"ഒരു നാൾ ഇന്ത്യയ്ക്ക് വേണ്ടി ഒളിമ്പിക്സിൽ മെഡൽ നേടണമെന്നാണ് എന്റെ ആഗ്രഹം," ആ പെൺകുട്ടി പറയുന്നു. അവളുടെ സ്പോർട്സ് അക്കാദമിയ്ക്ക് സമീപത്ത് കൂടെ കടന്നുപോകുന്ന ടാർ റോഡിൽ ദീർഘനേരം ഓട്ടമത്സര പരിശീലനം നടത്തിയതിനുശേഷം കിതപ്പാറ്റുകയാണവൾ. നാല് മണിക്കൂർ നീണ്ട കഠിനപരിശീനത്തിന് ശേഷം, അവളുടെ ക്ഷീണിതമായ, മുറിവേറ്റ കാലുകൾ ഒടുവിൽ ഓട്ടം നിർത്തി നിശ്ചലമായിരിക്കുന്നു.
വെറുമൊരു കൗതുകത്തിന്റെ പുറത്തല്ല പതിമൂന്നുകാരിയായ ഈ ദീർഘദൂര ഓട്ടക്കാരി ചെരുപ്പിടാതെ പരിശീലിക്കുന്നത്. "ഓട്ടത്തിന് ഉപയോഗിക്കേണ്ട വിലകൂടിയ ഷൂ വാങ്ങാൻ എന്റെ രക്ഷിതാക്കളുടെ പക്കൽ പണം ഇല്ലാത്തതിനാലാണ് ഞാൻ ഇങ്ങനെ ഓടുന്നത്," അവൾ പറയുന്നു.
വർഷ കദം, പർബനിയിൽനിന്നുള്ള കർഷകത്തൊഴിലാളികളായ വിഷ്ണുവിന്റെയും ദേവ്ശാലയുടെയും മകളാണ്. വരൾച്ചാ ബാധിതപ്രദേശമായ മറാത്ത്‌വാഡയിൽ ഉൾപ്പെടുന്ന, സംസ്ഥാനത്തിലെത്തന്നെ അതിദരിദ്ര ജില്ലകളിലൊന്നാണ് പർബനി. മഹാരാഷ്ട്രയിൽ പട്ടിക ജാതിയായി പരിഗണിക്കപ്പെടുന്ന മാതംഗ് സമുദായക്കാരാണ് വർഷയുടെ കുടുംബം.
"എനിക്ക് ഓടാൻ ഒരുപാട് ഇഷ്ടമാണ്,"എന്ന് പറയുമ്പോൾ അവളുടെ കണ്ണുകൾ തിളങ്ങുന്നു. "2021-ൽ നടന്ന, അഞ്ച് കിലോമീറ്റർ നീളുന്ന ബുൾഡാന അർബൻ ഫോറസ്ററ് മാരത്തോൺ ആയിരുന്നു എന്റെ ആദ്യ മത്സരം. അന്ന് രണ്ടാം സ്ഥാനത്തെത്തി, ജീവിതത്തിലെ ആദ്യത്തെ മെഡൽ നേടിയപ്പോൾ എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി. എനിക്ക് ഇനിയും ഒരുപാട് മത്സരങ്ങളിൽ വിജയിക്കണം," ആ കൗമാരക്കാരി ദൃഢനിശ്ചയത്തോടെ പറയുന്നു.
വർഷയ്ക്ക് വെറും എട്ട് വയസ്സുള്ളപ്പോൾത്തന്നെ ഓട്ടത്തോട് അവൾക്കുള്ള അഭിനിവേശം രക്ഷിതാക്കൾ തിരിച്ചറിഞ്ഞിരുന്നു. "എന്റെ അമ്മാവൻ (അമ്മയുടെ സഹോദരൻ) പാറാജി ഗയക്ക്വാദ് സംസ്ഥാനതലത്തിൽ മത്സരിച്ചിരുന്ന അത്‌ലറ്റായിരുന്നു. അദ്ദേഹം ഇപ്പോൾ പട്ടാളത്തിലാണ്. അദ്ദേഹത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഞാൻ ഓടിത്തുടങ്ങിയത്," അവൾ കൂട്ടിച്ചേർക്കുന്നു. 2019-ൽ നടന്ന അന്തർ സ്കൂൾ സംസ്ഥാനതല മത്സരത്തിൽ നാല് കിലോമീറ്റർ ക്രോസ് കൺട്രി ഓട്ടത്തിൽ വർഷ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. "ആ വിജയത്തോടെ ഓട്ടത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ എനിക്ക് ആത്മവിശ്വാസമായി."
