ലിനിക്ക് സേവിക്കുന്നത്. എന്റെ സ്വന്തം അനുഭവം ചൂണ്ടിക്കാട്ടി ഡോ. അശീഷ് എന്നോട് പറയുന്നു, “വ്യാജ കോണ്ടാക്ട് ലെൻസ് ഉപയോഗിച്ചിട്ടാന് താങ്കൾക്ക് കോർണിയൽ അൾസർ വന്നതെങ്കിഉം, ‘കോർണിയൽ അന്ധത’ എന്നത്, അന്ധതയും പരിക്കുകളുമടക്കം, കോർണിയയുടെ സുതാര്യതയിൽ മാറ്റം വരുത്തുന്ന വിവിധ നേത്രാവസ്ഥകളെ സൂചിപ്പിക്കുന്ന പദമാണ്. കോർണിയൽ അന്ധതയിലേക്ക് നയിക്കുന്ന കാരണങ്ങളിൽ പ്രധാനം അണുബാധയാണ്. ബാക്ടീരിയ, വൈറസുകൾ, പൂപ്പൽ, പ്രൊട്ടോസോവ അടക്കമുള്ള അണുബാധകൾ. അവയിലെ പ്രധാനപ്പെട്ട ഘടകം, ട്രോമ, കോൺടാക്ട് ലെൻസുകളുടെ ഉപയോഗം, സ്റ്റീരോയിഡ് മരുന്നുകളുടെ ഉപയോഗം എന്നിവയാണ്. ട്രക്കോമയും, കണ്ണുകൾ വരളുന്നതുമാണ് മറ്റ് നേത്രരോഗങ്ങൾ”.
ആർ.ഐഇ.ഒ.യുടെ കോർണിയ ക്ലിനിക്കിന്റെ ഒരു മൂലയിൽ, നിശ്ശബ്ദനായി നിൽക്കുകയായിരുന്നു 40-കളുടെ പകുതിയിലെത്തിയ നിരഞ്ജൻ മണ്ഡൽ. കറുത്ത കണ്ണട വെച്ചിരുന്നു അയാൾ. “എന്റെ ഇടത്തേ കണ്ണിന്റെ കോർണിയ തകരാറിലായി. വേദന പോയി. പക്ഷ് കാഴ്ച ഇപ്പൊഴും മങ്ങിയിട്ടാണ്. പൂർണ്ണമായി ഭേദമാവില്ലെന്ന് ഡോക്ടർ പറഞ്ഞു. ഞാൻ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ തൊഴിലാളിയായിട്ടാണ് ജോലി ചെയ്യുന്നത്. കാഴ്ച ശരിയായില്ലെങ്കിൽ, ഇതേ ജോലിയിൽ തുടരാൻ ബുദ്ധിമുട്ടാവും.” അയാൾ പറഞ്ഞു.
നിരഞ്ജനോട് സംസാരിക്കുമ്പോൾ, മുപ്പതുകൾ കഴിയാറായ ഷേയ്ഖ് സഹാംഗീർ എന്ന ഒരു രോഗിയ മറ്റൊരു ഡോക്ടർ സൌമ്യമായി ശകാരിക്കുന്നത് കേട്ടു. “ചികിത്സ നിർത്തരുതെന്ന് ഞാൻ പറഞ്ഞിട്ടും എന്തുകൊണ്ട് നിങ്ങൾ തുടർന്നില്ല. ഇപ്പോൾ 2 മാസം കഴിഞ്ഞിട്ടാണ് നിങ്ങൾ വന്നിരിക്കുന്നത്. നിങ്ങളുടെ വലത്തേ കണ്ണിന് പൂർണമായ കാഴ്ചാശക്തി കിട്ടില്ല എന്ന് പറയേണ്ടിവരുന്നതിൽ എന്നോട് ക്ഷമിക്കൂ.”
