ഉടുത്തൊരുങ്ങാൻ ആ പുരുഷന് സമയം കിട്ടിയാൽ ഇനി ഏതുനിമിഷവും ആ ദേവത ഭൂമിയിൽ അവതരിച്ചേക്കാം. “സമയം ഏഴുമണിയായി, രജത് ജൂബിലി ഗ്രാമനിവാസികളേ, ദയവുചെയ്ത് കിടക്കവിരികളും സാരികളും തുണികളും കൊണ്ടുവന്നാലും. നമുക്ക് ഒരു അണിയറ ശരിയാക്കേണ്ടതുണ്ട്. മന്‍സ എലോ മോർത്തേ (ദേവതയുടെ ഭൂമിയിലേക്കുള്ള വരവ്) എന്ന പാല ഗാനം ആരംഭിക്കുകയായി”. ദക്ഷിണ 24 പർഗാന ജില്ലയിലെ ഗോസാബ ബ്ലോക്കിലെ ഗ്രാമത്തിന്‍റെ ഇടവഴികളിൽ, സെപ്റ്റംബർ മാസത്തിലെ സന്ധ്യയ്ക്ക്, നാടകാവതരണത്തിന് മുമ്പുള്ള അറിയിപ്പ് മുഴങ്ങി. രാത്രി മുഴുവൻ ഇനിയും ആഘോഷവും ഉത്സവവുമായിരിക്കുമെന്ന് ഉറപ്പ്.
ഒരു മണിക്കൂറിനുള്ളിൽ അണിയറ ഒരുങ്ങി. കലാകാരന്മാർ തിളങ്ങുന്ന വസ്ത്രങ്ങളും ആടയാഭരണങ്ങളുമണിഞ്ഞ്, എഴുതിയിട്ടില്ലാത്ത നാടകത്തിലെ സംഭാഷണങ്ങൾ അവസാനവട്ടം ഹൃദിസ്ഥമാക്കുന്ന തിരക്കിലാണ്. ഹിരണ്മയിയുടേയും പ്രിയങ്കയുടേയും വിവാഹത്തിന്‍റെയന്ന് ഞാൻ പരിചയപ്പെട്ട ഉത്സാഹിയായ ആ നർത്തകന്‍റെ ഭാവം, ഇന്ന് നിത്യാനന്ദ സർക്കാരിന്‍റെ മുഖത്ത് കാണുന്നില്ല. മ്ലാനമായ മുഖത്തോടെ ഇരിക്കുകയായിരുന്നു ആ നാടക ട്രൂപ്പിന്‍റെ നേതാവ്. ഇന്നയാൾ, നാഗദേവതയായ മന്‍സയുടെ ഭാഗമാണ് അഭിനയിക്കുന്നത്. വൈകീട്ടത്തെ പാല ഗാനത്തിൽ അഭിനയിക്കുന്ന മറ്റ് കലാകാരന്മാരെ അയാൾ എനിക്ക് പരിചയപ്പെടുത്തിത്തന്നു.
മംഗളകാവ്യ എന്ന പുരാണാഖ്യാനത്തെ ആസ്പദമാക്കിക്കൊണ്ടുള്ളതാണ് ജനങ്ങള്‍ക്കു പ്രിയപ്പെട്ട ഒരു ദേവതയെ അല്ലെങ്കില്‍ മൂര്‍ത്തിയെ സ്തുതിച്ചുകൊണ്ടുള്ള പാല ഗാന്‍ എന്ന ഈ സംഗീതനാടകം. ഈ വിവരണാത്മക കാവ്യങ്ങൾ ശിവനെപ്പോലെ ഇന്ത്യ മുഴുവൻ പ്രചാരത്തിലുള്ള വിവിധ ദൈവങ്ങളെ സ്തുതിച്ചു കൊണ്ട് ചൊല്ലുകയോ പാടുകയോ ചെയ്യുന്നവയാണ്. പക്ഷെ കൂടുതലായും അവ ബംഗാളി മൂർത്തികളായ ധർമ്മ ഠാക്കൂർ, നാഗദേവതയായ മാ മന്‍സ, വസൂരിയുടെ ദേവതയായ ശീതള, വനവേദതയായ ബന്‍ ബീബി എന്നീ ദേവതകളെ സ്തുതിക്കുന്നവയാണ്. കാണികളുടെ മുമ്പിൽ ഈ നൃത്ത നാടകം അവതരിപ്പിക്കുന്നതിനായി കലാകാരുടെ സംഘങ്ങൾ വർഷം മുഴുവൻ സുന്ദർബൻ ദ്വീപുകളിൽ സഞ്ചരിക്കുന്നു.