2020-ൽ മഹാമാരി പൊട്ടിപ്പുറപ്പെട്ടതോടെ വർഷയുടെ വിദ്യാഭ്യാസം മുടങ്ങി. "ഓൺലൈൻ ക്ലാസ്സുകളിൽ പങ്കെടുക്കാനായി എന്റെ അച്ഛനമ്മമാരുടെ കയ്യിൽ ഫോൺ (സ്മാർട്ട് ഫോൺ) ഉണ്ടായിരുന്നില്ല," വർഷ പറയുന്നു. ക്ലാസ്സിൽ കയറാൻ കഴിയാതിരുന്ന നാളുകളിൽ അവൾ രാവിലെയും വൈകീട്ടും ഈരണ്ട് മണിക്കൂർ വീതം ഓട്ടം പരിശീലിച്ചു.
2020 ഒക്ടോബറിൽ, പതിമൂന്ന് വയസ്സുകാരിയായ വർഷ, മഹാരാഷ്ട്രയിലെ പർബനി ജില്ലയിലുള്ള പിംപൽഗാവ് തോംബ്രെ ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്ത് പ്രവർത്തിക്കുന്ന ശ്രീ സമർഥ് അത്‌ലറ്റിക്സ് സ്പോർട്സ് റെസിഡൻഷ്യൽ അക്കാദമിയിൽ പരിശീലനത്തിന് ചേർന്നു.
എട്ട് ആൺകുട്ടികളും അഞ്ച് പെൺകുട്ടികളും ഉൾപ്പെടെ, അരികുവത്ക്കരിക്കപ്പെട്ട സമുദായങ്ങളിൽനിന്നുള്ള മറ്റു 13 അത്‌ലറ്റുകൾ അക്കാദമിയിൽ വർഷയ്‌ക്കൊപ്പം പരിശീലിക്കുന്നുണ്ട്. അവരിൽ ചിലർ സംസ്ഥാനത്തെ അതീവ ദുർബല ഗോത്രവിഭാഗങ്ങളിലെ അംഗങ്ങളാണ്. അതിരൂക്ഷമായ വരൾച്ചയുടെ പേരിൽ കുപ്രസിദ്ധമായ മറാത്ത്‌വാഡാ പ്രദേശത്ത് കർഷകരായും കരിമ്പ് വെട്ടുകാരായും കർഷകത്തൊഴിലാളികളായും കുടിയേറ്റ കൂലിത്തൊഴിലാളികളായുമെല്ലാം ജോലി ചെയ്യുകയാണ് അവരുടെ രക്ഷിതാക്കൾ.
അക്കാദമിയിലെ പരിശീലനത്തിന്റെ പിൻബലത്തിൽ ഈ യുവ കായികതാരങ്ങൾ സംസ്ഥാന, ദേശീയതല ഓട്ടമത്സരങ്ങളിൽ സമ്മാനം നേടിയിട്ടുണ്ട്. അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചവർവരെയുണ്ട് ഇവരുടെ ഇടയിൽ.
അക്കാദമിയിലെ മുൻനിര അത്‌ലറ്റുകൾ വർഷത്തിലുടനീളം അവിടെ തങ്ങുകയും 39 കിലോമീറ്റർ അകലെ പർബാനിയിലുള്ള സ്കൂൾ അല്ലെങ്കിൽ കോളേജിൽ പഠനം മുന്നോട്ട് കൊണ്ടുപോകുകയുമാണ് ചെയ്യുന്നത്. "കുട്ടികളിൽ ചിലർക്ക് രാവിലെയാണ് ക്ലാസ്, മറ്റുള്ളവർ ഉച്ചയ്ക്ക് ക്ലാസ്സിന് പോകും. അതനുസരിച്ചാണ് ഞങ്ങൾ ഇവിടത്തെ പരിശീലനം ക്രമീകരിക്കുന്നത്," അക്കാദമിയുടെ സ്ഥാപകനായ രവി റാസ്ക്കാട്ട്ല പറയുന്നു.
"വിവിധ കായികയിനങ്ങളിൽ പ്രതിഭ തെളിയിക്കാൻ കഴിവുള്ള ധാരാളം കുട്ടികൾ ഇവിടെയുണ്ട്. എന്നാൽ, തികച്ച് രണ്ടുനേരം ഭക്ഷണം കഴിക്കാൻപോലും അവരുടെ കുടുംബം പാടുപെടുമ്പോൾ കായികമേഖലയിൽ ജീവനോപാധി കണ്ടെത്തുക ഈ കുട്ടികൾക്ക് എളുപ്പമല്ല," രവി പറയുന്നു. 2016-ൽ അക്കാദമി തുടങ്ങുന്നതിന് മുൻപ് അദ്ദേഹം ജില്ലാ പരിഷദ് സ്കൂളുകളിൽ കായികാധ്യാപകനായി ജോലി ചെയ്തിരുന്നു. "മികച്ച നിലവാരത്തിലുള്ള പരിശീലനം സൗജന്യമായി ഒരുക്കുക വഴി, ഇത്തരം (ഗ്രാമീണ മേഖലകളിൽനിന്നുള്ള) കുട്ടികൾക്ക് വളരെ ചെറിയ പ്രായം മുതൽക്കുതന്നെ ആവശ്യമായ പിന്തുണ നല്കാൻ ഞാൻ തീരുമാനിക്കുകയായിരുന്നു," കുട്ടികൾക്ക് ആവശ്യമായ പരിശീലനത്തിനും ഭക്ഷണത്തിനും ഷൂസിനുമെല്ലാം നിരന്തരം സ്പോൺസർമാരെ തേടുന്ന, 49 വയസ്സുകാരനായ ഈ കോച്ച് പറയുന്നു.