ഡോ. അശീഷിന്റെ ശബ്ദത്തിലും ഇതേ ആശങ്ക പ്രകടമാവുന്നുണ്ട്. “കൃത്യസമയത്ത് രോഗിയെ കൊണ്ടുവന്നിരുന്നെങ്കിൽ കണ്ണിനെ രക്ഷപ്പെടുത്താമായിരുന്നുവെന്ന് പല കേസുകളിലും ഞങ്ങൾ കണ്ടിട്ടുണ്ട്. നീണ്ട കാലത്തെ പരിശ്രമത്തിലൂടെ മാത്രമേ കോർണിയൽ പരിക്കുകളിൽനിന്ന് ഭേദമാകാനാവൂ. ഇടയ്ക്കുവെച്ച് ചികിത്സ നിർത്തിയാൽ, അത് അന്ധതയിലേക്ക് നയിക്കും.”
എന്നാൽ ആർ.ഐ.ഒ.യിലേക്ക് കൃത്യമായി വരാൻ കഴിയാത്തതിന്റെ പിന്നിൽ രോഗികൾക്ക് അവരുടേതായ പല കാരണങ്ങളുമുണ്ട്. അമ്പതുകൾ കഴിയാറായ നാരായൺ സന്യാലിന്റെ കാര്യമെടുക്കുക. “ഞാൻ ദൂരെയുള്ള ഒരു സ്ഥലത്താണ് താമസിക്കുന്നത്. ഹുഗ്ലി ജില്ലയിലെ ഖനാകുൽ എന്ന സ്ഥലത്ത്. എനിക്ക് എളുപ്പം നാട്ടിലെ ഏതെങ്കിലും വൈദ്യനെ കാണുന്നതാണ് (യോഗ്യതയില്ലാത്ത ആളെ). അയാൾക്ക് യോഗ്യതയൊന്നുമില്ലെന്ന് എനിക്കറിയാം. പക്ഷേ എന്ത് ചെയ്യാൻ പറ്റും. വേദന സഹിച്ച്, ഞാൻ ജോലി ചെയ്യുന്നു. ഇവിടേക്ക് വരാൻ, ഓരോ തവണയും 400 രൂപ ചിലവാക്കണം. എനിക്ക് അത് താങ്ങില്ല.”
സൌത്ത് 24 പർഗാനയിലെ പാർത്തോപ്രോതിമ ബ്ലോക്കിലെ പുഷ്പറാണി ദേവിയും ഇതേ ബുദ്ധിമുട്ട് അനുഭവിക്കുന്നു. വീട്ടുജോലിക്കാരിയായി പണിയെടുത്ത്, രണ്ട് കുട്ടികളോടൊപ്പം, 10 വർഷമായി ഒരു ചേരിയിൽ താമസിക്കുകയാണ് അവർ. “ഇടതുകണ്ണിലെ ചുവപ്പ് നിറം ഞാനത്ര കാര്യമാക്കിയില്ല. അതാണ് പറ്റിയത്. നാട്ടിലെ ഒരു ഡോക്ടറെ കാണാൻ പോയി. അങ്ങിനെ അത് മോശമായി. ജോലി നിർത്തേണ്ടിവന്നു. അതിനുശേഷമാണ് ഞാൻ ഇവിടെ (ആർ.ഐ.ഒ.) വന്നത്. ഭാഗ്യത്തിന് 3 മാസത്തെ കൃത്യമായ ചെക്കപ്പുകൾക്കുശേഷം എന്റെ കാഴ്ച തിരികെ കിട്ടി. തീയതി കുറിച്ചുകിട്ടാൻ കാത്തുനിൽക്കുകയാണ് ഞാൻ.”