പശ്ചിമബംഗാൾ, അസം, ബിഹാർ എന്നിവിടങ്ങളിലൊക്കെ അവതരിപ്പിക്കപ്പെടുന്ന മന്‍സ പാല ഗാന്‍ എന്ന കലാരൂപം മന്‍സ മംഗള്‍ കാവ്യഎന്ന വളരെ പ്രധാനപ്പെട്ട ഒരു ഇതിഹാസ കാവ്യത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. 13-ാം നൂറ്റാണ്ടില്‍ രചിച്ചതെന്നു കരുതപ്പെടുകയും പഴയ നാടോടി പുരാണങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളവയെന്നു പറയപ്പെടുകയും ചെയ്യുന്ന ഒരു ഇതിഹാസ കാവ്യമാണ് മന്‍സ മംഗള്‍ കാവ്യ. ബംഗാളിലെ ദളിതരുടെയിടയിൽ പ്രചാരമുള്ള ദേവതയാണ് മന്‍സ. ദക്ഷിണ 24 പർഗാന കൂടാതെ, ബാങ്കുഡ, ബീര്‍ഭൂം, പുരുളിയ ജില്ലകളിലും പ്രസിദ്ധയായ ദേവതയാണ് മന്‍സദേവി. എല്ലാ വർഷവും വിശ്വകർമ്മപൂജാ ദിവസം (ഇക്കുറി സെപ്റ്റംബർ 17-നായിരുന്നു അത്) സുന്ദർബനിന്‍റെ ഇന്ത്യൻ ഭാഗത്തുള്ള വിദൂരസ്ഥമായ ഗ്രാമങ്ങളിലെ വീടുകളിൽ നാഗദേവതയെ പൂജിക്കുകയും പാല ഗാനം അവതരിപ്പിക്കുകയും ചെയ്യാറുണ്ട്.
സുന്ദർബൻ ദ്വീപിലെ ഉഗ്രവിഷമുള്ള നാഗങ്ങളിൽനിന്ന് തങ്ങളെ രക്ഷിക്കുന്നതിനുവേണ്ടി, മന്‍സയുടെ ശക്തിയെ ദ്യോതിപ്പിക്കുന്ന വിവിധ കഥാതന്തുക്കൾ കൂട്ടിയിണക്കിക്കൊണ്ട് ദ്വീപുനിവാസികൾ നടത്തുന്ന പ്രാർത്ഥനയാണ്, അഥവാ, ഈശ്വരസ്തുതിയാണ് ഈ സംഗീതോപാസന. 30 ഇനങ്ങളിലുള്ള പാമ്പുകൾ ഇവിടുണ്ട് – രാജവെമ്പാല പോലെ ഉഗ്രവിഷമുള്ളവ ഉൾപ്പെടെ. പാമ്പുകടി ഈ പ്രദേശത്തെ മരണങ്ങളുടെ ഒരു പൊതുകാരണമാണ്. അത് പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്നു.