ബീഡ് ബൈപാസ് റോഡിന് സമീപത്തായി, കൃഷിയിടങ്ങൾക്ക് നടുവിലുള്ള, നീലപ്പെയിന്റടിച്ച ഒരു താത്ക്കാലിക തകരക്കെട്ടിടത്തിലാണ് അക്കാദമി പ്രവർത്തിക്കുന്നത്. പർബനി സ്വദേശിനിയായ ജ്യോതി ഗവതെ എന്ന അത്‍ലറ്റിന്റെ പിതാവ് ശങ്കർറാവുവിന്റെ ഉടമസ്ഥതയിലുള്ളതാണ് അക്കാദമി ഇരിക്കുന്ന ഒന്നരയേക്കർ ഭൂമി. അദ്ദേഹം നേരത്തെ സംസ്ഥാന ഗതാഗത ഓഫിസിൽ പ്യൂണായി ജോലി ചെയ്തിരുന്നു; ജ്യോതിയുടെ അമ്മ പാചകക്കാരിയാണ്.
"തകരത്തിന്റെ മേൽക്കൂരയുള്ള ഒരു വീട്ടിലാണ് ഞങ്ങൾ ആദ്യം താമസിച്ചിരുന്നത്. പിന്നീട് കുറച്ച് പണം നിക്ഷേപിച്ചതിലൂടെ, ഒരു നിലയുള്ള ഒരു വീട് സ്വന്തമായി പണിയാൻ എനിക്ക് സാധിച്ചു. മഹാരാഷ്ട്ര പോലീസിൽ കോൺസ്റ്റബിൾ ആയ എന്റെ സഹോദരനും ഇപ്പോൾ മുൻപത്തേക്കാൾ വരുമാനമുണ്ട്," തന്റെ ജീവിതം ഓട്ടത്തിനായി സമർപ്പിച്ചിട്ടുള്ള ജ്യോതി പറയുന്നു. 'രവിസാറിന്' സ്പോർട്സ് അക്കാദമി തുടങ്ങാൻ തന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കൃഷിഭൂമി നല്കാനാകുമെന്ന ജ്യോതിയുടെ തോന്നലിന് അവളുടെ അച്ഛനമ്മാരുടെയും സഹോദരന്റെയും പിന്തുണയുണ്ടായി. "പരസ്പരധാരണയുടെ അടിസ്ഥാനത്തിൽ എടുത്ത ഒരു തീരുമാനമായിരുന്നു അത്," അവർ പറയുന്നു.
തകരഷീറ്റുകൾകൊണ്ട് വേർതിരിച്ച, 15 x 20 അടി വീതം വിസ്‌തീർണമുള്ള രണ്ട് മുറികളാണ് അക്കാദമിയിലുള്ളത്. പെൺകുട്ടികൾക്കുള്ള മുറിയിൽ, സുമനസ്സുകൾ നൽകിയ മൂന്ന് കട്ടിലുകൾ അഞ്ച് പെൺകുട്ടികൾ പങ്കിട്ട് ഉപയോഗിക്കുന്നു. ആൺകുട്ടികൾക്കായി മാറ്റിവച്ചിട്ടുള്ള അടുത്ത മുറിയിൽ, കോൺക്രീറ്റ് നിലത്ത് മെത്തകൾ നിരനിരയായി ചേർത്തിട്ടിട്ടുണ്ട്.
ഇരുമുറികളിലും ഒരു ട്യൂബ് ലൈറ്റും ഫാനുമുണ്ട്; വൈദ്യുതി ഉള്ളപ്പോൾ മാത്രം പ്രവർത്തിക്കുന്ന ഇവ മിക്കപ്പോഴും
ഉപയോഗശൂന്യമായിരിക്കും. ഈ പ്രദേശങ്ങളിൽ വേനൽക്കാല താപനില 42 ഡിഗ്രി വരെ ഉയരുകയും ശൈത്യകാല താപനില 14 ഡിഗ്രി വരെ താഴുകയും ചെയ്യുന്നത് പതിവാണ്.