കോർണിയ മാറ്റിവെക്കൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ശസ്ത്രക്രിയയിൽ, കേടുവന്ന കോർണിയയുടെ ഭാഗമോ, അല്ലെങ്കിൽ അത് മുഴുവനായോ മാറ്റി, ആരോഗ്യമുള്ള ഡോണർ ടിഷ്യു പകരം വെക്കുകയാണ് ചെയ്യുന്നത്. കെരാറ്റോപ്ലാസ്റ്റി, കോർണിയൽ ഗ്രാഫ്റ്റ് എന്നൊക്കെ വിളിക്കുന്ന പ്രക്രിയയാണ് അത്. ഗുരുതരമായ അണുബാധ ഭേദമാക്കാനോ, കാഴ്ചശക്തി മെച്ചപ്പെടുത്താനോ, അസ്വസ്ഥതകൾ ഇല്ലാതാക്കാനോ ആണ് അത് ഉപയോഗിക്കുന്നത്. മാസത്തിൽ 4 മുതൽ 15 കോർണിയൽ മാറ്റിവെക്കലുകൾ ഡോ. അശീസ് ചെയ്യുന്നുണ്ട്. 45 മിനിറ്റ് മുതൽ 3 മണിക്കൂർവരെ നീളുന്ന പ്രക്രിയയാണത്. “കോർണിയ മാറ്റിവെക്കൽ ശസ്ത്രക്രിയയുടെ വിജയശതമാനം വളരെ കൂടുതലാണ്. ആവശ്യക്കാരും കൊടുക്കാൻ കഴിയുന്നതും തമ്മിലുള്ള അന്തരം പക്ഷേ വലുതാണ്. നേത്രദാനവുമായി കൂടുതൽ കുടുംബങ്ങൾ മുന്നോട്ട് വരണം,” ഡോ. അശീസ് പറയുന്നു. ബംഗാളിലും ഇന്ത്യയിലും സപ്ലൈ-ഡിമാൻഡുകൾക്കിടയിൽ വലിയ അന്തരമുണ്ട്.
“മിക്ക ആളുകൾക്കും കോർണിയ മാറ്റിവെക്കൽ ശസ്ത്രക്രിയ ആവശ്യം വരാറില്ല. ആദ്യലക്ഷണങ്ങൾ ഒരിക്കലും അവഗണിക്കരുത്. നാട്ടിലുള്ള കണ്ണ് ഡോക്ടറെ ആദ്യം കാണിക്കണം. രോഗത്തിന്റെ മൂർദ്ധന്യത്തിൽ മാത്രം ധാരാളം രോഗികൾ, കണ്ണ് രക്ഷപ്പെടുത്തിത്തരാൻ ആവശ്യപ്പെട്ട് വരുന്നത് കാണുമ്പോൾ വിഷമം തോന്നും. ഡോക്ടർമാർ എന്ന നിലയ്ക്ക് അത് ഞങ്ങളെ വേദനിപ്പിക്കുന്നു.” ആർ.ഐ.ഒ. ഡയറക്ടർ ഡോ. അസിം ഘോഷിന് പറയാനുള്ളത് ഇതായിരുന്നു.
അദ്ദേഹം കൂട്ടിച്ചേർക്കുന്നു: “ആരോഗ്യമുള്ള ഒരു ജീവിതശൈലി പിന്തുടരാൻ ശ്രദ്ധിക്കുക. പഞ്ചസാരയുടെ അളവ് പരിശോധിക്കുക. കോർണിയയും അതുപോലുള്ള നേത്രരോഗങ്ങളും ഭേദപ്പെടുത്താനുള്ള ചികിത്സയെ, പ്രമേഹം കൂടുതൽ സങ്കീർണ്ണമാക്കും.”
“ആശുപത്രി വരാന്തയിൽ ഞാൻ ആവണി ചാറ്റർജിയെ കണ്ടു. അറുപത് വയസ്സിന്റെ തുടക്കത്തിലായിരുന്നു അവർ. സന്തോഷവതിയായി കാണപ്പെട്ടു അവർ: “ഇനി ഇവിടെ വരേണ്ട ആവശ്യമില്ല, കാഴ്ചയൊക്കെ ശരിയായിട്ടുണ്ടെന്ന് ഡോക്ടർ പറഞ്ഞു. ഇനി എന്റെ പേരക്കുട്ടിയുടെകൂടെ സമയം ചിലവഴിച്ച്, ഇഷ്ടപ്പെട്ട ടി.വി. സീരിയലൊക്കെ കണ്ട് വീട്ടിൽ കഴിയാം.”
പരിഭാഷ: രാജീവ് ചേലനാട്ട്