ചന്ദ് സദാഗർ എന്നുപേരായ സമ്പന്നനായ ഒരു ശിവഭക്തന്‍റെ കഥയാണ് ഇന്ന് അരങ്ങേറാൻ പോകുന്നത്. ഏതെല്ലാം വിധത്തിൽ ശ്രമിച്ചിട്ടും അയാളെക്കൊണ്ട് തന്നെ ആരാധിപ്പിക്കാൻ മന്‍സദേവിക്ക് സാധിച്ചില്ല. പ്രതികാരമൂർത്തിയായ ദേവി ചന്ദ് സാഗറിന്‍റെ കടലിലുണ്ടായിരുന്ന വ്യാപാരസാമഗ്രികളെ മുച്ചൂടും നശിപ്പിക്കുകയും, അയാളുടെ ഏഴ് മക്കളെ സർപ്പദംശനത്താൽ കൊല്ലിക്കുകയും, മറ്റൊരു മകനായ ലഖീന്ദറെ അവന്‍റെ വിവാഹരാത്രിയിൽ വധിക്കുകയും ചെയ്തു. ലഖീന്ദറിന്‍റെ ദു:ഖാർത്തയായ ഭാര്യ ബേഹുല, ഭർത്താവിന്‍റെ ജീവൻ തിരിച്ചുപിടിക്കാനായി അയാളുടെ ശരീരത്തൊടൊപ്പം സ്വർഗ്ഗത്തിൽ പോയി. മന്‍സയെ പൂജിക്കാൻ ചന്ദ് സാഗറിനെ പ്രേരിപ്പിക്കണമെന്ന് അവിടെവെച്ച് ദേവരാജാവായ ഇന്ദ്രൻ ബേഹുലയോട് ആവശ്യപ്പെട്ടു. മന്‍സയ്ക്ക് താൻ ഇടതുകൈകൊണ്ട് മാത്രമേ പൂജ ചെയ്യൂ എന്നും വലതുകൈകൊണ്ട് ശിവനെ ആരാധിക്കാനുള്ള അനുവാദം തരണമെന്നും ചന്ദ് സദാഗർ ഒരു ഉപാധി വെച്ചു. മന്‍സദേവി ആ ഉപാധി അംഗീകരിക്കുകയും ലഖീന്ദറിനെ പുനരുജ്ജീവിപ്പിക്കുകയും ചന്ദ് സാഗറിന്‍റെ സ്വത്തുക്കൾ പൂർവ്വസ്ഥിതിയിലാക്കുകയും ചെയ്തു.
മന്‍സയായി അഭിനയിക്കുന്ന 53 വയസ്സുള്ള കർഷകനായ നിത്യാനന്ദ പ്രസിദ്ധനായ പാല ഗാന്‍ കലാകാരനാണ്. കഴിഞ്ഞ 25 വർഷമായി അദ്ദേഹം ഈ കല പരിശീലിക്കുന്നു. ഒന്നിൽക്കൂടുതൽ പാല ഗാന്‍ സംഘങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട് നിത്യാനന്ദ. “2019-നുശേഷം സ്ഥിതി മോശമാവുകയാണ്. ഈ വർഷവും, മഹാവ്യാധികാരണം, വളരെ ചുരുക്കം കളികളാണ് കിട്ടിയത്. ഒരുപക്ഷേ ഏറ്റവും കുറവ് കിട്ടിയ വർഷമാണ് ഇത്തവണത്തേത്. പണ്ടൊക്കെ മാസത്തിൽ നാലോ അഞ്ചോ അവതരണങ്ങൾവരെ ഉണ്ടാവും. ഓരോന്നിനും 800 മുതൽ 900 രൂപവരെയാണ് ഓരോ കലാകാരനും പ്രതിഫലം കിട്ടുക. ഇക്കൊല്ലം ആകെ കിട്ടിയത് രണ്ടെണ്ണമാണ്. വരുമാനത്തിലും അത് പ്രതിഫലിക്കുന്നുണ്ട്. ഇപ്പോൾ ഒരു അവതരണത്തിന് 400 – 500 രൂപയാണ് കിട്ടുന്നത്”, നിത്യാനന്ദ പറഞ്ഞു.