അത്‌ലറ്റുകളുടെ പ്രകടനം മെച്ചപ്പെടുത്താനായി സ്പോർട്സ് കോംപ്ലക്സുകളും അക്കാദമികളും ക്യാമ്പുകളും ആവശ്യമായ കായികോപകരണങ്ങളും സജ്ജമാക്കേണ്ട ചുമതല സംസ്ഥാന സർക്കാരിൽ നിക്ഷിപ്തമാണെന്ന് 2012-ലെ മഹാരാഷ്ട്രാ സംസ്ഥാന കായിക നയം നിഷ്കർഷിക്കുന്നുണ്ട്.
എന്നാൽ '"പത്ത് വർഷമായി കായികനയം കടലാസ്സിൽ മാത്രമാണുള്ളത്. ഒരു നിർദ്ദേശംപോലും പ്രാവർത്തികമാക്കപ്പെട്ടിട്ടില്ല. ഇത്രയും കഴിവുള്ള കുട്ടികളെ അംഗീകരിക്കുന്നതിൽ സർക്കാർ പരാജയമാണ്. കായികവകുപ്പിലെ ഉദ്യോഗസ്ഥർ തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നത്," രവി ചൂണ്ടിക്കാട്ടുന്നു.
താലൂക്ക് തലം മുതൽ സംസ്ഥാനതലംവരെ കായികമേഖലയുമായി ബന്ധപ്പെട്ട അടിസ്ഥാനസൗകര്യ വികസനം എന്ന കായികനയത്തിന്റെ ലക്‌ഷ്യം പൂർത്തീകരിക്കുന്നതിൽനിന്ന് നാം ഏറെ അകലെയാണെന്ന് 2017-ൽ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ സമർപ്പിച്ച ഒരു റിപ്പോർട്ടിൽ പോലും അംഗീകരിക്കുകയുണ്ടായി.
സ്വകാര്യ പരിശീലനത്തിൽനിന്നുള്ള വരുമാനത്തിൽനിന്നാണ് അക്കാദമിയുടെ ദൈനംദിന ചിലവുകൾക്കുള്ള പണം കണ്ടെത്തുന്നതെന്ന് രവി പറയുന്നു. "നിലവിൽ മുൻനിര മാരത്തോൺ ഓട്ടക്കാരായ എന്റെ പല വിദ്യാർത്ഥികളും അവരുടെ സമ്മാനത്തുക സംഭാവന ചെയ്യാറുണ്ട്."
സാമ്പത്തികവിഭവങ്ങളും സൗകര്യങ്ങളും അപര്യാപ്തമായിരിക്കുമ്പോഴും, അത്‌ലറ്റുകൾക്ക് പോഷകസമ്പുഷ്ടമായ ഭക്ഷണം ലഭിക്കുന്നുവെന്ന് ഉറപ്പ് വരുത്താൻ അക്കാദമി ശ്രദ്ധിക്കുന്നുണ്ട്. ആഴ്ചയിൽ നാല് ദിവസം കോഴിയിറച്ചിയോ മത്സ്യമോ അത്‌ലറ്റുകൾക്കുള്ള ഭക്ഷണത്തിൽ ഉൾപ്പെടുത്താറുണ്ട്. മറ്റു ദിവസങ്ങളിൽ പച്ചക്കറികൾ, പഴങ്ങൾ, ജ്വാറി, ബാജ്‌റി, ബാക്രി, മട്കി പോലെയുള്ള ധാന്യങ്ങൾ മുളപ്പിച്ചത്, ചെറുപയർ, ചന, മുട്ട എന്നിവ ലഭ്യമാക്കുന്നു.
അത്‌ലറ്റുകളുടെ ടാർ റോഡിലെ പരിശീലനം രാവിലെ 6 മണിക്ക് ആരംഭിച്ച് 10 മണിവരെ നീളും. വൈകീട്ട് 5 മണിക്ക് ശേഷം ഇതേ റോഡിൽ വേഗതാപരിശീലനവും നടക്കും. "ഈ റോഡിൽ വലിയ തിരക്ക് ഇല്ലെങ്കിലും ഓടുന്ന സമയത്ത് വാഹനങ്ങൾ സമീപത്ത് കൂടി പോകുന്നുണ്ടോ എന്ന് ഞങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അത്‌ലറ്റുകളുടെ സുരക്ഷിതത്വത്തിന് വേണ്ട മുൻകരുതലുകൾ ഞാൻ എടുക്കാറുണ്ട്," അവരുടെ കോച്ച് പറയുന്നു. "കുറഞ്ഞ സമയത്തിനുളളിൽ കൂടുതൽ ദൂരം ഓടുക എന്നതാണ് വേഗതാപരിശീലനം കൊണ്ട് ഉദ്ദേശിക്കുന്നത്. 2 മിനിറ്റ് 30 സെക്കൻഡ് കൊണ്ട് ഒരു കിലോമീറ്റർ ഓടിയെത്തണം."
