“എത്ര തലമുറകൾ ഈ കാട്ടിൽ അവരുടെ ജീവിതം ജീവിച്ചിതീർത്തിട്ടുണ്ടെന്ന് എനിക്കറിയില്ല”, മസ്തു (ആ പേർ മാത്രമാണ് അദ്ദേഹം ഉപയോഗിക്കുന്നത്) പറയുന്നു. വാൻ ഗുജ്ജാർ സമുദായത്തിൽനിന്നുള്ള ഈ ഇടയൻ സഹറാൻപൂർ ജില്ലയിലെ ബെഹാത്ത് ഗ്രാമത്തിലുള്ള ശകുംഭരി റേഞ്ചിലാണ് താമസം.
വടക്കേന്ത്യയിലെ ഹിമാലയസാനുക്കൾക്കും സമതലങ്ങൾക്കുമിടയിൽ ഓരോരോ ഋതുക്കൾക്കനുസരിച്ച് ദേശാടനം നടത്തിക്കൊണ്ടിരിക്കുന്ന നാടോടികളായ ഇടയസമുദായക്കാരുടെ ഒരു വിഭാഗമാണ് വാൻ ഗുജ്ജാറുകൾ. ഉത്തരാഖ്ണ്ഡിന്റെയും ഉത്തർ പ്രദേശിന്റേയും അതിർത്തിയിലുള്ള ശിവാലിക്ക് റേഞ്ചിലൂടെ ഉത്തരകാശി ജില്ലയിലെ ബുഗ്യാലിലേക്ക് പോവുകയാണ് മസ്തുവും അദ്ദേഹത്തിന്റെ സംഘവും. തണുപ്പുകാലമാകുമ്പോഴേക്കും അവർ ശിവാലിക്കിലേക്ക് തിരിച്ചുവരും.
കാടുകളിൽ താമസിക്കുന്നവരേയും ഉപജീവനത്തിനായി കാടുകളെ ആശ്രയിക്കുന്നവരേയും സംരക്ഷിക്കാനുദ്ദേശിച്ചുള്ള നിയമമാണ് 2006-ലെ വനാവകാശ നിയമം (എഫ്.ആർ.എ. – ഫോറസ്റ്റ് റൈറ്റ്സ് ആക്ട്). ഉപജീവനത്തിനായി അവർ ആശ്രയിക്കുന്ന വനവിഭവങ്ങളിന്മേൽ ഈ സമുദായങ്ങൾക്കുള്ള അവകാശത്തെ അംഗീകരിക്കുന്ന നിയമമാണത്. എന്നിട്ടും, നിയമപരമായ ആ അവകാശങ്ങൾ വാൻ ഗുജ്ജാർ സമുദായത്തിന് പ്രാപ്യമാവുന്നില്ല.
കാലാവസ്ഥയിലെ മാറ്റങ്ങളിലുണ്ടാവുന്ന പ്രതിസന്ധിയും വനങ്ങളുടെ അവസ്ഥയെ മൂർച്ഛിപ്പിക്കുന്നുണ്ട്. “മലകളുടെ പരിസ്ഥിതി മാറിക്കൊണ്ടിരിക്കുകയാണ്. ഭക്ഷണയോഗ്യമല്ലാത്ത സസ്യങ്ങൾ കടന്നുകയറുകയും മേച്ചിൽപ്പുറങ്ങൾ കൂടുതൽക്കൂടുതൽ ദുർല്ലഭമാവുകയും ചെയ്യുന്നു”, സൊസൈറ്റി ഫോറ്റ് പ്രൊമോഷൻ ഓഫ് ഹിമാലയൻ ഇൻഡിജീനിയസ് ആക്ടിവിറ്റീസിലെ അസിസ്റ്റന്റ് (ഹിമാലയത്തിലെ പരമ്പരാഗത പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള കൂട്ടായ്മ) ഡയറ്ക്ടറായ മുനേഷ് ശർമ്മ പറയുന്നു.
“കാടുകൾ ഇല്ലാതായാൽ ഞങ്ങൾ കന്നുകാലികളെ എങ്ങിനെ വളർത്തും?”, സഹൻ ബീബി ചോദിക്കുന്നു. മകൻ ഗുലാം നബിയോടൊപ്പം അവരും മസ്തുവിന്റെ സംഘത്തോടൊപ്പം ഉത്തരാഖണ്ഡിലേക്ക് യാത്ര ചെയ്യുകയാണ്.
എല്ലാ വർഷവും സഞ്ചാരം തുടരുന്ന ആ സംഘത്തെയും അവർ നേരിടുന്ന വെല്ലുവിളികളേയും അനുഗമിക്കുകയാണ് ഈ ചിത്രം.
പരിഭാഷ: രാജീവ് ചേലനാട്ട്