ഗ്രാമത്തിലെ നാടകട്രൂപ്പുകൾക്ക് അനുഭവിക്കേണ്ടിവരുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചാണ്, നിത്യാനന്ദയുടെ അടുത്ത് ഇരുന്നിരുന്ന മറ്റൊരു സംഘാംഗമായ ബനമാലി ബ്യാപാരി സംസാരിച്ചത്. അണിയറയോ, തട്ടകമോ, ഫലപ്രദമായ പ്രകാശ-ശബ്ദ സംവിധാനങ്ങളോ, ശൗചാലയസൗകര്യങ്ങളോ ഒന്നുംതന്നെയുണ്ടാവാറില്ല. “നാലഞ്ച് മണിക്കൂർ നീണ്ടുനിൽക്കുന്ന നാടകമാണ്. ആയാസമുള്ള ഒരു കലാരൂപം. പണം സമ്പാദിക്കാമെന്ന മോഹംകൊണ്ടല്ല, ഇതിനോടുള്ള അഭിനിവേശം കൊണ്ട് മാത്രമാണ് ഇതിൽ പങ്കെടുക്കുന്നത്”, അയാൾ പറഞ്ഞു. ഈ നാടകത്തിൽ അയാൾക്ക് രണ്ട് വേഷങ്ങളുണ്ട് അഭിനയിക്കാൻ. ലഖീന്ദറെ കൊല്ലുന്ന കൽനാഗിനി എന്ന സർപ്പത്തിന്‍റെയും ഭാർ എന്ന വിദൂഷകന്‍റെയും. നാടകത്തിന്‍റെ ഗൗരവസ്വഭാവത്തിനിടയ്ക്ക് അന്തരീക്ഷം ലഘൂകരിപ്പിക്കുന്നതിനുവേണ്ടിയാണ് വിദൂഷകന്‍റെ വേഷം.
അവതരണം തുടങ്ങാറായി എന്നറിയിച്ചുകൊണ്ട് പാട്ടുകാർ വായിക്കാൻ തുടങ്ങി. വേഷവിധാനങ്ങളെല്ലാമണിഞ്ഞ പുരുഷന്മാർ മാത്രമുള്ള സംഘം വേദിയിലേക്ക് നീങ്ങിത്തുടങ്ങി. മന്‍സദേവിയുടേയും ഗ്രാമത്തിലെ മുതിർന്നവരുടേയും അനുഗ്രഹാശിസ്സുകൾ തേടിക്കൊണ്ടുള്ള പ്രാർത്ഥനയോടെയാണ് അവതരണത്തിന്‍റെ തുടക്കം. നടന്മാരെല്ലാം സ്വന്തം നാട്ടുകാരും പരിചയക്കാരുമാണ്. എത്രയോ തവണ കണ്ട കഥയുമാണ്. എന്നിട്ടും ജനങ്ങൾ വേദിയിലവതരിപ്പിക്കുന്ന പുരാണകഥാപാത്രങ്ങളെ നിർന്നിമേഷരായി നോക്കിയിരിക്കുന്നുണ്ടായിരുന്നു. നടന്മാരൊന്നും തൊഴിൽപരമായി അഭിനേതാക്കളായിരുന്നില്ല. അവർ കൃഷിക്കാരും, കർഷകത്തൊഴിലാളികളും വർഷത്തിൽ സ്ഥിരമായെത്തുന്ന കുടിയേറ്റത്തൊഴിലാളികളുമായിരുന്നു.