ഒരു ദേശീയ അത്‌ലറ്റിക് താരമാകണം എന്ന വർഷയുടെ സ്വപ്നം പൂവണിയുന്നു ദിനം കാത്തിരിക്കുകയാണ് അവളുടെ മാതാപിതാക്കൾ. 2021 മുതൽ മഹാരാഷ്ട്രയിൽ ഉടനീളം നടക്കുന്ന വിവിധ മാരത്തോണുകളിൽ വർഷ പങ്കെടുക്കുന്നുണ്ട്. "അവൾ ഒരു മികച്ച ഓട്ടക്കാരിയാകണം എന്നാണ് ഞങ്ങളുടെ ആഗ്രഹം. അതിനു വേണ്ട എല്ലാ പിന്തുണയും അവൾക്ക് ഞങ്ങൾ നൽകുന്നുണ്ട്. അവൾ ഞങ്ങളുടെയും ഈ രാജ്യത്തിൻറെ തന്നെയും അഭിമാനമാകും," വർഷയുടെ അമ്മ സന്തോഷത്തോടെ പറയുന്നു. "അവൾ മത്സരങ്ങളിൽ ഓടുന്നത് കാണാൻ ഞങ്ങൾക്ക് ആഗ്രഹമുണ്ട്. എങ്ങനെയാണ് അവൾ ഇതെല്ലാം സാധിക്കുന്നത് എന്നത് ഞങ്ങൾക്ക് അത്ഭുതമാണ്," അവരുടെ ഭർത്താവ് വിഷ്ണു കൂട്ടിച്ചേർക്കുന്നു.
2019-ൽ വിഷ്ണുവും ദേവ്ശാലയും വിവാഹിതരായതിനു ശേഷം അവർ പതിവായി പലയിടങ്ങളിലേയ്ക്ക് കുടിയേറുമായിരുന്നു. അവരുടെ മൂത്ത മകളായ വർഷയ്ക്ക് മൂന്ന് വയസ്സുള്ള സമയത്ത്, കരിമ്പ് വെട്ടുന്ന ജോലി തേടിയായിരുന്നു അവർ ഗ്രാമത്തിന് പുറത്തേയ്ക്ക് പോയിരുന്നത്. പലയിടങ്ങളിൽ കൂടാരം കെട്ടി താമസിച്ച്, സദാ യാത്ര ചെയ്തുകൊണ്ടുള്ള ജീവിതം. "തുടർച്ചയായി ട്രക്കുകളിൽ യാത്ര ചെയ്യുന്നത് മൂലം വർഷയ്ക്ക് അസുഖം ബാധിക്കാൻ തുടങ്ങിയപ്പോഴാണ് ഞങ്ങൾ യാത്ര നിർത്തിയത്," ദേവ്ശാല ഓർത്തെടുക്കുന്നു. അതിനുശേഷം അവർ ഗ്രാമത്തിന് സമീപത്ത് തന്നെ ജോലി തേടി തുടങ്ങി. "സ്ത്രീകൾക്ക് ദിവസേന 100 രൂപയും പുരുഷന്മാർക്ക് 200 രൂപയും കിട്ടുന്ന ജോലികൾ," വർഷത്തിൽ ആറ് മാസം നഗരത്തിലേക്ക് കുടിയേറുന്ന വിഷ്ണു പറയുന്നു. "നാസിക്കിലും പുണെയിലുമെല്ലാം സെക്യൂരിറ്റി ഗാർഡായോ കെട്ടിട നിർമ്മാണ തൊഴിലാളിയായോ എല്ലാം ജോലി ചെയ്യാൻ ഞാൻ പോകാറുണ്ട്, ചിലപ്പോൾ ഞാൻ നഴ്‌സറികളിലും ജോലി ചെയ്യാറുണ്ട്." ആറ് മാസം കൊണ്ട് അദ്ദേഹം 20,000 - 30,000 രൂപ സമ്പാദിക്കും. ഈ ദമ്പതിമാർക്ക് വർഷയെ കൂടാതെയുള്ള രണ്ടു മക്കൾ - ഒരു ആൺകുട്ടിയും പെൺകുട്ടിയും- സ്കൂളിൽ പോകുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ ദേവ്ശാല ഗ്രാമത്തിൽ തുടരുകയും ചെയ്യും.
വർഷയുടെ മാതാപിതാക്കൾ ആവുന്നത്ര ശ്രമിച്ചിട്ടും മകൾക്ക് ഒരു ജോഡി നല്ല ഷൂസ് വാങ്ങിക്കൊടുക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. എന്നാൽ "ഞാൻ എന്റെ വേഗതയിലും ഓടുന്ന രീതിയിലുമാണ് കൂടുതൽ ശ്രദ്ധിക്കുന്നത്," എന്ന് പറഞ്ഞ് ആ യുവ അത്‌ലറ്റ് ആ കുറവ് തള്ളിക്കളയുന്നു.
*****
ഛഗൻ ബോംബ്ലെ എന്ന മാരത്തോൺ താരത്തിന് ഒരു ജോഡി ഷൂസ് വാങ്ങാൻ തന്റെ ആദ്യ മത്സര വിജയംവരെ കാത്തിരിക്കേണ്ടിവന്നു. " ഞാൻ എന്റെ ആദ്യത്തെ ജോഡി ഷൂസ് വാങ്ങിച്ചത് 2019-ലാണ്. ഓട്ടം തുടങ്ങിയ സമയത്ത് എനിക്ക് ഷൂസ് ഉണ്ടായിരുന്നില്ല. മാരത്തോണുകൾ ജയിച്ച് കുറച്ച് പണം സമ്മാനമായി കിട്ടിയതിന് ശേഷമാണ് ഞാൻ ഷൂസ് വാങ്ങിച്ചത്," ഇപ്പോൾ ഏതാണ്ട് പിഞ്ഞിത്തുടങ്ങിയ തന്റെ ഷൂസ് കാണിച്ച് അദ്ദേഹം പറയുന്നു.
ഹിംഗോലി ജില്ലയിലെ ഖംബാല ഗ്രാമത്തിൽ താമസിക്കുന്ന, അന്ധ് ഗോത്രവിഭാഗക്കാരായ കർഷക തൊഴിലാളികളുടെ മകനാണ് ഈ 22 വയസ്സുകാരൻ.
ഛഗൻറെ പക്കൽ ഇപ്പോൾ ഷൂസുകൾ ഉണ്ടെങ്കിലും അതിനൊപ്പം ഉപയോഗിക്കേണ്ട സോക്സുകൾ വാങ്ങാൻ അദ്ദേഹത്തിന് കഴിയാത്തതിനാൽ, ഓടുന്ന സമയത്ത്, തേഞ്ഞുതുടങ്ങിയ ഷൂസിലൂടെ ആസ്ഫാൾട്ട് റോഡിൻറെ കാഠിന്യം അദ്ദേഹത്തിന് കാലിൽ അനുഭവപ്പെടും. "ഓടുന്ന സമയത്ത് കാല് ശരിക്കും വേദനിക്കും. സിന്തെറ്റിക്ക് ട്രാക്കും നല്ല ഷൂസും ഉണ്ടെങ്കിൽ കാലിന് സംരക്ഷണം ലഭിക്കുകയും അധികം പരിക്ക് പറ്റാതിരിക്കുകയും ചെയ്യും," കാര്യമാത്ര പ്രസക്തമായി അദ്ദേഹം ഈ ലേഖകനോട് പറഞ്ഞു. "ചെരുപ്പ് ഇടാതെ ഓടിയും കളിച്ചും കുന്നുകൾ കയറിയും മാതാപിതാക്കൾക്കൊപ്പം കൃഷിയിടങ്ങളിൽ പണിയെടുത്തുമെല്ലാം ഞങ്ങൾക്ക് ശീലമാണ്. അതുകൊണ്ട് ഇതൊന്നും വലിയ കാര്യമല്ല" എന്ന് പറഞ്ഞ് കാലിലുള്ള ചെറു മുറിവുകളും പരിക്കുകയും അദ്ദേഹം തള്ളിക്കളയുന്നു..
ഛഗന്റെ മാതാപിതാക്കളായ മാരുതിയ്ക്കും ഭഗീരഥയ്ക്കും സ്വന്തമായി ഭൂമിയില്ല. കാർഷിക തൊഴിലിൽനിന്നുള്ള വേതനം കൊണ്ടാണ് അവർ ജീവിക്കുന്നത്. "ചിലപ്പോൾ ഞങ്ങൾ കൃഷിയിടങ്ങളിൽ ജോലി ചെയ്യും. ചിലപ്പോൾ കർഷകരുടെ കാളകളെ മേയ്ക്കാൻ കൊണ്ടുപോകും. അങ്ങനെ കിട്ടുന്ന ജോലി എന്തും ഞങ്ങൾ ചെയ്യും," മാരുതി പറയുന്നു. ഇരുവരും കൂടി ഒരു ദിവസം 250 രൂപ സമ്പാദിക്കും. എന്നാൽ മാസത്തിൽ 10 -15 ദിവസം മാത്രമേ അവർക്ക് ഇത്തരത്തിൽ ജോലി ലഭിക്കാറുള്ളൂ.