ആറുപേരടങ്ങുന്ന കുടുംബത്തിന്‍റെ ഭാരമാണ് നിത്യാനന്ദയുടെ ചുമലിൽ. “യാസ് കൊടുങ്കാറ്റുമൂലം, കൃഷിയിൽനിന്ന് ഇക്കൊല്ലമുള്ള എന്‍റെ വരുമാനം വെറും പൂജ്യമാണ്. പാടത്ത് മുഴുവൻ ഉപ്പുവെള്ളം കയറി. ഇപ്പോഴാണെങ്കിൽ കനത്ത മഴയും. എന്‍റെ ട്രൂപ്പിലുള്ള മറ്റുള്ളവർ, കൃഷിക്കാരും മറ്റ് തൊഴിലുകൾ ചെയ്യുന്നവരുമായ ആളുകൾ, അവരെല്ലാം ഇന്ന് പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്നു. സർക്കാരിൽനിന്ന് മാസാമാസം കിട്ടുന്ന 1000 രൂപയാണ് ആകെയുള്ള ആശ്വാസം (ലോക്പ്രസാർ പ്രകല്പ് എന്ന പേരിൽ, ചെറുപ്പക്കാരും വയോജനങ്ങളുമായ നാടോടി കലാകാരന്മാർക്ക് സംസ്ഥാനസർക്കാർ മാസന്തോറും നൽകുന്ന സാമ്പത്തികസഹായം, അഥവാ പെൻഷൻ).
പുതുതലമുറയിലെ കുട്ടികൾക്ക്, നിത്യാനന്ദയുടെ മകനെപ്പോലെയുള്ളവർക്ക് പാല ഗാനത്തിൽ താത്പര്യമൊന്നുമില്ല. ലാഹിരിപുർ പഞ്ചയാത്തിലെ വിവിധഗ്രാമങ്ങളിലുള്ള ചെറുപ്പക്കാർ, നിർമ്മാണജോലിയും കാർഷികവൃത്തിയും അന്വേഷിച്ച് മറ്റ് സംസ്ഥാനങ്ങളിലേക്ക് പോവുന്നുണ്ട്. “സംസ്കാരം മാറിക്കൊണ്ടിരിക്കുകയാണ്. നാലഞ്ച് വർഷങ്ങൾ കഴിഞ്ഞാൽ ഈ കലാരൂപം കുറ്റിയറ്റ് പോവും”, നിത്യാനന്ദ പറയുന്നു.
“കാണികളുടെ താത്പര്യത്തിൽപ്പോലും മാറ്റങ്ങളുണ്ട്. പാരമ്പര്യ അവതരണങ്ങൾക്കുപകരം അവർക്കിഷ്ടം മൊബൈൽ ഫോണിലെ വിനോദങ്ങളാണ്”, നാൽപ്പതുകളുടെ മദ്ധ്യത്തിലെത്തിയ മറ്റൊരു സംഘാംഗമായ ബിശ്വജിത്ത് മണ്ഡൽ പറയുന്നു.
അവതരണം കാണാനും കലാകാരന്മാരോട് സംസാരിക്കാനും മണിക്കൂറുകൾ ചിലവഴിച്ചതിനുശേഷം എനിക്ക് യാത്ര പറയാനുള്ള സമയം ആഗതമായി. യാത്രയ്ക്ക് ഞാനൊരുങ്ങുമ്പോൾ നിത്യാനന്ദ വിളിച്ചുപറഞ്ഞു. “അടുത്ത തണുപ്പുകാലത്ത് വരൂ. മാ ബന്‍ ബീബി എന്ന നാടകം ഞങ്ങൾ അവതരിപ്പിക്കുന്നുണ്ട്. അതും നിങ്ങൾക്ക് പകർത്താം. ഭാവിയിൽ ഈ കലാരൂപത്തെക്കുറിച്ച് ആളുകൾക്ക് ചരിത്രപുസ്തകങ്ങളിൽനിന്ന് മാത്രമേ അറിയാൻ കഴിയൂ എന്ന് ഞാൻ ആശങ്കപ്പെടുന്നു”.
പരിഭാഷ: രാജീവ് ചേലനാട്ട്