അവരുടെ മകൻ ഛഗൻ, നഗരതലത്തിലും താലൂക്കുതലത്തിലും സംസ്ഥാനതലത്തിലും ദേശീയതലത്തിലുമെല്ലാം നടക്കുന്ന ചെറുതും വലുതുമായ മാരത്തോണുകളിൽ പങ്കെടുത്ത് തന്നാലാവുംവിധം കുടുംബത്തെ സഹായിക്കാൻ ശ്രമിക്കുന്നുണ്ട്. 'ആദ്യത്തെ മൂന്ന് സ്ഥാനക്കാർക്കാണ് സമ്മാനത്തുക ലഭിക്കുക. ചിലപ്പോൾ 10,000 രൂപ, മറ്റു ചിലപ്പോൾ 15,000 രൂപ,' അദ്ദേഹം പറയുന്നു. "എനിക്ക് ഒരു വർഷം 8 മുതൽ 10 മാരത്തോണുകളിൽ പങ്കെടുക്കാൻ സാധിക്കാറുണ്ട്. എല്ലാത്തിലും ജയിക്കുക ബുദ്ധിമുട്ടാണ്. 2022-ൽ ഞാൻ രണ്ടെണ്ണത്തിൽ ഒന്നാമതെത്തുകയും മൂന്നെണ്ണത്തിൽ റണ്ണറപ്പ് ആകുകയും ചെയ്തു. ഏകദേശം 42,000 രൂപ ഞാൻ അങ്ങനെ സമ്പാദിച്ചു."
ഖംബാല ഗ്രാമത്തിലുള്ള വീട്ടിൽ, ഛഗന്റെ മുറി നിറയെ മെഡലുകളും ട്രോഫികളുമാണ്. അദ്ദേഹത്തിന്റെ മാതാപിതാക്കൾ ഏറെ അഭിമാനത്തോടെയാണ് മകന്റെ മെഡലുകളും സർട്ടിഫിക്കറ്റുകളും സംരക്ഷിക്കുന്നത്. "ഞങ്ങൾ നിരക്ഷരരാണ്. എന്റെ മകൻ ഓട്ടം കൊണ്ട് ജീവിതത്തിൽ വലിയ നിലയിലെത്തും," 60 വയസ്സുകാരനായ മാരുതി പറയുന്നു. "ഏത് സ്വർണ്ണത്തേക്കാളും വിലയുണ്ട് ഇതിന്," ആ ചെറിയ മൺവീടിന്റെ നിലത്ത് നിരത്തി വച്ചിരിക്കുന്ന മെഡലുകളും സർട്ടിഫിക്കറ്റുകളും ചൂണ്ടിക്കാട്ടി ഛഗന്റെ അമ്മ, 56 വയസ്സുകാരിയായ ഭഗീരഥ പുഞ്ചിരിക്കുന്നു.
"എനിക്ക് വലിയ ലക്ഷ്യങ്ങളുണ്ട്. എനിക്ക് ഒരു ഒളിമ്പ്യനാകണം," ഛഗൻ പറയുന്നു. അദ്ദേഹത്തിന്റെ ശബ്ദത്തിൽ നിശ്ചയദാർഢ്യം തെളിഞ്ഞു കേൾക്കാം. എന്നാൽ തന്റെ മുന്നിലെ വെല്ലുവിളികളെക്കുറിച്ച് അദ്ദേഹത്തിന് ബോധ്യമുണ്ട്. "അടിസ്ഥാന സൗകര്യങ്ങളെങ്കിലും ഞങ്ങൾക്ക് ലഭിക്കേണ്ടതുണ്ട്. ഓട്ടക്കാരെ സംബന്ധിച്ചിടത്തോളം കുറഞ്ഞ സമയത്തിനുളിൽ കൂടുതൽ ദൂരം താണ്ടുക എന്നതാണ് പ്രധാനം. മൺറോഡുകളിലും ടാർ റോഡുകളിലും ഓടുന്ന സമയവും സിന്തറ്റിക്ക് ട്രാക്കുകളിൽ ഓടാനെടുക്കുന്ന സമയവും തമ്മിൽ വ്യത്യാസമുണ്ട്. അതുകൊണ്ടുതന്നെ, ദേശീയ, അന്താരാഷ്ട്രതലങ്ങളിൽ നടക്കുന്ന ഓട്ടമത്സരങ്ങൾക്കും ഒളിംപിക്സിനുമെല്ലാം ഞങ്ങൾക്ക് സെലക്ഷൻ കിട്ടുക ബുദ്ധിമുട്ടാണ്," അദ്ദേഹം വിശദീകരിക്കുന്നു.
പർബനിയിലെ യുവ അത്‌ലറ്റുകൾക്ക് ബല പരിശീലനത്തിന് ആകെയുള്ള ഉപകരണങ്ങൾ രണ്ട് ഡംബെല്ലുകളും നാല് പി.വി.സി ജിം പ്ളേറ്റുകളുമാണ്. "പർബനിയിലോ എന്തിന് മൊത്തം മറാത്ത്വാഡയിൽ തന്നെയോ ഒരൊറ്റ സ്റ്റേറ്റ് അക്കാദമി പോലുമില്ല," രവി സ്ഥിരീകരിക്കുന്നു.
എന്നാൽ വാഗ്ദാനങ്ങൾക്കും നയങ്ങൾക്കും ഇവിടെ പഞ്ഞമില്ല. പത്ത് വർഷം പഴക്കമുള്ള 2012-ലെ സംസ്ഥാന കായികനയം, താലൂക്ക് തലത്തിൽ കായിക മേഖലയുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുമെന്ന് വാഗ്ദാനം നൽകിയിരുന്നു. ഖേലോ ഇന്ത്യ നിലവിൽ വന്ന ശേഷം, മഹാരാഷ്ട്രയിലെ ഓരോ ജില്ലയിലും ഓരോന്ന് വീതം 36 ഖേലോ ഇന്ത്യ സെന്ററുകൾ തുടങ്ങാനായി സംസ്ഥാന സർക്കാർ 3.6 കോടി രൂപ കൈപ്പറ്റുകയുണ്ടായെങ്കിലും ഒന്നുപോലും വന്നില്ല.
2023 ജനുവരിയിൽ മഹാരാഷ്ട്ര സ്റ്റേറ്റ് ഒളിമ്പിക് ഗെയിംസ് ഉദ്‌ഘാടനം ചെയ്യവേ, മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, 'ഇന്ത്യയുടെ സ്പോർട്ടിങ് പവർഹൗസ്' ആയ ഗ്രാമീണ മഹാരാഷ്ട്രയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള 122 പുതിയ സ്പോർട്സ് കോംപ്ളെക്സുകൾ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു; എന്നാൽ അവയിൽ ഒന്നുപോലും ഇതുവരെ നിലവിൽ വന്നിട്ടില്ല.
"ഞങ്ങൾ അക്കാദമി പണിയാൻ സ്ഥലം അന്വേഷിക്കുന്നുണ്ട്. താലൂക്ക് തലത്തിലുള്ള സ്പോർട്സ് കോംപ്ലെസ്‌കിന്റെ പണി നടന്നു കൊണ്ടിരിക്കുകയാണ്," പർബനിയിലെ ജില്ലാ സ്പോർട്സ് ഓഫീസറായ നരേന്ദ്ര പവാർ ഫോണിലൂടെ പറഞ്ഞു.
അക്കാദമിയിലെ അത്‌ലറ്റുകൾക്ക് എന്ത് വിശ്വസിക്കണമെന്ന് അറിയില്ല. "രാഷ്ട്രീയക്കാർ, എന്തിന് പൗരന്മാർപോലും ഒളിംപിക്സിൽ മെഡൽ നേടുമ്പോൾ മാത്രമാണ് ഞങ്ങളുടെ സാന്നിധ്യം തിരിച്ചറിയുന്നത് എന്നത് സങ്കടകരമാണ്," ഛഗൻ പറയുന്നു. "അതുവരെ ഞങ്ങൾ അദൃശ്യരാണ്; കായികമേഖലയുമായി ബന്ധപ്പെട്ടുള്ള അടിസ്ഥാനസൗകര്യങ്ങൾക്ക് വേണ്ടിയുള്ള ഞങ്ങളുടെ പോരാട്ടം ആരും തിരിച്ചറിയുന്നില്ല. നമ്മുടെ ഒളിമ്പ്യൻ ഗുസ്തി താരങ്ങൾ ന്യായത്തിനുവേണ്ടി പോരാടുന്നതും അവർക്ക് പിന്തുണ നൽകേണ്ടതിന് പകരം അവർക്കെതിരെ ക്രൂരമായ പീഡനം അഴിച്ചുവിടുന്നതും കണ്ടപ്പോഴാണ് എനിക്ക് അത് കൂടുതൽ അനുഭവപ്പെട്ടത്."
"എന്നാൽ കായികതാരങ്ങൾ പോരാളികളാണ്. അതിനി സിന്തറ്റിക് ട്രാക്കിന് വേണ്ടിയാണെങ്കിലും കുറ്റകൃത്യങ്ങൾക്ക് എതിരെയാണെങ്കിലും ഞങ്ങൾ അവസാനശ്വാസംവരെ പോരാടും," ഒരു പുഞ്ചിരിയോടെ അദ്ദേഹം പറയുന്നു.
പരിഭാഷ: പ്രതിഭ ആര്‍. കെ .